പെണ്‍മക്കളെ വേശ്യവൃത്തിയിലേക്ക് തള്ളിവിടുന്ന രാജസ്ഥാനിലെ കഞ്ചര്‍ സമുദായ ആചാരത്തിനെതിരെ നടപടിയുമായി അധികൃതര്‍. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലാണ് സംഭവം. മനുഷ്യക്കടത്ത് വിരുദ്ധ സെല്‍, ജില്ലയിലെ നിയമ സാക്ഷരതാ സെല്‍ എന്നിവ സംയുക്തമായാണ് സമുദായത്തില്‍ ഇന്നും തുടരുന്ന അനാചാരത്തിനെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്.
രാജസ്ഥാന്‍ ബുണ്ടി ജില്ലയിലെ രാംനഗര്‍, ശങ്കര്‍പുര, മോഹന്‍പുര എന്നിവിടങ്ങളിലാണ് നാടോടി ആദിവാസി വിഭാഗത്തില്‍ പെടുന്ന കഞ്ചര്‍ സമുദായക്കാര്‍ അധികവും വസിക്കുന്നത്. ഇവര്‍ക്കിടയിലുള്ള ചാരി പ്രഥ എന്ന ആചാരമാണ് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകും മുമ്പേ വേശ്യവൃത്തിക്ക് നിയോഗിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നത്. ഇതുപ്രകാരം ലക്ഷങ്ങള്‍ വിലയീടാക്കി മാതാപിതാക്കള്‍ തന്നെയാണ് പെണ്‍കുട്ടികളെ വില്‍ക്കുന്നത്.
ഹരിയാനയിലെ ഖാപ പഞ്ചായത്തിനേക്കാള്‍ ശക്തരെന്ന് പറയപ്പെടുന്ന 'പാഞ്ച' ഗ്രാമമുഖ്യരുടെ ഒരു കൂട്ടായ്മ ഇവര്‍ക്കിടയിലുണ്ട്. സമുദായത്തില്‍ നടന്നുവരുന്ന ഈ ദുരാചാരത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ലക്ഷങ്ങള്‍ പിഴ ഈടാക്കി നിശബ്ദരാക്കുന്നത് ഇവരാണ്. വിദ്യാഭ്യാസമില്ലാത്തതും നിയമപരിരക്ഷയെ കുറിച്ചുള്ള അജ്ഞതയും ഇതിന് പിന്‍ബലമേകുന്നുമുണ്ട്. വനിതാ സുരക്ഷാ സെല്‍ കൗണ്‍സിലറായ ഛായ സക്‌സേന പറയുന്നു
ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ട എട്ടുകുട്ടികളെയാണ് മനുഷ്യക്കടത്ത് വിരുദ്ധസെല്‍ ഇടപെട്ട് മോചിപ്പിച്ചതെന്ന് സര്‍ക്കിള്‍ ഇന്‍ ചാര്‍ജ് കനിസ് ഫാത്തിമ പറഞ്ഞു. ഏതായാലും ബോധവല്‍ക്കരണത്തിലൂടെയും ശക്തമായ നടപടികളിലൂടെയും ഈ ദുരാചാരത്തിനെതിരെ പ്രതികരിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.