ശിരോവസ്ത്രവും ബുര്‍ക്കിനിയും ധരിച്ച്, ഹാലിമ ഏദന്‍ എന്ന പത്തൊമ്പതുകാരി ചുവടു വച്ചത് അമേരിക്കന്‍ സൗന്ദര്യ മല്‍സരങ്ങളുടെ ചരിത്രത്തിലേക്കായിരുന്നു. ഗ്ലാമര്‍ നിറഞ്ഞ, അഴകളവുകള്‍ക്ക് മാനദണ്ഡങ്ങളുള്ള സൗന്ദര്യമല്‍സരവേദിയില്‍ ഇതാദ്യമായാണ് ഹിജാബ് ധരിച്ച മല്‍സരാര്‍ഥി പങ്കെടുക്കുന്നത്.
മിസ് അമേരിക്കയ്ക്കു മുന്നോടിയായുള്ള മിസ് മിനസോട്ട മല്‍സരത്തിലാണ് ശിരോവസ്ത്രവും ബുര്‍ക്കിനിയും ധരിച്ച് ഹാലിമ റാമ്പിലെത്തിയത്. സെന്റ് ക്ലൗഡ് കോളേജ് വിദ്യാര്‍ഥിനിയാണ് ഹാലിമ. പതിനഞ്ചുപേരടങ്ങിയ സെമി ഫൈനല്‍ റൗണ്ടിലെത്തിയെങ്കിലും അവസാന റൗണ്ടിലെത്താന്‍ ഹാലിമയ്ക്കായില്ല.
സ്വിം സ്യൂട്ട് റൗണ്ടില്‍ ശരീരമാകെ മറയ്ക്കുന്ന (ബുര്‍ക്കിനി) ധരിച്ചാണ് ഹാലിമ പങ്കെടുത്തത്. അമേരിക്കന്‍ മുസ്ലിങ്ങള്‍, സൊമാലി- അമേരിക്കന്‍ വംശജര്‍, മുസ്ലിം സ്ത്രീകള്‍- ഇവരെ കുറിച്ചുള്ള തെറ്റിധാരണ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശിരോവസ്ത്രവും ശരീരം പൂര്‍ണമായും മറയ്ക്കുന്ന വസ്ത്രവും ധരിച്ച് മല്‍സരത്തില്‍ പങ്കെടുത്തതെന്ന് ഹാലിമ പറഞ്ഞു.
കെനിയയിലെ അഭയാര്‍ഥി ക്യാമ്പിലാണ് ഹാലിമയുടെ ജനനം. ആറാമത്തെ വയസിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കുന്നത്. വ്യത്യസ്തമായ വേഷം ധരിച്ച് വേദിയിലെത്തിയ ഹാലിമയെ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.