ചെന്നൈ: രാജീവ് വധക്കേസ് പ്രതി നളിനി ശ്രീഹരന്റെ ആത്മകഥ പുറത്തിറങ്ങുന്നു. 25 കൊല്ലമായി വെല്ലൂര്‍ ജയിലില്‍ കഴിയുന്ന നളിനി ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം ആത്മകഥയില്‍ വെളിപ്പെടുത്തുന്നുണ്ടെന്നാണ് സൂചന.
1991 മെയ് 21-നുനടന്ന രാജീവ് ഗാന്ധി വധത്തെക്കുറിച്ച് നളിനി ആത്മകഥയില്‍ എഴുതുന്നുണ്ട്. ഗൂഢാലോചനയില്‍ താന്‍ പങ്കാളിയായിരുന്നില്ലെന്നും രാജീവ് കൊല്ലപ്പെടുമെന്ന് തനിക്ക് അറിവില്ലായിരുന്നുവെന്നുമാണ് നളിനി ആത്മകഥയില്‍ വ്യക്തമാക്കുന്നത്. 2008 മാര്‍ച്ച് 18-ന് പ്രിയങ്കാ ഗാന്ധി ജയിലില്‍ വന്നുകണ്ടതിനെക്കുറിച്ചും നളിനി വിശദമായി എഴുതുന്നുണ്ട്. ആരാണ് തന്റെ പിതാവിന്റെ വധത്തിന് പിന്നില്‍ എന്നാണ് പ്രിയങ്കയ്ക്ക് അറിയേണ്ടിയിരുന്നത്. നിരവധി തവണ പ്രിയങ്ക ഇതേക്കുറിച്ച് ചോദിച്ചെങ്കിലും കൂടുതലായി വെളിപ്പെടുത്താന്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് നളിനി പറയുന്നു.
രാജീവ് വധത്തെ തുടര്‍ന്ന് ക്രൂരമായ പോലീസ് മര്‍ദനം നേരിടേണ്ടിവന്നെന്നും വിവസ്ത്രയാക്കി മര്‍ദിച്ചെന്നും നളിനി പറയുന്നു. കേരളത്തില്‍നിന്നു വന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഏറ്റവും ക്രൂരമായി മര്‍ദിച്ചതെന്നും ഇവര്‍ പറയുന്നു. അറസ്റ്റിലാവുമ്പോള്‍ നളിനി രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനായി പോലീസുകാര്‍ ഡോക്ടറുടെ അടുത്തുകൊണ്ടുവന്നപ്പോള്‍ ആ വനിതാ ഡോക്ടര്‍ വിസമ്മതിച്ചു. ഇതാണ് തന്റെ മകളുടെ ജീവന്‍ രക്ഷിച്ചെതെന്നും നളിനി വെളിപ്പെടുത്തുന്നുണ്ട്. നളിനിയുടെ മകള്‍ അരിത്ര ഇപ്പോള്‍ ലണ്ടനില്‍ ഡോക്ടറാണ്.