ഇസ്ലാമാബാദ്: പാകിസ്താനിലെ കൂട്ടബലാത്സംഗത്തെ അതിജീവിച്ച യുവതി കറാച്ചിയിലെ ഫാഷന്‍ വീക്കില്‍ മോഡലായി. തന്റെ ഗ്രാമത്തിലെ സ്ത്രീകള്‍ക്കായി അഭയകേന്ദ്രം സ്ഥാപിച്ച് സാമൂഹികപ്രവര്‍ത്തനം നടത്തുന്ന മുഖ്താരണ്‍ മായിയെ ഡിസൈനര്‍ റോസിന മുനീബാണ് പരിപാടിയില്‍ അവതരിപ്പിച്ചത്.
മുഖ്താരണിന്റെ ജീവിതത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് റോസിന പരിപാടിക്ക് 'സിന്ദഗി കെ രംഗ്' എന്ന് പേരിട്ടത്.
2002-ല്‍ പന്ത്രണ്ടുവയസ്സുള്ള സഹോദരന് മേല്‍ജാതിയില്‍പ്പെട്ട സ്ത്രീയുമായി പ്രണയമുണ്ടെന്നാരോപിച്ച് ഒരു ഗോത്രസമിതി മുഖ്താരണിനെ കൂട്ടബലാത്സംഗംചെയ്യാന്‍ വിധിക്കുകയായിരുന്നു. കേസ് നടത്തിയെങ്കിലും പാക് സുപ്രീംകോടതി പ്രതികളെ മുഴുവന്‍ വെറുതെവിട്ടു.