യൂറോപ്യന്‍ പാര്‍ലമെന്റ് നല്‍കുന്ന ബഹുമതിയായ സാഖരോവ് മനുഷ്യാവകാശപുരസ്‌കാരം ഇസ്ലാമിക് സ്റ്റേറ്റിന്റെ തടവില്‍നിന്ന് രക്ഷപ്പെട്ട രണ്ടു യസീദിയുവതികള്‍ക്ക്. നദിയാ മുറാദ്, ലാമിയ ഹാജി ബാഷര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.
50,000 യൂറോയുടെ പുരസ്‌കാരം ഡിസംബര്‍ 14-ന് സ്ട്രാസ്ബര്‍ഗില്‍ സമ്മാനിക്കും. ഭീകരരുടെ കൈയില്‍നിന്ന് രക്ഷപ്പെട്ടശേഷം യസീദി ജനതയ്ക്കുവേണ്ടി ഇവരുടെ നേതൃത്വത്തില്‍ നടത്തിയ സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.
2014-ലാണ് ഇരുവരെയും ഐ.എസ്. ഭീകരര്‍ തടവിലാക്കിയത്. തടവിലാക്കുമ്പോള്‍ മുറാദിന് 21 വയസ്സും ബാഷറിനു 16 വയസ്സുമായിരുന്നു.
തടവില്‍ നിരന്തരം പീഡനങ്ങള്‍ക്കും ബലാത്സംഗത്തിനും ഇരയായ ഇവര്‍ ഇരുപതുമാസത്തിനുശേഷമാണ് രക്ഷപ്പെട്ടത്. എന്നാല്‍, രക്ഷപ്പെട്ട് പുറത്തെത്തിയ ബാഷറടക്കമുള്ള ഐ.എസ്. ഇരകളെ ഒരു ഇറാഖി ആസ്പത്രിമേധാവിയും തടവിലാക്കി പീഡിപ്പിച്ചു.
ഇവിടെനിന്ന് രക്ഷപ്പെടുന്നതിനിടെ കുഴിബോംബ് പൊട്ടിത്തെറിച്ച് ലാമിയയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും മുഖത്തു പൊള്ളലേല്‍ക്കുകയും ചെയ്തു. യസീദികള്‍ക്കുനേരേയുള്ള ആക്രമണത്തില്‍ ലോകസമൂഹം കാണിക്കുന്ന നിസ്സംഗതയില്‍ നദിയ പൊതുവേദികളില്‍ പ്രതിഷേധിച്ചിരുന്നു.