സൂര്യ നൃത്തസംഗീതോല്‍സവത്തില്‍ ചുവടുവയ്ക്കാനൊരുങ്ങി പ്രശസ്ത ഒഡീസി നര്‍ത്തകി ശര്‍മിള മുഖര്‍ജി. സ്ത്രീയുടെ നിസ്വാര്‍ഥതയും എന്തും നല്‍കാനുള്ള മനസ്സും നിര്‍വചിക്കപ്പെടുന്ന 'സൂക്ഷ്മ' എന്ന നൃത്തശില്‍പവുമായാണ് ശര്‍മിള എത്തുന്നത്. ബുധനാഴ്ചയാണ് 'സൂക്ഷ്മ' അവതരിപ്പിക്കുക.
എ.കെ.രാമാനുജം രചിച്ച 'എ ഫ്‌ളവറിങ് ട്രീ' എന്ന കന്നട നാടന്‍പാട്ടിനെ ആധാരമാക്കിയാണ് സൂക്ഷ്മ രൂപപ്പെടുത്തിയിട്ടുള്ളത്. ഒരു പുഷ്പിതവൃക്ഷമായി രൂപമാറ്റം വരുത്താന്‍ ശേഷിയുള്ള ഒരു സ്ത്രീയെക്കുറിച്ചാണ് സൂക്ഷ്മ പറയുന്നത്.
അവളുടെയും സഹോദരിമാരുടെയും ജീവിതത്തിലുണ്ടാകുന്ന പുരോഗമനപരമായ മാറ്റങ്ങളും നൃത്തശില്പത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. ശര്‍മിളയും 15 അംഗ നര്‍ത്തകസംഘവുമാണ് നൃത്തം അവതരിപ്പിക്കുന്നത്.
1984 മുതല്‍ ഒഡീസി നൃത്തരംഗത്തുള്ള ശര്‍മിള മുഖര്‍ജി പ്രസിദ്ധ ഒഡീസി നര്‍ത്തകന്‍ കേളുചരണ്‍ മഹാപത്രയുടെ ശിഷ്യയാണ്. അദ്ദേഹം സംവിധാനംചെയ്ത് അവതരിപ്പിച്ച നിരവധി ഒഡീസി നൃത്തശില്പങ്ങളുടെ ഭാഗമാകാന്‍ ശര്‍മിളയ്ക്ക് അവസരം ലഭിച്ചിരുന്നു.
ശര്‍മിള ബിശ്വാസ്, സംയുക്ത പാണിഗ്രാഹി എന്നിവരുടെ ശിക്ഷണവും നിര്‍ദേശങ്ങളും ശര്‍മിള മുഖര്‍ജിയെ രാജ്യത്തെ പ്രമുഖ നര്‍ത്തകരുടെ കൂട്ടത്തിലേക്ക് ഉയര്‍ത്തി. ഒഡീസി നര്‍ത്തകര്‍ക്കു മാത്രമായി ഗുരു പങ്കജ് ചരണ്‍ദാസ് ഏര്‍പ്പെടുത്തിയ മഹാരി അവാര്‍ഡ് ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്റെ പ്രമുഖ കലാകാരിയും ദൂരദര്‍ശനില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമാണ്. ബെംഗളൂരുവിലെ സഞ്ചാലി സെന്റര്‍ ഫോര്‍ ഒഡീസി ഡാന്‍സ് എന്ന സ്ഥാപനം നടത്തുകയാണ്. ബുധനാഴ്ച വൈകീട്ട് 6.45ന് കോ ബാങ്ക് ടവറിലാണ് ശര്‍മിളയുടെ നൃത്തശില്പം.