കോഴിക്കോട്: അറുപത് വയസ്സിനിടയ്ക്ക് ആദ്യമായാണ് രാത്രി പതിനൊന്നിന് ലൈല ഒറ്റയ്ക്ക് നഗരത്തിലൂടെ നടന്നത്. വനിതാ ശിശുവികസന വകുപ്പ് ഞായറാഴ്ച രാത്രി 11ന് സംഘടിപ്പിച്ച 'രാത്രി നടത്തം' പരിപാടിയിലൂടെ പുതിയൊരുമാറ്റത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഈസ്റ്റ്ഹില്‍ എടക്കാട് സ്വദേശിയായ സി.പി. ലൈല.
ആത്മധൈര്യത്തോടെയാണ് സ്ത്രീകള്‍ ഓരോ വീഥികളിലൂടെയും കടന്നുപോയത്. രാത്രി എട്ട് വരെ അവശ്യഘട്ടങ്ങളില്‍ ഒറ്റയ്ക്ക് പോയിട്ടുണ്ട് ലൈല. എന്നാല്‍ രാത്രി പത്തിനുശേഷമുള്ള നഗരവും സ്ഥലങ്ങളും അന്യമായിരുന്നു.
റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡില്‍നിന്ന് മാനാഞ്ചിറ ചുറ്റിയാണ് മിഠായിത്തെരുവ് എസ്.കെ. സ്‌ക്വയറില്‍ എത്തിയത്. മോശം അനുഭവങ്ങള്‍ ഇല്ലായിരുന്നെങ്കിലും തുറിച്ചുനോട്ടങ്ങളും മറ്റും ഉണ്ടായിരുന്നു. അസമയത്ത് ധൈര്യസമേതം നടക്കുന്ന സ്ത്രീയെ കണ്ടുപരിചയമില്ലാത്താതിനാലാവും ചിലരൊക്കെ നോക്കിയത് ലൈല പറഞ്ഞു.
അര്‍ധരാത്രിയായതിനാല്‍ ചെറിയ ഭയം ഉണ്ടായിരുന്നു. പകല്‍ സമയങ്ങളില്‍ മാത്രം കണ്ടുപരിചയിച്ച നഗരം രാത്രിയില്‍ തികച്ചും മറ്റൊരു അനുഭവമാണ് സമ്മാനിച്ചത്.
ഓരോ ചുവട് വെക്കുമ്പോഴും പിറകില്‍ പോലീസും മറ്റും രക്ഷയ്ക്കുണ്ടെന്ന കാര്യം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പേടിയുണ്ടായില്ല. പക്ഷേ വരുംദിവസങ്ങളില്‍ സ്ഥിതി ഇതുപോലെ ആവണമെന്ന് ഇല്ലെന്ന് ലൈല വ്യക്തമാക്കി. രാത്രി നടത്ത സംഘത്തിലുണ്ടായിരുന്ന യുവതിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ വണ്ടിയുടെ നമ്പറും അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ലൈല പറഞ്ഞു.
മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ആദ്യ ചുവടുവെപ്പാണിതെന്നാണ് ലൈല വിശ്വസിക്കുന്നത്. അല്ലാതെ നാളെമുതല്‍ സ്ത്രീകള്‍ വെല്ലുവിളികള്‍ ഇല്ലാതെ ഇറങ്ങിനടക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാലക്രമേണ മാറ്റംവരുമെന്നാണ് കഴിഞ്ഞ ദിവസം നടന്ന രാത്രിനടത്തമെന്ന് ലൈല വ്യക്തമാക്കി. തികച്ചും അപരിചിതമായ അന്തരീക്ഷത്തെ ഐ.സി.ഡി.എസില്‍നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ലൈലയ്ക്ക് അടുത്തറിയാന്‍ സാധിച്ചു. പിറവി റെസിഡന്റ്‌സ് അസോസിയേഷന്‍ വനിതാ പ്രതിനിധിയായാണ് രാത്രിനടക്കാന്‍ ലൈല എത്തിയത്.
Content Highlights: laila sharing experience of women night walk