തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ കുടുംബശ്രീ ഭാഷയും ദേശവും കടന്ന് വളരുകയാണ്. 2014-ലാണ് കുടുംബശ്രീ സംസ്ഥാനത്തിന്റെ അതിർത്തിതാണ്ടിയുള്ള പ്രയാണം ആരംഭിക്കുന്നത്. നാലുവർഷം പിന്നിട്ടപ്പോൾ 16 സംസ്ഥാനങ്ങളിലും രണ്ടു വിദേശരാജ്യങ്ങളിലും സാന്നിധ്യമറിയിച്ചുകഴിഞ്ഞു. നൂറ്റമ്പതോളം പ്രവർത്തകരാണ് കുടുംബശ്രീയെ പ്രതിനിധാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നത്.
പ്രാദേശിക വിപണനസാധ്യതകൾ പ്രയോജനപ്പെടുത്തി ഗ്രാമീണ ഉത്‌പന്നങ്ങളുടെ ഉത്‌പാദനവും ഉപഭോഗവും പ്രോത്സാഹിപ്പിച്ച് വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതാണ് കുടുംബശ്രീയുടെ സ്റ്റാർട്ടപ് വില്ലേജ് സംരഭകത്വ പദ്ധതി. ഇതിലൂടെ മറ്റു സംസ്ഥാനങ്ങളിൽ 6722 സംരംഭങ്ങൾ ആരംഭിച്ചു.
സൂക്ഷ്മ സംരംഭക പദ്ധതികൾ ആറുസംസ്ഥാനങ്ങളിലും സ്റ്റാർട്ടപ് വില്ലേജ് ഓന്ത്രപ്രണർഷിപ്പ് പദ്ധതി എട്ടു സംസ്ഥാനങ്ങളിലും നടപ്പാക്കി. ഏറ്റവുമൊടുവിലായി ഉത്തർപ്രദേശും തെലങ്കാനയുമാണ് കുടുംബശ്രീയുടെ സ്റ്റാർട്ടപ് വില്ലേജ് പദ്ധതിയുടെ കരാർ ഒപ്പിട്ടിരിക്കുന്നത്. അഞ്ചുസംസ്ഥാനങ്ങളിൽ വിവിധ കാരണങ്ങളാൽ പദ്ധതി നിർത്തലാക്കി.
യുഗാൺഡ, അസർബയ്ജാൻ തുടങ്ങിയ രാജ്യങ്ങളിലും കുടുംബശ്രീ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. യുഗാൺഡയിലെ സംരംഭക കൂട്ടായ്മയ്ക്ക് കുടുംബശ്രീ എന്നുതന്നെയാണ് പേര്. സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യങ്ങൾക്ക് പിന്തുണയും സഹായവും നൽകാനുള്ള നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷൻ (എൻ.ആർ.ഒ.) അംഗീകാരം 2012-ലാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്.
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളുടെ എണ്ണം ആരംഭിച്ച വർഷം
അസം 125- 2014
രാജസ്ഥാൻ 67- 2015
ത്രിപുര 295- 2017
മണിപ്പുർ 40- 2018
മിസോറം 38- 2018
മഹാരാഷ്ട്ര 58 -2014
കർണാടക 40- 2014
ഉത്തർപ്രദേശ് 100- 2018
ഛത്തീസ്ഗഢ് 87- 2017
ജാർഖണ്ഡ് 550- 2014
ഒഡിഷ 12- 2014
ഗോവ 132- 2016
ലക്ഷദ്വീപ് 4- 2017
സിക്കിം 74- 2015
രണ്ടു രാജ്യങ്ങളിൽനിന്നുകൂടി ക്ഷണം
പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കുടുംബശ്രീ മറ്റു സംസ്ഥാനങ്ങളിൽ ആദിവാസി ഊരുകൂട്ടായ്മകളിലും വില്ലേജ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിലും പ്രവർത്തനം നടത്തുന്നു. ഉസ്‌ബെക്കിസ്താനിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും കുടുംബശ്രീക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
സജിത് സുകുമാരൻ, കുടുംബശ്രീ എൻ.ആർ.ഒ. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ
content highlights: kudumbashree,kerala