കോന്‍ ബനേഗാ ക്രോര്‍പതിയുടെ പുതിയ സീസണില്‍ ഒരു കോടി രൂപ നേടി ജാര്‍ഖണ്ഡ് സ്വദേശിനി അനാമിക മജുംദാര്‍. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചൊവ്വാഴ്ചയാണ് അനാമിക ക്രോര്‍പതിയാകുന്ന എപ്പിസോഡ് ചാനല്‍ സംപ്രേഷണം ചെയ്തത്. ക്രോര്‍പതിയുടെ പുതിയ സീസണില്‍ കോടി കരസ്ഥമാക്കുന്ന ആദ്യ വ്യക്തിയാണ് അനാമിക.
ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ത്ഥപ്രമാണം പ്രകാശമാനമാക്കുന്നതിനായി ഏത് ചിത്രകാരനെയാണ് ഏല്‍പ്പിച്ചിരുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് അനാമികയെ കോടിപതിയാക്കിയത്. അവസാന ചോദ്യത്തിലെത്തുമ്പോഴേക്കും ലൈഫ് ലൈനുകള്‍ എല്ലാം അവസാനിച്ചിരുന്ന അനാമിക വളരെ യുക്തിപൂര്‍വ്വം ചിന്തിച്ചാണ് ഉത്തരമായ നന്ദലാല്‍ ബോസിലേക്ക് എത്തിച്ചേര്‍ന്നത്.
ചിത്രകലയില്‍ അഗ്രഗണ്യനായിരുന്ന നന്ദലാല്‍ ബോസിനെയാണ് ഭരണഘടന സോദാഹരണ സഹിതം ചിത്രീകരിക്കാനുള്ള ചുമതല ഏല്‍പ്പിച്ചിരുന്നത്.
ഒപ്ഷനായി നല്‍കിയ നാലുപേരും ഏത് മേഖലകളിലാണ് നിപുണര്‍ എന്ന് കണ്ടെത്തി അവരില്‍ നിന്ന് ശരിയുത്തരത്തിലേക്ക് എത്തുക എന്ന രീതിയാണ് അനാമിക പരീക്ഷിച്ചത്.
എന്നാല്‍ തുടര്‍ന്നുളള 7 കോടി രൂപ സമ്മാനത്തുള്ള ജിയോ ജാക്‌പോട്ട് ചോദ്യം അനാമികയെ അല്പം കുഴപ്പിക്കുക തന്നെ ചെയ്തു. ഒപ്ഷനുകളില്‍ നിന്ന് യാതൊരു സൂചനയും ലഭിക്കാതെ കുഴങ്ങിയ അനാമിക ഒടുവില്‍ പിന്തിരിയുകയായിരുന്നു. ഒരു കോടി രൂപയ്ക്ക് അനാമികയുടെ ജീവിതത്തിലുള്ള പ്രാധാന്യമെന്തെന്ന ബച്ചന്റെ ചോദ്യമാണ് അനാമികയെ പിന്തിരിയാന്‍ പ്രേരിപ്പിച്ചത്.