ലണ്ടനിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് ഭീമന്‍ സ്തനത്തിന്റെ ഇന്‍സ്റ്റലേഷനുമായി വനിതകളുടെ പ്രതിഷേധം. മെഡിക്കല്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ വിക്കി മാര്‍ട്ടിന്റെ നേതൃത്വത്തില്‍ അമ്പതോളം സ്ത്രീകളാണ് പ്രതിഷേധവുമായി അണിനിരന്നത്. ഫെയ്‌സ്ബുക്കിലെ നിപ്പിള്‍ പോലീസിങ് പോളിസിയോടുളള ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് വ്യത്യസ്തമായ പ്രതിഷേധ പരിപാടി ഇവര്‍ സംഘടിപ്പിച്ചത്.
ഭീമന്‍ സ്തനത്തിന്റെ മാതൃക നിര്‍മിച്ചത് വിക്കി മാര്‍ട്ടിനാണ്. ത്രീഡി രൂപത്തിലുള്ള അരിയോള ടാറ്റൂസ് സ്ത്രീകള്‍ക്കായി ചെയ്തുകൊടുക്കുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റാണ് മാര്‍ട്ടിന്‍. സ്തനാര്‍ബുദത്തെ തുടര്‍ന്ന് മാസ്‌റ്റെക്ടമി ചെയ്ത സ്ത്രീകള്‍ക്ക് ശസ്ത്രക്രിയയുടെ ഭാഗമായി മുലക്കണ്ണ് നഷ്ടമാകും. ഇവര്‍ക്ക് മാര്‍ട്ടിന്‍ അരിയോള (മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മം) ടാറ്റൂ രൂപത്തില്‍ ചെയ്തുകൊടുക്കുന്നു. എന്നാല്‍ തന്റെ ജോലിയുമായി ബന്ധപ്പെട്ട കണ്ടന്റുകൾ പങ്കുവെക്കപ്പെടുമ്പോൾ അശ്ലീലമായി കണ്ട് ഫെയ്‌സ്ബുക്ക് തടയുന്നതായാണ് മാര്‍ട്ടിന്റെ പരാതി.
കഠിനമായ യാത്രയ്‌ക്കൊടുക്കവും തങ്ങള്‍ പൂര്‍ണരാണെന്ന് അതിജീവിതര്‍ക്ക് മറ്റു സ്ത്രീകളോട് പറയാനുള്ള അവകാശം ലഭിക്കുന്നതിന് വേണ്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് മാര്‍ട്ടിന്‍ ബിബിസിയോട് പറഞ്ഞു. മാര്‍ട്ടിനൊപ്പം സ്തനാര്‍ബുദ ബാധിതരും സ്തനാര്‍ബുദ അതിജീവച്ചവരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും, അതിജീവിതരുടെ അനുഭവങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിന് സാമൂഹിക മാധ്യമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ തടസ്സമാകുന്നതിനെ കുറിച്ചും ബോധ്യപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം.
ഇതാദ്യമായല്ല നഗ്നതാ പോളിസിയുടെ ഭാഗമായി ഫെയ്‌സ്ബുക്കിന് നേരെ വിമര്‍ശനമുയരുന്നത്. മാസ്റ്റെക്ടമി കഴിഞ്ഞ സ്ത്രീകള്‍ക്ക് മഷി ഉപയോഗിച്ച് ത്രീഡി നിപ്പിള്‍ നിര്‍മിച്ചുനല്‍കിയ കെറി ഇന്‍വിങ് എന്ന ബ്രിട്ടീഷ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയും ഇതിന് മുമ്പ് ഫെയ്‌സ്ബുക്ക് തടഞ്ഞിട്ടുണ്ട്.
സ്ത്രീകളുടെ നെഞ്ച് നഗ്നതാ നയം പ്രകാരം അശ്ലീലവും പുരുഷന്മാരുടേത് അതേ നയപ്രകാരം അശ്ലീലമല്ലാതിരിക്കുകയും ചെയ്യുന്ന ഫെയ്‌സ്ബുക്കിന്റെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ ഫ്രീ ദ നിപ്പിള്‍ എന്ന പേരില്‍ ഒരു മൂവ്‌മെന്റ് സംഘടിപ്പിക്കപ്പെട്ടിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായോ, ഏതെങ്കിലും വിധത്തിലുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായോ നഗ്നത പങ്കുവെക്കുന്ന കണ്ടന്റുകള്‍ക്ക് അനുവാദം നല്‍കുമെന്ന് ഫെയ്‌സ്ബുക്കിന്റെ നഗ്നതാ നയങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ പരാമര്‍ശമുണ്ട്. നയം ഇങ്ങനെയൊക്കെയാണെങ്കിലും പലപ്പോഴും നഗ്നതാ നയത്തിന്റെ ലംഘനം എന്നാരോപിച്ച് ഉള്ളടക്കത്തിന്റെ പ്രാധാന്യം നോക്കാതെ കണ്ടന്റുകള്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്യാറുണ്ട്. നാപാം പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെച്ച മാധ്യമപ്രവര്‍ത്തകനെ ഒരിക്കല്‍ ഫെയ്‌സ്ബുക്ക് തടഞ്ഞത് ഇതിന് ഉദാഹരണമാണ്.
Content Highlights:Giant Breast Outside Facebook HQ in Protest of nipple policing policy