ഹിജാബ് (ശിരോവസ്ത്രം)ധരിക്കാതിരുന്നോട്ടെ എന്ന മകളുടെ ചോദ്യത്തിന് അച്ഛന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിയായ ലാമ്യ അല്‍ഷെഹ്രിയുടെ അച്ഛനാണ് മകള്‍ക്കു നല്‍കിയ മറുപടിയിലൂടെ സൂപ്പര്‍ ഡാഡ് ആയത്.
സംഭവത്തെ കുറിച്ച് ലാമ്യ പറയുന്നത് ഇങ്ങനെ: ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 'നിന്റെ അച്ഛന്‍ നിന്നെ മര്‍ദ്ദിക്കുമെന്ന്' എന്നോട് ഒരു സുഹൃത്ത് പറഞ്ഞു. അവന്‍ പറഞ്ഞതു കേട്ടപ്പോള്‍ തോന്നി ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്നതിനെ കുറിച്ച് അച്ഛനോട് ചോദിക്കണമെന്ന്.
അങ്ങനെയാണ് ട്വിറ്ററിലൂടെ അച്ഛനോട് കാര്യം പറഞ്ഞത്."ഹിജാബ് ധരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട ആള്‍ താനല്ല" എന്നായിരുന്നു ലാമ്യക്ക് അച്ഛന്‍ നല്‍കിയ മറുപടി.
ഹിജാബ് ധരിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് പുരുഷന്മാരല്ലെന്നും നിന്റെ ഇഷ്ടപ്രകാരം തീരുമാനമെടുത്തോളൂ. തീരുമാനമെന്തായാലും അതിനെ പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അച്ഛനുമായി നടന്ന സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ ലാമ്യ പോസ്റ്റ് ചെയ്തു. മകളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ലാമ്യയുടെ അച്ഛനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
മൂന്നു ലക്ഷത്തില്‍ അധികം ആളുകളാണ് ട്വീറ്റ് ലൈക്ക് ചെയ്തിട്ടുള്ളത്. 1.4 ലക്ഷത്തില്‍ അധികം ആളുകള്‍ റിട്വീറ്റ് ചെയ്തിട്ടുമുണ്ട്. അതേസമയം താന്‍ ശിരോവസ്ത്രം ഉപേക്ഷിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സുഹൃത്ത് പറഞ്ഞത് പരീക്ഷിക്കാന്‍ വേണ്ടിയാണ് അച്ഛനോട് ഇക്കാര്യം ചോദിച്ചതെന്നും ലാമ്യ പറഞ്ഞു.