തിരുവനന്തപുരം: യുവതിയെ സ്ത്രീധനത്തിനു വേണ്ടി പീഡിപ്പിച്ച് ആത്മഹത്യയിലേയ്ക്ക് നയിച്ച കേസില്‍ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും തടവും പിഴയും ശിക്ഷ. അധ്യാപകന്‍ കൂടിയായ വട്ടപ്പാറ പള്ളിവിള വീട്ടില്‍ പദ്മകുമാറിനും അമ്മ ശ്യാമളയ്ക്കുമാണ് 9 വര്‍ഷം തടവും 50,000 രൂപ പിഴയും അഡീഷ്ണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ചെമ്പഴന്തി സ്മിതഭവനില്‍ സ്മിത എസ്. നായരെയാണ് ഇവര്‍ സ്ത്രീധനത്തിനു വേണ്ടി പീഡിപ്പിച്ച് ആത്മഹത്യയിലേയ്ക്ക് നയിച്ചത്. 2008 സെപ്റ്റംബര്‍ 28നായിരുന്നു സ്മിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2004 ല്‍ വിവാഹസമയത്ത് സ്ത്രീധനമായി നല്‍കിയ 135 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 3 ലക്ഷം രൂപയും പദ്മകുമാറിനു സ്‌കൂളില്‍ ജോലി ലഭിക്കാനായി വാങ്ങിച്ച കടം തീര്‍ത്തു. ഇതോടെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സ്മിതയെ ഉപദ്രവിക്കുകയായിരുന്നു. ഇതാണ് സ്മിതയുടെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്ന് പ്രോസിക്യൂഷന്‍ പറയുന്നു. 5 ലക്ഷം കൂടി ആവശ്യപ്പെട്ടാണ് ഭര്‍ത്താവും അമ്മയും ഉപദ്രവിച്ചത് എന്നു കുറ്റപത്രത്തില്‍ പറയുന്നു. ആറ്റിങ്ങല്‍ പോലീസാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. മരിച്ച സ്മിത കേരള സര്‍വകലാശാല ബി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവാണ്.
Content Highlights: dowry related issues