സ്ത്രീ നിയമങ്ങള്‍ കാലാകാലങ്ങളില്‍ പരിഷ്‌കരിക്കപ്പെട്ടിട്ടും സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങൾ ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്നു. പീഡനത്തിനിരയാകുന്നവരുടെ കണക്കുകള്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഓരോ വര്‍ഷവും പുറത്തു വിടുമ്പോള്‍ അത്ഭുതപ്പെടുകയും അപലപിക്കുകുകയും ചെയ്തിട്ട് മാറ്റങ്ങളുണ്ടാകുന്നില്ല അതിലും എത്രയോ ഇരട്ടിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നവ.
ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. സത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും നമ്മുടെ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ കാണിക്കുന്നു. 2012ല്‍ 8233 സ്ത്രീധന മരണങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2013ല്‍ ഇത് 8083 കേസുകളും 2014ല്‍ 8455 കേസുകളും രജിസ്റ്റര്‍ ചെയ്തു. സ്ത്രീധന നിരോധന നിയമപ്രകാരം രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കേസുകൾ 2012ല്‍ 9038 ആയിരുന്നെങ്കില്‍ 2013ല്‍ 10709ഉം 2014ല്‍ 10050ഉം ആയി ഉയര്‍ന്നു. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളെ ഉദ്ധരിച്ച് കേന്ദ്രമന്ത്രി മനേക ഗാന്ധി പറഞ്ഞതാണിക്കാര്യങ്ങള്‍.
അരുണാചല്‍ പ്രദേശ്, സിക്കിം, മിസോറാം, നാഗാലാന്റ് എന്നിവിടങ്ങളൊഴികെയുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീധനം നിയമം മൂലം നിരോധിക്കുകയും ഇതിനായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുമുണ്ട്. 1961ലെ സ്ത്രീധന നിരോധന നിയമത്തിനനുസരിച്ച് സര്‍ക്കാര്‍ നിരവധി ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്തുന്നുണ്ട്.
എന്നിരുന്നാലും ഒന്നു പ്രതികരിക്കാന്‍ പോലുമാകാതെ ചുവരുകള്‍ക്കിടയിലെ ഇരുട്ടില്‍ നിരന്തര പീഡനങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ രാജ്യത്ത് കണക്കുകള്‍ക്കപ്പുറത്ത് എത്രയോ ഇരട്ടിയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളു. ഇതിന് പരിഹാരം നിയമങ്ങള്‍ മാത്രമല്ല, നിലനില്‍ക്കുന്ന പുരുഷ മേധാവിത്വം തകര്‍ക്കുകയും സ്ത്രീകള്‍ കരുത്താര്‍ജ്ജിക്കുകയുമാണ് വേണ്ടത്. സ്ത്രീകള്‍ക്കും തങ്ങളെപ്പോലെ മനുഷ്യാവകാശങ്ങളുണ്ടെന്ന് പുരുഷന് അവബോധമുണ്ടാവുകയുമാണ് വേണ്ടത്. എങ്കില്‍ മാത്രമേ ഒരു പരിഷ്‌കൃത സമൂഹമായി നമ്മുടെ നാടും ഉയരുകയുള്ളു.