തിരുവനന്തപുരം: കോണ്ടത്തിന് ടാക്സ് ഇല്ലാതാക്കുകയും സാനിറ്ററി നാപ്കിനുകള്‍ക്ക് ടാക്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്ത കേന്ദ്രത്തിന്റെ പുതിയ ജിഎസ്ടി നിലപാടിനോടുള്ള പ്രതിഷേധം വ്യാപകമാവുന്നു. രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്ഐ) വനിതാ പ്രവര്‍ത്തകര്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയിറ്റ്ലിയുടെ ഓഫീസിലേക്ക് സാനിറ്ററി നാപ്കിനുകള്‍ അയച്ചുകൊടുത്തു.
പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് തിരുവനന്തപുരത്തെ ജനറല്‍ പോസ്റ്റ് ഓഫീസിന് (ജിപിഓ) മുന്നില്‍ നടന്നത്. തിരുവനന്തപുരത്തെ വിവിധ കോളേജുകളില്‍ നിന്നുള്ള 300-ലധികം വിദ്യാര്‍ത്ഥിനികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. 'ബ്ലീഡ് വിത്തൗട്ട് ഫിയര്‍ ബ്ലീഡ് വിത്തൗട്ട് ടാക്‌സ്' എന്ന മുദ്രാവാക്യമെഴുതിയ സാനിറ്ററി നാപ്കിനുകളാണ് സ്പീഡ് പോസ്റ്റ് വഴി ജെയിറ്റ്‌ലിയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തിരിക്കുന്നത്. പുതിയ ജിഎസ്ടി പ്രകാരം 12% ടാക്‌സാണ് സാനിറ്ററി നാപ്കിനുകള്‍ക്ക് നല്‍കേണ്ടി വരുന്നത്.
ജിപിഓയിലേക്ക് മുദ്രാവാക്യം വിളിച്ചുകൊണ്ട് ജാഥയായി എത്തിയ വിദ്യാര്‍ത്ഥിനികള്‍ ഓരോരുത്തരും മുദ്രാവാക്യം എഴുതിയ സാനിറ്ററി നാപ്കിനുകള്‍ പ്രത്യേകം കവറുകളിലാക്കിയാണ് കേന്ദ്ര സാമ്പത്തിക വകുപ്പ് മന്ത്രിയുടെ വിലാസത്തിലേക്ക് അയച്ചുകൊടുത്തത്.
രാജ്യവ്യാപകമായി ജൂലായ് 11-ന് ആരംഭിച്ച ഈ പ്രതിഷേധം ജൂലായ് 14 വരെ തുടരുമെന്ന് പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ വനിതാ പ്രതിനിധികള്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ കേരളത്തിലെ മുഴുവന്‍ കോളേജുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത് വിദ്യാര്‍ത്ഥികളെ മാത്രം സംബന്ധിക്കുന്ന വിഷയമല്ലാത്തതിനാല്‍ സമൂഹത്തിന്റെ ഏതു തുറയിലുള്ളവര്‍ക്കും ഏതു പ്രായത്തിലുള്ളവര്‍ക്കും വീട്ടമ്മമാര്‍ക്കും വരുംദിവസങ്ങളിലെ പ്രതിഷേധങ്ങളില്‍ പങ്കുചേരാമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.
സാധാരണക്കാരന് വലിയ നഷ്ടമാണ് ഈ വിഷയം ഉണ്ടാക്കുന്നതെന്ന് അഭിപ്രായപ്പെട്ട വിദ്യാര്‍ത്ഥികള്‍ സാനിറ്ററി നാപ്കിനുകളെ ആഡംബരവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും ഇതില്‍ പുനര്‍ചിന്തനം വേണമെന്നും ആവശ്യപ്പെട്ടു.
ചിത്രങ്ങള്‍ കടപ്പാട്: ദി ന്യൂസ് മിനിറ്റ്