ഒരാള്‍ നിങ്ങളെ കൈവെള്ളയില്‍ കറുത്ത പൊട്ട് കാണിച്ചാല്‍ അതിനലര്‍ത്ഥം അയാള്‍ക്ക് പോലീസ് സഹായം ആവശ്യമാണെന്നാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ ഫെയിസ്ബുക്കിലൂടെ നടക്കുന്ന ക്യാമ്പയിനാണ് ഈ കോഡ് ഭാഷയ്ക്ക് രൂപം നല്‍കിയത്.
'ബ്ലാക്ക് ഡോട്ട് ക്യാമ്പയിന്‍' സ്ത്രീകളെ ഗാര്‍ഹിക പീഡനത്തിന്റെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുവാനായിട്ടുള്ളതാണ്. ഒന്നു നിലവിളിക്കുവാന്‍ പോലുമാകാതെ വര്‍ഷങ്ങളോളം ഗാര്‍ഹിക പീഡനത്തിനു വിധേയരാകുന്ന നുറുകണക്കിന് സ്ത്രീകള്‍ നമുക്കു ചുറ്റുമുണ്ടാകും അവര്‍ക്ക് പീഡനങ്ങളുടെ തടവറയില്‍ നിന്ന് മോചനം നേടുന്നതിനുള്ള വഴിയാണ് ഈ ക്യാമ്പയിന്‍.
പോലീസില്‍ പരാതിപ്പെടാനോ മറ്റാരോടെങ്കിലും പറയാനോ പറ്റാതെ ഇരകള്‍ വീണ്ടും വീണ്ടും ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്കത് പുറം ലോകത്തെ അറിയിക്കാനുള്ള വഴിയാണ് കൈവെള്ളയിലെ കറുത്ത പൊട്ട്. കാരണം പീഡകന്‍ നിരന്തരം ഇരകളെ നിരാക്ഷിക്കുന്നുണ്ടാകും. ഈ ക്യാമ്പയിന്‍ ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പടരുകയാണ്.
ഈ ക്യാമ്പയിനിലൂടെ രക്ഷപ്പെട്ട സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട്. ഗര്‍ഭിണിയായ തന്നെ ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് ചികില്‍സകന്റെ കയ്യില്‍ 'ഹെല്‍പ്പ് മീ' എന്ന് എഴുതിയാണ് രക്ഷപ്പെടാന്‍ കഴിഞ്ഞത്. ബ്ലാക്ക് ഡോട്ട് ക്യമ്പയിന് അവര്‍ നന്ദി പറയുന്നു. ഗാര്‍ഹിക പീഡനത്തിനിരയായ സ്ത്രീയുടെ അനുഭവമാണിത്. കൊടിയ പീഡനങ്ങളില്‍ നിന്നുള്ള രക്ഷയും പീഡകര്‍ക്കുള്ള താക്കീതും.