ഹോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല ഗ്ലാമര്‍ തിളക്കമുള്ള വ്യോമ മേഖലയിലും സ്ത്രീചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വനിതാ പൈലറ്റ് ബെറ്റി പിന. അലക്‌സാ എയര്‍ലൈന്‍ കമ്പനിയില്‍ പൈലറ്റായ ബെറ്റി സഹപൈലറ്റിനെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ സഹപൈലറ്റ് തന്നെ വൈനില്‍ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചെന്നാണ് ബെറ്റി പറയുന്നത്. വിമാന കമ്പനിയ്ക്കും പൈലറ്റിനും എതിരെ ഇവര്‍ കോടതിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ജൂണിലെ ഒരു വൈകുന്നേരം ക്യാപ്റ്റന്‍ പിനയ്ക്ക് ഒരു ഗ്ലാസ് വൈന്‍ നല്‍കി. രണ്ടാമത്തെ ഗ്ലാസ് വൈന്‍ കൂടി കഴിച്ചത് മാത്രമെ പിനയ്ക്ക് ഓര്‍മ്മയുള്ളു. ബോധം തെളിയുമ്പോള്‍ ഛര്‍ദ്ദിയില്‍ കുതിര്‍ന്ന ബെഡില്‍ അര്‍ധ നഗ്നയായി താന്‍ കിടക്കുന്നതാണ് ബെറ്റി കാണുന്നത്.
അലസ്‌കാ എയര്‍ലൈന്‍ ക്യാപറ്റന് ലഹരി ഉപയോഗിക്കാനും തന്നെ ബലാത്സംഗം ചെയ്യാനും അനുമതി നല്‍കിയെന്ന് ആരോപിച്ചാണ് വിമാന കമ്പനിയ്‌ക്കെതിരെ ഇവര്‍ പരാതി നല്‍കിയത്. ക്യാപ്റ്റന്റെ സ്വാധീനത്താല്‍ ഒന്നര വര്‍ഷത്തോളം തനിക്ക് പരാതി നല്‍കാന്‍ പോലും സാധിച്ചില്ലെന്നും ഈ 29 കാരി പറയുന്നു. ആരോപണ വിധേയനായ പൈലറ്റ് ഇപ്പോഴും ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. സംഭവശേഷം നീണ്ട അവധിയെടുത്ത ബെറ്റി ജോലിയില്‍ കയറിയ ശേഷമാണ് പരാതി നല്‍കിയത്. ഇപ്പോഴും ഇവര്‍ ഇതേ കമ്പനിയില്‍ ജോലിയില്‍ തുടരുകയാണ്.
തന്നെ പോലെ എത്രയൊ ഇരകള്‍ ഉണ്ടായിരിക്കാം. ഇത് ആദ്യത്തെ സംഭവമല്ലെന്ന് തനിക്ക് ഉറപ്പാണ്. പക്ഷേ ഇത് അവസാനത്തെ സംഭവമാകണം എന്നാണ് തന്റെ പ്രതീക്ഷയെന്നും ബെറ്റി പറയുന്നു. മീ ടൂ ക്യാമ്പെയ്‌ന്റെ ഭാഗമായി സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നുപറയണമെന്നും പിന പറയുന്നു.
സൈന്യത്തില്‍ ജോലി ചെയ്യുകയായിരുന്ന ബെറ്റി അവിടെ നിന്നും വിരമിച്ച ശേഷമാണ് പൈലറ്റായി ജോലിയ്ക്ക് കയറുന്നത്. ഇവര്‍ അവിവാഹിതയാണ്.
ജൂണ്‍ 4 നാണ് ബെറ്റി ആരോപണ വിധേയനായ ക്യാപ്റ്റനെ പരിചയപ്പെടുന്നത്. തുടര്‍ച്ചയായ ആകാശപ്പറക്കലുകള്‍ക്കിടയില്‍ മിനിയാപോളിസിലെ ഒരു ഹോട്ടലില്‍ ക്രൂ അംഗങ്ങള്‍ക്കായി ക്യാപ്റ്റന്‍ ഒരു വിരുന്നു സംഘടിപ്പിച്ചിരുന്നു. ക്രൂ അംഗങ്ങളോടൊപ്പം ബെറ്റി ഒരു ഗ്ലാസ് വൈന്‍ കഴിച്ചു. രണ്ടാമത്തെ ഗ്ലാസ് വൈന്‍ ക്യാപ്റ്റന്‍ ഒഴിച്ചു നല്‍കി. തല ഉയര്‍ത്താനാകാതെ വന്നത് ബെറ്റിക്ക് ഓര്‍മയുണ്ട്.
ബോധം വരുമ്പോള്‍ താന്‍ ഉറങ്ങുന്ന അതേ ബെഡില്‍ ക്യാപ്റ്റന്‍ കിടന്നുറങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. ഒപ്പം ഛര്‍ദ്ദിയില്‍ കുതിര്‍ന്ന ബെഡ്ഷീറ്റും, ബെറ്റിയുടെ പാതിയോളം വസ്ത്രങ്ങള്‍ ഊരി നീക്കിയ നിലയിലായിരുന്നു. അബോധാവസ്ഥയിലായ ബെറ്റിയെ ക്യാപ്റ്റന്‍ താങ്ങിയെടുത്ത് ഹോട്ടല്‍ റൂമിലേക്ക് കൂട്ടികൊണ്ട് പോകുന്നത് കണ്ടതായി സഹപ്രവര്‍ത്തക മൊഴിനല്‍കിയിട്ടുണ്ട്.
സംഭവത്തെ പറ്റി ക്യാപ്റ്റനോട് ചോദിച്ചപ്പോഴാകട്ടെ മോശമായിരുന്നു പ്രതികരണമെന്നും ഈ 29 കാരി പറയുന്നു.
content highlight: Alaska Airlines Pilot Captain Drugged And Raped co -Pilot