ജീവിതങ്ങള്‍ പറയുന്ന ചിത്രങ്ങളാണ് ജെ എംബി ആകാശ് എന്ന ഫോട്ടോഗ്രാഫറുടേത്. ആകാശിന്റെ ക്യാമറയില്‍ പതിഞ്ഞ ജുലേഖയും തന്റെ ജീവിതം പറയുകയാണ്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യനെ നോക്കിക്കാണുന്ന ഇക്കാലത്ത് മാനുഷികതയെന്ന് അടിസ്ഥാനചിന്തയിലൂന്നി ജീവിക്കുകയാണ് ബംഗ്ലാദേശുകാരിയായ ഈ വയോധിക. ജുലേഖയുടെ ചിത്രത്തിനൊപ്പം ആകാശ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച അവരുടെ ജീവിത കഥ
ജുലേഖയുടെ വാക്കുകള്‍
വേവലാതിപ്പെടുന്നതില്‍ ഒരു കാര്യവുമില്ല. അത് ഒരു മാറ്റവും കൊണ്ടുവരാന്‍ പോകുന്നില്ല. അതാകെ ചെയ്യുന്നത് നിങ്ങളുടെ മനസമാധാനം കവരും, ശ്രദ്ധ തെറ്റിക്കും.
അഞ്ചുവയസ്സുകാരനായ ഒരു ഹിന്ദു അനാഥ ബാലനെ ദത്തെടുക്കുന്ന ദിവസം ഞാനും കുറേ വേവലാതിപ്പെട്ടിരുന്നു. എല്ലാവരും എന്നെ വഴക്കുപറഞ്ഞു. എന്റെ ഭര്‍ത്താവ് എന്നെ ഉപേക്ഷിക്കാനൊരുങ്ങി. പക്ഷേ നിങ്ങള്‍ക്കറിയാമോ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഹിന്ദുപയ്യന്റെ കൈ നെഞ്ചോട് ചേര്‍ത്തുപിടിച്ചാണ് എന്റെ ഭര്‍ത്താവ് മരിച്ചത്. ആ കുട്ടി കാരണം എനിക്കൊരിക്കലും ഒരു കാര്യത്തിനും എന്റെ ജീവിതത്തില്‍ പിന്നീട് വേവലാതിപ്പെടേണ്ടി വന്നിട്ടില്ല.
എന്റെ ചെറുക്കന്‍ അനാഥക്കുട്ടികല്‍ക്കായി ഒരു മദ്രസ പണിഞ്ഞുയ അവിടെ 15-20 കുട്ടികളാണ് താമസിക്കുന്നത്. അവര്‍ അവിടെ നിന്ന് വിദ്യാഭ്യാസവും നേടുന്നുണ്ട്. എനിക്ക് വേറെ നാലുകുട്ടികള്‍ ഉണ്ടെങ്കിലും ആളുകള്‍ എന്നെ കൃഷ്ണയുടെ അമ്മ എന്നാണ് വിളിക്കുന്നത്. എനിക്കതില്‍ അഭിമാനം തോന്നാറുണ്ട്.
വളര്‍ന്നതോടെ കൃഷ്ണ എല്ലായ്‌പ്പോഴും ഞങ്ങളുടെ കാര്യങ്ങള്‍ നോക്കിയിരുന്നു. അതുകൊണ്ട് ഞങ്ങളുടെ സ്വന്തം കുട്ടികള്‍ക്ക് ഞങ്ങളുടെ കാര്യങ്ങള്‍ നോക്കേണ്ടതായി പോലും വന്നിട്ടില്ല. അച്ഛന്‍ അസുഖബാധിതനായി കിടക്കയില്‍ ആയിരുന്നപ്പോള്‍ കൃഷ്ണയാണ് അച്ഛനെ നോക്കിയിരുന്നത്. 'എന്റെ അച്ഛനും അമ്മയുമാണ് എന്റെ സ്വര്‍ഗം. നിങ്ങളുടെ മകനായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' അവന്‍ എല്ലായ്‌പ്പോഴും എന്നോട് പറയുമായിരുന്നു.
നമ്മള്‍ എന്തുനല്‍കുന്നോ അത് ജീവിതത്തില്‍ നിന്ന് തിരിച്ചുകിട്ടുമെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ഞാന്‍ അവനെ സ്‌നേഹിച്ചു. അവന്‍ എത് എനിക്ക് തിരിച്ചുനല്‍കി. ഞാന്‍ വളരെ സന്തോഷവതിയാണ്. ആളുകള്‍ക്ക് നന്മ ചെയ്യുന്നത് വയസ്സുകാലത്ത് പ്രയോജനപ്പെടും. - ജുലേഖ ബീഗം
Courtesy: GMB Akash