പത്ത് പതിമൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവങ്ങളാണ്. അതായത് ഗള്‍ഫ് ജീവിതം തുടങ്ങുന്നതിനും മുമ്പ്. കോഴിക്കോട് സിറ്റിയിലായിരുന്നു ജോലി. രാവും പകലും വ്യത്യാസമില്ലാതെ നഗരത്തില്‍ ചുറ്റിത്തിരിയണം. ഊടുവഴികളും ഇടവഴികളുമൊക്കെ കടന്നുള്ള തെണ്ടിത്തിരിയല്‍ എന്നുവേണമെങ്കില്‍ പറയാം. അതിനിടെ, പല തവണ 'ചെറിയ' തോതിലുള്ള അതിക്രമങ്ങള്‍ നേരിട്ട് അനുഭവിക്കുകയും നേരില്‍ കാണുകയും ചെയ്തു.
എന്നാല്‍, വലിയ കുഴികളില്‍ വീഴാതിരിക്കാനുള്ള ഒരു ജാഗ്രത എപ്പോഴും ഉണ്ടായിരുന്നു. നേരെ പോ നേരെ വാ എന്ന നിലപാട് സ്വന്തം ചുറ്റുവട്ടങ്ങളില്‍ ഏറെ ഗുണം ചെയ്തു. പെണ്ണെന്ന വിവേചനം സ്വന്തം പരിസരങ്ങളിലൊന്നും ഉണ്ടായില്ല. വ്യക്തിത്വവും നിലപാടുകളും ഇത്തരം കാര്യങ്ങളില്‍ ഏറെ പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍, ബസ്സിലും റോഡ് വക്കിലുമൊക്കെ കാമവെറിയായി നടക്കുന്നവര്‍ക്കറിയില്ലല്ലോ, നമ്മുടെ ആശയങ്ങളുടെ 'ഔന്നത്യ'വും വ്യക്തിത്വവുമൊന്നും. കൈയ്യിന്റെ വിറ മാറ്റാന്‍ അവന്‍ ഏത് പെണ്ണിനെയും കയറിപിടിക്കും. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് തരത്തിലുള്ള ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് ഓര്‍ക്കുമ്പോള്‍, നമ്മുടെ സ്വന്തം നാടിന്റെ 'മഹത്വം' ഓര്‍ത്തുപോകുന്നു. ഗള്‍ഫില്‍ എത്തിയതിന് ശേഷം ഉണ്ടായ ഒരേയൊരു അതിക്രമവും മലയാളിയില്‍ നിന്നായിരുന്നുവെന്നതും ദു:ഖകരമായ സത്യം തന്നെ.
ഒരു ദിവസം മാവൂര്‍ റോഡിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ ഫഌവര്‍ ഷോ നടക്കുന്നുണ്ടായിരുന്നു. ജോലിയുടെ ഭാഗമായി അവിടെ വരെ പോകണം. സിറ്റി ബസ്സില്‍ കയറി. കണ്ടക്ടര്‍ക്ക് കാശ് കൊടുത്തു. കാശ് വാങ്ങി പഴ്‌സിലിട്ട കണ്ടക്ടര്‍ പിന്നില്‍ നിന്നൊരു തോണ്ടല്‍...കൈ മടക്കില്‍, വസ്ത്രം ഇല്ലാത്ത ഭാഗം നോക്കി,കഷ്ടപ്പെട്ടാണ് തോണ്ടിയത്. സ്ഥാനം എവിടെയായാലും, ഒരു മനുഷ്യനെ സംബന്ധിച്ച് ഇത്തരം പെരുമാറ്റങ്ങള്‍ അതിക്രമം തന്നെയാണ്. ഞെട്ടിത്തിരിഞ്ഞുനോക്കി, കണ്ടക്ടറും കിൡും കൂടി ഇളിക്കുന്നു, ചിരിക്കുന്നു...അരിശവും സങ്കടവും ഒരുമിച്ചുവന്നു. ഒരുപാട് തെറികള്‍ ഒരുമിച്ച് വന്നെങ്കിലും, അപ്പോള്‍ എന്തേലും പറഞ്ഞാല്‍, അതുപോലും തമാശയായി മാറും എന്നൊരു തോന്നല്‍ പിന്നോട്ട് വലിച്ചു.
ഒന്നും പറയാന്‍ പറ്റാത്ത സങ്കടവുമായി ഫഌര് ഷോ മുറ്റത്തേക്ക് നടന്നു. ഒരു പെണ്‍കൂട്ടത്തിനൊപ്പം നടക്കുന്നതിനിടെ പിന്നില്‍ നിന്നൊരു പിടുത്തം. എന്നേക്കാള്‍ പ്രായം കുറഞ്ഞൊരു പയ്യന്‍. തിരിഞ്ഞു നിന്ന ഞാന്‍ അവന്റെ നേരെ ഒന്ന് കുതിച്ചു. വായില്‍വന്ന തെറികള്‍ വിളിച്ചുപറഞ്ഞു. ഉറക്കെ ഒച്ചവെച്ചു. ആ ബഹളത്തിനിടയില്‍ ഇതൊക്കെ ആര് കേള്‍ക്കാന്‍. മിന്നായം പോലെ ചങ്ങാതി ആള്‍ക്കൂട്ടത്തില്‍ മറയേം ചെയ്തു.
ഈ രണ്ട് സംഭവങ്ങളുടെ വിഷമവുമായാണ് ഓഫീസില്‍ പോയത്. ജോലി തീര്‍ത്തു. അതുകഴിഞ്ഞ് ഹെഡ് ഓഫീസിലേക്ക് പോകണം. വീണ്ടും ബസ് കയറി ചാലപ്പുറത്തെ ഓഫീസിലേക്ക്. ഇരുട്ടുവീണ ഇടുങ്ങിയ വഴിയില്‍ കൂടി ധൃതിയില്‍ പോകവെ, ശ്രദ്ധിച്ചു, ഒരുത്തന്‍ എന്നേക്കാള്‍ ധൃതിയില്‍ പിറകെ വരുന്നുണ്ട്. എങ്കില്‍ മുന്നില്‍ കയറി പോയിക്കോട്ടോ, വഴി മാറിക്കൊടുത്തു. ഇഷ്ടന് വഴി വേണ്ട, എന്റെ പിറകില്‍ തന്നെ വന്നാല്‍ മതി. കൈ വീശി വീശിയുള്ള നടത്തത്തിടയില്‍ ചന്തിയില്‍ ഒരു തോണ്ടല്‍. ആൡക്കത്തുന്ന തീയ്യില്‍ നെയ്യൊഴിച്ചപോലെയായി ഇത്. തിരിഞ്ഞു നിന്ന് കൈ വീശി ഒരെണ്ണം പൊട്ടിച്ചു. മുഖത്തോ, തോളത്തോ ആയിരുന്നു അത്. (അതിന്റെ നീറ്റല്‍ എന്റെ കൈയ്യീന്ന് ഇപ്പഴും പോയിട്ടില്ല!!!) കിട്ടിയ അടിയും കൊണ്ട് ചങ്ങാതി ഒരു ഓട്ടം. ഞാനും പിറകെ വെച്ചുപിടിച്ചു (Thak God. എന്റെ നാട്ടിലെ പി.ടി. ഉഷ ഞാനായിരുന്നു.). അവന്‍ നേരെ കയറിയത് അവന്റെ ജോലി സ്ഥലത്ത്. കിതച്ചുകൊണ്ട് ഞാനും പിറകെ ഓടിക്കയറി. ഇത്തരം--കളെയൊന്നും ജോലിക്ക് വെക്കരുതെന്നും പറഞ്ഞ് ഇറങ്ങി. അവിടെ കൂടി നിന്ന മനുഷ്യരെല്ലാം ഞെട്ടിത്തരിച്ച് നിന്നത് ഇപ്പോഴും കണ്‍മുന്നില്‍ കാണുന്നുണ്ട്.്അയാളുടെ ജോലി പോയോ, നാടുകടത്തിയോ ഒന്നും അറിയില്ല.
ഇതെല്ലാം കഴിഞ്ഞ് രണ്ടാമത്തെ ദിവസം. സമയം രാത്രി ഏഴ്, എഴര. ബസ്സില്‍ നല്ല തിരക്ക്. കമ്പിയില്‍ തൂങ്ങിപ്പിടിച്ചാണ് നില്‍പ്. അതാ ഒരു ചങ്ങാതി പിറകില്‍ പിടിക്കുന്നു. അവനും പയ്യന്‍ തന്നെ. കൈ വീശി ഒന്ന് കൊടുത്തു. ദേഷ്യം മൂത്ത് കിതച്ചുകൊണ്ട് വാടക മുറിയിലേക്ക് കയറവെ ഓര്‍ത്തു...ഇത്തരക്കാരെ കൈകാര്യം ചെയ്ത് ചെയ്ത് ഞാനൊരു അതിക്രമി ആകുമോ!!!. മുറിയിലെത്തി, സഹമുറിയയോട് കാര്യം പറഞ്ഞു. പിന്നേം അടിച്ചോ? ഇതല്‍പം കൂടുതലല്ലേ എന്നായിരുന്നു ഭാവം...വന്ന് വന്ന് ഞാനൊരു അതിക്രമി ആകുമോ എന്നായിരുന്നു മൂപ്പരുടെ പേടി. എനിക്കും പേടി ഇല്ലാതില്ല. എങ്കിലും, വലിയൊരു 'അക്രമി' ആകുന്നതിന് മുമ്പേ ഗള്‍ഫിലേക്ക് വിമാനം കയറേണ്ടിവന്നു.
ദിവസവും എട്ട് എ ബസ്സിലായിരുന്നു ഓഫീസിലേക്ക് യാത്ര. ഇത്തരം ശല്യങ്ങള്‍ ഒന്നുമില്ല. ഒരിക്കല്‍ വാരിക വായനയില്‍ മുഴുകിയിരിക്കെ,സീറ്റിന്റെ ഇടയിലൂടെ ഒരു വിരല്‍ നീണ്ടുവരുന്നതുപോലെ. തോന്നിയതായിരിക്കുമെന്ന് കരുതി. ഇത് കേരളമല്ലല്ലോ...ആശ്വാസത്തോടെ ഒന്നിളകിയിരുന്നു. പിന്നേം അസ്വസ്ഥത... ശ്രദ്ധിച്ചപ്പോ കാര്യം പിടികിട്ടി. തിരിഞ്ഞുനോക്കി, വാരിക ചുരുട്ടി ഒന്നു കൊടുത്തു. 'അയ്യോ..സോറി, സോറി...ഞാന്‍ അറിയാതെ...' ഹോ..അപ്പോ അതാണ് കാര്യം. പച്ച മലയാളം കേട്ടപ്പോ ശരിക്കും മനസ്സിലായി...'അറിയാതെ' പറ്റീതാണെന്ന്!!!.
പിന്നീട്, കഴിഞ്ഞ 12 വര്‍ഷമായി ഇത്തരത്തിലൊരു അതിക്രമവും ഈ യു.എ.ഇ.യില്‍ വന്നതിന് ശേഷം നേരിടേണ്ടി വന്നിട്ടില്ലെന്ന് മാന്യ മലയാളി സുഹൃത്തുക്കളെ അറിയിച്ചുകൊള്ളട്ടെ. അന്യ നാടല്ലെ, നിയമവും കര്‍ശനം. മനുഷ്യര്‍ മാന്യന്മാരായില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ...
തീര്‍ച്ചയായും ഇത് ഒരു പെണ്‍കുട്ടിയുടെ മാത്രം അനുഭവമല്ല. നിങ്ങള്‍ക്കുമുണ്ടാകില്ലേ ഇത്തരം അനുഭവങ്ങള്‍. പങ്കുവെക്കാം മാതൃഭൂമി ഓണ്‍ലൈനിലൂടെ..(Mb4evesspeakout@gmail.com) പ്രതികരിക്കാം..സ്ത്രീകള്‍ ഇരകളാക്കപ്പെടേണ്ടവരല്ല. ഇത്തരം അതിക്രമങ്ങളെ ചെറുത്തുതോല്‍പിക്കേണ്ടത് സ്ത്രീകള്‍ തന്നെയാണ്. #SpeakOut #StopViolenceAgainstWomen