അതിജീവനത്തിന്റെ കഥകള്‍ പരിചയപ്പെടുത്തുന്ന ഫെയ്‌സ്ബുക്ക് പേജാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ. ദീപാലി വന്ദന എന്ന യുവതിയുടെ ജീവിത കഥയാണ് ഇത്തവണ ഹ്യൂമന്‍സ് ഓഫ് ബോംബെ തങ്ങളുടെ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീടില്ലാത്ത സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തിന്റെ തണലേകുന്ന ഉര്‍ജ ട്രസ്റ്റ് സ്ഥാപിച്ച വ്യക്തിയാണ് ദീപാലി. ഇത്തരമൊരു ട്രസ്റ്റ് രൂപീകരിക്കുന്നതിലേക്ക് തന്നെ നയിച്ച ജീവിത സാഹചര്യങ്ങളെ ഓര്‍ത്തെടുക്കുകയാണ് അവര്‍.
ദീപാലിയുടെ വാക്കുകള്‍
കാമാത്തിപുരയിലെ വൈദ്യുതി ഇല്ലാത്ത, എലികള്‍ വേണ്ടുവോളമുള്ള ഒരു മുറിയിലാണ് മറ്റ് അഞ്ച് കുടുംബങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ജീവിച്ചിരുന്നത്. ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചും സ്‌കൂളിലേക്കുള്ള യാത്രക്കിടയില്‍ വഴിയരികില്‍ മയക്കുമരുന്നിനടിമകളായ ആളുകളെ കണ്ടുമാണ് ഞാനും എന്റെ അഞ്ചുസഹോദരങ്ങളും വളര്‍ന്നത്. ഭയത്തോടെയായിരുന്നു ജീവിതം. തൊണ്ണൂറുകളില്‍ ഉണ്ടായ ഒരു വര്‍ഗീയ ലഹളയെ തുടര്‍ന്ന് അവിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അന്ന് എന്റെ അമ്മ ഗര്‍ഭിണിയായിരുന്നു. ഞാനായിരുന്നു മുതിര്‍ന്നവള്‍ അതുകൊണ്ട് അമ്മക്കൊപ്പം ഞാനാണ് കൂട്ട് പോയത്. അന്നു ഞാന്‍ കണ്ട കാഴ്ചകള്‍ എന്നെ വല്ലാതെ പേടിപ്പിച്ചു. വികലമാക്കപ്പെട്ട ശവശരീരങ്ങളും രക്തം നിറഞ്ഞ അഴുക്കുചാലുകളും..അതിഭീകരമായി മുറിവേറ്റ ഒരാള്‍ സഹായത്തിനായി പോലീസിനോട് കെഞ്ചുന്നുണ്ടായിരുന്നു.
എന്റെ അച്ഛന്‍ ഗ്രാമത്തിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഞങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ അമ്മ നിര്‍ബന്ധം പിടിച്ചു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയില്ലെങ്കില്‍ കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്ന് അമ്മ ഭീഷണിമുഴക്കി. വിദ്യാഭ്യാസമില്ലെങ്കില്‍ കുട്ടികളുടെ ഭാവി ഇരുട്ടിലായിരിക്കുമെന്ന് അമ്മ വിശ്വസിച്ചിരുന്നു. അതുകൊണ്ട്, ഞാനും എന്റെ സഹോദരിയും മുംബൈയില്‍ അച്ഛനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. അമ്മയും ഇളയ സഹോദരങ്ങളും ഗ്രാമത്തിലേക്ക് മടങ്ങി. പഠിച്ചിട്ടില്ലാത്ത ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ പഠനകാര്യങ്ങളില്‍ യാതൊരു വീഴ്ചയും വരുത്താന്‍ തയ്യാറായിരുന്നില്ല. ഞങ്ങള്‍ക്കുള്ള ഉച്ചഭക്ഷണം ചോറ്റുപാത്രത്തിലാക്കി തന്നു, ഞങ്ങളുടെ മുടികെട്ടി തന്നു, എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങള്‍ക്കൊപ്പം ഹോംവര്‍ക്ക് ചെയ്യാന്‍ കൂട്ടിരുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഞാന്‍ ചെറിയ ജോലികള്‍ ചെയ്തുതുടങ്ങി. ചേരിയില്‍ ചെറിയ പരിപാടികള്‍ ഞാന്‍ സംഘടിപ്പിച്ചു. ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായി ചേരിയിലെ കുട്ടികളെ പഠിപ്പിക്കാന്‍ ആരംഭിക്കുമ്പോള്‍ എനിക്ക് പതിനെട്ട് വയസ്സാണ് പ്രായം. അതായിരുന്നു എന്റെ ആദ്യ ജോലി. അതിനിടയില്‍ അത്യന്തം നീചമായ പലതും ഞാന്‍ കണ്ടു. സന്നദ്ധ സംഘടനക്കൊപ്പം ചേര്‍ന്ന് ഓടിപ്പോയ പെണ്‍കുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഞാന്‍ പ്രവര്‍ത്തിച്ചു. അവരെ കൗണ്‍സില്‍ ചെയ്ത് വീട്ടുകാരുമായി കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനില്‍ നിന്നുള്ള മാനസിക വെല്ലുവിളി നേരിടുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ലൈംഗികാതിക്രമം നേരിട്ട ഒരു പെണ്‍കുട്ടിയാണ് അവള്‍. ഇത്തവണ അവള്‍ക്കായി ഒരിടം കണ്ടെത്തണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ഞാന്‍ അവളെ കാണുമ്പോള്‍ വീടിനുപുറത്ത് ഒരു വടിയില്‍ കെട്ടിയിട്ട നിലയിലായിരുന്നു അവള്‍. ഉണ്ണുന്നതും ഉറങ്ങുന്നതും അവിടെ വെച്ചാണ്. ഗ്രാമത്തില്‍ വൈദ്യസഹായമൊന്നുമില്ലെന്നും അഴിച്ചുവിട്ടാല്‍ പുറത്തിറങ്ങി നടന്ന് ആരുടെയെങ്കിലും ഗര്‍ഭം പേറി അവള്‍ വരുമെന്നും കുടുംബത്തിനത് മാനക്കേടുണ്ടാക്കുമെന്നും അവളുടെ അമ്മ എന്നോട് പറഞ്ഞു.
ഞാന്‍ ഞെട്ടിപ്പോയി. ഒരു ഉപഭോഗ വസ്തുവല്ലാതെ സ്ത്രീയെ കാണുന്ന ഒരിടം, ആരേയും ആശ്രയിച്ച് കഴിയേണ്ടാത്ത ഒരിടം ഇവര്‍ക്കായി വേണ്ടതുണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു. അതിന്റെ ഭാഗമായിരുന്നു ഒരു സന്നദ്ധ സംഘടനക്കൊപ്പം ചേര്‍ന്ന് ഞാന്‍ ആരംഭിച്ച ഉര്‍ജ ട്രസ്റ്റ്. വീടില്ലാത്ത പെണ്‍കുട്ടികള്‍ക്ക് ഭയമേതുമില്ലാതെ തങ്ങാനൊരിടം. അന്നുമുതല്‍ 500 പെണ്‍കുട്ടികളെ ഞങ്ങള്‍ രക്ഷപ്പെടുത്തുകൊണ്ടുവന്നിട്ടുണ്ട്.
താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്ത ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. സമൂഹത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് അവള്‍ക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഒരു സമീപവാസിയെ അവള്‍ വിവാഹം ചെയ്യുകയും ചെയ്തു. എന്നാല്‍ മാനസികമായി ആ പെണ്‍കുട്ടി തകര്‍ന്നുപോയി. അവള്‍ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. ഇതോടെ അവളുടെ അമ്മായിയമ്മ അവളെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. നിരത്തിലൂടെ അലഞ്ഞുതിരിയുന്ന അവസ്ഥയിലാണ് ഞങ്ങള്‍ക്ക് അവളെ കിട്ടുന്നത്. അവളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇന്ന് ഒരു പാക്കേജിങ് ഫാക്ടറിയില്‍ ജോലി ചെയ്യുകയാണ് ആ പെണ്‍കുട്ടി. സാമ്പത്തിക സുരക്ഷിതത്വവും സ്വാതന്ത്ര്യവും അവള്‍ നേടിക്കഴിഞ്ഞു.
തനിച്ച് അതിജീവിക്കാന്‍ കഴിവില്ലാത്തവളാണ് സ്ത്രീയെന്ന സമൂഹം അവളെ പഠിപ്പിച്ചുവെച്ചിരിക്കുകയാണ്. എന്നാല്‍ ഈ 500 സ്ത്രീകളിലൂടെ ഞാന്‍ മനസ്സിലാക്കിയത് തീയില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിഞ്ഞാല്‍ ഈ ലോകത്ത് ഒരു തീപ്പൊരിയായി തുടരാന്‍
അവര്‍ക്ക് സാധിക്കും.
Courtesy : Humans Of Bombay Facebook Page