ബ്രിട്ടന്‍ ഇന്നു കല്യാണ വീടാകും, ഹാരി രാജകുമാരന്‍ മണവാളനാകും ചലച്ചിത്ര താരമായ മേഗന്‍ മാര്‍ക്കല്‍ വധുവുമാകും. ബ്രിട്ടീഷ് സമയം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വിന്‍ഡ്സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ ബ്രിട്ടീഷ് ജനത കാത്തിരുന്ന കല്യാണം നടക്കും. ഡയാനയ്ക്കും, കെയ്റ്റിനും ശേഷം മരുമകളായി മേഗനെ വരവേല്‍ക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും ബ്രിട്ടീഷ് ജനത നടത്തികഴിഞ്ഞു.
രണ്ടുവര്‍ഷത്തെ പ്രണയമാണ് ശനിയാഴ്ച്ച ശുഭപര്യവസാനത്തില്‍ എത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗങ്ങളും മേഗന്റെ ബന്ധുക്കളും പങ്കെടുക്കും. മേഗാന്റെ അച്ഛന്‍ തോമസ് മാര്‍ക്കല്‍ ചടങ്ങിനെത്തുന്നില്ല. മേഗന്റെ മാതാവും പിതാവും നേരത്തെ വിവാഹമോചിതരായവരാണ്.
ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ റിഹേഴ്സല്‍ പൂര്‍ത്തിയായി. രാജകുടുംബത്തിലെ വിവാഹങ്ങളെല്ലാം പ്രവൃത്തിദിവസങ്ങളിലാണ് നടക്കാറുള്ളത്. അതില്‍നിന്ന് വ്യത്യസ്തമായാണ് ഹാരി-മേഗന്‍ വിവാഹം. മേഗന്റെ സുഹൃത്ത് ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര ചടങ്ങില്‍ പങ്കെടുക്കുന്നതിനെപ്പറ്റി സ്ഥിരീകരണമായിട്ടില്ല. 800-ഓളം അതിഥികളെയാണ് ചടങ്ങിന് പ്രതീക്ഷിക്കുന്നത്.
ചടങ്ങുകള്‍ ഇങ്ങനെ
രാവിലെ മേഗന്റെ അമ്മ ഡോറിയ റാഗ്ലാന്‍ഡ് വിന്‍ഡ്സര്‍ കാസിലിലെത്തും. 9 മുതല്‍ പൊതുജനങ്ങള്‍ക്ക് കാസിലിലെ മൈതാനത്തിലേക്ക് പ്രവേശിക്കാം. 9.30 മുതല്‍ 11.00 വരെയാണ് വിശിഷ്ടാതിഥികള്‍ക്കെത്താനുള്ള സമയം. 11.20-ഓടെ രാജകുടുംബാംഗങ്ങളും 11.45-ഓടെ ഹാരിയും സഹോദരനുമെത്തും. പ്രോട്ടോക്കോള്‍പ്രകാരം രാജ്ഞിയാണ് അവസാനം എത്തേണ്ടത്. വധു മേഗന്‍ 11.59-ന് എത്തും. അച്ഛന്റെ അസാനിധ്യത്തില്‍ മേഗന്റെ കൈപിടിച്ച് ആരാണ് വരുകയെന്നത് വ്യക്തമല്ല. ഉച്ചയ്ക്ക് 12 മണിയോടെ വിവാഹകര്‍മങ്ങള്‍ ആരംഭിക്കും. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബൈ, റിട്ട. റവ. ഡേവിഡ് കോണര്‍ എന്നിവരാണ് കാര്‍മികത്വം വഹിക്കുക. ഒരു മണിയോടെ വിവാഹച്ചടങ്ങുകള്‍ക്ക് സമാപനം. തുടര്‍ന്ന് ഘോഷയാത്ര. അതിനുശേഷം രാജ്ഞിയെരുക്കുന്ന വിരുന്നുസത്കാരം.വെയ്ല്‍സ് രാജകുമാരന്‍ സംഘടിപ്പിക്കുന്ന വിരുന്നു സത്കാരത്തില്‍ പങ്കെടുക്കാന്‍ രാത്രി ഏഴുമണിയോടെ വരനും വധുവും വിന്‍ഡ്സര്‍ കാസിലില്‍നിന്ന് ഫ്രോഗ് മോര്‍ ഹൗസിലേക്കുപോകും.
വിവാഹ ഗൗണ്‍
ഫാഷന്‍ ലോകം ഉറ്റുനോക്കുന്നത് മോഡലും നടിയുമായ മേഗന്റെ വിവാഹ ഗൗണിലേക്കാണ്.വിവാഹ നിശ്ചയം കഴിഞ്ഞതിമുതല്‍ മേഗന്റെ വിവാഹ ഗൗണിനെ ചുറ്റിപ്പറ്റിയായിരുന്നു റിപ്പോര്‍ട്ടുകള്‍. മേഗന്റെ വിവാഹ വസ്ത്രത്തിന് ഒരു കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എലിസബത്ത് രാജ്ഞി സമ്മാനിക്കുന്ന ടിയാര( വെഡിങ്ങ് ക്രൗണ്‍ ) അണിഞ്ഞായിരിക്കും മേഗന്‍ പള്ളിയിലേക്ക് വിവാഹ ചടങ്ങിനായി എത്തുക.
വ്യത്യസ്തമായ കേക്ക്
കിഴക്കന്‍ ലണ്ടനിലെ വയലറ്റ് ബേക്കറിയുടമ ക്ളയര്‍ ടാക്കാണ് വസന്തകാലമെന്ന വിഷയം ആസ്പദമാക്കി കേക്ക് നിര്‍മിക്കുന്നത്.
അഞ്ചുദിവസമായി ബക്കിങ്ഹാം കൊട്ടാരത്തിന്റെ അടുക്കളയില്‍ കേക്കു നിര്‍മാണം പുരോഗമിക്കുകയാണ്. 200 അമാള്‍ഫി നാരങ്ങയാണ് കേക്ക് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്.
ഒരാഴ്ച്ചയിലേറെയായി ബ്രിട്ടന്റെ തെരുവുകള്‍ ആഘോഷത്തിലാണ്. പുതിയ രാജകുമാരിയെ സ്വീകരിക്കാന്‍ ഉറങ്ങാതെ രാത്രികളെ പോലും ആഘോഷമാക്കി കാത്തിരിക്കുകയാണ് ബ്രിട്ടീഷ് ജനത.
Content Highlight: Royal wedding: Meghan Markle and Prince Harry to marry in Windsor