ഉദ്യോഗസ്ഥരായ ദമ്പതികള്‍ക്കിടയില്‍ പലപ്പോഴും കണ്ടുവരുന്ന കുടുംബ പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് പരസ്പരമുള്ള ഈഗോയാണ്. തന്നേക്കാള്‍ ഉയര്‍ന്ന നിലയില്‍ ജോലി ചെയ്യുന്ന ഭാര്യ, ഭാര്യക്ക് ലഭിക്കുന്ന പ്രമോഷന്‍ തുടങ്ങി പല കാര്യങ്ങളും യഥാസ്ഥിതികരായ ഭര്‍ത്താക്കന്മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. ഒരുപക്ഷേ നേരെ തിരിച്ചും സംഭവിച്ചേക്കാം. അത് എന്തുതന്നെയായാലും കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പലരും ഉപദേശിക്കാറുള്ള ഒരു മാര്‍ഗം ഭാര്യ ജോലി ഉപേക്ഷിക്കുക എന്നുള്ളതാണ്. ഇതെല്ലാം സിനിമയില്‍ മാത്രം കണ്ടുവരുന്ന കുടുംബപ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് ലഘൂകരിക്കുന്നവരും നിരവധി. മുംബൈയിലെ നര്‍ത്തകിയായ ഒരു സ്ത്രീ വിവാഹ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ. തന്റെ അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെയാണ് ഇവര്‍ വിവാഹം കഴിച്ചത്. എന്നാല്‍ ഭാര്യ നൃത്തം ചെയ്യുന്നത് താല്പര്യമില്ലാതിരുന്ന ഭര്‍ത്താവ് ഇവരെ വല്ലാതെ മര്‍ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യുക പതിവായി. ഒടുവില്‍ വിവാഹമോചനം തേടി പുതിയൊരു ജീവിതം തുടങ്ങിയ ഇവരുടെ ജീവിതം ഒരു പ്രചോദനമാണ്
'നൃത്തത്തോടുള്ള എന്റെ പ്രണയം ആരംഭിക്കുന്നത് എനിക്ക് രണ്ടുവയസ്സുള്ളപ്പോഴാണ്. ഒരിക്കല്‍ രക്ഷിതാക്കള്‍ക്കൊപ്പം സിനിമ കാണാന്‍ പോയ ഞാന്‍ ജയ് ജയ് ശിവസങ്കര്‍ എന്ന പാട്ടുവന്നപ്പോള്‍ അമ്മയുടെ മടിയില്‍ നിന്ന് ചാടിയിറങ്ങി നൃത്തം ചെയ്തിട്ടുണ്ട്. പിന്നീട് ഞാന്‍ വിവിധ നൃത്തരൂപങ്ങള്‍ അഭ്യസിച്ചു. എനിക്ക് പതിനാല് വയസ്സുള്ളപ്പോഴാണ് ഞാന്‍ ഒരു ജനക്കൂട്ടത്തിന് മുന്നില്‍ നൃത്തം ചെയ്യുന്നത്. കാര്യങ്ങളെല്ലാം വളരെ നല്ല രീതിയില്‍ മുന്നോട്ട് പോകുകയായിരുന്നു. പക്ഷേ പെട്ടെന്ന് ഒരു ദിവസം ഹാര്‍ട്ട് അറ്റാക്ക് വന്ന് എന്റെ അച്ഛന്‍ മരിച്ചു.
അതിനുശേഷം അമ്മ എന്റെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ തയ്യാറായില്ല. എന്റെ വിദ്യാഭ്യാസത്തിന് പണം മുടക്കാന്‍ പോലും വിസമ്മതിച്ചു. ഞാന്‍ അന്ന് 9-ാം ക്ലാസില്‍ പഠിക്കുകയാണ്. നൃത്തം ചെയ്താണ് ഞാന്‍ ഉപജീവനത്തിനുള്ള വഴി കണ്ടെത്തിയത്. 125 രൂപയാണ് ഒരു ഷോയ്ക്ക് എനിക്ക് പ്രതിഫലമായി ലഭിച്ചിരുന്നത്.
എനിക്ക് പതിനെട്ട് വയസ്സുളളപ്പോഴാണ് മറ്റൊരു നര്‍ത്തകനെ ഞാന്‍ കണ്ടെത്തുന്നത്. ഞങ്ങള്‍ പ്രണയത്തിലായി. ഞാന്‍ വിവാഹിതയാകാന്‍ തീരുമാനിച്ചു. പക്ഷേ എന്റെ അമ്മ അത് എതിര്‍ത്തു. എന്നോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. എനിക്ക് പോകാന്‍ ഇടമുണ്ടായിരുന്നില്ല. എന്റെ ബന്ധുക്കളും എന്നെ സഹായിച്ചില്ല. ഒന്നിച്ചുനില്‍ക്കുന്നതിനായി ഞാന്‍ അദ്ദേഹത്തെ വിവാഹം ചെയ്തു.
വലിയ ആവേശത്തോടെയാണ് ഞാന്‍ ഞങ്ങളുടെ ജീവിതത്തെ തുടക്കത്തില്‍ നോക്കിക്കണ്ടത്. പക്ഷേ വിവാഹത്തിന് ശേഷം ഭര്‍ത്താവ് എത്രത്തോളം മാറിയെന്ന് എനിക്ക് മനസ്സിലാക്കാനായില്ല. അദ്ദേഹം ഒരു നര്‍ത്തകനായിരുന്നിട്ടുകൂടി ഒരു നര്‍ത്തകിയെ വിവാഹം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് നൃത്തം ഉപേക്ഷിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു.
എനിക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കാനാവുമായിരുന്നില്ല. അതിനാല്‍ ഞാന്‍ നൃത്തത്തെ ഉപേക്ഷിച്ചു. അദ്ദേഹത്തിന് നല്ല രീതിയില്‍ സമ്പാദിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും അവസരങ്ങളും തേടി മുംബൈയിലെത്തി. പക്ഷേ കാര്യങ്ങളില്‍ യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഞാന്‍ വീണ്ടും നൃത്തം ചെയ്യാന്‍ തീരുമാനിച്ചത്. പതിയെ എനിക്ക് അവസരങ്ങള്‍ കിട്ടിത്തുടങ്ങി, പക്ഷേ ഭര്‍ത്താവിന് ലഭിച്ചില്ല. പതിയെ ഞാന്‍ പേരടുക്കുകയും വിദേശങ്ങളില്‍ ഷോകള്‍ അവതരിപ്പിക്കുകയും ചെയ്തു. മനീഷ കൊയ്‌രാള പോലുള്ള താരങ്ങള്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ഞാനുമായി വഴക്ക് തുടങ്ങി. ആട്ടക്കാരി എന്നുവിളിച്ച് എന്നെ ആക്ഷേപിക്കാന്‍ തുടങ്ങി.
ഒരിക്കല്‍ ഷോയിലേക്ക് അതിക്രമിച്ചുകയറുകയും എന്റെ പെര്‍ഫോമന്‍സ് കഴിഞ്ഞതും എല്ലാവരുെയും മുന്നില്‍ വെച്ച് എന്റെ മുഖത്തടിക്കുകയും ചെയ്തു. ഞാന്‍ വല്ലാത തകര്‍ന്നുപോയി. എന്തുചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നിട്ടും ഞാന്‍ ഭര്‍ത്താവിനൊപ്പം താമസിച്ചു. എന്റെ മുന്നില്‍ മറ്റൊരു വഴിയും ഇല്ലെന്നാണ് അന്ന് എനിത്ത് തോന്നിയത്. വൈകാതെ ഞാന്‍ ഗര്‍ഭിണിയായി. എന്നിട്ടും അയാള്‍ നിര്‍ത്തിയില്ല. അയാളുടെ പരാജയത്തിന് അയാള്‍ എന്നെ പഴിച്ചു. മകള്‍ക്ക് രണ്ടുവയസ്സുള്ളപ്പോള്‍ ഞാനും ഭര്‍ത്താവും തമ്മില്‍ അതിഭീകരമായ വഴക്കുണ്ടായി. എന്നെ ക്രൂരമായി അയാള്‍ മര്‍ദിച്ചു. എന്റെ കാലുകള്‍ എനിക്ക് നഷ്ടപ്പെടാന്‍ പോവുകയാണെന്ന് പോലും എനിക്ക് തോന്നി. എനിക്ക് ജീവിതം തന്നെ മടുത്തു, ഒരിക്കല്‍ ജനലിലൂടെ ചാടി ആത്മഹത്യ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ എന്റെ അയല്‍ക്കാര്‍ ശബ്ദം കേട്ട് ഓടിയെത്തി ഞങ്ങളെ രക്ഷിച്ചു.
ഭര്‍ത്താവ് മറ്റൊരാളുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് ഞാന്‍ വല്ലാതെ തകരുന്നത്. ഇത്രയേറെ സഹിച്ചും ത്യജിച്ചും അയാള്‍ക്കൊപ്പം കാലങ്ങളോളം കഴിഞ്ഞ എന്നെയും ഞങ്ങളുടെ മകളെയും ഒരു നിമിഷം കൊണ്ട് അയാള്‍ തള്ളിക്കളഞ്ഞു. ഞാന്‍ ഉറച്ച തീരുമാനമെടുത്തു. അയാളില്‍ നിന്ന് വിവാഹമോചനം തോടി മകളുമൊത്ത് മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറി. കുറച്ചുനാളുകള്‍ ഞാന്‍ ബുദ്ധിമുട്ടി.. പക്ഷേ എന്റെ സമ്പാദ്യമെല്ലാം സ്വരുക്കൂട്ടി ഞാന്‍ ഒരു ഡാന്‍സ് അക്കാദമി ആരംഭിച്ചു. എന്റെ പുരയിടത്തോട് ചേര്‍ന്നാണ് ഞാന്‍ അത് ആരംഭിച്ചത്. ഇന്ന് അത് വളര്‍ന്നു ഇന്ന് 200ല്‍ അധികം കുട്ടികളെ ഞാന്‍ പഠിപ്പിക്കുന്നുണ്ട്.
15 വര്‍ഷമായി. ഒടുവില്‍ ഞാന്‍ എന്റെ സ്വന്തം കാലില്‍ നില്‍ക്കുന്നു. എനിിക്ക് വേണ്ടി എന്തെങ്കിലും കാര്യങ്ങള്‍ തീരുമാനിക്കാന്‍ എനിക്കാരുമില്ല. എന്റെ ഗുണത്തെ കുറിച്ചോ, ഞാന്‍ ചെയ്യേണ്ടത് ഇന്നതാണെന്ന് പറയാനോ ആരുമില്ല. ഞാന്‍ എന്റെ സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കുന്നു, എന്റെ സ്വപ്നത്തെ പിന്തുടരുന്നു. ഞാന്‍ എന്റെ ജോലിയെ സ്‌നേഹിക്കുന്നു, മാത്രമല്ല ഇക്കാര്യത്തില്‍ നാണക്കേട് തോന്നേണ്ട ഒരു കാര്യവവുമില്ലെന്നും എനിക്കറിയാം.'
Content highlights: an inspirational life of a dancer
Courtesy: Humans Of Bombay