ഞങ്ങള്‍ക്ക് ദൈവത്തിന്റെ പിന്തുണയുണ്ട്


By തൃപ്തി ദേശായി/ കെ.കെ. സുബൈര്‍

3 min read
Read later
Print
Share

31 വയസ്സിനുള്ളിൽ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ സ്ത്രീവിമോചന പോരാളിയായിമാറിയ തൃപ്തി ദേശായി പയ്യന്നൂരിൽ വന്നപ്പോൾ അനുവദിച്ച അഭിമുഖത്തിൽ നിന്ന്‌.

തകാര്യങ്ങളിലെ ലിംഗവിവേചനത്തിൽ തൃപ്തി ദേശായിക്ക് കടുത്ത അതൃപ്തിയുണ്ട്. ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവും ആചാരാനുഷ്ഠാനങ്ങളുടെ കാർമികത്വവും ഉൾപ്പെടെ എല്ലാ മതപ്രവർത്തനങ്ങളിലും സ്ത്രീകൾക്ക് തുല്യപങ്കാളിത്തം നേടിയെടുക്കാനുള്ള പോരാട്ടത്തിലാണവർ.

മഹാരാഷ്ട്രയിലെ ശനി ശിംഘ്പുർ ക്ഷേത്രത്തിലും പുണെ കോലാപുർ മഹാലക്ഷ്മി ക്ഷേത്രത്തിലും ത്രിംബകേശ്വർ ശിവക്ഷേത്രത്തിലും ഹാജി അലി ദർഗയിലും സ്ത്രീകൾക്ക് പ്രവേശനം സാധ്യമാക്കിയത് തൃപ്തിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡിന്റെ വിട്ടുവീഴ്ചയില്ലാത്ത സമരവീര്യമാണ്. ജനുവരിയിൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം താൻ ശബരിമലയിൽ പ്രവേശിക്കുമെന്നാണ് അവരുടെ പ്രഖ്യാപനം. 31 വയസ്സിനുള്ളിൽ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ സ്ത്രീവിമോചന പോരാളിയായിമാറിയ തൃപ്തി ദേശായി പയ്യന്നൂരിൽ വന്നപ്പോൾ അനുവദിച്ച അഭിമുഖത്തിൽ നിന്ന്‌.

? ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനവിഷയത്തിലൂടെയാണ് താങ്കൾ ദേശീയശ്രദ്ധയിലെത്തിയത്. ഇന്ത്യയിൽ മതരംഗത്തെ സ്ത്രീ-പുരുഷ സമത്വം സംബന്ധിച്ച കാഴ്ചപ്പാടിൽ വലിയ മാറ്റം സംഭവിക്കുകയാണോ...

തീർച്ചയായും. ഭരണഘടന സ്ത്രീകൾക്ക് ഉറപ്പുനൽകുന്ന അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമാണിത്. ദൈവത്തിനുമുന്നിൽ ആണും പെണ്ണും തുല്യരാണ്. അതിനാൽ ഇക്കാര്യത്തിൽ ദൈവത്തിന്റെ പിന്തുണയും ഞങ്ങൾക്കാണ്. മതപ്രവർത്തനത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീക്ക് തുല്യ അവസരം ഉറപ്പാക്കണം. അത് നേടുന്നതുവരെ ഞങ്ങൾക്ക് വിശ്രമമില്ല.

? ശബരിമലയിലേക്കുള്ള പ്രവേശനനീക്കം എങ്ങനെയായിരിക്കും...

ജനുവരി 10-നും 25-നുമിടയിൽ ശബരിമലയിൽ പ്രവേശിക്കാനാണ് ഉദ്ദേശിക്കുന്നത്. മഹാരാഷ്ട്രയിൽനിന്ന് നൂറു സ്ത്രീകൾ എനിക്കൊപ്പം വരും. കേരളത്തിൽനിന്ന് നൂറുകണക്കിനുപേർ അണിചേരും. കേരളത്തിലെ പല സംഘടനകളിൽനിന്നും വലിയ പിന്തുണയാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. സർക്കാരിന്റെ പിന്തുണയും ആരായും. സമാധാനമാർഗത്തിലായിരിക്കും ഞങ്ങൾ ശബരിമലയിലേക്ക് പ്രവേശിക്കുക.

ക്രമസമാധാനം പാലിച്ചായിരിക്കും ഞങ്ങളുടെ യാത്ര. നിയമം ലംഘിച്ച് യാത്ര തടസ്സപ്പെടുത്തുന്നവരെ കൈകാര്യം ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കുന്നത് കടുത്ത അനീതിയാണ്. തടസ്സപ്പെടുത്തുമെന്നോ ആക്രമിക്കുമെന്നോഉള്ള ഭീഷണിയെ ഞങ്ങൾ ഭയപ്പെടുന്നില്ല.

? ഭീഷണിസന്ദേശങ്ങൾ നിരന്തരമായി കിട്ടുന്നുണ്ടോ...

ഫോണിലൂടെയും കത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നൂറുകണക്കിനു ഭീഷണിസന്ദേശങ്ങളാണ് വരുന്നത്. നൂറിലേറെ ഭീഷണിക്കത്തുകൾ ഇതുവരെ കിട്ടി. കൊന്നുകളയുമെന്നാണ് ചില സന്ദേശങ്ങളിലെ ഉള്ളടക്കം. മഹാരാഷ്ട്രയിലെ പ്രക്ഷോഭത്തിനിടെ ചില സന്ദർഭങ്ങളിൽ എനിക്ക് മർദനവുമേറ്റിട്ടുണ്ട്.

ഹാജി അലി ദർഗയിൽ സ്ത്രീപ്രവേശനത്തിനു മുന്നിട്ടിറങ്ങിയപ്പോൾ ഇത് മുസ്‌ലിം പ്രശ്നമാണെന്നും ഹിന്ദുവായ താൻ എന്തിന് ഇതിൽ ഇടപെടുന്നു എന്നുമായിരുന്നു ചോദ്യം. ഇവിടെ ഒരു മതത്തിനും ദൈവത്തിനും ഞങ്ങൾ എതിരല്ല. ഞാൻ ഒരു മത-ദൈവ വിശ്വാസിയുമാണ്. അതേസമയം, എല്ലാ മതങ്ങളിലും സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കാനുള്ള പോരാട്ടമാണ് ഞങ്ങൾ നടത്തുന്നത്‌. അതിൽ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ ഭേദമില്ല.

? മുസ്‌ലിം സ്ത്രീകൾ നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കണമെന്ന ശക്തമായ ചില കോടതിനിരീക്ഷണങ്ങൾ അടുത്തകാലത്തുണ്ടായി. വ്യക്തിനിയമം പരിഷ്കരിക്കണമെന്നും അതല്ല ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഇതിൽ എന്താണ് താങ്കളുടെ നിലപാട്...

ഏകീകൃത സിവിൽകോഡാണ് സ്ത്രീവിമോചനത്തിനുള്ള ശാശ്വതപരിഹാരം. എതിർപ്പ് എത്ര ശക്തമാണെങ്കിലും കേന്ദ്രസർക്കാരിന്‌ ഇച്ഛാശക്തിയുണ്ടെങ്കിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കാവുന്നതേയുള്ളൂ. അതാണ് ഭരണഘടനാനുസൃതമായ പരിഹാരമാർഗവും.

? ക്ഷേത്രത്തിലെ വസ്ത്രച്ചട്ടമാണല്ലോ മറ്റൊരു തർക്കവിഷയം...

ഇന്ത്യയിൽ ഇത് എല്ലായിടത്തുമുള്ള പ്രശ്നമാണ്. ചുരിദാർ ധരിച്ച് ക്ഷേത്രത്തിൽ പോയതിന് എനിക്ക് മർദനമേറ്റിട്ടുണ്ട്. വസ്ത്രച്ചട്ടത്തിനു മതത്തിന്റെ അടിസ്ഥാനപ്രമാണവുമായി ഒരു ബന്ധവുമില്ല. സാരിയോ ചുരിദാറോ ആവട്ടെ, ഏതു വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ പോകാനും സ്ത്രീകൾക്ക് അവകാശമുണ്ട്.

ഇനി ഒരു വസ്ത്രച്ചട്ടത്തിനു രൂപംകൊടുത്താൽത്തന്നെ, അത് എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞശേഷം വേണം നടപ്പാക്കാൻ. അതുപോലെ പൂജാരിമാരുടെ നിയമനത്തിൽ സ്ത്രീകൾക്ക് 50 ശതമാനം പങ്കാളിത്തം വേണം.

? ചെറുപ്രായത്തിൽത്തന്നെ വലിയ പ്രക്ഷോഭം നയിച്ച് രാജ്യശ്രദ്ധ പിടിച്ചുപറ്റാൻ താങ്കൾക്ക് കഴിഞ്ഞു. എന്താണ് ഇതിന്‌ പ്രചോദനം...

കോളേജിൽ പഠിക്കുമ്പോൾതന്നെ സാമൂഹികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുതുടങ്ങി. 2003 മുതൽ സാമൂഹികപ്രവർത്തനം എന്റെ ജീവിതം തന്നെയാണ്. ചേരിനിവാസികളെ കുടിയൊഴിപ്പിക്കൽ, അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങളിൽ പ്രക്ഷോഭം നടത്തി. 2010-ൽ ഞാൻ രൂപംനൽകിയ ഭൂമാതാ ബ്രിഗേഡിൽ ഇപ്പോൾ ഏഴായിരത്തിലേറെ പേർ അംഗങ്ങളാണ്.

ഇപ്പോൾ മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന ബ്രിഗേഡിന്റെ പ്രവർത്തനം ഭാവിയിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. ബിസിനസുകാരനായ ഭർത്താവ് പ്രശാന്തും മകൻ യോഗിരാജും ഉൾപ്പെടുന്ന കുടുംബത്തിന്റെയും ബന്ധുക്കളുടെയും പിന്തുണ തനിക്കുണ്ട്. കയ്പേറിയ അനുഭവങ്ങൾചിലതുണ്ടെങ്കിലും സ്ത്രീവിമോചന പോരാട്ടം തുടരുകതന്നെ ചെയ്യും.

kksubair@gmail.com

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram