സ്മിജ കെ. മോഹൻ, ചന്ദ്രൻ
ഒന്നാം സമ്മാനമായ ആറു കോടി കിട്ടി എന്നറിഞ്ഞിട്ടും മറ്റൊരാൾ ആ ലോട്ടറി ടിക്കറ്റ് തലേന്ന് പറഞ്ഞു വെച്ചു എന്ന ഒറ്റക്കാരണത്താൽ വിലയായ ഇരുനൂറു രൂപ മാത്രം വാങ്ങുക. ലോകം മുഴുവൻ തന്റെ നന്മയെ പറ്റി പറയുമ്പോഴും ഇതൊക്കെ വെറുതേ എന്ന മട്ടിലാണ് സ്മിജ കെ. മോഹൻ. 'വാക്ക് മാറാനുള്ളതല്ലേ' എന്ന കളി പറച്ചിലിനെ സത്യസന്ധത കൊണ്ട് തോൽപിക്കുകയാണ് എറണാകുളം പട്ടിമറ്റം സ്വദേശിനിയായ ഈ ലോട്ടറി വിൽപനക്കാരി.
ആറു കോടി വന്ന വഴി
ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ നിത്യവും കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുൻപിലും രാജഗിരി ആശുപത്രിക്കു മുൻപിലും ലോട്ടറി വിൽക്കുന്നത്. ' എനിക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ട്. സ്ഥിരമായി എന്റെ പക്കൽ നിന്നും ലോട്ടറിവാങ്ങുന്ന ആളുകളെല്ലാം അതിലുണ്ട്. അതിൽ വൈകുന്നേരം ഏഴ് മണിക്കുള്ളിൽ ഞാൻ കൈയിലുള്ള ലോട്ടറിയുടെ ചിത്രങ്ങളിടും ആർക്ക് വേണമെങ്കിലും ബുക്ക് ചെയ്യാം. ''
കീഴ്മാട് ഡോൺ ബോസ്കോയിൽ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുകയാണ് ചന്ദ്രൻ. ''ചേട്ടൻ വർഷങ്ങളായി ടിക്കറ്റെടുക്കുന്ന ആളാണ്. അവിടെയൊക്കെ ഞാൻ ലോട്ടറി വിൽക്കാനായി പോകുന്നതാണ്. ബുക്ക് ചെയ്ത ലോട്ടറികൾ അവിടെ കൊണ്ടുപോയി കൊടുക്കും. പക്ഷേ അന്ന് എനിക്ക് പോകാൻ പറ്റിയിരുന്നില്ല. നറുക്കെടുപ്പ് ദിവസം കൂടിയായിട്ടും പന്ത്രണ്ട് മണിക്കു മുമ്പേ ടിക്കറ്റുകൾ വിറ്റു തീർക്കാൻ പറ്റാത്തതിന്റെ വിഷമത്തിലായിരുന്നു ഞാൻ. ഞായറാഴ്ചയായതിനാൽ വഴിയിലൊന്നും തിരക്കുമില്ല. പന്ത്രണ്ട് ബംബർ ടിക്കറ്റുകളാണ് ബാക്കി വന്നത്. വിറ്റില്ലേൽ എന്റെ കാശ് പോകും. ഒരെണ്ണം എങ്കിലും വിൽക്കാം എന്ന് വച്ച് സാധാരണ എടുക്കുന്ന ആളുകളെയെല്ലാം ഞാൻ വിളിച്ചു. പക്ഷേ എല്ലാവരും ടിക്കറ്റെടുത്തു കഴിഞ്ഞിരുന്നു. അങ്ങനെയാണ് ചന്ദ്രൻ ചേട്ടനെ വിളിച്ചത്. ചേട്ടൻ നമ്പരുകളൊക്കെ ചോദിച്ചു. 6142 എന്ന അവസാന നമ്പർ വരുന്ന ടിക്കറ്റ് മാറ്റിവെക്കാൻ പറഞ്ഞ് പണം ഇനി കാണുമ്പോൾ തരാമെന്നും പറഞ്ഞു.
'നറുക്കെടുപ്പ് കഴിഞ്ഞ് എന്റെ ടിക്കറ്റിനാണ് സമ്മാനമെന്ന് ഏജൻസിയിലെ പെൺകുട്ടി വിളിച്ച് പറയുമ്പോഴും ഞാനത് വിശ്വസിച്ചിരുന്നില്ല. പിന്നേ ഞാനിത് കുറേ കേട്ടിട്ടുണ്ട് എന്ന കിലുക്കത്തിലെ കിട്ടുണ്ണിയേട്ടന്റെ ഡയലോഗാണ് അപ്പോൾ മനസ്സിൽ വന്നത്.' പറ്റിക്കുകയാണെന്ന് കരുതി ആദ്യം താൻ ഫോൺ കട്ടു ചെയ്തെന്നും സ്മിജ.
'സത്യമാണെന്ന് അറിഞ്ഞതോടെ ആർക്കാണ് ടിക്കറ്റ് കൊടുത്തതെന്ന ടെൻഷനായി. വാട്സാപ്പ് ഗ്രൂപ്പ് പരിശോധിച്ചപ്പോഴാണ് ചന്ദ്രൻ ചേട്ടനാണ് ടിക്കറ്റ് നൽകിയതെന്ന് അറിഞ്ഞത്. കൈവശമിരുന്ന ടിക്കറ്റ് രാത്രി തന്നെ വീട്ടിലെത്തി നൽകി തുകയായ 200 രൂപ കൈപ്പറ്റി. ചന്ദ്രന് ഇത് കേട്ടപ്പോൾ ഹാർട്ട് അറ്റാക്ക് വന്നില്ലന്നേയുള്ളൂ എന്ന് തമാശയോടെ സ്മിജ പറയുന്നു. 'അദ്ദേഹവും സംഭവം ആദ്യം വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.'
ലോക്ഡൗണിലെ ജീവിത സമരം
'രണ്ടായിരത്തി പതിനൊന്നിലാണ് ആദ്യം ലോട്ടറി വിൽപന തുടങ്ങിയത്. അതും സൈഡ് ബിസിനസ്സായി.' ലോക്ഡൗൺകാലത്ത് ഭർത്ത് രാജേശ്വരന്റെ ജോലി നഷ്ടപ്പെട്ടതോടെ കുടുംബപ്രാരാബ്ദങ്ങൾ സ്മിജിയെയും ഭർത്താവിനെയും മുഴുവൻ സമയ ലോട്ടറി വിൽപനക്കാരാക്കി. ഹാർഡ്വെയർ എഞ്ചിനീയറിങ് ബിരുദധാരിയാണ് സ്മിജ. 'കൊറോണക്കാലത്ത് എന്നെപ്പോലെ മറ്റ് തൊഴിലുകളിലേക്ക് മാറിയവർ ഏറെയുണ്ട്. ഞാൻ മാത്രമല്ല. ആദ്യ സമയത്ത് ഞങ്ങൾ മീൻ കച്ചവടം വരെ നടത്തിയിട്ടുണ്ട്.' ജീവിക്കാൻ വൈറ്റ്കോളർ ജോലി തന്നെ വേണമെന്നില്ല എന്നാണ് സ്മിജയുടെ അഭിപ്രായം.
'രണ്ട് മക്കളുണ്ട് ഞങ്ങൾക്ക്. ഞങ്ങൾ രണ്ടാളും കാക്കനാടുള്ള കെ.ബി.പി.എസ്സിലാണ് ജോലി ചെയ്തിരുന്നത്. അവിടെ താൽക്കാലിക നിയമനം ആയിരുന്നു ഞങ്ങളുടേത്. രണ്ടാമത്തെ കുഞ്ഞ് പിറന്നതോടെ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ മൂലും എനിക്ക് ജോലി വിടേണ്ടി വന്നു.' മൂത്തമകനായ പന്ത്രണ്ടുകാരൻ ജഗന് തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗമാണ്. രണ്ടാമത്തെ മകനായ രണ്ടരവയസ്സുകാരൻ ലുഖൈദിനും ആരോഗ്യപ്രശ്നങ്ങൾ. രക്താർബുദത്തിന് നീണ്ട നാളത്തെ ചികിത്സ കഴിഞ്ഞ് അവൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയതേയുള്ളൂ. ഇതിനൊപ്പം അമ്മയും ക്യാൻസർ ബാധിതയായതോടെ ഇവരുടെ ജീവിതം തന്നെ താളം തെറ്റി. അമ്മയെ നോക്കാൻ ആരുമില്ലാതായതോടെ തൽക്കാലം ജോലി ഒന്നും നോക്കേണ്ട എന്ന തീരുമാനത്തിലായി സ്മിജ. ഇതിനൊപ്പം വീടുപണിയും മക്കളുടെ കാര്യങ്ങളുമായി രാജേശ്വരനും ധാരാളം ലീവുകൾ എടുക്കേണ്ടി വന്നു. അതോടെയാണ് ജോലി നഷ്ടമായത്.
ജോലി തിരിച്ചു കിട്ടാനായി നിയമനടപടികൾക്കൊരുങ്ങുകയാണ് ഈ കുടുംബം ഇപ്പോൾ. മാനുഷിക പരിഗണനയെങ്കിലും തരാമായിരുന്നു എന്ന് സ്മിജ വേദനയോടെ പറയുന്നു. ' അദ്ദേഹത്തിനെങ്കിലും ജോലി കിട്ടിയിരുന്നെങ്കിൽ...'
ഇതെന്റെ തൊഴിലല്ലേ
'ഇതൊരു നന്മയൊന്നുമല്ല, ഞാനെപ്പോഴും ചെയ്യുന്ന കാര്യമാണ്. വാട്സാപ്പ് ഗ്രൂപ്പിൽ കേരളത്തിന് പുറത്തു നിന്നുള്ള അംഗങ്ങൾ വരെയുണ്ട്.. കണ്ടിട്ടുപോലും ഇല്ലാത്തവർ. അവർക്കും ടിക്കറ്റ് അടിച്ച സമ്മാനം ഇവിടുന്ന് ബാങ്കിൽ ഇട്ടുകൊടുക്കാറുണ്ട്. ഇതൊക്കെ എല്ലാ മനുഷ്യരും ചെയ്യുന്ന കാര്യമാണ്. ഞാൻ ഒരുപാട് ആളുകളെ കാണുന്നതല്ലേ, എത്രയോ ആൾക്കാർ എന്നേക്കാൾ വലിയ നന്മകൾ ചെയ്യുന്നു.'' ഞാൻ ചെയ്തതൊന്നും ഒരു നന്മയുമല്ലെന്നേ, ഇതെന്റെ തൊഴിലല്ലേ എന്നാണ് സ്മിജയുടെ നയം
Content Highlights:Smija lottery seller from Ernakulam loyalty story