Photos: instagram.com|shilpabala|
അഞ്ച് ആത്മാർഥ സുഹൃത്തുക്കൾ.. അവരൊത്തുകൂടിയ ദിനം സ്വയംമറന്ന് ചുവടുകൾ വച്ചു.. അപ്പിയറൻസിനെക്കുറിച്ചോ ധരിച്ച വസ്ത്രത്തെക്കുറിച്ച് ആകുലപ്പെടാതെ സൗഹൃദം ആഘോഷിക്കുന്ന വീഡിയോ ആയിരുന്നു അത്. പറഞ്ഞുവന്നത് അഭിനേതാക്കളായ ശിൽപ ബാല, മൃദുല മുരളി, രമ്യ നമ്പീശൻ, ഭാവന, ഗായിക സയനോര കൂട്ടുകെട്ടിന്റെ വൈറലായ നൃത്തച്ചുവടുകളെക്കുറിച്ചാണ്. നിരവധി പേരാണ് പെൺകൂട്ടത്തിന്റെ നൃത്തച്ചുവടുകളെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. എന്നാൽ അധികം വൈകാതെ വീഡിയോയിൽ ധരിച്ച വസ്ത്രത്തെ വിമർശിച്ചുള്ള കമന്റുകളെത്തി. സമൂഹമാധ്യമത്തിൽ മുഖമുള്ളവരും ഇല്ലാത്തവരുമൊക്കെ അവരുടെ സ്വാതന്ത്ര്യത്തിലും വസ്ത്രധാരണത്തിലും അസ്വസ്ഥരായി. എന്നാൽ ഈ കെട്ടകാലത്തും ആളുകൾ ഇതോർത്താണോ ആകുലപ്പെടുന്നതെന്ന് ആലോചിച്ച് അമ്പരക്കുകയാണ് വീഡിയോയിലുള്ളവർ. ഇപ്പോഴിതാ അത്തരമൊരു വീഡിയോ പങ്കുവെക്കാനിടയായതിനെക്കുറിച്ചും പിന്നാലെ വന്ന നെഗറ്റീവ്, പോസിറ്റീവ് കമന്റുകളെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് നടി ശിൽപ ബാല.
വീഡിയോക്ക് കീഴെ വന്ന നെഗറ്റീവ് കമന്റുകൾ ഞങ്ങളെ ആശങ്കപ്പെടുത്തുന്നതേയില്ല. അവരോട് വെറും സഹതാപമാണുള്ളത്. കാരണം ഇത്തരമൊരു മഹാമാരിക്കാലത്തും അവർക്ക് ഞങ്ങൾ ധരിച്ച വസ്ത്രമാണ് ആഗോളപ്രശ്നമെങ്കിൽ പിന്നെ എന്തു പറയാനാണ്? നെഗറ്റീവ് കമന്റുകൾ പങ്കുവെക്കുന്നവരിലേറെയും മുഖമില്ലാത്തവരാണ്. ഞങ്ങൾക്കും കുടുംബം ഉള്ളതല്ലേ. പിന്നേ ഇതൊന്നും ആലോചിച്ച് തലുപുണ്ണാക്കാൻ ഞങ്ങളാർക്കും താൽപര്യവുമില്ല. കാരണം അതിലുള്ള ഓരോരുത്തരും ഇതിലും വലിയ പ്രശ്നങ്ങളെ അതിജീവിച്ചു വന്നവരാണ്. അതുകൊണ്ട് ഇത്തരത്തിൽ ഇടുങ്ങിയ ചിന്താഗതിക്കാരോട് പ്രതികരിച്ച് സമയം കളയാതിരിക്കുന്നതാണ് നല്ലതെന്നാണ് കരുതുന്നത്.
മാത്രവുമല്ല ഞങ്ങളുടെ പേഴ്സണൽ അക്കൗണ്ടുകളിലേക്ക് വന്ന മെസേജുകളിലേറെയും അഭിനന്ദിച്ചുള്ളവയാണ്. കാണുന്നതെല്ലാം മഞ്ഞയായി തോന്നുന്ന ചിലർ മാത്രമാണ് ഇതിനെ വഴിതിരിച്ചുവിട്ടത്. വീഡിയോ കണ്ട് സന്തോഷം തോന്നുന്നുവെന്ന് പറഞ്ഞവരിലേറെയും സ്ത്രീകളാണ്. ചിലരൊക്കെ അവർ ഇതുവരെ ഇഷ്ടപ്പെട്ട വസ്ത്രം പോലും ശാരീരിക പ്രത്യേകത മൂലം ഇടാൻ മടിച്ചിരുന്നുവെന്നും നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ അതിലൊന്നും കാര്യമില്ലെന്നും പ്രചോദനമായെന്നും പറഞ്ഞു. അത്രയൊക്കെയേ ഞങ്ങൾ കണക്കാക്കുന്നുള്ളു. ഈ കൊറോണക്കാലത്തും ആരിലെങ്കിലും ആ വീഡിയോ സന്തോഷമോ പുഞ്ചിരിയോ സൃഷ്ടിച്ചെങ്കിൽ അതിലുപരി മറ്റൊന്നും ആഗ്രഹിക്കുന്നില്ല. അടുത്ത തവണ എല്ലാവരും കുട്ടിയുടുപ്പിട്ട് കളിച്ചാലോ എന്നാണ് ഞങ്ങൾ ആലോചിക്കുന്നത്(ചിരി).''