ആ ചിത്രങ്ങൾ സേവ് ദി ഡേറ്റിന്റേതല്ല, അന്നും സൈബർ ആക്രമണം നേരിട്ടു; വിവാദത്തിൽ പ്രതികരിച്ച് എസ്.ഐ


By വീണ ചിറക്കൽ

3 min read
Read later
Print
Share

ആ ചിത്രങ്ങൾ സേവ് ദി ഡേറ്റിനു വേണ്ടി പകർത്തിയതല്ലെന്നും സ്വകാര്യ ആവശ്യത്തിനു വേണ്ടി മാത്രം എടുത്തതാണെന്നം പറയുകയാണ് എസ്.ഐ

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സേവ് ദ ഡേറ്റ് ചിത്രം

'ഔദ്യോ​ഗിക വേഷത്തിൽ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ വനിതാ പ്രിൻസിപ്പൽ എസ്.ഐ.' കഴിഞ്ഞ ദിവസമാകെ സമൂഹമാധ്യമത്തിൽ നിറഞ്ഞ ചിത്രങ്ങളുടെ ക്യാപ്ഷനാണിത്. കോഴിക്കോട് സിറ്റി പരിധിയിലെ പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ ആണ് ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ പേരിൽ വിചാരണ നേരിട്ടത്. പോലീസ് സേനാംഗങ്ങള്‍ അവരുടെ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഔദ്യോഗിക യൂണിഫോമിട്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് 2015-ല്‍ ടി.പി സെന്‍കുമാര്‍ ഡി.ജി.പി ആയിരിക്കേ ഉത്തരവിട്ടിരുന്നു. സമൂഹമാധ്യമത്തിൽ ഇടപെടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശത്തെക്കുറിച്ചുള്ള ആ ഉത്തരവിനെ കാറ്റിൽപ്പറത്തുകയായിരുന്നു എസ്.ഐ എന്നായിരുന്നു വിമർശനം. ഇപ്പോഴിതാ യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് വിവാദ ഫോട്ടോഷൂട്ടിലെ എസ്.ഐ. ആ ചിത്രങ്ങൾ സേവ് ദി ഡേറ്റിനു വേണ്ടി പകർത്തിയതല്ലെന്നും സ്വകാര്യ ആവശ്യത്തിനു വേണ്ടി മാത്രം എടുത്തതാണെന്നും പറയുകയാണ് എസ്.ഐ

യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ഫോട്ടോഷൂട്ട് എന്നാണ് വിമർശനം. വിഷയത്തിൽ എന്താണ് പ്രതികരിക്കാനുള്ളത്?

സ്വകാര്യ ആവശ്യത്തിനു വേണ്ടി മാത്രം എടുത്ത ഫോട്ടോ ആണത്. വിവാഹ ആൽബത്തിലേക്ക് മാത്രം ഉദ്ദേശിച്ച് എടുത്തത്. സേവ് ദി ഡേറ്റിനു വേണ്ടി മറ്റൊരു ഫോട്ടോ എടുത്തിട്ടുണ്ടായിരുന്നു. അത് ടീഷർട്ടും കുർത്തയുമൊക്കെ ഇട്ടിട്ടുള്ളതാണ്. അതും ഫേസ്ബുക്കിലൊന്നും പങ്കുവെച്ചിരുന്നില്ല. വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കുക മാത്രമാണ് ചെയ്തത്. ഫോട്ടോ പകർത്തുമ്പോൾ തന്നെ ഇവ സമൂഹമാധ്യമങ്ങളിൽ പങ്കിടരുതെന്ന് ഫോട്ടോ​ഗ്രാഫർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഒന്നാമത് അടുത്തിടെ മണൽമാഫിയയെ പിടിച്ചതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഓഡിയോയും വൈറലായതിനു പിന്നാലെ സൈബർ ആക്രമണം നേരിട്ടതാണ്. അതിനിടയിൽ ഈ ചിത്രങ്ങൾ കൂടി പുറത്തുവന്നാൽ പ്രശ്നമാവുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് ഒരുകാരണവശാലും പുറത്തുപോവേണ്ട, ആൽബത്തിൽ മാത്രമേ ഒട്ടിക്കാവൂ എന്നു പറഞ്ഞിരുന്നു. എന്നാൽ കക്ഷിയുടെ ആകാംക്ഷ കൊണ്ട് ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു. ഞാൻ സ്ഥിരം ഫെയ്സ്ബുക് ഉപയോ​ഗിക്കുന്ന ആളല്ല. മിനിഞ്ഞാന്ന് ഇങ്ങനെയൊരു ഫോട്ടോ വൈറലാവുന്നുണ്ടെന്ന് പലരും പറഞ്ഞ് അറിഞ്ഞപ്പോഴാണ് ഫെയ്സ്ബുക്കിൽ കയറി നോക്കിയത്. ഞാനാകെ സ്തംഭിച്ചു പോയി. എന്റെ ഫെയ്സ്ബുക്കിലോ വാട്സാപ്പിലോ ഇടാത്തെ ചിത്രം എങ്ങനെ പുറത്തു പോയി എന്നാലോചിച്ചപ്പോഴാണ് ഫോട്ടോ​ഗ്രാഫറാണ് പങ്കുവച്ചതെന്ന് മനസ്സിലായത്. ആദ്യമായാണ് യൂണിഫോമിലുള്ള ഫോട്ടോഷൂട്ട് ഫോട്ടോ​ഗ്രാഫർ ചെയ്യുന്നത്. അതിന്റെ ആകാംക്ഷ കൊണ്ടൊക്കെയാവാം പങ്കുവെച്ചത്. ഞാൻ അറിഞ്ഞിരുന്നെങ്കിൽ അപ്പോഴേ ഡിലീറ്റ് ചെയ്യിച്ചേനെ. വാർത്തയായപ്പോൾ മാത്രമാണ് ഇതിത്ര വലിയ പ്രശ്നമായത് അറിയുന്നത്.

വൈറലാവാൻ വേണ്ടി പകർത്തിയതാണെന്ന് പറയുന്നവരോട്...

ആളുകളെ കുറപ്പെടുത്താനാവില്ല, കാരണം അവർക്കറിയില്ലല്ലോ യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന്. ഞാൻ പ്രശസ്തിക്കു വേണ്ടി വൈറലാകാൻ ചെയ്തതാണ് എന്നാവും അവരുടെ ധാരണ. സേവ് ദി ഡേറ്റിനു വേണ്ടി എടുത്തതാണ് എന്നൊക്കെയല്ലേ ആളുകൾ കാണുന്നത്. മണൽ പിടിച്ച സമയത്തു തന്നെ എന്റെ വീട്ടിലിരിക്കുന്നവരെ വരെ ചീത്തവിളിച്ചവരുണ്ട്. അതായത് നിയമപ്രകാരമുള്ള പ്രവർത്തി ചെയ്തപ്പോൾ പോലും സൈബർ ആക്രമണം നേരിട്ടു. അപ്പോൾ പിന്നെ ഇതിന്റെ കാര്യം പറയേണ്ടല്ലോ. ഞാൻ സ്വകാര്യ ആവശ്യത്തിനു വേണ്ടി യൂണിഫോം ദുരുപയോ​ഗം ചെയ്തു എന്നാവും അവർ കരുതുന്നത്. പക്ഷേ ഞാനറിയാതെയാണ് ഇതു സംഭവിച്ചത്. അറിഞ്ഞവർ പലരും പറഞ്ഞതുമില്ല. ചിലപ്പോൾ ഞാൻ കല്ല്യാണ തിരക്കിലായതുകൊണ്ട് വിഷമിക്കേണ്ട എന്നോർത്തായിരിക്കും പലരും പറയാതിരുന്നത്.

അന്നു മണൽകടത്ത് പിടിച്ചപ്പോൾ നടന്നത്...

ചാലിയാറിൽ മണൽവാരുന്നതുമായി ബന്ധപ്പെട്ട് രണ്ട് വള്ളങ്ങൾ പിടിച്ചെടുത്തിരുന്നു. അന്നും പ്രചരിച്ചത് തെറ്റിദ്ധാരണ പടർത്തുന്ന ഒരു വീഡിയോ ആയിരുന്നു. അതിനിടയിൽ ലോ ആൻഡ് ഓർഡറുമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടാവുകയും അതുകൊണ്ട് ഒരാളെ ജീപ്പിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിക്കുന്നതായിരുന്നു. അന്നും കുറേ ചീത്തവിളി കേട്ടു. ഒരുമാസമേ ആയുള്ളു അതു കഴിഞ്ഞിട്ട്. ഞാനെന്റെ ജോലിയാണ് ചെയ്തത്. തെറ്റാണെന്നു തോന്നിയ കാര്യത്തിനെതിരെയാണ് ആക്ഷനെടുത്തത്. അതിന് ആരും അഭിനന്ദിച്ചാലും അഭിനന്ദിച്ചില്ലെങ്കിലും പ്രശ്നമില്ല. പക്ഷേ ഈ വിഷയത്തിൽ ഞാൻ അറിയാതെ സംഭവിച്ച കാര്യമാണ്, അതുകൊണ്ടാണ് വിഷമമായത്.

ചിത്രങ്ങൾ പകർത്തിയ ഫോട്ടോ​ഗ്രാഫറുടെ പ്രതികരണം...

അദ്ദേഹത്തേയും കുറ്റപ്പെടുത്താൻ പറ്റില്ല. ഞങ്ങൾക്കു വേണ്ടി ഫോട്ടോ എടുത്തു തന്നതിന്റെ പേരിൽ വിചാരണ നേരിടുകയാണല്ലോ. ഇത്ര മാധ്യമ വിചാരണ നേരിടേണ്ടി വരുമെന്ന് കക്ഷിയും വിചാരിച്ചില്ല. ആളുടെ ആകാംക്ഷ കൊണ്ട് ഇട്ടതാവാം, അല്ലാതെ എനിക്ക് പ്രശ്നമാകണമെന്ന് കരുതി ഇട്ടതാവില്ലല്ലോ. ഇപ്പോൾ കൈയിലൊതുങ്ങാത്ത അവസ്ഥയിലാകുമെന്ന് കരുതിയിട്ടുണ്ടാവില്ല.

മേൽനോട്ട പിശകുകൊണ്ട് സംഭവിച്ച അബദ്ധം

വിഷയത്തിൽ വിശദീകരണം മുകളിലുള്ള ഉദ്യോ​ഗസ്ഥരെ അറിയിച്ചിട്ടുണ്ട്. മേൽനോട്ട പിശകുകൊണ്ട് സംഭവിച്ച അബദ്ധമാണ്. മനപ്പൂർവം യൂണിഫോമിട്ട് മാധ്യമത്തിൽ ശ്രദ്ധിക്കപ്പെടണം എന്നുദ്ദേശിച്ച് ചെയ്ത പ്രവർത്തിയല്ല.

Content Highlights: save the date shoot in police uniform, female si faces criticism, cyber attack, female si photoshoot controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram