രാഖി ഹരിപ്രസാദ്
''എന്റെ ഒരു കുഞ്ഞ് ട്രാൻസ്ഫർമേഷൻ, എനിക്ക് മാറ്റമുണ്ടോ?'' എന്ന ക്യാപ്ഷനോടെ തന്റെ രണ്ടുകാലഘട്ടങ്ങളിലെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെക്കുമ്പോൾ രാഖി ഹരിപ്രസാദ് എന്ന ഇരുപത്തിയേഴുകാരി ഇത്രത്തോളം നെഗറ്റീവ് കമന്റുകൾ പ്രതീക്ഷിച്ചിരിക്കില്ല. 2012ൽ പ്ലസ് ടു കാലത്തേയും കഴിഞ്ഞ വർഷത്തേയും രണ്ടു ചിത്രങ്ങളാണ് രാഖി പങ്കുവെച്ചിരുന്നത്. എന്നാൽ പിന്നാലെ രാഖിയുടെ മാറ്റത്തേക്കാൾ പലരും ചർച്ച ചെയ്തത് ഇരു ഫോട്ടോകളിലേയും മേക്കപ്പിനെക്കുറിച്ചാണ്. പുട്ടിയടിച്ചതു മാത്രമാണ് ചിത്രങ്ങളിലെ മാറ്റമെന്നും ആദ്യചിത്രത്തിലെ നിഷ്കളങ്കത നഷ്ടമായെന്നും ഫോട്ടോഷോപ് ആണെന്നുമൊക്കെ കമന്റുകൾ ഉയർന്നു. പെയിന്റ് മറിഞ്ഞതാണോ എന്നുവരെ കമന്റുകൾ ഉയർന്നു. എന്നാൽ ഇവയൊന്നും തന്നെ ലവലേശം ഏശുന്നില്ലെന്ന് പറയുകയാണ് രാഖി. നെഗറ്റീവ് കമന്റുകളെ നേരിടുന്നതിനേക്കുറിച്ചും ആത്മവിശ്വാസത്തോടെ പെൺകുട്ടികൾ മുന്നോട്ടു പോകേണ്ടതിനെക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് രാഖി ഹരിപ്രസാദ്.
മോഡലിങ്ങിലേക്കുള്ള വരവ്...
മലപ്പുറത്തെ ചങ്ങരംകുളമാണ് സ്വദേശം. നിലവിൽ കൊച്ചിയിലാണ് താമസം, അമ്മയാകാനുള്ള കാത്തിരിപ്പിലുമാണ്. മോഡലിങ്ങിലേക്കുള്ള വരവ് അവിചാരിതമായിരുന്നു. ഫാഷൻ ഡിസൈനിങ്ങിനു ശേഷം ഒരു ബുട്ടിക് ആരംഭിച്ചിരുന്നു. ആ സമയത്ത് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മോഡലിങ് കമ്പനിയുടെ ലോഞ്ചിന് വേണ്ടി ധാരാളം വസ്ത്രങ്ങൾ എന്റെ ബുട്ടിക്കിൽ നിന്ന് ചെയ്യിച്ചിരുന്നു. ദുബായിൽ വച്ചായിരുന്നു ലോഞ്ച്. അതിനുവേണ്ടി എന്റെ ഒരു 15ഓളം ഡിസൈനുകൾ അവതരിപ്പിക്കുകയുണ്ടായി. 2019ലായിരുന്നു അത്. അവിടെ വച്ചാണ് മോഡലിങ്ങിലേക്ക് കടക്കാമെന്ന് കരുതുന്നത്. അപ്പോഴും ഫാഷൻ ഫോട്ടോഗ്രാഫി, മോഡലിങ് ഫോട്ടോഗ്രാഫി തുടങ്ങിയവ ചെയ്യുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. 2019ലാണ് ആദ്യത്തെ മോഡലിങ് ഫോട്ടോഷൂട്ട് നടക്കുന്നത്. തുടർന്ന് പല ബുട്ടീക്കുകൾക്കു വേണ്ടിയും ഫോട്ടോഗ്രാഫർമാർക്കു വേണ്ടിയും മോഡലിങ് ചെയ്തു.

മേക്കപ്പ് മാത്രമല്ല മാറ്റം
ആ ഫോട്ടോകൾ പങ്കുവെക്കുമ്പോൾ തന്നെ നെഗറ്റീവ് കമന്റുകൾ ലഭിക്കും എന്ന നല്ല ബോധ്യമുണ്ടായിരുന്നു. കാരണം കുറച്ചുനാൾ മുമ്പ് അതേ ഫോട്ടോ ഞാൻ മറ്റൊരു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. അന്നും ധാരാളം പേർ നെഗറ്റീവ് കമന്റുകളുമായെത്തിയിരുന്നു. അതിലെ സാരിയുടുത്ത ഫോട്ടോ കഴിഞ്ഞ വർഷം ഓണത്തിനെടുത്തതാണ്. ക്രോപ് ടോപ്പ് ധരിച്ചു നിൽക്കുന്ന ചിത്രം 2012 ൽ പ്ലസ് ടുവിന് പഠിക്കുമ്പോൾ എടുത്ത ചിത്രവും. ട്രാൻസ്ഫോർമേഷനും മേക്കപ്പും ഒരുപോലെ ആ ചിത്രത്തിൽ കാണാം.
കാലം പോകേയുണ്ടാകുന്ന മാറ്റങ്ങൾ ഇരുചിത്രങ്ങളിൽ വ്യക്തമാണ്. മുമ്പൊന്നും ഞാൻ മേക്കപ്പ് ഇടുമായിരുന്നില്ല. മാത്രമല്ല ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുമ്പോഴുള്ള ആത്മവിശ്വാസവും ഫാഷൻ എന്നതിനോടുള്ള കാഴ്ചപ്പാടും മറ്റുള്ളവർ എന്തു കരുതും എന്ന ചിന്തയുമൊക്കെ മാറി. ആ പോസിറ്റീവ് ചിന്താഗതിയെല്ലാം രണ്ടാമത്തെ ചിത്രത്തിൽ വ്യക്തമാണ്. മാറ്റം എന്നതുകൊണ്ട് ഉദ്ദേശിച്ചതും അതൊക്കെയായിരുന്നു. പക്ഷേ കാഴ്ച്ചക്കാരിൽ ചിലർക്ക് മേക്കപ്പ് മാത്രമായി മാറ്റം.

മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളിലും കുറ്റം കണ്ടെത്തിയവർ
മലയാളികളെ പൊതുവായി പറയുന്നില്ല, പക്ഷേ മേക്കപ്പ് എന്നത് വേണ്ടാത്ത എന്തോ സാധനമാണെന്ന ചിന്തയുള്ള സ്ത്രീകളും പുരുഷന്മാരും ഇവിടെയുണ്ട്. വെറുമൊരു ലിപ്സ്റ്റിക് ഇട്ടാൽപ്പോലും ആഹാ മേക്കപ്പ് ഇട്ടു വന്നല്ലോ എന്നു പറയുന്നവരാണ്. എന്നാൽ അവർക്കെല്ലാം ഈ ചിത്രങ്ങൾ ആസ്വദിക്കുകയും വേണം. ആ ഫോട്ടോ ഇട്ടതിനു പിന്നാലെ സമൂഹമാധ്യമത്തിലെ അക്കൗണ്ടുകളിൽ ഫോളോവേഴ്സ് കൂടുകയാണുണ്ടായത്. അതായത് എന്നെ കുറ്റപ്പെടുത്തിയവർ തന്നെ എന്റെ ഇനിയുള്ള ഫോട്ടോകൾ കാണാൻ കാത്തിരിക്കുകയാണ്. നല്ലത് ചെയ്താലും ചീത്ത ചെയ്താലും കുറ്റപ്പെടുത്തുന്നവരുണ്ടാവും. നെഗറ്റീവ് കമന്റുകാരോട് മറുപടി പറഞ്ഞ് സമയം കളയേണ്ടെന്നാണ് കരുതുന്നത്.
അടുത്തിടെ മെറ്റേണിറ്റി ഷൂട്ടിന്റെ ഒരു ഫോട്ടോയും ഞാനൊരു ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. അതിനു കീഴെയും ധാരാളം മോശം കമന്റുകൾ വന്നിരുന്നു. പക്ഷേ അതിൽ നിന്നും പോസിറ്റീവായൊരു കാര്യം ഞാൻ കണ്ടിരുന്നു. ആ ഗ്രൂപ്പിൽ തന്നെയുള്ള ചിലർ തന്നെ അത്തരം നെഗറ്റീവ് കമന്റുകൾക്ക് മറുപടി നൽകുന്നതായി കണ്ടു. അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എന്നെ പിന്തുണയ്ക്കുന്നവർ ഉണ്ടായിരുന്നു. ചിത്രത്തിൽ പൊക്കിൾ കാണുന്നു എന്നാരെങ്കിലും കമന്റ് ചെയ്താൽ ആ ചിത്രത്തിൽ അതു മാത്രമേ നിങ്ങൾ കണ്ടുള്ളോ എന്നു ചോദിക്കുന്നവരുണ്ടായിരുന്നു. അത്രയൊക്കെയേ ഞാൻ പ്രതീക്ഷിക്കുന്നുള്ളു. നെഗറ്റീവ് പറയുന്നവരേക്കാൾ കുറച്ചേയുള്ളുവെങ്കിലും ആ പോസിറ്റീവ് കമന്റുകൾ പങ്കുവെക്കുന്നവരാണ് പ്രതീക്ഷ.
Content Highlights: Rakhi responds to negative comments on social media