sreeja
അനക്കമറ്റ് കുഞ്ഞ് കൈയിൽ കിടക്കുന്ന കണ്ടപ്പോൾ മറ്റൊന്നും ഓർത്തില്ല, ഉടൻ കൃത്രിമ ശ്വാസം കൊടുത്തു..- കോവിഡ് ബാധിച്ച രണ്ടുവയസ്സുകാരിയുടെ ജീവൻ രക്ഷിച്ച അനുഭവം പങ്കുവെക്കുകയാണ് നെൻമണിക്കര പ്രൈമറി ഹെൽത്ത് സെന്ററിലെ നഴ്സ് ശ്രീജ പ്രമോദ്. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നുൾപ്പെടെ അഭിനന്ദിച്ച് വിളികൾ വരുമ്പോഴും താൻ വലുതെന്തോ ചെയ്തുവെന്ന തോന്നലൊന്നും ശ്രീജയ്ക്കില്ല. കുഞ്ഞിന് ചുണ്ടോടു ചുണ്ടുചേർത്ത് ശ്വാസം നൽകുമ്പോൾ സാമൂഹിക അകലമോ കോവിഡ് കാലമോ ഓർത്തില്ല. അപ്പോൾ ആ കുഞ്ഞു അതിന്റെ ജീവനും മാത്രമായിരുന്നു മനസ്സിലെന്ന് ശ്രീജ പറയുന്നു. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റൈനിൽ കഴിയുന്ന ശ്രീജ ആ ദിവസത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ്.
തൊട്ടടുത്തുള്ള കുടുംബമാണവർ, കുഞ്ഞിന് വയ്യെന്നും ശർദ്ദിച്ചതോടെ അവശയായെന്നും പറഞ്ഞാണ് അമ്മ ആതിര വീട്ടിലേക്ക് വന്നത്. കുഞ്ഞായതുകൊണ്ട് കൂടുതൽ കാത്തിരിക്കേണ്ടെന്നും വേഗം ആശുപത്രിയിലെത്തിക്കാമെന്നും പറഞ്ഞു. ഭർത്താവിനെ വിളിക്കാൻ ആതിര പോകവേ കുഞ്ഞിനെ എന്റെ കൈയിൽ തന്നു. കുഞ്ഞ് തളർന്ന് അനക്കമില്ലാതെ കിടക്കുന്നതു കണ്ടപ്പോൾ സഹിച്ചില്ല, അപ്പോൾ തന്നെ കൃത്രിമശ്വാസം നൽകാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് വൈകിക്കാതെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവസരോചിതമായി കൃത്രിമശ്വാസം നൽകിയതും പെട്ടെന്ന് എത്തിച്ചതുമാണ് കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടാൻ കാരണമായതെന്ന് പറയുന്നു. പക്ഷേ തന്നെ സംബന്ധിച്ചിടത്തോളം ആ കുഞ്ഞു മാത്രമായിരുന്നു അപ്പോൾ മനസ്സിൽ - ഓരോ സെക്കൻഡിനും വിലപിടിപ്പുള്ള ആഘട്ടത്തെ കരുതലോടെ കൈകാര്യം ചെയ്തതിനെക്കുറിച്ച് ശ്രീജ പറയുന്നു.
കുഞ്ഞിന് കോവിഡ് ആയിരുന്നുവെന്ന് പിന്നീടാണ് അറിയുന്നത്. ഇപ്പോൾ റൂം ക്വാറന്റൈനിലാണ്. എട്ടുവർഷമായി നെന്മണിക്കര പ്രൈമറി ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും അവിടെ കാണുന്നവരിലേറെയും ആശുപത്രിയിൽ നിന്നും ഇനിയൊരു ചികിത്സയില്ലാതെ തിരിച്ചുവിടുന്ന രോഗികളേയാണ്. കരുതലോടെ ആ നിമിഷത്തെ കൈകാര്യം ചെയ്യാൻ തന്നെ സഹായിച്ചത് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിച്ച പരിചയമാണെന്നും ശ്രീജ പറയുന്നു.
അവിടെ തനിക്ക് ലേബർറൂമിലാണ് ഡ്യൂട്ടി ഉണ്ടാവാറുള്ളത്. പലപ്പോഴും കുഞ്ഞുങ്ങൾ ശ്വാസംകിട്ടാതെ പിടയുന്നതും കൃത്രിമശ്വാസം കൊടുത്ത് രക്ഷിക്കുന്നതും കണ്ടിട്ടുണ്ട്. പിന്നീട് താനും പലകുഞ്ഞുങ്ങൾക്കും കൃത്രിമശ്വാസം കൊടുത്തിരുന്നു. അതാവാം ഈ കുഞ്ഞിന്റെ അവസ്ഥ കണ്ടപ്പോൾ മറ്റൊന്നും ചിന്തിക്കാതിരുന്നതിന് പിന്നിലെന്നും ശ്രീജ.
ഭർത്താവും പത്താംക്ലാസ്സുകാരനായ മകനുമൊക്കെ പിന്തുണയായി കൂടെയുണ്ടെന്ന് ശ്രീജ പറയുന്നു. താൻ ചെയ്തത് മഹത്തരമായൊരു പ്രവർത്തിയാണെന്നു പറഞ്ഞ് നിരവധി പേരാണ് ശ്രീജയെ വിളിക്കുന്നത്. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നും എംഎൽഎ കെ.കെ രാമചന്ദ്രനും ഉൾപ്പെടെ നിരവധി ഫോൺകോളുകൾ വന്നു. ജീവിതത്തിൽ ഇതുപോലൊരു അനുഭവം ആദ്യമാണ്, അതിൽ അഭിമാനിക്കുന്നുമുണ്ട്. അപ്പോഴും ആ കുഞ്ഞുജീവൻ രക്ഷിക്കാനായതു മാത്രമാണ് ശ്രീജയെ കൂടുതൽ ആനന്ദിപ്പിക്കുന്നത്.