-
രണ്ട് വര്‍ഷത്തിന്റെ ഇടവേളയില്‍ അമ്മയേയും പ്രിയപ്പെട്ടവനേയും നഷ്ടപ്പെട്ടെങ്കിലും, ആ ദുരന്തങ്ങളെ കരുത്തോടെ അതിജീവിക്കുകയാണ് നടിയും മോഡലും ആര്‍.ജെയുമായ നടി നേഹ അയ്യര്‍. വിഷാദവും തകര്‍ച്ചയും നിറഞ്ഞ ആ ദിനങ്ങളെ താനെങ്ങനെ മറികടന്നു എന്ന് മനസ്സു തുറക്കുകയാണ് താരം.
ഒരുമാസത്തോളം മുറിക്കുള്ളില്‍ ഞാന്‍ അടച്ചിരുന്നു. ഫോണ്‍ ഓഫ് ചെയ്തും ആരെയും കാണാന്‍ കൂട്ടാക്കാതെയും ആഴ്ചകള്‍. ഈ ലോകത്ത് ഞാനേറ്റവും സ്‌നേഹിച്ച രണ്ടുപേര്‍. അമ്മയും അവിനാഷും. രണ്ടുപേരെയും എനിക്ക് നഷ്ടമായി. അവര്‍ രണ്ടുപേരുമില്ലാതെ ലോകം അത്രത്തോളം ശൂന്യമായി.
അവിനാഷിന്റേത് ഹൃദയാഘാതമായിരുന്നു. പൂര്‍ണ ആരോഗ്യവാനായിരുന്നു അവന്‍. രോഗമോ ക്ഷീണമോ ഒന്നും അലട്ടിയിട്ടില്ലാത്ത ഊര്‍ജസ്വലന്‍. സൂചനതരാതെ വന്നെത്തുന്ന മരണം സമ്മാനിക്കുന്ന ആഘാതം വളരെ വലുതാണ്. എന്റെ ലോകം ഇല്ലാതായതുപോലെ. ഞാന്‍ അപ്പോള്‍ അവിനാഷിന്റെ അച്ഛനമ്മമാരെപ്പറ്റി ചിന്തിച്ചു. ആകെയുള്ള രണ്ടുമക്കളെയും രണ്ടുവര്‍ഷത്തിന്റെ ഇടവേളയില്‍ നഷ്ടപ്പെട്ട അവരുടെ സങ്കടം ഓര്‍ത്തു.
എന്തുകൊണ്ട് ഇതെല്ലാം എനിക്കു മാത്രം സംഭവിക്കുന്നു എന്ന് കരുതി വിധിയെ പഴിക്കുന്ന ഇര ആകരുതെന്ന് ഞാന്‍ ഉറപ്പിച്ചു. ഏതു പ്രശ്‌നത്തെയും മറികടക്കാനുളള കരുത്തോടെയാണ് പ്രകൃതി ഓരോരുത്തരെയും സൃഷ്ടിച്ചിരിക്കുന്നത്. ജീവിതത്തില്‍ എന്തുസംഭവിക്കുന്നു എന്നത് നമ്മുടെ നിയന്ത്രണത്തിലല്ല. പക്ഷേ, എങ്ങനെ നേരിടണം എന്നത് തീര്‍ച്ചയായും നമുക്ക് തീരുമാനിക്കാനാകും. തീര്‍ച്ചയായും അതത്ര എളുപ്പമായിരുന്നില്ല. പക്ഷേ, ഏറ്റവും നല്ല വഴി അതുതന്നെയാണെന്ന് ഞാന്‍ ഉറപ്പിച്ചു.
മുറിക്കുള്ളില്‍ നിന്ന് ഞാന്‍ പുറത്തേക്കിറങ്ങി. ആരോഗ്യം ശ്രദ്ധിച്ചു തുടങ്ങി. മുടക്കമില്ലാതെ ചെക്കപ്പുകള്‍ക്കു പോയി. പുസ്തകങ്ങള്‍ വായിച്ചു. മെഡിറ്റേഷന്‍ ശീലമാക്കി. പാട്ടുകേട്ടു, നൃത്തം ചെയ്തു, ഒറ്റയ്ക്ക് ഒരുപാട് യാത്ര ചെയ്തു. അപ്പോഴൊക്കെ ഓര്‍മ്മകളിങ്ങനെ മനസ്സില്‍ തിരയടിക്കും. ഓരോ നിമിഷവും ഞാനവനെ ഓര്‍ത്തുകൊണ്ടിരുന്നു. പക്ഷേ, പതറില്ലെന്ന് സ്വയം ഉറപ്പിച്ചു കഴിഞ്ഞാന്‍ ഒരു കൊടുങ്കാറ്റിനും നമ്മെ വീഴ്ത്താനാവില്ല.
ജീവിതം ഏറ്റവും നന്നായി ജീവിച്ചു തീര്‍ക്കണമെന്ന് ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞു. അങ്ങനെ ഒന്‍പതുമാസങ്ങള്‍. നവംബറിലാണ് അവിനാഷിന്റെ പിറന്നാള്‍. എനിക്ക് പറഞ്ഞിരിക്കുന്ന ഡേറ്റ് പിന്നെയും രണ്ടാഴ്ച കഴിഞ്ഞിട്ടാണ്. പക്ഷേ, മനസ്സ് എന്നോടു പറഞ്ഞുകൊണ്ടേയിരുന്നു ഇത് ഒരു ആണ്‍കുഞ്ഞാണ്. അവന്‍ അവിനാഷിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ ജനിക്കും.
Content Highlights: neha iyyer open up about how to overcome depression after her husband passed away