Photos: facebook.com|MohanlalFansClub
''എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് സഫലമായത്, ഇനി നേരിലൊന്ന് കാണണം ഇഷ്ടപ്പെട്ട പായസം വച്ചു കൊടുക്കണം''- പറയുന്നത് രുക്മിണിയമ്മയാണ്. കഴിഞ്ഞ ദിവസമാണ് മോഹൻ ലാലിനെ കാണാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ വൈറലായത്. തൃശ്ശൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ജോബി ചുവന്നമണ്ണ് പകർത്തിയ വീഡിയോ ശ്രദ്ധയിൽപ്പെട്ട മോഹൻ ലാൽ ഫാൻസ് അസോസിയേഷൻ ഉടൻ വീഡിയോ താരത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. വൈകാതെ രുക്മിണിയമ്മയെ തേടി സാക്ഷാൽ മോഹൻ ലാലിന്റെ വിളിയുമെത്തി. കോവിഡ് മഹാമാരി ഒതുങ്ങിയാലുടൻ നേരിട്ട് കാണാമെന്ന ഉറപ്പും താരം നൽകി. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആ നിമിഷത്തേക്കുറിച്ചും കഴിഞ്ഞകാലത്തേക്കുറിച്ചും ആരോരുമില്ലാതെ തനിയേ കഴിയുന്നതിനേക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് രുക്മിണിയമ്മ.
മകനായി അഭിനയിക്കുന്ന മോഹൻ ലാലിനെ ഏറെയിഷ്ടം
മോഹൻ ലാലിനെ കാണാൻ അത്രയ്ക്കും ആശിച്ചിരുന്നു, സിനിമയിലൊക്കെ കണ്ടാണ് ഇഷ്ടമായത്. അഭിനയം പോലെ ആ ചരിഞ്ഞുള്ള നടത്തവും തനിക്കേറെ പ്രിയമാണെന്നു പറയുന്നു രുക്മിണിയമ്മ. എഴുപതാം വയസ്സിൽ തോന്നിയൊരു മോഹത്തിന്റെ പുറത്താണ് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. പക്ഷേ താരം വിളിക്കുമെന്നൊന്നും രുക്മിണിയമ്മ പ്രതീക്ഷിച്ചില്ല. മോഹൻ ലാൽ സിനിമകളുടെ കടുത്ത ആരാധികയുമാണ് രുക്മിണിയമ്മ. നരസിംഹം, കമലദളം, ഏയ് ഓട്ടോ, പുലിമുരുകൻ തുടങ്ങിയവയൊക്കെയാണ് ഇഷ്ട സിനിമകൾ. ഇനിയും ഒട്ടേറെ സിനിമകളുണ്ടാവും, പക്ഷേ താൻ കണ്ടിട്ടുള്ളവ വളരേ കുറച്ചാണെന്നു പറയുന്നു രുക്മിണിയമ്മ. ഇനി മോഹൻ ലാലിന്റെ കോമഡി വേഷമാണോ സീരിയസ് വേഷമാണോ കാണാൻ ഇഷ്ടമെന്നു ചോദിച്ചാൽ ഒട്ടും സംശയിക്കാതെ വരും മറുപടി. താരത്തിന്റെ മകൻ കഥാപാത്രങ്ങളാണ് രുക്മിണിയമ്മയുടെ മനസ്സിൽ എന്നെന്നും ഉള്ളത്. തനിക്ക് മക്കളില്ലാത്തതുകൊണ്ടാവാം ചിലപ്പോൾ അവയോട് ഏറെ പ്രിയം. മക്കളില്ലെന്നു കരുതി വിഷമിച്ചിരിക്കാനുമില്ല, അങ്ങനെ ഇരിക്കരുതെന്നാണ് ഭർത്താവ് സാമി പറഞ്ഞിരുന്നത്. തന്നെ അമ്മയായി കാണുന്ന ഒട്ടേറെ പേർ ഉണ്ടല്ലോ എന്നു കരുതി ജീവിക്കാനാണ് രുക്മിണിയമ്മയ്ക്ക് ഇഷ്ടം.
തമിഴ്നാട്ടുകാരി കേരളത്തിലേക്ക്..
തമിഴ്നാടാണ് രുക്മിണിയമ്മയുടെ സ്വദേശം. വിവാഹം കഴിഞ്ഞാണ് കേരളത്തിലേക്കെത്തുന്നത്. പാലക്കാട് സ്വദേശിയായ സാമി എന്നുവിളിക്കുന്ന സുന്ദർ രാമനാണ് ഭർത്താവ്. കൊച്ചിയിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. പൂജാരിയായിരുന്നു സുന്ദർ രാമൻ. സഹോദരനും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മുപ്പതു വർഷം മുമ്പുള്ള വിവാഹ ഓർമകളും രുക്മിണിയമ്മയിൽ ഭദ്രം. ഭർത്താവിനും താനും തനിക്കു ഭർത്താവും എന്ന നിലയിലാണ് ജീവിച്ചത്. അഞ്ചു വർഷം മുമ്പാണ് ഇപ്പോൾ താമസിക്കുന്ന വാടകവീട്ടിലേക്ക് മാറുന്നത്. ഇതിനിടയിൽ ഭർത്താവിന് ഒരു വീഴ്ച സംഭവിച്ചു. അതിൽ പിന്നെ ശരീരം അവശമാകാൻ തുടങ്ങി. ശസ്ത്രക്രിയ ചെയ്തെങ്കിലും മെച്ചപ്പെട്ടില്ല. തൃശ്ശൂരിലെ വെസ്റ്റ്ഫോർട്ട് ആശുപത്രിയിലായിരുന്നു ചികിത്സ. മഴയോ വെയിലോ എന്നില്ലാതെ ഭർത്താവിനു വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുത്തിരുന്നുവെന്ന് രുക്മിണിയമ്മ സ്നേഹത്തോടെ പറയുന്നു. പക്ഷേ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. ഇന്ന് സുന്ദർ രാമന്റെ ഓർമകളിലാണ് രുക്മിണിയമ്മയുടെ ജീവിതം.
ആഗ്രഹം
മോഹൻ ലാലിനെ കാണാൻ ആഗ്രഹം പ്രകടിപ്പതുപോലെ മറ്റെന്തെങ്കിലും മനസ്സിലുണ്ടോ എന്നു ചോദിച്ചാലും ചിരിയാണ് മറുപടി. വയസ്സാംകാലത്ത് ഇനിയെന്ത് ആഗ്രഹം എന്നാണ് രുക്മിണിയമ്മ ചോദിക്കുന്നത്. പെൻഷൻ കൊണ്ടാണ് ജീവിക്കുന്നത്, മറ്റു വരുമാന മാർഗമൊന്നുമില്ല. തനിച്ചു ജീവിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ എന്നു ചോദിച്ചാൽ വാടകവീട്ടിൽ തന്നെയാണ് ഉടമയും കുടുംബവും എന്ന് മറുപടി. വാതിലൊന്നു തുറന്നാൽ അവരെ കാണും. അതുകൊണ്ട് പേടിയൊന്നുമില്ല. ഭക്ഷണത്തിനുള്ളത് ഒരാളെ ഏൽപിച്ചിരിക്കുകയാണ്. മാസം അവർക്കുള്ള പൈസ കൊടുക്കും. ഇതിനിടയിൽ ആരെങ്കിലുമൊക്കെയായി സഹായിക്കാറുമുണ്ട്. എന്നിരുന്നാലും ആർക്ക് മുന്നിലും കൈ നീട്ടാനും രുക്മിണിയമ്മ തയ്യാറല്ല.
മോഹൻ ലാലിനെ നേരിട്ടു കാണുമ്പോൾ തന്റെ കൈകൊണ്ടുണ്ടാക്കിയ പായസം കൊടുക്കാനുള്ള കാത്തിരിപ്പിലാണ് രുക്മിണിയമ്മയിപ്പോൾ. എന്തു പായസമാണ് അമ്മ ഉണ്ടാക്കിക്കൊടുക്കുക എന്നു ചോദിക്കുമ്പോൾ ലാലേട്ടന് എന്ത് പായസമാണോ ഇഷ്ടം അതു തയ്യാറാക്കും. പാലടയായിരിക്കും ഇഷ്ടം എന്നാണ് തോന്നുന്നത്- നിഷ്കളങ്കമായ, വാത്സല്യം നിറഞ്ഞ ചിരിയോടെ രുക്മിണിയമ്മ പറയുന്നു...
Content Highlights: mohan lal fan rukminiyama speaking