' ഈ കിരിടം അമ്മയ്ക്കും അനന്യ ചേച്ചിക്കും'; ട്രാൻസ് ലോകസുന്ദരിപ്പട്ടം നേടി മലയാളിയായ ശ്രുതി സിതാര


By വീണ ചിറക്കൽ

5 min read
Read later
Print
Share

അവ​ഗണനകളെയും അവഹേളനങ്ങളെയുമൊക്കെ അതിജീവിച്ച് ഇന്ത്യയുടെ അഭിമാനമായി മാറിയ ശ്രുതി മാതൃഭൂമി ഡോട്ട്കോമുമായി മനസ്സു തുറക്കുന്നു.

ശ്രുതി സിതാര അനന്യക്കൊപ്പം, ശ്രുതിയുടെ അമ്മ | Photos: instagram.com|sruthy_sithara

'നിങ്ങൾ നിങ്ങളെ തന്നെ സ്നേഹിക്കുക. എന്നാൽ മാത്രമേ നിങ്ങൾക്ക് ഇഷ്ടമുള്ള ജീവിതവും തിരഞ്ഞെടുക്കാനാവൂ'- അഭിമാനത്തിന്റെ നിറുകയിൽ നിന്നാണ് ട്രാൻസ് വുമൺ ശ്രുതി സിതാര സംസാരിക്കുന്നത്. മിസ് ട്രാൻസ് ​ഗ്ലോബൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമ്പോഴും ഒടുവിൽ വിവിധ രാജ്യക്കാരായ 16 മത്സരാർഥികളെ മറികടന്ന് കിരീടം സ്വന്തമാക്കുമ്പോഴും മധുരപ്രതികാരത്തിന്റെ പ്രതീതിയാണ് ശ്രുതി സിതാരയ്ക്ക്.

അവ​ഗണനകളെയും അവഹേളനങ്ങളെയുമൊക്കെ അതിജീവിച്ച് ഇന്ത്യയുടെ അഭിമാനമായി മാറിയ ശ്രുതി മാതൃഭൂമി ഡോട്ട്കോമുമായി മനസ്സു തുറക്കുന്നു.

മിസ് ട്രാൻസ് ​ഗ്ലോബൽ ക്യൂൻ ആയതിങ്ങനെ

സെലിബ്രിറ്റി മേക്കപ് ആർ‌ട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ വഴിയാണ് ഈ മത്സരത്തെക്കുറിച്ച് അറിയുന്നത്. രഞ്ജു അമ്മയാണ് ഡീറ്റെയിൽസ് എല്ലാം അയച്ചു തന്ന് പങ്കെടുക്കണമെന്ന് പറയുന്നത്. അങ്ങനെ നാഷണൽ പേജന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ മത്സരമായിരുന്നു ഇത്തവണത്തേത്. മത്സരത്തിനുശേഷം ദേശീയതലത്തിൽ വിജയിയായി. അത്ര വരെ എത്തുമെന്നു പോലും പ്രതീക്ഷിച്ചിരുന്നില്ല. അതിനുശേഷമാണ് അടുത്ത ഘട്ടം മത്സരം ആരംഭിക്കുന്നത്. അതിൽ തിരഞ്ഞെടുക്കപ്പെട്ടവർ അതാതു രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് പങ്കെടുക്കുന്നത്. അതിലിടം നേടുകയും ഒടുവിൽ മിസ് ട്രാൻസ് ​ഗ്ലോബൽ ആയി തിരഞ്ഞെടുക്കപ്പെടുക്കുകയും ചെയ്തതോടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അതിലേറെ അഭിമാനവുമാണ് ഉണ്ടായത്. 2020 ലാണ് ആദ്യസീസൺ തുടങ്ങുന്നത്. രണ്ടാംഘട്ടത്തിൽ വിജയപ്പട്ടം കരസ്ഥമാക്കുകയും ചെയ്തു. മികച്ച പതിനാറു മത്സരാർഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതിലെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു വേദിയിൽ പോവുക എന്നതുതന്നെ വലിയ കാര്യമാണ്. അതു വിജയിക്കുക കൂടി ചെയ്യുമ്പോൾ പ്രത്യേകം പറയേണ്ടല്ലോ. ഇനി ഒരുപാട് ചുമതലകളുണ്ട്. ഇത്രനാളും കഷ്ടപ്പെട്ടതിന് ഒരു ഫലം ഉണ്ടായി. നമ്മൾ അതിയായി എന്താഗ്രഹിച്ചാലും അതു നടക്കുമെന്ന് എന്റെ അനുഭവം വ്യക്തമാക്കുന്നു.

വിജയിയാക്കിയ ചോദ്യം

ട്രാൻസ് വനിതകളെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ട്രാൻസ് ​ഗ്ലോബൽ മത്സരത്തിന്റെ മോട്ടോ. മിസ് ട്രാൻസ് ​ഗ്ലോബൽ ക്വീൻ ഞാനാവുകയാണെങ്കിൽ ആ ഒരു ക്യൂൻ എറാ(queen era) എങ്ങനെയായിരിക്കും വാഴാൻ പോവുന്നത് എന്നായിരുന്നു ചോദ്യം. വിജയിച്ചാൽ തീർച്ചയായും ആ പദവിയിലിരുന്ന് ലോകത്തെ എൽജിബിടിക്യു സമൂഹത്തിന് എന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം ചെയ്തിരിക്കുമെന്നാണ് പറഞ്ഞത്. ഒപ്പം സാമൂഹിക മാധ്യമത്തിലൂടെ ഒരു ക്യാംപയിൻ നടത്തുന്നുണ്ട്. സാമൂഹിക മാധ്യമത്തിലൂടെ എൽജിബിടിക്യു സമൂഹത്തിന്റെ ഉന്നമനമാണ് അതിലൂടെ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കാൻ ശക്തമായ ഒരു മാധ്യമമാണത്. ശ്രുതിയെ പരിചയപ്പെട്ടിട്ടാണ് ട്രാൻസ് കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറിയതെന്ന് പലരും പറഞ്ഞിട്ടുണ്ട്. സമൂഹത്തിന് ഈ കമ്മ്യൂണിറ്റിയോടുള്ള മനോഭാവം മാറാൻ ഞാൻ കാരണമാകുന്നുണ്ടെങ്കിൽ അതിൽപ്പരം സന്തോഷമില്ല.

sruthy

ഈ കിരീടം അമ്മയ്ക്കും അനന്യ ചേച്ചിക്കും

എന്റെ ഐഡന്റിറ്റി തുറന്നു പറയുന്നതിന് മുമ്പേ അമ്മയെ നഷ്ടപ്പെട്ടിരുന്നു. 2015ലാണ് അമ്മ മരിക്കുന്നത്. ഇത്ര സന്തോഷം നിറഞ്ഞ നിമിഷത്തിൽ അമ്മ ഉണ്ടായിരിക്കണമെന്ന് തോന്നി. മാത്രമല്ല ഈ മത്സരത്തിന്റെ തുടക്കം മുതൽ എല്ലാത്തിനും പിന്തുണയായി നിന്നയാളാണ് അനന്യ ചേച്ചി. ഞാൻ ഇതിലെ വിജയിയാകണമെന്ന് ഒരുപാട് ആ​ഗ്രഹിച്ചയാളാണ് ചേച്ചി. അതുകൊണ്ടാണ് അമ്മയ്ക്കും ചേച്ചിക്കും ഈ വിജയം സമർപ്പിച്ചത്. ഇരുവരും സ്വർ​ഗത്തിലിരുന്ന് എന്റെ വിജയം ആഘോഷിക്കുന്നുണ്ടാവും.

അനന്യ ചേച്ചി എനിക്ക് സഹോദരിയും സുഹൃത്തും മെന്ററുമൊക്കെയായിരുന്നു. ജീവിതത്തിലെ ഓരോ കാര്യത്തിനും പിന്തുണയായി കൂടെ നിന്നിട്ടുള്ളയാളാണ്. എന്തെങ്കിലും കാര്യത്തിൽ ഞാൻ തളർന്നുപോയാൽ അപ്പോൾ വിളിച്ച് ആത്മവിശ്വാസം പകർന്നിരുന്ന ആളാണ്. അങ്ങനെ ഒരാൾ ആത്മഹത്യ ചെയ്തു എന്നേ വിശ്വസിക്കാനാവുന്നില്ല. ഇപ്പോഴും ചിലപ്പോഴൊക്കെ എന്തെങ്കിലും കാര്യം വരുമ്പോൾ മുമ്പത്തെപ്പോലെ ചേച്ചിയെ ഓർക്കും. പിന്നെയാണ് ചേച്ചി കൂടെ ഇല്ലല്ലോ എന്ന് തിരിച്ചറിയുക. ചേച്ചി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന തോന്നലാണുള്ളത്.

ഉള്ളിലെ സ്ത്രീയെ തിരിച്ചറിയുന്നത്..

കുട്ടിക്കാലം തൊട്ടേ ജെൻഡറിന്റെ കാര്യത്തിൽ ഞാൻ അസ്വസ്ഥമായിരുന്നു. ഞാൻ മാത്രമാണ് ഇങ്ങനെ എന്നൊക്കെയാണ് അന്നു കരുതിയിരുന്നത്. പിന്നെ വളർന്നുവരുമ്പോഴാണ് കൂടുതൽ മനസ്സിലാക്കുന്നത്. ഡി​ഗ്രിക്കു ശേഷമാണ് സ്ത്രീയായി ജീവിക്കണമെന്ന തോന്നലുണ്ടാകുന്നത്. കുടുംബത്തിനൊന്നും എന്റെ മാറ്റം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കാരണം അവരുടെ മുന്നിൽ ഞാൻ ആൺകുട്ടികളെപ്പോലെ തന്നെ നടന്നു. ശരിക്കും പറഞ്ഞാൽ അഭിനയിക്കുകയായിരുന്നു. കളിയാക്കലുകളെ ഒഴിവാക്കാനാണ് ആൺകുട്ടിയെപ്പോലെ അഭിനയിച്ച് നടന്നത്. അതുകൊണ്ട് പലർക്കും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ പറഞ്ഞു തുടങ്ങിയപ്പോൾ മാത്രമാണ് വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ തിരിച്ചറിഞ്ഞത്.

അച്ഛനും അമ്മൂമ്മയും ചേട്ടനുമാണ് വീട്ടിലുള്ളത്. അവർക്കെല്ലാം എന്റെ വിജയത്തിൽ ഏറെ സന്തോഷമുണ്ട്. ഇരുപത്തിനാലാം വയസ്സിലാണ് വീട്ടിൽ ഐഡന്റിറ്റി തുറന്നു പറയുന്നത്. അച്ഛനൊക്കെ അതുൾക്കൊള്ളാൻ തയ്യാറായിരുന്നു. അതുകൊണ്ടു തന്നെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പല കുടുംബങ്ങളിലും അതല്ല അവസ്ഥ. സ്വന്തം വീടുകളിൽ ഐഡന്റിറ്റി മറച്ചു ജീവിക്കുക എന്നത് ഭീകരമാണ്. ആരൊക്കെയോ പിന്തുടർന്നുവന്ന എഴുതപ്പെടാത്ത ചില നിയമങ്ങൾ പിന്തുടർന്നു വന്ന പാട്രിയാർക്കൽ സമൂഹത്തിന്റെ പ്രശ്നമാണത്. വീടുകളിൽ സ്വീകാര്യമായാൽ തന്നെ ട്രാൻസ് സമൂഹത്തിന്റെ പകുതിയിലേറെ പ്രശ്നങ്ങളും തീർന്നു എന്നു പറയാം.

ഒരിക്കലും മറക്കില്ല അന്നത്തെ അവ​ഗണന

അടുത്തിടെയായി ട്രാൻസ് സമൂഹത്തിന്റെ ജീവിതെ മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും എല്ലാവർക്കും മുഖ്യധാരയിലേക്ക് എത്താൻ കഴിയുന്നില്ല. മതിയായ വിദ്യാഭ്യാസം ലഭിക്കാത്തതും അവ​ഗണനകൾ മൂലം വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നതുമൊക്കെ അതിന് കാരണമാവുന്നുണ്ട്. പറഞ്ഞു വരുമ്പോൾ എല്ലാത്തിന്റെയും അടിസ്ഥാനം സമൂഹത്തിന്റെ മനോഭാവം തന്നെയാണ്. ലൈം​ഗിക വിദ്യാഭ്യാസം ശരിയായ രീതിയിൽ കൊടുത്താൽ മാത്രമേ വരുന്ന തലമുറയെങ്കിലും രക്ഷപ്പെടുകയുള്ളു.

ഈയടുത്ത കാലത്തുപോലും ട്രാൻസ് വുമണായതിന്റെ പേരിൽ അവ​ഗണന നേരിട്ടിരുന്നു. 2020ൽ ഒരു ബ്യൂട്ടി പേജന്റിന്റെ മത്സരത്തിൽ പങ്കെടുക്കാൻ ഞാനും അനന്യ ചേച്ചിയും മറ്റു രണ്ടുമൂന്ന് ട്രാൻസ് വുമണും പോയിരുന്നു. അവിടെ ചെന്നപ്പോൾ ഞങ്ങൾ റാംപ് വാക് ചെയ്യാൻ പറ്റിയവരല്ലെന്നും ​ഗ്രൗണ്ട് സപ്പോർട്ട് കിട്ടില്ലെന്നും സംഘാടകൻ പറഞ്ഞു. പൊതുജനങ്ങൾ ഞങ്ങളെ സ്വീകരിക്കില്ലെന്നും അവർക്കിഷ്ടമാവില്ലെന്നും പറഞ്ഞു. ഏറ്റവും അവസാനമാണ് ഞങ്ങളുടെ ഷോ നടന്നിരുന്നത്. എന്നാൽ ഏറ്റവും കൈയടി ലഭിച്ചത് ഞങ്ങളുടെ ഷോയ്ക്കായിരുന്നു. അന്ന് അവതാരക അനന്യ ചേച്ചിയായിരുന്നു. വേദിയെ കൈയിലെടുക്കുന്ന പ്രകടനമായിരുന്നു ചേച്ചിയുടേത്. അന്ന് വേദിയിൽ വച്ച് ഞങ്ങൾക്കുണ്ടായ അവ​ഗണന അനന്യ ചേച്ചി തുറന്നു പറഞ്ഞു. ഇപ്പോൾ വിജയിയായപ്പോഴൊക്കെ ആ അനുഭവമാണ് ആദ്യം ഓർമ വന്നത്.

സ്വത്വം വെളിപ്പെടുത്താനാകാത്തവർ

നിങ്ങൾ നിങ്ങളെ തന്നെ സ്നേഹിക്കുക. എന്നാൽ മാത്രമേ നിങ്ങൾക്ക് ഇഷ്ടമുള്ള ജീവിതവും തിരഞ്ഞെടുക്കാനാവൂ. അതിനുള്ള പ്രചോദനം ലഭിക്കൂ. മറ്റുള്ളവർ എന്തു പറയുന്നു എന്നുള്ളതാണ് മിക്കവരുടെയും പ്രശ്നം. അങ്ങനെ നോക്കിയിരുന്നാൽ ഒന്നും നടക്കില്ല. എന്തു ചെയ്താലും രണ്ടഭിപ്രായം പറയുന്നവരുടെ നാടാണിത്. അങ്ങനെയൊരു നാട്ടിൽ മറ്റുള്ളവരെ ഭയന്ന് നമുക്കിഷ്ടമുള്ള ജീവിതം നയിക്കാതിരിക്കുന്നത് എന്തിനാണ്? എങ്ങനെ ജീവിക്കുമ്പോഴാണ് സന്തോഷവും സംതൃപ്തിയും കിട്ടുന്നത് എന്നാലോചിക്കുക. അങ്ങനെ ജീവിക്കാൻ ശ്രമിക്കുക, അപ്പോഴേ ജീവിതത്തിന് അർഥമുണ്ടാകൂ.

ട്രാൻസ് കമ്മ്യൂണിറ്റിയിലെ ആത്മഹത്യകൾ

മാനസിക സമ്മർദത്തെ അതിജീവിക്കാൻ കഴിയാത്തതുകൊണ്ടാണ് ട്രാൻസ് കമ്മ്യൂണിറ്റിയിൽ ആത്മഹത്യകൾ കൂടുന്നത്. റിലേഷൻഷിപ്പുകൾ ബ്രേക്കപ്പാകുന്നതിലൊന്നും ഇല്ലാതാക്കാനുള്ളതല്ല ജീവിതം. ഈ കമ്മ്യൂണിറ്റിയിലുള്ള പലരും ഒറ്റപ്പെട്ടു നിൽക്കുന്നവരുണ്ട്. അവരൊക്കെ കമ്മ്യൂണിറ്റിയുമായി സംസാരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിക്കുക. ഒരു ആത്മാർഥ സുഹൃത്തിനോടെങ്കിലും എല്ലാ കാര്യങ്ങളും പറഞ്ഞാൽ പകുതി പ്രശ്നം ഇല്ലാതാവും. എറണാകുളത്ത് സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ കൗൺസിലിങ്ങിനായി ഒരു വിങ് വരുന്നുണ്ടെന്നു കേട്ടു. അത്തരത്തിൽ എല്ലായിടങ്ങളിലും വരികയും എല്ലാവരിലും എത്തുകയും ചെയ്താൽ കമ്മ്യൂണിറ്റിക്ക് അതു വലിയൊരു താങ്ങാവും.

ലിം​ഗമാറ്റ ശസ്ത്രക്രിയയിലെ ചൂഷണങ്ങൾ

കേരളത്തിലെ ഒട്ടുമിക്ക ഡോക്ടർമാരും ലിം​ഗമാറ്റ ശസ്ത്രക്രിയയിൽ അത്ര വിദ​ഗ്ധരല്ല. പാളിച്ചകൾ സംഭവിച്ചേക്കാവുന്ന വലിയ പ്രക്രിയയാണ് ഈ സർജറി. പക്ഷേ പാളിച്ചകൾ സംഭവിച്ചാൽ അതേറ്റെടുക്കാനും തിരുത്താനും ഡോക്ടർമാർ തയ്യാറാവണം. മാത്രമല്ല സർജറി കാലം മാനസിക പിന്തുണ ഏറെ ലഭിക്കേണ്ട കാലമാണ്. മതിയായ കൗൺസിലിങ് ലഭ്യമാക്കാനും ഡോക്ടർമാർ ശ്രദ്ധിക്കണം. അതു ലഭിക്കാതിരിക്കുമ്പോൾ കൂടുതൽ വിഷാദത്തിലേക്ക് പോയേക്കാം.

Content Highlights: miss trans global 2021 winner, sruthy sithara, trans beauty pageant, sruthy sithara instagram, trans beauty academy

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
rahul gandhi and narendra modi

1 min

'ദുശ്ശകുനമായി വരും'; പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിൽ രാഹുലിന്‍റെ പ്രതികരണത്തെ വിമർശിച്ച് BJP

May 22, 2023


shino

2 min

'മദ്യപിച്ച് കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണണം, കൊലയ്ക്ക് പിന്നില്‍ കൂടുതല്‍ പേരുണ്ട്'

May 21, 2023


Vice President Jagdeep Dhankhar paid visit to his school teacher Ratna Nair

കണ്ണൂരിലെ വീട്ടിലെത്തി പ്രിയ അധ്യാപികയെ കണ്ട് ഉപരാഷ്ട്രപതി; കൂടിക്കാഴ്ച 56 കൊല്ലത്തിനുശേഷം

May 22, 2023