നിശബ്ദമായിരുന്നു മാനസിയുടെ സുവർണനേട്ടം


By രമ്യ ഹരികുമാർ

5 min read
Read later
Print
Share

മാനസി ജോഷി, 2019 പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന്‍. വലിയ ആഘോഷങ്ങളോ, മാധ്യമ തലക്കെട്ടുകളോ ആകാതെ നിശബ്ദമായി കടന്നുപോയ ഒരു വലിയ വിജയമായിരുന്നു മാനസിയുടേത്. 2015-ല്‍ ബാഡ്മിന്റണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ നേടിയാണ് മനക്കരുത്തിന്റെ പ്രതീകമായ മാനസി ജോഷി എന്ന പാരാ ബാഡ്മിന്റണ്‍ പ്ലെയര്‍ മലയാളമുള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ ആദ്യം വാര്‍ത്തയാകുന്നത്. 2015 മുതലാണ് ഇവർ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനീധീകരിച്ച് തുടങ്ങുന്നത്. ഏതൊരു പെണ്‍കുട്ടിയേയും പോലെ നിറമുള്ള സ്വപ്നങ്ങളുള്ള മിടുക്കിയായ പെണ്‍കുട്ടിയായിരുന്നു മാനസി. മികച്ച രീതിയില്‍ എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലിയും നേടി.

ജോലിത്തിരക്കുകള്‍ക്കൊപ്പം പത്തുവയസ്സുമുതല്‍ കൂടെക്കൂട്ടിയ ബാഡ്മിന്റണുമായി ജീവിതം മുന്നേറിക്കൊണ്ടിരിക്കുന്ന നാളുകളൊന്നിലാണ് വാഹനാപകടത്തെ തുടര്‍ന്ന് മാനസിക്ക് ഇടതുകാല് നഷ്ടപ്പെടുന്നത്. ഓഫീസിലേക്കുള്ള യാത്രക്കിടയില്‍ ജീവിത സ്വപ്നങ്ങളെ ഇടിച്ചു തെറിപ്പിച്ച് ഒരു ട്രക്കിന്റെ പിന്‍ചക്രങ്ങള്‍ അവളുടെ കാലിലൂടെ കയറിയിറങ്ങി. അപകടം കണ്ട് ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ മാനസിയെ ആശുപത്രിയിലെത്തിച്ചു. കാലുനിലനിര്‍ത്താന്‍ അവസാന നിമിഷം വരെ ഡോക്ടര്‍മാര്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ശസ്ത്രകിയയിലുണ്ടായ കാലതാമസത്തെ തുടര്‍ന്ന് കാലില്‍ പഴുപ്പുകയറി ഇടത് കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു.

മാനസിയുടെ മുന്നില്‍ വിഷമത്തോടെ നിന്ന ഡോക്ടര്‍മാരോട് മാനസി ചോദിച്ചത് തീരുമാനമെടുക്കാന്‍ ഇത്രയും വൈകിയത് എന്തിനെന്ന് മാത്രമായിരുന്നു. 'ഇത് എന്റെ വിധിയാണെന്ന് എനിക്കറിയാം. എന്റെ മുന്നിലുണ്ടായിരുന്നത് രണ്ടുവഴികളാണ് ഒന്നുകില്‍ ഇതേ കുറിച്ചോര്‍ത്ത് കരഞ്ഞ് കാലം തീര്‍ക്കുക, അല്ലെങ്കില്‍ കരുത്തോടെ മുന്നോട്ട് പോകുക, ഞാന്‍ രണ്ടാമത്തേത് തിരഞ്ഞെടുത്തു.' മാനസി പറയുന്നു. ആശുപത്രിയിൽ മാനസിയെ കാണാനെത്തിയവര്‍ ഉള്‍നീറ്റലില്‍ അവളെ അഭിമുഖീകരിക്കാന്‍ പോലും മടിച്ചു. പക്ഷേ സ്വയം തമാശകള്‍ പറഞ്ഞ് അവരെ ചിരിപ്പിക്കാനായിരുന്നു മാനസി ശ്രമിച്ചത്.

ആശുപത്രിവാസത്തിന് ശേഷം ഫിസിയോതെറാപ്പിയിലൂടെ മാനസി പിച്ചവച്ചുതുടങ്ങി. നടക്കാന്‍ പ്രയാസം നേരിടുമ്പോഴെല്ലാം കുട്ടിക്കാലത്ത് ഒപ്പംകൂട്ടിയ ബാഡ്മിന്റണ്‍ എന്ന ഇഷ്ടത്തെ മാറ്റിനിര്‍ത്തേണ്ടി വരുമോ എന്നായിരുന്നു മാനസി ശങ്കിച്ചിരുന്നത്. പക്ഷേ ആശങ്കകളെയെല്ലാം കഠിനപ്രയത്നത്തിലൂടെ മാനസി മറികടന്നു. കളിക്കാനാകും എന്നല്ല വളരെ നന്നായി തന്നെ കളിക്കാനാകുമെന്ന് ദേശീയമത്സരങ്ങളിലും വേള്‍ഡ് ടൂര്‍ണമെന്റുകളിലും കളിച്ച് അവള്‍ സ്വയം തെളിയിച്ചു. പഠിച്ചുനേടിയെടുത്ത ജോലിയും അവള്‍ കൈവിട്ടില്ല, ബാഡ്മിന്റണൊപ്പം സ്‌കൂബാ ഡൈവിംഗിലും മാനസി പരിശീലനം നേടി.

പ്രതിസന്ധികളില്‍ തളരാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് സ്വന്തം ജീവിതത്തിലൂടെയാണ് മാനസി ലോകത്തിന് കാണിച്ചുകൊടുത്തത്. കരുത്തുറ്റ മനസ്സും നിശ്ചയദാര്‍ഢ്യം മാത്രമാണ് സ്വപ്നങ്ങളിലേക്കുള്ള പ്രയാണത്തിന് എണ്ണ പകരാന്‍ വേണ്ടതെന്ന് മാനസിയുടെ ജീവിതം പറയും. മാനസി മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലേക്ക്...

കുറേയേറെ സ്വപ്‌നങ്ങള്‍ എനിക്കുണ്ടായിരുന്നു

വളരെയധികം കഠിനപ്രയത്നം ചെയ്യുന്ന, അനുസരണാശീലമുള്ള ഒരു പെണ്‍കുട്ടിയായിരുന്നു അപകടത്തിന് മുമ്പുള്ള മാനസി. തീര്‍ച്ചയായും എന്റേതായ സ്വപന്ങ്ങളും ലക്ഷ്യങ്ങളും എനിക്കുണ്ടായിരുന്നു. സയന്‍സും ജ്യോഗ്രഫിയുമായിരുന്നു എന്റെ പ്രിയ വിഷയങ്ങള്‍. മൈക്രോപ്രൊസസേഴ്സിനോടും വയര്‍ലെസ്സ് കമ്മ്യൂണിക്കേഷനോടുമുള്ള താല്പര്യം കൊണ്ടാണ് എന്‍ജിനീയറിംഗ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച മാനേജ്മെന്റ് കോളേജായ ഐ.ഐ.എമ്മില്‍ നിന്നും എം.ബി.എ ചെയ്യണം, ഒരു വലിയ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന മാനേജ്മെന്റ് പൊസിഷനില്‍ ജോലി ചെയ്യണം, എനിക്കുമാത്രമായും വീട്ടുകാര്‍ക്കുവേണ്ടിയും മുംബൈയില്‍ അതിമനോഹരമായ രണ്ടു വീടുകള്‍ വാങ്ങണം, അവിടെ നല്ല ഒരു പൂന്തോട്ടമുണ്ടാക്കി പൂച്ചെടികള്‍ വച്ചുപിടിപ്പിച്ച്...അങ്ങനെയങ്ങനെ കുറേ സ്വപ്നങ്ങള്‍ എനിക്കുണ്ടായിരുന്നു. പക്ഷേ അപകടം എന്റെ സ്വപ്നങ്ങളെയെല്ലാം മാറ്റിമറിച്ചു. ഇതെല്ലാം ലൗകികമായ മോഹങ്ങളാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇന്നെനിക്ക് അത്തരം സ്വപ്നങ്ങളൊന്നുമില്ല. സമൂഹത്തിന് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കണം എന്നുമാത്രമേ ഞാനിന്ന് ലക്ഷ്യം വക്കുന്നുള്ളൂ. അതിന് വേണ്ടിയാണ് ഞാനിന്ന് ശ്രമിക്കുന്നതും.

2011, ഡിസംബര്‍ 2

2011 ഡിസംബര്‍ രണ്ടിനാണ് അത് സംഭവിച്ചത്..എന്റെ ടുവീലറില്‍ ജോലിക്കായി പോവുകയായിരുന്നു ഞാന്‍. റോഡില്‍ നല്ല തിരക്കുള്ള സമയമായിരുന്നു.സ്വതവേ തിരക്കുള്ള ജംഗ്ക്ഷനില്‍ വച്ച് ഒരു ട്രക്ക് എന്റെ ടൂവീലറിനെ ഇടിച്ച് തെറിപ്പിച്ചു. ആ ട്രക്കിന്റെ പിന്‍ചക്രങ്ങള്‍ എന്റെ കാലിലൂടെ കയറിയിറങ്ങി. അവിടെയുണ്ടായിരുന്നവരെല്ലാം ഓടിക്കൂടി. അവരെല്ലാവരും ചേര്‍ന്ന് എന്നെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചു. ഞാനിന്നുമോര്‍ക്കുന്നുണ്ട് അക്കൂട്ടത്തില്‍ സ്വര്‍ണ്ണിമ ദേവദാസ് എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയുണ്ടായിരുന്നത്. അവള്‍ക്കന്ന് പരീക്ഷയായിരുന്നു. പരീക്ഷ പോലും എഴുതേണ്ടെന്ന് തീരുമാനിച്ച് എന്നെ ആസ്പത്രിയിലെത്തിക്കാനും മുഴുവന്‍ സമയവും എനിക്കൊപ്പം കൂട്ടിരിക്കാനും അവള്‍ തയ്യാറായി. എന്റെ അടുത്ത സുഹൃത്തിന്റെ അച്ഛനും അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നു. എനിക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ സഹായവുമായി നിന്നവരാണ് ഇവരെല്ലാം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

ഇരുട്ടുനിറഞ്ഞ ആ ദിവസങ്ങള്‍

നമ്മുടെ കഷ്ടപ്പാടുകളില്‍ എന്നും നമ്മുടെ പ്രിയപ്പെട്ടവര്‍ മാത്രമാണ് നമുക്കൊപ്പമുണ്ടാകുക..നമ്മളെ സന്തോഷിപ്പിക്കാന്‍ അവര്‍ മാത്രമേ ഉണ്ടാകൂ..എന്റെ കാര്യത്തില്‍ കുടുംബവും കൂട്ടുകാരും തന്നെയായിരുന്നു എനിക്ക് പിന്തുണ തന്നത്. അതവര്‍ ഇന്നും തുടരുന്നു. അവരുടെ പോസിറ്റീവ് എനര്‍ജി എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു സാഹചര്യങ്ങളെ പോസറ്റീവായി കാണാന്‍ അതെന്നെ സഹായിച്ചു. മുന്നോട്ടുളളതായിരുന്നു എന്റെ ആ ദിനങ്ങള്‍. ഞാനനുഭവിക്കുന്ന പ്രയാസങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞിരിക്കില്ലെന്ന് എനിക്കുറപ്പാണ് പക്ഷേ ഒരിക്കല്‍ പോലും അവരാരും അവരുടെ വേദന എന്റെ മുന്നില്‍ പ്രകടിപ്പിച്ചിട്ടില്ല. ഞാന്‍ ഇന്ന് മനസ്സിലാക്കുന്നുണ്ട് എനിക്ക് ചുററുമുണ്ടായിരുന്ന ആളുകളുടെ നന്മയാണ്, അവര്‍ നല്‍കിയ പോസിറ്റീവ് എനര്‍ജിയാണ് ഇന്നത്തെ അവസ്ഥയില്‍ എന്നെ എത്തിച്ചതെന്ന്.

വീണ്ടും കോര്‍ട്ടിലേക്ക്

ആസ്പത്രിവാസത്തിനും ചികിത്സക്കും ശേഷം ബാഡ്മിന്റണ്‍ കളിക്കാന്‍ ഞാന്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എന്റെ സഹോദരന്‍ ഒരുദിവസം എന്നെ കോര്‍ട്ടിലേക്ക് കൊണ്ടുപോയി. ഞങ്ങളൊന്നിച്ച് അന്നവിടെ ബാഡ്മിന്റണ്‍ കളിച്ചു. എനിക്കിന്നും ഓര്‍മയുണ്ട് ഞാന്‍ ആദ്യമായി റാക്കറ്റ് പിടിച്ചതും നടക്കാന്‍ പഠിച്ചപ്പോള്‍ ഞാന്‍ പ്രയാസപ്പെട്ടതും അങ്ങനെയെല്ലാം. സഹോദരനൊപ്പം എന്റെ സഹോദരിയും എന്നെ എന്തെങ്കിലും പുതുതായി ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.

പരിശീലനമുണ്ടെങ്കില്‍ എന്തും അനായാസം

എന്നും രാവിലെ 4.30 ഞാന്‍ ഉണരും. പരിശീലനം ആരംഭിക്കും. ആദ്യം യോഗ പിന്നെ ബാഡ്മിന്റണ്‍ പ്രാക്ടീസ് എന്ന രീതിയിലാണ് പരിശീലനം ആരംഭിച്ചത്. എട്ടരവരെ അത് തുടരും അതിന് ശേഷം ഓഫീസിലേക്ക്. ഓഫീസില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ സമയം കിട്ടുകയാണെങ്കില്‍ വീണ്ടും പരിശീലനത്തിനിറങ്ങും. പരിശീലന സമയം അല്പം കടുത്തതാതായിരുന്നതിനാല്‍ ആദ്യമെല്ലാം ഞാന്‍ വളരെയധികം ക്ഷീണിതയായിരുന്നു. പക്ഷേ പിന്നീട് അത് ഒരു ശീലമായി. എന്റെ ടൈറ്റ് ഷെഡ്യൂളിനെ സ്നേഹിക്കാന്‍ തുടങ്ങി. പതുക്കെ പതുക്കെ ദിവസം മുഴുവന്‍ ഫ്രഷായിരിക്കാന്‍ തുടങ്ങി.

സഹോദരനായിരുന്നു എന്റെ കോച്ച്

എന്റെ കോച്ച് എന്റെ സഹോദരന്‍ തന്നെയായിരുന്നു. കുഞ്ജന്‍ ജോഷി. അദ്ദേഹം ഒരു ബാഡ്മിന്റണ്‍ കളിക്കാരനാണ്. എപ്പോഴും എന്നെ പ്രോത്സാഹിപ്പിക്കുകയും കളിയുമായി പൊരുത്തപ്പെടാന്‍ വേണ്ട പ്രേരണകള്‍ നല്‍കുകയും ചെയ്തുകൊണ്ടിരുന്നത് അദ്ദേഹമാണ്. യുട്യൂബില്‍ കളിയുടെ വീഡിയോകള്‍ കണ്ട് പഠിച്ച് അതിനനുസരിച്ച് ഞങ്ങള്‍ പരിശീലനം നടത്തുമായിരുന്നു.

പാര അത്ലറ്റ്സിനോട് ഇന്ത്യയുടെ സമീപനം

ഇന്ത്യയില്‍ പാര അത്ലറ്റിക്സിന് തന്നെ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം ഒരു സ്പോര്‍ട്ട് ഇനമുണ്ട് എന്ന് അറിയാവുന്ന ആളുകള്‍ വളരെ കുറവാണ്. അതിന് വേണ്ടി പണം മുടക്കുന്നവര്‍ കുറവാണ്. മത്സരങ്ങള്‍ കാണാനുള്ള അവസരം കുറവാണ്. എന്റെ അഭിപ്രായത്തില്‍ സര്‍ക്കാരും മാധ്യമങ്ങളും പാര അത്ലറ്റ്സിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ ശ്രമിക്കണം. പ്രചാരം നല്‍കണം. ഇന്ന് ക്രിക്കറ്റിനെല്ലാം നല്‍കുന്ന ഒരു പ്രധാന്യമുണ്ടല്ലോ അത് പാര സ്പോര്‍ട്സിനും ലഭിക്കണം. പാര അത്ലറ്റിന് ലോകത്തെവിടേയും വേണ്ടത്ര അംഗീകാരം ലഭിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ മാറ്റങ്ങള്‍ക്കുള്ള ഉചിതമായ സമയം ഇത് തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്.

ഭിന്നശേഷിക്കാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഇന്ത്യയില്‍ കുറവാണ്

ഇന്ത്യ ഒരിക്കലും അംഗപരിമിതി ഉള്ളവര്‍ക്ക് അനുകൂലമായ ഒരിടമല്ല. ഇവിടുത്തെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എല്ലാം മാറാനുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്പെടുന്ന രീതിയിലുള്ള അവരുടെ അഭിരുചികള്‍ സാധിച്ചുകൊടുക്കുന്ന രീതിയിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ നാം കൊണ്ടുവരണം.

ഇഷ്ടങ്ങള്‍ ഏറെയുണ്ട്

ബാഡ്മിന്റണ് പുറമേ ഞാനിപ്പോല്‍ സ്‌കൂബാ ഡൈവിംഗില്‍ പരിശീലനം നേടിക്കഴിഞ്ഞു. എനിക്കിങ്ങനെ വസ്തുക്കള്‍ ശേഖരിച്ച് വക്കുന്നത് വലിയ താല്പര്യമാണ്. സ്റ്റാമ്പ്, നാണയങ്ങള്‍, കാര്‍ഡുകള്‍, എന്നിവയൊക്കെ ഞാന്‍ ശേഖരിക്കാറുണ്ട്. അതിന് പുറമേ പാചകം, ഗാര്‍ഡനിങ് എന്നിവയൊക്കെ ഇഷ്ടമാണ്. മറ്റൊരിഷ്ടം യാത്രകളാണ്. പുതിയ സ്ഥലങ്ങള്‍ കാണാനും പുതിയ ആളുകളെ പരിചയപ്പെടുന്നതും എനിക്കിഷ്ടമാണ്.

സമയമെടുത്തേക്കാം, പക്ഷേ പുറത്തുവന്നേ മതിയാകൂ

പ്രതിസന്ധികളെ നേരിടാന്‍ ഓരോരുത്തര്‍ക്കും അവരുടേതായ സമയം ആവശ്യമാണ്. ഞാന്‍ ചിന്തിക്കുന്നത് പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ ഓരോരുത്തരും അവരുടേതായ സമയം എടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ അതോടൊപ്പം മുന്നോട്ട് നോക്കാനും ചിന്തിക്കാനും തയ്യാറാകണം. അതിന് കഴിഞ്ഞാല്‍ ഏത് പ്രതിസന്ധിയില്‍ നിന്നും വളരെ എളുപ്പത്തില്‍ തന്നെ പുറത്തെത്താന്‍ സാധിക്കും.

(പുന:പ്രസിദ്ധീകരണം)

Content Highlights: Manasi Joshi has won gold in Para-badminton World Championships

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram