പ്രണയം, തീപ്പൊള്ളല്‍, മോഡലിങ്... തീയില്‍ കുരുത്ത കരുത്തുമായൊരു പെണ്‍കുട്ടി


By വിഷ്ണു കോട്ടാങ്ങല്‍

4 min read
Read later
Print
Share

റാമ്പില്‍ നടക്കണം, കുറച്ച് ഫോട്ടോസ് എടുക്കണം. ഇതൊക്കെയായിരുന്നു ആഗ്രഹം

ചിത്രങ്ങൾ: പ്രവീൺ ദാസ് എം.

പ്രണയം, തീപ്പൊള്ളല്‍, വിവാഹം, ബിസിനസ്, മോഡലിങ് .... ഉയര്‍ന്നും താഴ്ന്നും ലാല്‍കൃഷ്ണയുടെ ജീവിതരേഖ ഇങ്ങനെ പോകുന്നു. 35 ശതമാനം പൊള്ളലേറ്റ ലാല്‍കൃഷ്ണ എന്ന പെണ്‍കുട്ടി ജീവിതവും സ്വപ്നങ്ങളും തിരിച്ചുപിടിച്ച കഥയാണ് ഇത്. പേരുപോലെ ചുവപ്പണിഞ്ഞ പ്രതിസന്ധിയുടെ കാലമുണ്ടായിരുന്നു ഇവള്‍ക്ക്. സ്വപ്നങ്ങളെ പൊള്ളിച്ച അപകടവും അതിന് ശേഷം ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റതുമൊക്കെ ഇന്നലെ നടന്നതുപോലെ ഓര്‍മിക്കുകയാണ് ലാല്‍ കൃഷ്ണ.

പൊള്ളലേറ്റ ശരീരം കൊണ്ട് സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചു. പ്രതിസന്ധിയിലും നല്ലപാതിയായി ഭര്‍ത്താവ് ബിബിലും കൂടെ നിന്നതോടെ ലാല്‍കൃഷ്ണ കൂടുതല്‍ സ്വപ്നങ്ങള്‍ കാണുകയാണ്.

ചിറകുകള്‍ കരിച്ച തീപ്പൊള്ളല്‍

ഒരു സാധാരണക്കാരിയായ നാട്ടിന്‍പുറത്തുകാരി. എയര്‍ ഹോസ്റ്റസാവുക, മോഡലാവുക, റാംപ് വോക്ക് ചെയ്യണം തുടങ്ങിയവയായിരുന്നു എന്റെ ആഗ്രഹങ്ങള്‍. എല്ലാ സ്ത്രീകളെയും പോലെ ജോലി കിട്ടി സെറ്റിലായിട്ട് മതി വിവാഹം എന്ന വാശിയിലായിരുന്നു. അതുകൊണ്ട് തന്നെ അതിന് വേണ്ടി തന്നെ വിവാഹം കുറച്ചുനാളേക്ക് മാറ്റിവെച്ചു.

പഠനം കഴിഞ്ഞപ്പോള്‍ ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫായി ജോലികിട്ടി. ഒരു വര്‍ഷം അവിടെ ജോലിചെയ്തു. പിന്നീട് നാട്ടിലേക്ക് തിരികെ പോന്നു. പഠിച്ച കോഴ്സ് തന്നെ പഠിപ്പിക്കാനായി പോയി.

2017ല്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സമയത്താണ് ബിബിലിനെ കണ്ടുമുട്ടിയത്. ആ പരിചയം സൗഹൃദത്തിലേക്കും പിന്നീടത് പ്രണയമായും വളര്‍ന്നു. ഇനിയുള്ള യാത്രയില്‍ ഒരുമിച്ച് സഞ്ചരിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഈക്കാര്യം വീട്ടിലറിയിച്ചു. എല്ലാവരുടെയും ആശിര്‍വാദത്തോടെ വിവാഹത്തിന് ഒരുങ്ങി. നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ഞങ്ങള്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്.

ലാല്‍കൃഷ്ണയും ഭര്‍ത്താവ് ബിബിലും
ലാല്‍കൃഷ്ണയും ഭര്‍ത്താവ് ബിബിലും

അങ്ങനെ 2019 ഡിസംബര്‍ 15ന് വിവാഹത്തിന് തിയതി കുറിച്ചു.അതിന് ശേഷമാണ് ജീവിതം മാറിമറിഞ്ഞ അപകടമുണ്ടായത്. ജൂലൈയിലെ ഒരു അവധി ദിവസം വീടുമുഴുവന്‍ അടിച്ചും തുടച്ചും വൃത്തിയാക്കി വെയിസ്റ്റ് കത്തിക്കാന്‍ പറമ്പിലേക്കിറങ്ങി. കുളിക്കുന്നതിന്റെ മുന്നോടിയായി കൈയിലും കാലിലും തലമുടിയിലുമെല്ലാം എണ്ണയും പുരട്ടിയിരുന്നു. കര്‍ക്കടക വാവിന്റെ സമയത്തായിരുന്നു അത്.

എല്ലാം കത്തിച്ചുകൊണ്ടിരിക്കെ എന്തോ പൊട്ടിത്തെറിച്ച് ദേഹത്തേക്ക് വന്ന് വീഴുകയായിരുന്നു. എണ്ണയും മറ്റും തേച്ച് നിന്നിരുന്നതുകൊണ്ടാകും പെട്ടെന്ന് തീ ദേഹത്തേക്ക് പടര്‍ന്നുകയറി. പെട്ടെന്നുണ്ടായ ഷോക്കില്‍ പതറിയെങ്കിലും വീട്ടിനുള്ളിലേക്ക് ഓടിക്കയറി ബെഡ്ഷീറ്റെടുത്ത് ദേഹം പൊതിഞ്ഞ് തീകത്തുന്നത് നിര്‍ത്തി. അപ്പോള്‍ അങ്ങനെ ചെയ്യാനാണ് തോന്നിയത്.

പിന്നെ അച്ഛനെ വിളിച്ച് വിവരം അറിയിച്ചു. അയല്‍വാസികളുടെ സഹായത്തോടെ എന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അല്പം ഗുരുതരമായിരുന്നു എന്റെ അവസ്ഥ. 35 ശതമാനം പൊള്ളലേറ്റിരുന്നു. മൂന്നുമാസം ഐ.സിയുവില്‍ ആയിരുന്നു. ശ്വാസകോശത്തിലും മറ്റും തീപ്പൊള്ളലിന്റെ അനന്തര ഫലങ്ങളെത്തി.

ശസ്ത്രക്രിയകളും സ്‌കിന്‍ ഗ്രാഫ്റ്റിങ്ങും മറ്റുമായി പിന്നെയും ആശുപത്രിയില്‍ തുടര്‍ന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കഴക്കൂട്ടത്തുള്ള എ.ജെ. ഹോസ്പിറ്റലില്‍ വീണ്ടും കുറച്ചുദിവസങ്ങള്‍. നെഞ്ചിലും കൈയിലും ഒക്കെയുണ്ടായിരുന്ന മുറിവ് എന്നിട്ടും ഉണങ്ങിയിരുന്നില്ല.

ലാല്‍കൃഷ്ണയും ഭര്‍ത്താവ് ബിബിലും
ലാല്‍കൃഷ്ണയും ഭര്‍ത്താവ് ബിബിലും

ഒന്ന് അനങ്ങാനോ തിരിഞ്ഞുകിടക്കാനോ പറ്റുന്നില്ല. വസ്ത്രം ഇടാന്‍ പോലും കഴിയാത്ത അവസ്ഥ. തുടര്‍ന്നാണ് അച്ഛന്‍ ജോലിചെയ്യുന്ന കണിയാപുരത്ത് ഷിഫാ ഹോസ്പിറ്റലിലെ ഡോക്ടര്‍ അബ്ദുല്‍ സലിമിന്റെ ചികിത്സ തേടിയത്. അദ്ദേഹമാണ് വിവാഹത്തിന് മുമ്പ് എന്നെ റെഡിയാക്കി എടുത്തത്. ഏകദേശം ഒരുവര്‍ഷത്തോളം ആശുപത്രിയില്‍ തന്നെയായിരുന്നു കൂടുതലും.

പുതിയ ചുവടുകള്‍ പുതിയ ജീവിതം

എല്ലാവരുടെയും ജീവിതം മാറിമറിയുന്ന ഒരു സമയമുണ്ടാവില്ലെ. അതുപോലെ എന്റെയും ജീവിതം മാറ്റിമറിച്ചതായിരുന്നു ആ അപകടം. എന്നെ പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചതും പൊള്ളലേറ്റ ശരീരത്തിന്റെ അപകര്‍ഷതാ ബോധത്തില്‍ നിന്ന് പുറത്തുകടത്തിയതും ഭര്‍ത്താവ് ബിബിലായിരുന്നു.

മോഡലിങ്ങിനോട് ചെറിയ പാഷന്‍ നേരത്തെയുണ്ടായിരുന്നു. അതൊക്കെ എന്താണെന്ന് പരിചയപ്പെടണമെന്ന ആഗ്രഹം മനസില്‍ പണ്ടുമുതലേയുണ്ടായിരുന്നു. അപ്പോ ഞാനത് ഹസ്ബന്റിനോട് പറഞ്ഞു. അക്കാര്യം നോക്കാമെന്ന് പറഞ്ഞെങ്കിലും നടക്കുമെന്ന് എനിക്കും വിശ്വാസമുണ്ടായിരുന്നില്ല. മോഡലുകള്‍ എന്നു പറയുമ്പോള്‍ നമ്മള്‍ കാണുന്നത് സൗന്ദര്യവും ശരീര ഭംഗിയുമാണ്. എല്ലാവരും സ്വന്തം ശരീരത്തെ തിളക്കമുള്ളതാക്കി നിര്‍ത്തി മേഖലയില്‍ പിടിച്ചുനില്‍ക്കുന്നവരാണ്.

അതുകൊണ്ട് തന്നെ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഇതൊക്കെ നടക്കുമോ, പോയാലും നാണം കെട്ട് തിരികെ പോരേണ്ടി വരില്ലെ ഇതൊക്കെ ആയിരുന്നു എന്റെ മനസില്‍. അപ്പോഴും ഹസ്ബന്റ് കൂടെ നിന്നു. അങ്ങനെ ഇരിക്കെയാണ് ഒരു പോസ്റ്റര്‍ കാണുന്നതും അതിലെ നമ്പര്‍ കണ്ട് വിളിച്ചതും. മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ വിവരങ്ങളൊക്കെ അവരെ അറിച്ചു. ഞാനൊരു ബേണ്‍ സര്‍വൈവറാണ്, എന്റെ ദേഹത്തൊക്കെ അതിന്റെ പാടുകളുണ്ട് എന്നൊക്കെ അറിയിച്ചു.

അപ്പോഴാണ് അതിലൊന്നും വലിയ കാര്യമില്ല, നിങ്ങളുടെ ആത്മവിശ്വാസവും കഴിവുമാണ് ഇതില്‍ പരിഗണിക്കുക എന്നാണ് അവര്‍ അറിയിച്ചത്. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ മനസില്‍ ഉറപ്പിച്ചു. എന്തിനും ഏതിനും കൂടെ നിന്നത് ബിബിലാണ്. എനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ സമ്മാനിച്ചു. അങ്ങനെ അതില്‍ പങ്കെടുത്ത് രണ്ട് ടൈറ്റില്‍ വിന്‍ ചെയ്തു.

റാമ്പില്‍ നടക്കണം, കുറച്ച് ഫോട്ടോസ് എടുക്കണം. ഇതൊക്കെയായിരുന്നു ആഗ്രഹം. സമ്മാനങ്ങള്‍ വാങ്ങണമെന്ന് അന്ന് ആഗ്രഹമില്ലായിരുന്നു. ആ ഫാഷന്‍ ഷോയില്‍ മിസ്സിസ് കാറ്റഗറിയില്‍ മിസിസ് റാംപ് വോക്ക്, മിസിസ്സ് ബോഡി ബ്യൂട്ടിഫുള്‍ എന്നിങ്ങനെ രണ്ട് ടൈറ്റില്‍ വിന്‍ ചെയ്യാന്‍ കഴിഞ്ഞു.

അതിന് ശേഷം കഴിഞ്ഞ ഡിസംബറില്‍ ഒരു വിര്‍ച്വല്‍ പേജ് എന്‍ട്രില്‍ പങ്കെടുത്തു. ടൈംസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഗോ ഗ്ലോറിയസ് എന്നായിരുന്നു അതിന്റെ പേര്. അതില്‍ 1200 പേരില്‍ നിന്ന് ആദ്യ 50ല്‍ സ്ഥാനം പിടിച്ചു. ഇപ്പോ മിസ് ആന്‍ഡ് മിസിസ് സൂപ്പര്‍മോഡല്‍ ഫെയിം ഏഷ്യ എന്ന പേജ് എന്‍ട്രിയില്‍ മിസ് ദിവ 2021 എന്ന ടൈറ്റില്‍ വിന്‍ ചെയ്തു.

ഭാവിയിലേക്ക് ചിറകുകള്‍ വിടര്‍ത്തി

പ്രതിസന്ധിയുടെ സമയത്തും കൂടെനിന്ന ബിബിലും വീട്ടുകാരും എന്റെ രക്ഷിതാക്കളും പിന്നെ പ്രിയ സുഹൃത്ത് അഞ്ജലി ഇവരൊക്കെയാണ് എന്റെ കരുത്ത്. അവരൊക്കെ എന്നെ നന്നായി പിന്തുണച്ചു.

ഇനി ഭാവി പദ്ധതിയെന്താണെന്ന് വെച്ചാല്‍ ഞാനും ഭര്‍ത്താവും കൂടെ കുറെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. കപ്പിള്‍ ഡ്രസുകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനൊപ്പം ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മാണവും വിതരണവും പ്ലാന്‍ ചെയ്തിട്ടുണ്ട്. അതിനൊപ്പം മോഡലിങ്ങും ഒരു കരിയറായി തന്നെ മുന്നോട്ടുകൊണ്ടുപോണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതെല്ലാം കൂടെ ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍.

Content Highlights: Lal krishna inspiring women inspiring life story, Women

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram