ഫോട്ടോ- വിവേക് ആർ.നായർ
ഭരതനാട്യം എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതും അഹങ്കരിക്കാവുന്നതുമായ കലാകാരിയും സാധാരണക്കാരുടെ മനസ്സില്‍ ഒറ്റ സ്വരത്തില്‍ ഓര്‍ക്കുന്ന നര്‍ത്തകിയുമാണ് ഡോ.രാജശ്രീ വാരിയര്‍. ഭരതനാട്യത്തിന്റെ ആസ്വാദനശീലങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരികയും,നൃത്ത അഭ്യസനത്തിലും,അവതരണത്തിലും സംവിധാനത്തിലും നിരവധി നവീനരീതികള്‍ പരീക്ഷിക്കുകയും ചെയ്തു.
കുട്ടികള്‍ക്ക് ഭരതനാട്യം എന്തെന്ന് മനസിലാക്കാന്‍ ജാതക കഥകളിലൂടെയും പഞ്ചതന്ത്രം കഥകളിലൂടെയും,കൂടുതല്‍ സങ്കീര്‍ണമല്ലാത്ത രീതിയില്‍, ഭാരതനാട്യത്തിന്റെ ഹസ്തമുദ്രകളും മുഖാഭിനയവും ശരീരചലനങ്ങളും കുറച്ചൊക്കെ പദഭേദങ്ങളും ഉള്‍കൊള്ളുന്ന ഒരു നൃത്താവിഷ്‌കാരത്തെ കൊണ്ടുവരികയാണ് നര്‍ത്തകി. ഗ്രേറ്റ് ഇന്ത്യന്‍ സ്റ്റോറീസ് എന്നപേരില്‍. 'നര്‍ത്തകിക്ക് ജീവിക്കുന്ന കാലത്തോട് കടപ്പാടും ഉത്തരവാദിത്തവും ഉണ്ട്, അത് നൃത്തത്തിലൂടെ പ്രകടിപ്പിക്കണം.' രാജശ്രീ വാരിയര്‍ പറയുന്നു.
കുട്ടികളും രക്ഷിതാക്കളും ഗ്രേറ്റ് ഇന്ത്യന്‍ സ്റ്റോറീസിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.
രണ്ടു വര്‍ഷം മുന്‍പേ ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ സ്റ്റോറിസ് അന്ന് യൂട്യുബിലും കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ചാനലിലും ഇട്ടിരുന്നെകിലും അതിനു വേണ്ടി മാത്രമായി വേറെ പ്രൊമോഷണല്‍ ആക്ടിവിറ്റീസ് ഒന്നും തന്നെ ചെയ്തിരുനില്ല. ഇപ്പോള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ എന്നെ കോണ്‍ടാക്ട് ചെയുകയും ഇപ്പോള്‍ ആ വീഡിയോസ് യൂട്യൂബില്‍ കാണുന്നില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. അതോടെയാണ് വീണ്ടും എല്ലാ വീഡിയോസും നാട്യ സൂത്ര എന്ന ഓണ്‍ലൈന്‍ പേജില്‍ അപ്‌ലോഡ് ചെയ്തത്. കുട്ടികള്‍ക്ക് വേണ്ടി വളരെ ലളിതമായ രീതിയില്‍ ഭരതനാട്യത്തിന്റെ ഹസ്തമുദ്രകളും മുഖാഭിനയവും ശരീരചലനങ്ങളും കുറച്ചൊക്കെ പദഭേദങ്ങളും ഉള്‍കൊള്ളുന്ന ഒരു നൃത്ത ശൈലിയിലൂടെ പഞ്ചതന്ത്രം കഥകളെ അവതരിപ്പിക്കുകയാണ് ഗ്രേറ്റ് ഇന്ത്യന്‍ സ്റ്റോറിസില്‍ ചെയ്യുന്നത്. കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ വര്‍ണ്ണാഭമായ അവതരണമായിരിക്കും അവരുടെ മനസ്സില്‍ പെട്ടന്ന് ഇടംപിടിക്കുക. ഗ്രേറ്റ് ഇന്ത്യന്‍ സ്റ്റോറിസില്‍ നൃത്തത്തോടൊപ്പം രചനയും ശബ്ദവും നല്‍കിയിയത് ശോഭ തരൂര്‍ ശ്രീനിവാസന്‍ ആണ്. ഇംഗ്ലീഷിലാണ് കഥയുടെ ആഖ്യാനം.

പാരമ്പര്യ കലാരൂപങ്ങളിലേക്കു പരമ്പരാഗത വിഷയങ്ങള്‍ കൊണ്ടു വരുമ്പോള്‍ മറ്റു കലാകാരന്മാര്‍ക്കിടയില്‍ സ്വീകാര്യതയുണ്ടോ
എക്കാലത്തും പാരമ്പര്യത്തിനോടൊപ്പം സമകാലിക പ്രസക്തിയുള്ള ആശയങ്ങള്‍ കൂടി ചേര്‍ന്നത് കൊണ്ടാണു കലാരൂപങ്ങള്‍ ഇന്നും ക്ലാസിക്കല്‍ കലാരൂപങ്ങളായി നിലനില്‍ക്കുന്നത്. കല ഒരു ഒഴുക്കു പോലെയാണ് അതില്‍ അതത് കാലങ്ങളിലെ ചില സൂചകങ്ങള്‍ കൂടി കലര്‍ന്നിരിക്കും. ഗ്രേറ്റ് ഇന്ത്യന്‍ സ്റ്റോറീസിനെ സംബന്ധിച്ചടത്തോളം പഞ്ചതന്ത്രം കഥകളും ജാതക കഥകളുമെല്ലാം കുട്ടികള്‍ക്ക് വേണ്ടി ഭാരതീയ സംസ്‌കാരത്തില്‍ ഉടലെടുത്തവയാണ്. ഭരതനാട്യത്തിന്റെ ശൈലിയില്‍ മാറ്റങ്ങള്‍ വരുത്താതെ അതു കുട്ടികള്‍ക്കു വേണ്ടി വളരെ ലളിതമായി അവതരിപ്പിച്ചു.
കലോത്സവ വേദികളില്‍ നിന്ന് പിന്നീടു നൃത്തത്തെ വളരെ ഗൗരവത്തോടെ കാണുന്ന നര്‍ത്തകര്‍ ഉണ്ടാകുമോ?
കലോത്സവത്തിനു അപ്പുറം നൃത്തത്തെയും സംഗീതത്തെയും ജീവിതത്തിന്റെ ഭാഗമാക്കുക എന്ന തോന്നല്‍ കുട്ടികളുടെ മനസ്സില്‍ വന്നിട്ടുണ്ട്. പക്ഷെ ഇപ്പോഴത്തെ ജീവിതാന്തരീക്ഷത്തില്‍ നൃത്തം മാത്രമായി മുന്‍പോട്ടു പോകുക പ്രായോഗികമല്ല. മറ്റൊരു പ്രൊഫെഷനോടൊപ്പം കലയെ ഒരുമിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ട്. ഇന്നത്തെ കുട്ടികളില്‍ ഉള്ള ഒരു പോരായ്മ പല പ്രശസ്തരായ നര്‍ത്തകരെയും റോള്‍ മോഡല്‍സ് ആയി മനസ്സില്‍ പ്രതിഷ്ഠിക്കും. അവരുടെ ശരീര ചേഷ്ടകള്‍ അനുകരിച്ചു വെറും ക്ലോണുകളായി മാറും. അതൊരു അപകടമാണ്. 'ക്ലാസിക്കല്‍ കലാരൂപങ്ങളെ സംബന്ധിച്ചു സ്വന്തമായ വഴിയേ സാധ്യമാവുള്ളൂ അതിനു മാത്രമേ നിലനില്‍പ്പുള്ളൂ.
നൃത്ത പഠനത്തിന് പ്രായപരിധിയുണ്ടോ?
മനസുകൊണ്ട് വളരെ ഗൗരവമായി സമീപിക്കുന്ന വീട്ടമ്മമാര്‍ എന്റെ വിദ്യാഥികളായി തുടരുന്നുണ്ട്. ഇവരില്‍ പലരും നൃത്തത്തെ വളരെ ആത്മാര്‍ത്ഥതയോടെ ഉപാസിക്കുന്നവരാണ്. നാട്യ രൂപത്തിന്റെ ഭാഷ അറിയാന്‍ ഒരു അടിസ്ഥാനം ആവശ്യമാണ്. അതിനു തയ്യാറായി പലരും എന്ന സമീപിക്കാറുണ്ട്.
സ്വന്തം ജീവിതത്തില്‍ നിന്ന് സ്ത്രീകളോട് പറയാന്‍ ഉള്ളത്
ഏതു പ്രായത്തില്‍ ആയാലും നമ്മുടെ ഉള്ളിലെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുക.
Content Highlights: Interview with Rajasree Warrier