സ്വപ്നവേദിയായ തിരുവനന്തപുരം നിശാഗന്ധിയില്‍ ഭരതനാട്യം അവതരിപ്പിച്ച ശേഷം നടത്തിയ സംഭാഷണത്തിനിടയില്‍ അപ്രതീക്ഷിതമായ ഒരു ശുഭ വാര്‍ത്ത അവരെ തേടിയെത്തി. അവര്‍ ഇനി മുതല്‍ പത്മശ്രീ ഡോ. നര്‍ത്തകി നടരാജ് എന്നറിയപ്പെടും. (ഈ മനോഹരമായ നിമിഷത്തില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ മാതൃഭൂമിക്കും സന്തോഷമുണ്ട്.) ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയാണ് ഡോ. നര്‍ത്തകി നടരാജ്.
ഓരോ വിജയത്തിലും നര്‍ത്തകി നടരാജ് ചേര്‍ത്ത് പിടിക്കുന്നത് സുഹൃത്ത് ശക്തിയെയാണ്. തമിഴ് നാട്ടിലെ മധുരയില്‍ പുരുഷ ശരീരങ്ങളില്‍ സ്ത്രീയുടെ മനസ്സുമായി പിറവിയെടുത്ത ഇരുവരും കുട്ടികാലം മുതല്‍ക്കേ കൊണ്ടുനടന്ന മോഹമാണ് നൃത്തം അഭ്യസിക്കണമെന്നുള്ളത്. സ്വത്വത്തിന്റെ പേരില്‍ കടുത്ത വിവേചനവും പീഡനങ്ങളും അപമാനവും നേരിടേണ്ടി വന്നെങ്കിലും തളരാതെ ഇവര്‍ അന്വേഷിച്ചുകോണ്ടേയിരുന്നു, തങ്ങളെ പഠിപ്പിക്കാന്‍ തയ്യാറാകുന്ന ഒരു ഗുരുവിനായി. ഒടുവില്‍ നൃത്തത്തിനോടുള്ള അമിതതാത്പര്യം ബോധ്യമായ തഞ്ചാവൂര്‍ കെ.പി. കിട്ടപ്പാ പിള്ളൈ നിറഞ്ഞമനസോടെ നര്‍ത്തകി നടരാജിനെ ശിഷ്യയായി സ്വീകരിച്ചു. പ്രോത്സാഹനവും പിന്തുണയുമായി ശക്തി ഒപ്പം നിന്നു. പേരുകേട്ട തഞ്ചാവൂര്‍ നൃത്തചതുഷ്‌ക തലമുറയില്‍പ്പെട്ട കിട്ടപ്പാ പിള്ളൈ പ്രിയ വിദ്യാര്‍ത്ഥിനിക്ക് ഭരതനാട്യത്തിലെ അപൂര്‍വ അവതരണങ്ങളും പഠിപ്പിച്ചുകൊടുത്തു. ഗുരുവുന്റെ 15 വര്‍ഷത്തെ ശിക്ഷണവും അദ്ദേഹംസമ്മാനിച്ച 'നര്‍ത്തകി' എന്ന പേരുമാണ് തന്റെ ജീവിതത്തിനു അര്‍ത്ഥമുണ്ടാക്കിയതെന്ന് നര്‍ത്തകി നടരാജ് പറയുന്നു. ഭരതനാട്യത്തില്‍ നായകി ഭാവത്തിലാണ് നര്‍ത്തകി നടരാജ് ശ്രദ്ധ കേന്ദ്രീകരിച്ചിരുക്കുന്നത്. നൃത്തലോകത്ത് ഇവര്‍ 'ഭരതനാട്യം സൂപ്പര്‍സ്റ്റാര്‍' എന്നാണ് അറിയപ്പെടുന്നത്.
'ഞങ്ങള്‍ക്കല്ല പ്രശ്‌നം, സമൂഹത്തിന്റെ കാഴ്ചപ്പാടിനാണ്. ഇത് എന്റെ ആത്മാവിന്റെ പ്രയാണമാണ്. അതെങ്ങനെയാണ് നിങ്ങളെ ബാധിക്കുക? എന്റെ ഭാഗത്തുനിന്നും ഒരു ബുദ്ധിമുട്ടും നിങ്ങള്‍ക്ക് ഉണ്ടാകുന്നില്ല. തെറ്റൊന്നും ചെയ്യാത്ത ഞങ്ങളെ പിന്നെ എന്തിനാണ് സമൂഹം ശിക്ഷിക്കുന്നത്? ഞങ്ങളും സമൂഹത്തിന്റെ ഭാഗമാണ്, നിയമ വ്യവസ്ഥകള്‍ എല്ലാം ഞങ്ങള്‍ക്കും ബാധകമാണ്', ട്രാന്‍സ്‌ജെന്‍ഡര്‍ ജനതയ്ക്കുവേണ്ടി അഭിപ്രായങ്ങള്‍ പങ്കുവച്ച നര്‍ത്തകി നടരാജ് പറയുന്നു 'ഞങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജനതയ്ക്കുവേണ്ടത് നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത് സഹാനുഭൂതിയാണ്'.
സ്വത്വത്തിന്റെ പേരില്‍ അറിയപ്പെടുന്നതിനെക്കാള്‍ ഒരു നല്ല മനുഷ്യനായി അറിയപ്പെടണമെന്നാണ് നര്‍ത്തകി നടരാജ് എപ്പോഴും ആഗ്രഹിക്കുന്നത്. സഹതാപത്തിന്റെ പേരിലാകരുത് മറിച്ച് കഴിവിന്റെ മാത്രം അടിസ്ഥാനത്തിലാകണം താന്‍ അംഗീകരിക്കപ്പെടേണ്ടതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ നര്‍ത്തകി ചെയ്തിട്ടുള്ള ഭരതനാട്യത്തിലെ പല അവതരണങ്ങളും ദേശീയ അന്തര്‍ദേശിയ സര്‍വകലാശാലകളില്‍ ഗവേഷണത്തിന് വിഷയമായിട്ടുണ്ട്. 'മറ്റു രാജ്യങ്ങളില്‍ നൃത്തം അവതരിപ്പിക്കുവാന്‍ ക്ഷണിക്കുമ്പോള്‍ അതൊരു ഉത്തരവാദിത്വമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. നമ്മുടെ തനതായ നൃത്ത ശൈലിയെ വളരെ ദൈവീകമായിട്ടാണ് വിദേശികള്‍ സമീപിക്കുന്നത്' നര്‍ത്തകി പറയുന്നു.
പൊതുവെ സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന വിഭാഗമായ ട്രാന്‍സ്‌ജെന്‍ഡര്‍ ജനതയെ ഉയര്‍ത്തുന്നതിനായി നര്‍ത്തകി ശുപാര്‍ശ ചെയ്ത തിരുനങ്കൈ എന്ന പദം തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. 2011ലെ സംഗീത നാടക അക്കാദമി പുരസ്‌കാരജേതാവായ നര്‍ത്തകി നടരാജ് ഈ അംഗീകാരത്തിന് അര്‍ഹയായ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയാണ്. അവരുടെ ജീവിതം തമിഴ് നാട്ടിലെ പതിനൊന്നാം തരത്തിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബംഗളുരുവില്‍ നടന്ന ലാക്മി ഫാഷന്‍ വീക്ക് പരിപാടിയില്‍ 'ജന്‍ഡര്‍ ഫ്‌ല്യൂയിഡ് ഫാഷന്‍' എന്ന വിഭാഗത്തില്‍ നര്‍ത്തകി നടരാജ് പങ്കെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ സുപ്രീം കോടതി നിയമഭേദഗതിയിലൂടെ നല്ലകാലമാണ് കൈവന്നിരിക്കുന്നതെന്ന് നര്‍ത്തകി അഭിപ്രായപ്പെടുന്നു. 'നിങ്ങളെ പോലെ ഞങ്ങളെയും സമൂഹത്തിന്റെ ഭാഗമായി അംഗീകരിച്ചതോടെ ഇനി കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന എനിക്ക് പ്രതീക്ഷയുണ്ട്' നര്‍ത്തകി സന്തോഷം പങ്കുവെച്ചു. ഇപ്പോള്‍ ഗുരു പഠിപ്പിച്ചു നല്‍കിയ പരമ്പരാഗത ഭരതനാട്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നതിന് വേണ്ടി 'വെള്ളിയമ്പലം' എന്ന നൃത്ത വിദ്യാലയം നടത്തി വരുകയാണ് നര്‍ത്തകിയും പ്രിയ സുഹൃത്ത് ശക്തിയും. 'ഞാന്‍ എന്നും ഒരു വിദ്യാര്‍ത്ഥിയാണ്, ഇനിയും അങ്ങനെ തന്നെ ആയിരിക്കും', പത്മാ പുരസ്‌കാരത്തിന്റെ ആഹ്ലാദത്തില്‍ നര്‍ത്തകി നടരാജ് പറഞ്ഞു.
interview with narthaki nataraj