ഡോ.ഫാത്തിമ അസ്ലയും ഫിറോസും വിവാഹ ദിനത്തിൽ | ഫോട്ടോ: വിഷ്ണു സന്തോഷ്
വിവാഹം എന്നാൽ പൊന്നാണെന്ന് കരുതുന്ന സമൂഹത്തിന് മുന്നിൽ സ്വന്തം ജീവിതം മാതൃകയാക്കുകയാണ് താമരശ്ശേരി സ്വദേശിയായ ഡോ.ഫാത്തിമ അസ്ല. വിവാഹദിനത്തിൽ മഹറായി അസ്ലയ്ക്ക് ലഭിച്ചത് വീൽ ചെയറാണ്. അസ്ഥികൾ പൊടിഞ്ഞുപോകുന്ന രോഗം കീഴടക്കിയപ്പോഴും വീൽചെയറിൽ തന്റെ ജീവിതം ചുരുക്കുകയല്ല മറിച്ച് പുതിയ തീരങ്ങൾ തേടുകയാണ് അസ്ല ചെയ്തത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ മനോഭാവത്തെക്കുറിച്ചും രണ്ടുപേർ ഒന്നാകുമ്പോൾ അവിടെ മറ്റൊന്നും തീർപ്പുകളാകരുതെന്നുമൊക്കെ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് ഫാത്തിമ അസ്ല.
അന്നേ തീരുമാനിച്ചു മഹറായി പൊന്നുവേണ്ട
ഫിറോസുമായി പ്രണയിക്കുന്ന കാലം മുതൽക്കേ വിവാഹിതരാകുമ്പോൾ മഹറായി പൊന്നു വേണ്ടെന്ന് കരുതിയിരുന്നു. ഞാനേറ്റവും കൂടുതൽ ഞാനായിരിക്കുന്ന വീൽ ചെയർ ആയിരുന്നെങ്കിൽ എന്നും ആഗ്രഹിച്ചിരുന്നു. ഒടുവിൽ അങ്ങനെ തന്നെ സംഭവിക്കുകയായിരുന്നു. പുതിയ ജീവിതയാത്രയിൽ ഏറ്റവും സുരക്ഷിതത്വം നൽകുന്ന വീൽചെയർ തന്നെ മഹറായി ലഭിച്ചു. വീൽചെയർ കാണുമ്പോൾ കൗതുകത്തോടെ നോക്കുകയും അതിലിരിക്കുന്നവരോട് സഹതാപം പ്രകടിപ്പിക്കുകയുമൊക്കെ ചെയ്യുന്ന സമൂഹത്തിന് മുന്നിൽ ഇത് സാധാരണമാണെന്ന് കാണിക്കണമായിരുന്നു. വീൽചെയറിലിരിക്കുന്നവരെല്ലാം വിഷമിച്ച് കഴിയുന്നവരാണെന്ന ധാരണയുള്ളവരുണ്ട്. അത്തരം ചിന്താഗതികളെല്ലാം പൊളിച്ചടുക്കുകയായിരുന്നു ഉദ്ദേശം. എല്ലാ മനുഷ്യരേയും പോലെ തന്നെയാവണം ഭിന്നശേഷിക്കാരേയും കാണേണ്ടത്.

വിദ്യാഭ്യാസത്തിലൂടെ പെൺമക്കളെ ശാക്തീകരിക്കൂ
വിവാഹത്തിന് പൊന്നുമൂടി എത്തുന്ന രീതിയോട് പണ്ടേ എതിർപ്പുണ്ടായിരുന്നു. പ്രത്യേകിച്ച് എന്റെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ്. നാട്ടുകാരുടെ കൈയിൽ നിന്ന് കടംവാങ്ങിച്ച് എന്നെ പൊന്നണിയിപ്പിക്കരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു. പെൺമക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത് പൊന്നളന്നല്ല, പകരം വിദ്യാഭ്യാസം നൽകിയാണ്. അവരുടെ വിദ്യാഭ്യാസത്തിനായി പണം ചെലവാക്കൂ, അവരെ അവനവന്റെ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കൂ. അതിൽ കവിഞ്ഞ് മറ്റെന്ത് സമ്പാദ്യമാണ് നൽകാൻ കഴിയുക? മകൾക്ക് വിവാഹത്തിന് എന്തെങ്കിലും കൊടുത്തില്ലെങ്കിൽ നാട്ടുകാർ എന്തുകരുതും എന്നൊക്കെ ചിന്തിക്കുന്നവരുണ്ട്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകി അവരെ ശാക്തീകരിക്കണം. നിലപാടുള്ള, കരുത്തരാക്കി വളർത്തണം. അപ്പോഴേ ഇത്തരത്തിലുള്ള സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളൊക്കെ കുറയൂ. എന്റെ വിവാഹത്തിന് ഞാൻ ധരിച്ച പൊന്നെല്ലാം സമ്മാനമായി ലഭിച്ചതാണ്. അല്ലാതെ വിവാഹത്തിനായി ഒന്നും വാങ്ങിയിട്ടില്ല. മാത്രവുമല്ല വിവാഹം കഴിച്ചിരിക്കുന്ന ഫിറോസ് എന്ന ഫിറു അത്തരത്തിൽ പണത്തേയോ സ്വർണത്തേയോ ഒന്നും നോക്കിയല്ല എന്നെ പ്രണയിച്ചത്. അത്തരത്തിൽ ഒരാളായിരുന്നെങ്കിൽ ഞങ്ങൾ പ്രണയിക്കുകയും ഇല്ലായിരുന്നു.

പ്രണയവും വിവാഹവുമൊക്കെ വ്യക്തിപരം
സുഹൃത്ത് വഴിയാണ് ഫിറോസിനെ പരിചയപ്പെടുന്നത്. ഒരുപോലെ ചിന്തിക്കുന്ന കാര്യങ്ങളെ സമീപിക്കുന്ന മനുഷ്യരാണ് ഞങ്ങൾ. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പ്രതീക്ഷകളുമൊക്കെ ഒരുപോലെയായിരുന്നു. അതുകൊണ്ടാവാം അടുത്തതും. ആരാണ് ആദ്യം പ്രണയം പറഞ്ഞതെന്നൊന്നും ഓർക്കുന്നില്ല. അത്രത്തോളം സ്വാഭാവികമായി സംഭവിച്ച ഒന്നായിരുന്നു അത്. പ്രത്യേകിച്ച് ഫിറുവിന്റെ കുടുംബത്തിന്റെ പിന്തുണ കൊണ്ടുകൂടിയാണ് സന്തോഷത്തോടെ ഞങ്ങൾ ഒന്നായതും. ഭിന്നശേഷിക്കാരിയായ കുട്ടിയെ പങ്കാളിയായി മകനു വേണ്ടെന്ന് അവർ കരുതിയില്ല. അവർ ഞങ്ങളുടെ പ്രണയത്തെ സന്തോഷത്തോടെ തന്നെ സ്വീകരിച്ചു.
ഭിന്നശേഷിക്കാരെ പങ്കാളികളായി സ്വീകരിക്കുന്നതിൽ അസ്വാഭാവികത കണ്ടെത്തുന്നതുപോലെ തന്നെ ജാതിയും മതവും ജെൻഡറുമൊക്കെ ഇന്നത്തെ കാലത്തും വിഷയങ്ങളാകുന്നുണ്ട്. സത്യത്തിൽ ആരെ വിവാഹം കഴിക്കണം പ്രണയിക്കണം എന്നതെല്ലാം വ്യക്തിപരമായ തീരുമാനം മാത്രമാണ്. അതിലെന്തിനാണ് മൂന്നാമതൊരാൾ ഇടപെടുന്നത്? ഒരു മനുഷ്യൻ മറ്റൊരാളെ ഉപദ്രവിക്കാത്തിടത്തോളം അയാൾക്ക് എങ്ങനെയും ജീവിക്കാനുളള അവകാശമുണ്ട്. മറ്റൊരാളുടെ ജീവിതത്തിൽ ഇടപെടേണ്ടെന്ന് ഇനിയെന്നാണ് സമൂഹം തിരിച്ചറിയുക.
വീൽചെയറിനപ്പുറത്തെ ലോകം കാണിച്ച വിദ്യാഭ്യാസം
ജനിച്ച് മൂന്നാമത്തെ ദിവസമാണ് എല്ലുകൾ പൊടിഞ്ഞുപോകുന്ന ബ്രിട്ടിൽ ബോൺ ഡിസീസ് ആണെന്ന് തിരിച്ചറിയുന്നത്. അമ്പതോളം ഫ്രാക്ചറുകളുണ്ടായിട്ടുണ്ട്. ആറോളം സർജറികൾ ചെയ്തിരുന്നു. അതിന്റെയൊക്കെ ഫലമായാവാം ഇപ്പോൾ വീടിനുള്ളിൽ വാക്കർ വച്ച് നടക്കാനൊക്കെ കഴിയും. ഈ ശാരീരികാവസ്ഥ വച്ചും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആവാൻ കഴിഞ്ഞത് വീട്ടുകാരുടെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ്. ഇരുപത്തിയഞ്ചു വർഷം മുമ്പൊക്കെ ഭിന്നശേഷിക്കാരായ കുട്ടികളെ വീടിനുള്ളിൽ തന്നെ തളച്ചിടുന്ന സമൂഹമായിരുന്നു. അവരെ പഠിപ്പിക്കുന്നത് വെറുതെയാണെന്നും ജോലിക്ക് പോകാൻ കഴിയില്ലെന്നുമൊക്കെ കരുതുന്ന സമൂഹം. അത്തരം സാഹചര്യത്തിലും മകൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാൻ കഴിഞ്ഞ വീട്ടുകാരാണ് എന്റേത്. സാമ്പത്തികമായി മുന്നിൽ അല്ലാതിരുന്നിട്ടും മകളെ ഡോക്ടറാക്കാൻ അവർ കൂടെനിന്നു. ഇന്ന് ഹോമിയോപ്പതിയിൽ ഹൗസ് സർജൻസി ചെയ്യുകയാണ്. പലരും ചിന്തിക്കുന്നതുപോലെ അവരും ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് വീൽചെയർ മാത്രമാകുമായിരുന്നു ലോകം.
അപ്പയ്ക്കും ഇതേ അസുഖമായിരുന്നു. അധികം പഠിക്കാനും കഴിഞ്ഞിട്ടില്ല. അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അദ്ദേഹം അനുഭവിച്ചിരുന്നു. അതുകൊണ്ടാണ് മകൾക്ക് ഏതുവിധേനയും വിദ്യാഭ്യാസം നൽകുമെന്ന് അദ്ദേഹം തീരുമാനിച്ചത്. ഇരുപത്തിയൊന്നു വയസ്സുവരെയൊക്കെ അപ്പയ്ക്ക് ഇടയ്ക്കിടെ ഫ്രാക്ചർ വരുമായിരുന്നു. ഇപ്പോൾ വലിയ കുഴപ്പമില്ല, അത്യാവശ്യം ആരോഗ്യത്തോടെ പോകുന്നുണ്ട്.
അവനവനിൽ വിശ്വസിക്കൂ
അവനവന്റെ സ്വപ്നങ്ങൾ കീഴടക്കാൻ യാതൊരു ശാരീരിക ബുദ്ധിമുട്ടുകളും തടസ്സമാവരുത്. ഈ ശരീരം വച്ച് എനിക്കൊന്നിനും കഴിയില്ല എന്നുകരുതി ശ്രമിക്കാതിരുന്നാൽ ജീവിതത്തിൽ ഉയർച്ചയുണ്ടാകില്ല. മറിച്ച് അതിനെ സ്വീകരിക്കാൻ തയ്യാറാവുകയും വിദ്യാഭ്യാസത്തിലൂടെയും കരിയറിലൂടെയും പുതിയ തീരങ്ങൾ കീഴടക്കാൻ ശ്രമിക്കുകയും ചെയ്യണം. അവനവനിൽ വിശ്വസിച്ച് അവനവന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകേണ്ടതുപോലെ തന്നെ മാതാപിതാക്കളും പിന്തുണയായി കൂടെ ഉണ്ടാകണം. ഒരു കുടുംബം അങ്ങനെ ചിന്തിച്ചാലേ നാളെ പല കുടുംബങ്ങളും സമൂഹവും അങ്ങനെ ചിന്തിക്കൂ. ഭിന്നശേഷി സൗഹൃദ സമൂഹമുണ്ടാവൂ.
ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇനി പി.ജി ചെയ്യണമെന്നാണ് കരുതുന്നത്. ഫിറു ആർട്ടിസ്റ്റാണ്. ആ മേഖലയിൽ ഒത്തിരി ചെയ്യാനുണ്ട്. ഒപ്പം ഞങ്ങൾക്ക് കുറേ യാത്രകൾ ചെയ്യണം, ഒരു കുഞ്ഞുവീട് വെക്കണം.
Content Highlights: interview with dr Fathima Asla brittle bone disease