‌വിഷാദം, പി.സി.ഒ.ഡി., പുകവലി ഫോട്ടോഷൂട്ട്; ഇത്ര സദാചാരം ആവശ്യമില്ലെന്ന് സനുഷ


വീണ ചിറക്കൽ (veenacr@mpp.co.in)

7 min read
Read later
Print
Share

പുകവലിക്കെതിരായ ബോധവത്കരണത്തിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ സനുഷ പുകവലിക്കുന്ന ചിത്രങ്ങൾ ചിലരെ ചൊടിപ്പിച്ചിരുന്നു. നമ്മുടെ സനുഷ് പുകവലിക്കുകയോ എന്നുവരെ കമന്റ് ചെയ്തവരുണ്ട്.

സനുഷ സന്തോഷ് | Photos: instagram.com|sanusha_sanuuu|?hl=en

''ടുത്ത വീട്ടിലെ പെൺകുട്ടി, നാടൻ പെൺകുട്ടി ഇമേജ് ഒക്കെ വച്ചോളൂ, പക്ഷേ എനിക്ക് എന്റേതായ ഇഷ്ടങ്ങളും അഭിപ്രായങ്ങളുമുണ്ട്. അത് മറ്റാർക്കും മുന്നിൽ അടിയറവു വച്ചിട്ടില്ല. ഇത്ര സദാചാരം ആവശ്യവുമില്ല.''- പറയുന്നത് മലയാളത്തിന്റെ പ്രിയതാരം സനുഷ സന്തോഷ് ആണ്. ചെയ്യുന്ന ഓരോ കാര്യങ്ങളിലുമുള്ള കൃത്യമായ നിലപാടാണ് സനുഷയെ വ്യത്യസ്തയാക്കുന്നത്. അടുത്തിടെ പുകവലിക്കെതിരായ ബോധവത്കരണത്തിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ സനുഷ പുകവലിക്കുന്ന ചിത്രങ്ങൾ ചിലരെ ചൊടിപ്പിച്ചിരുന്നു. നമ്മുടെ സനുഷ് പുകവലിക്കുകയോ എന്നുവരെ കമന്റ് ചെയ്തവരുണ്ട്. അത്തരത്തിൽ മുൻവിധികളോടെ കാര്യങ്ങളെ സമീപിക്കുന്നവരെക്കുറിച്ചും ബോഡിഷെയിമിങ് സാധാരണമെന്ന് കരുതി കമന്റടിക്കുന്നവരെക്കുറിച്ചും വിഷാദത്തെ അതിജീവിച്ചതിനെക്കുറിച്ചും പെൺകുട്ടികൾ വിവാഹത്തേക്കാൾ വിദ്യാഭ്യാസത്തിന് മുൻഗണന നൽകേണ്ടതിനെക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് സനുഷ.

ജോലിയെ അതിന്റെ സെൻസിൽ കാണൂ, സദാചാരം ആവശ്യമില്ല

പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു അത്. ആ ആശയം എന്താണെന്ന് മനസ്സിലാക്കി അതിനെ ഫോട്ടോഷൂട്ട് ആണെന്ന് തിരിച്ചറിഞ്ഞ് കമന്റ് ചെയ്തവരുണ്ട്. പക്വതയോടെ അതിനെ കണ്ട് പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ട്. നമ്മൾ ഇത്രയും വളർന്നു, പഠിപ്പും ബോധവുമുണ്ടെന്നുമൊക്കെ പറയുന്ന സാക്ഷര കേരളത്തിൽ ഇത്രയും വിവരമില്ലാതെ ചിലർ ചെയ്യുന്ന കമന്റുകൾ എന്നെ ബാധിക്കുന്നേയില്ല. നാളത്തെ തലമുറ നമ്മളെ കണ്ടിട്ടാണ് വളരുന്നത്. ഒരു പ്രൊഫഷനെ അതിന്റേതായ രീതിയിൽ കാണണം, അത് മോശമാണെങ്കിൽ അതു പറയുന്നതിനും മാന്യമായ രീതിയുണ്ട്. അല്ലാതെ എനിക്കീ കുട്ടിയുടെ എല്ലാ പേഴ്സണൽ കാര്യങ്ങളും പറയാം എന്ന ഭാവമുള്ളവരോട് അയ്യേ എന്നു മാത്രമേ പറയാനുള്ളു.

sanusha

മലയാളികൾക്ക് സ്വന്തം കുട്ടി എന്ന സ്നേഹമുള്ള വ്യക്തിയാണ് ഞാൻ. അതിലെനിക്ക് സന്തോഷവുമുണ്ട്. എന്നാൽ അതിനെ ചൂഷണം ചെയ്ത്, അതുവച്ച് മോശം കമന്റുകൾ ഇടുന്നവരുണ്ട്. അവരോട് വളരൂ എന്ന് പറയാനേ തോന്നുന്നുള്ളു. അത് തെറ്റാണ്, മോശമാണ് എന്നൊക്കെ പറയുന്നവർ സ്മോക്കിങ് അത്ര മോശമാണ് എന്നു കരുതിയിട്ടാണെങ്കിൽ സമ്മതിച്ചു. അതൊരു പെൺകുട്ടി ചെയ്തതു കൊണ്ട് മാത്രം ഇത്ര പ്രശ്നമുണ്ടാക്കേണ്ടതുണ്ടോ? നമ്മുടേത് പാട്രിയാർക്കൽ സമൂഹമായതു കൊണ്ടാണ്. പെൺകുട്ടികൾ ഇങ്ങനെ മാത്രമേ ജീവിക്കാൻ പാടൂ എന്ന് പഠിപ്പിക്കുന്നതുകൊണ്ടാണ്. ഇത്തരം കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ അവൾ മോശമാണ് എന്നുപറഞ്ഞു പഠിപ്പിക്കുന്ന മാതാപിതാക്കളെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്. പെൺകുട്ടികൾ ഇങ്ങനെയായിരിക്കണം, അല്ലെങ്കിൽ അവർ മോശമാണ് എന്നാണ് മിക്ക ആൺകുട്ടികളും പഠിച്ചു വളരുന്നത്. അടങ്ങിയൊതുങ്ങി, മറ്റുള്ളവർ പറയുന്നത് കേട്ട് സ്വന്തം അഭിപ്രായമില്ലാതെ വളരണം എന്നൊക്കെയാണ് പെൺകുട്ടികൾ പഠിക്കുന്നത്. മോശം കമന്റുകാരോട് അയ്യോ ദാരിദ്യം എന്നേ പറയാനുള്ളു. ഞാനെങ്ങനെ ജീവിക്കണം, എന്തൊക്കെ ചെയ്യണം, ഏതൊക്കെ തരം ജോലികൾ ചെയ്യണം എന്നൊക്കെ തീരുമാനിക്കാൻ ഞാനും എന്റെ വീട്ടുകാരുമുണ്ട്. സനൂ ഇത് ചെയ്തത് ശരിയായില്ല മോശമായി എന്നു പറയുന്നത് വീട്ടുകാരാണെങ്കിൽ ഞാനത് കേൾക്കും. എത്രയൊക്കെ സ്വന്തം വീട്ടിലെ കുട്ടി എന്നു പറഞ്ഞാലും ഇരുപത്തിയേഴു വയസ്സുള്ള ഒരു വ്യക്തിയാണ് ഞാൻ. എന്റേതായ വഴികളും ശരികളുമുണ്ട്, അതിനനുസരിച്ചേ ഇനിയങ്ങോട്ടും ജീവിക്കൂ. മോശം കാര്യങ്ങൾ പറഞ്ഞാൽപ്പോലും അതിൽ നിന്ന് നല്ലത് കണ്ടെത്തി മുന്നോട്ടു പോകുന്നയാളാണ്.

ഫോട്ടോഷൂട്ട് എന്നത് അഭിനേത്രി എന്ന നിലയ്ക്ക് ചെയ്തേ മതിയാകൂ. നാളെ ഒരു കഥാപാത്രത്തെ ചെയ്യാൻ സ്മോക്കിങ് ആവശ്യമെങ്കിൽ എനിക്കത് ചെയ്യാൻ കഴിയണം. ഒരു അഭിനേതാവ് അത്തരത്തിൽ ഫ്ളെക്സിബിൾ ആയിരിക്കണം. ജീവിതത്തിലെ മിക്ക കാര്യങ്ങളും വളരെ ബോധത്തോടെ, കൈകാര്യം ചെയ്യുന്ന ആളാണ് ഞാൻ. ചെയ്യുന്നതെന്താണെന്ന് കൃത്യായ ബോധ്യവുമുണ്ട്. എന്റെ തെറ്റുകളെ മനസ്സിലാക്കാനും അതിനെ പഠിക്കാനുമൊക്കെ അറിയാം. ഇത്ര സദാചാരം എനിക്കാവശ്യമില്ല. അതിനേക്കാളെല്ലാമുപരി എന്റെ വീട്ടുകാർക്ക് എന്നെ അറിയാം. അവർക്കില്ലാത്ത പ്രശ്നം മറ്റാർക്കും ഉണ്ടാകേണ്ടെന്നാണ് കരുതുന്നത്. ചുറ്റുമുള്ളവർ ചെയ്യുന്ന ജോലികളെ ബഹുമാനിക്കാൻ പഠിക്കുകയാണ് വേണ്ടത്. എന്തുപറഞ്ഞാലും ഏതു ചെയ്താലും മോശം പറഞ്ഞ് നാലാളുടെ ശ്രദ്ധ നേടിയെടുക്കുക എന്നത് വളരെ മോശം കാര്യമാണ്. അവരോട് സഹതാപമാണ് തോന്നുന്നത്.

സിനിമയെക്കുറിച്ചോ കഥാപാത്രത്തേക്കുറിച്ചോ പറഞ്ഞോളൂ, കേൾക്കാം

ഒരാളുടെ ഫോട്ടോഷൂട്ട് അല്ലെങ്കിൽ ഗ്ലാമറസായ വസ്ത്രങ്ങൾ ധരിക്കുന്നതൊക്കെ വ്യക്തിപരമായ കാര്യമാണ്. ഒരാൾക്ക് അവരവരുടേതായ അഭിപ്രായങ്ങളും അവകാശമുണ്ട്. അവരതിൽ കംഫർട്ടബിളാണെങ്കിൽ നിങ്ങളാരാണ് ചോദ്യം ചെയ്യാൻ? എന്റെ ശരീരം കാണിക്കുന്നതിലും കാണിക്കാതിരിക്കുന്നതിലുമൊക്കെ തീരുമാനം ഞാനെടുത്താൽ മറ്റാർക്കാണ് അതിൽ അഭിപ്രായം പറയാൻ അവകാശം? കുരയ്ക്കുന്ന പട്ടികൾ അതു തുടരട്ടെ എന്നു കരുതാനേ കഴിയൂ. അല്ലാതെ ഇവർക്ക് മറുപടി നൽകാൻ ഇല്ല.

എന്റെ ഫോട്ടോഷൂട്ട് കണ്ട് പുകവലിച്ച് ചെയ്ത് സിനിമ പിടിക്കാൻ നടക്കുന്നു എന്നൊക്കെ പറഞ്ഞവരുണ്ട്. മോശം കാര്യങ്ങൾ മാത്രം ഉയർത്തിക്കാട്ടാതെ, ആരോഗ്യകരമായ അന്തരീക്ഷമാണ് വരുന്ന തമുറയ്ക്ക് കൊടുക്കേണ്ടത്. അത്തരത്തിലൊരു തലമുറയാണ് ഉണ്ടാകേണ്ടത്. എനിക്ക് ട്രൗസറിട്ട് നടക്കാനാണ് ഇഷ്ടം, അതെനിക്ക് കംഫർട്ടബിളാണ്. അതിനെക്കുറിച്ച് പറഞ്ഞ് ബാക്കിയുള്ളവരുടെ തൊണ്ടയിലെ വെള്ളം വറ്റുമെന്നേമുള്ളു. ഞാനഭിനയിച്ച സിനിമയോ കഥാപാത്രമോ ഇഷ്ടമല്ല എന്നു പറയുന്നത് തുറന്ന ഹൃദയത്തോടെ സ്വീകരിക്കും. അല്ലാതെ എന്റെ വസ്ത്രത്തേക്കുറിച്ചോ ശരീരത്തേക്കുറിച്ചോ പറയാൻ ആർക്കും അവകാശമില്ല.

ഈ തടിവച്ച് ആരാണ് സിനിമ തരാൻ പോകുന്നത് എന്നു ചോദിച്ചവർ

വെർബലി ഹറാസ്‌ ചെയ്യുന്ന കമന്റുകളും ബോഡിഷെയിമിങ്ങുമൊക്കെ നോർമൽ ആണെന്ന് കരുതുന്നവർ ധാരാളമുണ്ട്. അവരുടെ ലോകം ചെറുതാണ്. അഭിപ്രായങ്ങളുണ്ടാവാം, പക്ഷേ ബോഡിഷെയിമിങ് ആവരുത്. ചിലപ്പോൾ അവയൊക്കെ ആത്മഹത്യയിലേക്കു വരെ എത്തിക്കുന്ന അവസ്ഥയുണ്ടായേക്കാം. വണ്ണത്തിന്റെ പേരിൽ ഞാനും ധാരാളം കേട്ടിട്ടുണ്ട്. ഭക്ഷണം കഴിച്ചില്ലെങ്കിലും ഡയറ്റും വർക്കൗട്ടുമൊക്കെ ചെയ്താലും ചബ്ബിയായി ഇരിക്കുമായിരുന്നു. കുറച്ചു മാസങ്ങൾക്കു മുമ്പേ നന്നായി വണ്ണം വച്ചിരുന്നു. അതിനു കാരണം പി.സി.ഒ.ഡിയായിരുന്നു. അതെന്താണെന്നു പോലും പഠിക്കാതെ തിന്നിട്ടാണ് ഇങ്ങനെ കൊഴുത്തു വന്നത് എന്നൊക്കെ പറയുന്നവരുണ്ട്. ഞങ്ങൾ പെൺകുട്ടികളിൽ ഭൂരിഭാഗം പേർക്കും ഹോർമോണിന്റെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നമാണിത്. മൂന്നു നാലുമാസം പ്രത്യേക ഡയറ്റ് ശീലമാക്കിയിരുന്നു. അതിനു പിന്നാലെയാണ് വണ്ണം കൂടുതൽ വച്ചത്. ഈ തടി വച്ച് ആരാണ് സിനിമ തരാൻ പോകുന്നത് എന്നൊക്കെ ചോദിച്ചവരുണ്ട്. ഞാൻ തടിച്ചാലും മെലിഞ്ഞാലും ആർക്കാണ് പ്രശ്നം?

ഓരോ ഡ്രസ്സ് ഇടുമ്പോഴും ഇതിൽ വണ്ണക്കൂടുതൽ തോന്നുന്നുണ്ടോ എന്ന് ചിന്തിപ്പിച്ചവരുണ്ട്. പി.സി.ഒ.ഡിയും ഒപ്പം അൾസറും ഉണ്ടായതുകൊണ്ടാണ് ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ആരെന്ത് അഭിപ്രായം പറഞ്ഞാലും വേണ്ടാത്തതിലേക്ക് ഞാൻ ശ്രദ്ധ കൊടുക്കാറേയില്ല. പക്ഷേ, ഇത്തരം കമന്റുകൾ കേട്ട് അമിതമായി ആശങ്കപ്പെട്ട് പുറത്തിറങ്ങാൻ പോലും മടിക്കുന്നവരുണ്ട്. ഒരാളുടെ ജീവിതം മടുപ്പിക്കുക എന്നതിനേക്കാൾ കവിഞ്ഞ് വലിയൊരു ഉപദ്രവം ചെയ്യാനില്ല. പി.സി.ഒ.ഡിയെക്കുറിച്ച് കൂടുതൽ സംസാരിക്കുകയോ ബോധവൽക്കരിക്കുകയോ ഒക്കെ ചെയ്ത് ചുറ്റുമുള്ള സ്ത്രീകൾക്ക് എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു കൂടേ എന്നാണ് അത്തരക്കാരോട് ചോദിക്കാനുള്ളത്.

sanusha

പ്രേമം പരാജയപ്പെടുന്നവർക്ക് മാത്രമല്ല വിഷാദരോഗം

വിഷാദം എന്നാൽ ഭ്രാന്താണെന്ന് കരുതുന്നവർ ഇന്നും ചുറ്റുമുണ്ട്. നാട്ടുകാർക്കിടയിൽ ചീത്തപ്പേരുണ്ടാക്കുകയാണ് എന്നു പറയുന്നവരുമുണ്ട്. ഇതൊരു അസുഖമല്ല, പാരസെറ്റമോൾ കഴിച്ചാൽ പനി മാറുന്നതുപോലെയല്ല. ക്ഷമയോടെ കാലാകാലങ്ങളോളം സമീപിച്ച് പരിഹരിക്കേണ്ടതാണ്. പ്രണയം പരാജയപ്പെട്ടാലോ ജോലി ഇല്ലാത്തതുകൊണ്ടോ ആണ് വിഷാദരോഗം വരുന്നത് എന്നൊക്കെ ചിന്തിക്കുന്നത് മണ്ടത്തരമാണ്. പ്രായഭേദമന്യേ വരുന്ന അവസ്ഥയാണിത്. അതിൽ കുട്ടികളെന്നോ മുതിർന്നവരെന്നോ പ്രായമായവരെന്നോ ഇല്ല. ഞാൻ മരുന്നെടുത്തതുകൊണ്ട് മാറി എന്നു പറയുന്നില്ല. പ്രതീഷകളില്ലാതെ ബെഡ്ഡിൽനിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ വെറുതേ കിടക്കുന്ന ദിവസങ്ങൾ ഇപ്പോഴുമുണ്ട്. പക്ഷേ അതിനേ മറികടക്കാനുള്ള പരിശ്രമങ്ങൾ ചെയ്യാൻ ഇന്ന് കഴിയുന്നുണ്ട്.

നിങ്ങളുടെ ചുറ്റിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് കൈത്താങ്ങാവുകയാണ് വേണ്ടത്. നീ ഓക്കെയാണോ, എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊക്കെ ചോദിക്കാനും പറയാനുമുള്ള ഇടം ഒരുക്കൂ. എന്നോട് ധാരാളം പേർ പറഞ്ഞിരുന്നു അവരും സമാന അവസ്ഥയിലൂടെ കടന്നുപോയിരുന്നുവെന്ന്. വിഷാദരോഗമാണെന്നു പറയുമ്പോൾ കളിയാക്കപ്പെടുന്ന അവസ്ഥ മാറേണ്ട സമയം അതിക്രമിച്ചു. നമുക്കു പ്രിയപ്പെട്ടവർ വെള്ളപ്പുതപ്പിൽ ചലനമില്ലാതെ മുന്നിൽ കിടക്കുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ അവരെ കേട്ട് അവർക്കു വേണ്ട പിന്തുണ നൽകുന്നത്. പ്രേമം പരാജയപ്പെട്ടപ്പോഴാണ് ഇങ്ങനെ സംഭവിച്ചത് എന്നൊക്കെ ഇഷ്ടംപോലെ പേർ പറഞ്ഞിട്ടുണ്ട്. എന്റെ കഥയോ ജീവിതമോ എന്നെയോ അറിയാതെ, എന്നെ അറിയുന്നവരല്ലാതെ നിങ്ങൾ ഇതൊക്കെ പറയുന്നത് എന്നെ ചിരിപ്പിക്കുകയാണ് ചെയ്യുന്നത്. എനിക്ക് എന്തുകൊണ്ട്, എങ്ങനെ അതുണ്ടായി എന്നത് തീർത്തും വ്യക്തിപരമായ കാര്യമാണ്. ഞാൻ വിഷാദത്തിലൂടെ കടന്നുപോവുന്നതും അതിജീവിക്കുന്നതുമൊക്കെ തുറന്നു പറഞ്ഞാൽ ആർക്കെങ്കിലു ആശ്വാസവും ഉപകാരവുമാവുമെങ്കിൽ അതു മാത്രമേ വേണ്ടിയിരുന്നുള്ളു. ഇത്തരത്തിലൂടെ കടന്നുപോകുന്നവരെ ഇകഴ്ത്തി അവരുടെ ആർജവം കളയാതിരിക്കൂ.

sanusha

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതു മൂലവും സാമ്പത്തിക പ്രതിസന്ധി മൂലവുമൊക്കെ വിഷാദത്തിലേക്ക് കൂപ്പുകുത്തിയവരുണ്ട്. ഇത്തരം തുറന്നുപറച്ചിലുകളെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. നമ്മളെ മനസ്സിലാക്കി, നമ്മുടെ കൂടെ നിൽക്കും എന്നുള്ളവരോട് തുറന്നുപറയുക. സഹായം ആവശ്യമെങ്കിൽ മടിയില്ലാതെ ആവശ്യപ്പെടുക. ഒരിക്കലും വിട്ടുകൊടുക്കാതിരിക്കുക. ജീവിതത്തിൽ ഒരിക്കൽ അഭിമാനത്തോടെ വിജയിച്ചു നിൽക്കുന്ന ഘട്ടമുണ്ടാവും. ഇതും കടന്നുപോവും.

കല്ല്യാണമല്ല, വിദ്യാഭ്യാസമാണ് പെൺകുട്ടികൾക്ക് പ്രധാനം

കല്ല്യാണം കഴിച്ചിട്ടുണ്ടോ, കഴിഞ്ഞതല്ലേ, കഴിക്കുന്നില്ലേ തുടങ്ങി ധാരാളം ചോദ്യങ്ങൾ ഞാനും കേൾക്കാറുണ്ട്. തീരെ അറിയാത്തവരോട് ഇല്ല എന്നു പറയും. കുറച്ചെങ്കിലും അറിയാവുന്നവരോട് എനിക്ക് ജീവിതത്തിൽ കുറച്ചു കാര്യങ്ങൾ കൂടി സാധിക്കാനുണ്ട് എന്നിട്ടേ കല്ല്യാണം കഴിക്കൂ എന്നു പറയും. എന്റെ വീട്ടുകാർക്കില്ലാത്ത വിഷമങ്ങളും പേടിയുമൊന്നും മറ്റാർക്കും വേണ്ട. കല്ല്യാണം കഴിക്കില്ല എന്നൊന്നും പറയുന്നില്ല. പതിനെട്ടു കഴിഞ്ഞില്ലേ, പുര നിറഞ്ഞില്ലേ എന്നു പറഞ്ഞു വരുന്നവരെയൊന്നും ഞാൻ പ്രോത്സാഹിപ്പിക്കില്ല. സുരക്ഷിതമായ ജോലിയോ വരുമാനമോ ഇല്ലാതെ ഒരു പെൺകുട്ടിയും വിവാഹം കഴിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. വിവാഹം എന്ന ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ് എന്നു തോന്നുമ്പോൾ മാത്രമാണ് അത് ചെയ്യേണ്ടത്. മൂന്നു വയസ്സു മുതൽ ജോലി ചെയ്യുന്ന ആളാണ്. എപ്പോഴും ഞാൻ വരുമാനമുണ്ടാക്കുന്ന ആളാണ് എന്ന പരിഗണനയോടെയാണ് വീട്ടിൽ വളർത്തിയത്. കുട്ടിക്കാലം തൊട്ടേ ജോലിയുടെ പ്രാധാന്യത്തേക്കുറിച്ച് മാതാപിതാക്കൾ പറഞ്ഞു തന്നിട്ടുണ്ട്.

എന്റെ പ്രൊഫഷനെ ബഹുമാനിക്കുന്ന, അതിനെ അംഗീകരിക്കാൻ കഴിയുന്ന ഒരാളെയാണ്‌ എനിക്ക് വേണ്ടത്. എന്തൊക്കെ വന്നാലും വിദ്യാഭ്യാസം വിട്ടൊരു കളിയില്ല എന്നു പറഞ്ഞിട്ടുള്ള അച്ഛനും അമ്മയുമാണ് എന്റേത്. എല്ലാ മാതാപിതാക്കളും അത്തരത്തിൽ കരുതണം. ഒരു പെൺകുട്ടിയും ഒന്നിനു വേണ്ടിയും വിദ്യാഭ്യാസത്തേയോ കരിയറിനെയോ വിട്ടുവീഴ്ച ചെയ്യരുത്. എന്റെ പങ്കാളിയായി ഒരാളെ സ്വീകരിക്കാൻ പ്രാപ്തയായി എന്നു തോന്നിയാൽ മാത്രമേ വിവാഹം കഴിക്കൂ. അത് ഇന്നായാൽ ഇന്ന്, അല്ല പത്തു വർഷം കഴിഞ്ഞിട്ടാണെങ്കിൽ അപ്പോൾ. ഇരുപത്തിയേഴു വയസ്സുള്ള മകളെ ഇതുവരെ വിവാഹം കഴിപ്പിച്ചില്ലേ എന്നു പലരും മാതാപിതാക്കളോട് ചോദിച്ചിട്ടും അവർ ഇന്നേവരെ അക്കാര്യം പറഞ്ഞ് സമ്മർദം ചെലുത്തിയിട്ടില്ല. പലരും അറക്കാൻ പോകുന്ന മനോഭാവത്തിലാണ് കുട്ടിക്കാലം തൊട്ടേ പെൺകുട്ടികളെ വളർത്തുന്നത്. ഒരുപാട് ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊക്കെയുള്ള ജീവനുകളാണ് പെൺകുട്ടികളും. പെണ്ണായതുകൊണ്ടു മാത്രം എന്റെ സ്വപ്നങ്ങൾ കുഴിച്ചുമൂടണമെന്നു പറയുന്നതിൽ എന്താണർഥം? കല്ല്യാണം കഴിച്ച് കുട്ടികളെ ഉണ്ടാക്കുന്നതാണ് സ്വപ്നം എന്നു പറയുന്ന കുട്ടികളെ കാണുമ്പോൽ അത്ഭുതം തോന്നാറുണ്ട്. അവരുടെ മാതാപിതാക്കൾ അപ്രകാരം വളർത്തുന്നതുകൊണ്ടാണ്. സ്വന്തം വീട്ടിലേക്ക് പൈസ കൊടുക്കണമെങ്കിൽപ്പോലും ഭർത്താവിനോട് ചോദിക്കേണ്ട അവസ്ഥ ആലോചിച്ചു നോക്കൂ. എന്തിനാണ് അങ്ങനെയൊരു അവസ്ഥ ഉണ്ടാക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം എന്നത് വളരെ പ്രധാനമാണ്. തുല്യത വരാൻ, അഭിപ്രായങ്ങൾ ഉയർത്താനും ആത്മവിശ്വാസത്തിനുമൊക്കെ പെൺകുട്ടികൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൂടിയേ തീരു. ഭർത്താവിന്റെ കീഴിൽ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം എന്നൊക്കെയാണ് പണ്ടത്തെ തലമുറ പറഞ്ഞിരുന്നത്. പക്ഷേ, ഇന്ന് കാലം ഏറെ മുന്നേറിയില്ലേ, അതിനനുസരിച്ച് പെൺകുട്ടികളും മുന്നോട്ടു വന്നേ പറ്റൂ. പഠിപ്പും ജോലിയും ഉണ്ടെന്നു പറയുമ്പോൾ കിട്ടുന്ന സ്ഥാനവും ബഹുമാനവും ഒന്നു വേറെ തന്നെയാണ്.

sanusha

മാതാപിതാക്കളാണ് തെറ്റാവർത്തിക്കുന്നത്

മാതാപിതാക്കൾക്കാണ് ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തേണ്ടത്. ആൺകുട്ടിയേയും പെൺകുട്ടിയേയും പഠിപ്പിക്കേണ്ട ചില മൂല്യങ്ങളുണ്ട്. സ്വന്തം മക്കളുടെ വിദ്യാഭ്യാസത്തിനോ കരിയറിനോ പണം മാറ്റിവെക്കാതെ കോടികളും ലക്ഷങ്ങളും പൊടിച്ച് കല്ല്യാണം നടത്തുക, പഠിച്ച കുട്ടികളെ വീട്ടിലിരുത്തുക, ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവരെ കേൾക്കാൻ തയ്യാറാകാതിരിക്കുക, അഡ്ജസ്റ്റ് ചെയ്യാൻ നിർബന്ധിക്കുക, സമൂഹത്തിനു വേണ്ടി പിടിച്ചു നിൽക്കൂ എന്നു പറയുക തുടങ്ങിയവയൊക്കെ ചെയ്യുന്നവരാണ് തെറ്റുകൾ ആവർത്തിക്കുന്നത്. ഒപ്പം നമ്മുടെ നിയമവും ശക്തമാകേണ്ടതുണ്ട്. ഞങ്ങൾ പെൺകുട്ടികൾ വിൽപന ചരക്കുകളല്ല. എനിക്ക് പണ്ടുതൊട്ടേ സ്ത്രീധനം എന്ന ആശയത്തോട് എതിർപ്പാണ്. ഇത് സമ്മാനമാണ് എന്നൊക്കെ പറയുന്ന മാതാപിതാക്കളുണ്ട്. അത് അവരുടെ വിദ്യാഭ്യാസത്തിനോ അവൾക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനോ ആദ്യമേ എന്തുകൊണ്ട് കൊടുത്തുകൂടാ എന്നാണ് എന്റെ ചോദ്യം.

ഫെമിനിസ്റ്റല്ല, തുല്യതയിലാണ് വിശ്വാസം

ഫെമിനിസം എന്താണെന്നു പോലും അറിയാത്തവരാണ് ഇവിടെ വിമർശിച്ചുകൊണ്ടിരിക്കുന്നത്. ഞാൻ പെൺകുട്ടികളെ മാത്രമേ പിന്തുണയ്ക്കൂ എന്നു പറയുന്നയാളല്ല. സത്യത്തേയും ശരികളേയും പിന്തുണയ്ക്കുന്ന ആളാണ്. തെറ്റു ചെയ്യുന്നത് ആണായാലും പെണ്ണായാലും ചൂണ്ടിക്കാട്ടണം. തുല്യതയിൽ വിശ്വസിക്കുന്ന ആളാണ്, വേതനം തൊട്ട് എല്ലാത്തിലും ആ തുല്യത ഉണ്ടായിരിക്കണം. എല്ലാവരും വ്യക്തികളാണെന്നും എല്ലാവരും ബഹുമാനിക്കപ്പെടേണ്ടവരാണെന്നും അവർക്കൊക്കെ അഭിപ്രായങ്ങളുണ്ടെന്നുമൊക്കെ കരുതുന്നയാളാണ് ഞാൻ. ആണുങ്ങൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളുണ്ട് എന്നു പറയുന്നതുപോലെ പെണ്ണുങ്ങൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളുമുണ്ട്. പരസ്പര ബഹുമാനത്തോടെ മുന്നോട്ടു പോവുകയാണ് വേണ്ടത്. ആണോ പെണ്ണോ ട്രാൻസ്ജെൻഡറോ എന്ന വ്യത്യാസമില്ലാതെ ജാതിമത വ്യത്യാസങ്ങളില്ലാതെ പരസ്പരം ബഹുമാനിക്കാൻ കഴിയണം.

sanusha

പുതിയ പദ്ധതികൾ?

ഫോട്ടോഷൂട്ടുകളൊക്കെ ചെയ്യുമ്പോൾ സിനിമ കിട്ടാത്തതു കൊണ്ടാണെന്നൊക്കെ പറഞ്ഞവരുണ്ട്. ഞാൻ സിനിമകൾ ചെയ്യാതിരുന്നതോ കിട്ടാതിരുന്നേതാ അല്ല. സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു, പക്ഷേ പഠനത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ടായിരുന്നു. മലയാളത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണം എന്നാഗ്രഹമുള്ളതുകൊണ്ടാണ് വലിയ ഇടവേള വന്നത്. ഫോട്ടോഷൂട്ട് ചെയ്തതുകൊണ്ടാണ് പലർക്കും സിനിമ കിട്ടുന്നത് എന്നു കരുതുന്നില്ല. കഴിവുള്ളവരെ ഏതു സമയത്തായാലും സിനിമ തേടിയെത്തിയിരിക്കും. രണ്ടു പ്രൊജക്റ്റുകൾ വരാനുണ്ട്. അതിനെക്കുറിച്ച് തുറന്നു പറയാനാവുന്നതേ ഉള്ളു.

ഓൺലൈൻ ആങ്ങളമാർ, വ്യാജ അക്കൗണ്ടുകളിലൂടെ വരുന്ന ചേച്ചിമാർ, ചേട്ടന്മാർ ഒക്കെ ഇനിയെങ്കിലും ആ പണി നിർത്തി പെൺകുട്ടികളുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു..

Content Highlights: interview with actress sanusha santhosh

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram