അപൂർവ ബോസ് | Photos: instagram.com|apoorvabose07|
കൊച്ചിയുടെ മടിത്തട്ടില്‍ മാതാപിതാക്കളുടെ ചിറകിനടിയില്‍ വളരുന്ന കാലത്താണ് അപൂര്‍വ ബോസ് മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലേക്കുള്ള ടിക്കറ്റെടുത്തത്. വിദ്യാരംഭം വിജയമായപ്പോള്‍ സിനിമകള്‍ ഒരുപിടി പിന്നെയും വന്നു. എന്നാല്‍ സിനിമയുടെയും കൊച്ചിയുടെയും തിരക്കുകളില്‍നിന്ന് നിന്ന് പെട്ടെന്നൊരു ഒരുദിവസം ആ പെണ്‍കുട്ടി ചിറകുവിരിച്ച് സ്വപ്‌നങ്ങളുടെ ആകാശത്തേക്ക് പറന്നു. സംസ്ഥാനങ്ങളുടെ രാജ്യങ്ങളുടെ ഏഷ്യ വന്‍കരയുടെ അതിര്‍ത്തി കടന്ന് അവള്‍ പറന്നിറങ്ങിയത് സമാധാനത്തിന്റെ തലസ്ഥാനമായ സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവയിലാണ്. അപരിചിതമായ നാട്ടില്‍ ദേശാടനത്തിനെത്തിയ അപൂര്‍വ ആരും കൊതിക്കുന്ന സ്വപ്ന ജോലിയും നേടി മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം അസ്സല്‍ ജനീവക്കാരിയായി കഴിഞ്ഞു. യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമില്‍ (UNEP) കമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി അപൂര്‍വ ബോസിപ്പോള്‍. സിനിമയില്‍ നിന്ന് സ്വപ്‌നകരിയറിലേക്ക് നടത്തിയ യാത്രയുടെ കഥയിതാ...
അപൂര്‍വ @ യു.എന്‍
യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ ഇന്റേണല്‍ ആന്‍ഡ് എക്‌റ്റേണല്‍ കമ്യൂണിക്കേഷനാണ് ഞാന്‍ കൈകാര്യം ചെയ്യുന്നത്. ഈ വര്‍ഷമാണ് ജോലിയില്‍ പ്രവേശിച്ചത്. നാട്ടില്‍ പഠിച്ചിരുന്ന കാലത്ത് എന്റെ സ്വപ്‌നത്തില്‍ പോലുമുണ്ടാകാത്ത ജോലിയാണിത്. കാരണം യുഎന്നില്‍ എങ്ങനെ ജോലികിട്ടുമെന്ന് അറിയില്ലായിരുന്നു. പലയിടങ്ങളിലും ജോലി ചെയ്ത പരിചയ കൊണ്ട് മാത്രം എത്തിപ്പെടാന്‍ പറ്റുന്ന ഒരിടമായാണ് യുഎന്‍ എന്നാണ് കരുതിയിരുന്നത്. മാസ്റ്റേഴ്‌സ് ചെയ്യാനായി ജനീവയില്‍ എത്തികഴിഞ്ഞപ്പോഴാണ് തുടക്കക്കാര്‍ക്കും ഒരുപാട് അവസരങ്ങള്‍ യുഎന്‍ നല്‍കുന്നുണ്ടെന്ന് അറിഞ്ഞത്. സെലക്ഷന്‍ ലഭിക്കാന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട് എന്നത് സത്യമാണ്. അതിന് നല്ല ഗൈഡന്‍സ് ആവശ്യമാണ്. യുഎന്നിനുള്ള ജോലി ചെയ്യുന്നവര്‍ തന്നെയാണ് അത്തരം കാര്യങ്ങള്‍ക്ക് സഹായിച്ചത്.

നാട്ടിലെ വിദ്യാര്‍ഥികളെ ഇതിലും വലിയ ഉയരങ്ങളിലേക്ക് എത്താന്‍ സഹായങ്ങള്‍ ചെയ്യാനും അവരെ പ്രചോദിപ്പിക്കാനുമാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്. യുഎന്നിന് തന്നെ പലബ്രാഞ്ചുകളുണ്ട്. അതിനാല്‍ ഏത് കോഴ്‌സ് പഠിച്ചവര്‍ക്കും അവസരമുണ്ട്. ഒരുപാട് പേര്‍ സോഷ്യല്‍മീഡിയയില്‍ അവസരങ്ങളെ കുറിച്ചും കോഴ്‌സുകളെക്കുറിച്ചും ചോദിക്കാറുണ്ട്. അവര്‍ക്കെല്ലാം കഴിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാറുമുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും മറ്റും ഞാന്‍ സോഷ്യല്‍മീഡിയയില്‍ ലൈവ് ചെയ്യാറുണ്ട്. അത് ഒരുപാടുപേര്‍ക്ക് സഹായകമാകുന്നുണ്ടെന്നാണ് കരുതുന്നത്.
ഇത്തരം സാധ്യതകളറിയാതെ മിടുക്കരായ വിദ്യാര്‍ഥികള്‍ പലരും ഇവിടെ തന്നെ ഒതുങ്ങിപ്പോകുന്നുണ്ട്. വരും നാളുകളില്‍ കേരളത്തിലെ സ്‌കൂള്‍, കരിക്കുലത്തില്‍ കരിയര്‍ ഗൈഡന്‍സ് കൂടി മികച്ച രീതിയില്‍ ഉള്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ നമ്മുടെ കുട്ടികള്‍ക്ക് ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ പഠിക്കാനും നല്ലയിടങ്ങളില്‍ ജോലി ചെയ്യാനും സാധിക്കുകയുള്ളൂ.
സിനിമയെന്ന കൗതുകം
പത്താം ക്ലാസ് പഠിക്കുന്ന സമയത്താണ് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമയുടെ സ്വാധീനമോ അതിനുവേണ്ടി എന്തൊക്കെ ചെയ്യണമെന്നോ അഭിനയിക്കാന്‍ എന്ത് കഴിവുണ്ടായിരിക്കണമെന്നൊന്നും അന്നെനിക്കറിയില്ലായിരുന്നു. കാരണം കൗമാരപ്രായമായതിനാല്‍ കൗതുകമായ പരീക്ഷണമായി മാത്രമേ അന്ന് കരുതിയിരുന്നുള്ളൂ. മലര്‍വാടി ആര്‍ട്‌സ് ക്ലബായിരുന്നു ആദ്യ സിനിമ. പിന്നീട് രണ്ട് സിനിമകളില്‍ കൂടി തുടര്‍ച്ചയായി അഭിനയിച്ചു. സ്‌കൂള്‍ കാലത്തിന് ശേഷമാണ് സിനിമയിലെ ആള്‍ക്കാരുമായി കൂടുതലായി സംസാരിക്കുന്നതും കുറച്ച് കൂടി സീരിയസായ ചര്‍ച്ചകള്‍ നടത്തിയതും. അപ്പോഴാണ് ഒരുകരിയര്‍ എന്ന നിലയില്‍ സിനിമയെ എങ്ങനെ കാണണം എന്ന് മനസ്സിലാക്കിയത്. സിനിമ പശ്ചാത്തലം തീരെയില്ലാത്ത കുടുംബപശ്ചാത്തലമാണ് എന്റേത്. അതുകൊണ്ട് തന്നെ സിനിമയില്‍ തന്നെ തുടര്‍ന്നാല്‍ ഭാവി എന്താകും എന്നൊരു ആശങ്കയുണ്ടായിരുന്നു. വക്കീല്‍ ആകണം എന്നായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഗ്രഹം. അഭിനയത്തിനൊപ്പം തന്നെ വക്കീല്‍ പഠനം പൂര്‍ത്തിയാക്കി. ഇനിയെന്ത് ചെയ്യണം എന്നൊരു കൃത്യമായ പ്ലാനിങ് അപ്പോള്‍ ഉണ്ടായിരുന്നില്ല. അത് ഇപ്പോഴും ഇല്ല ( ചിരിക്കുന്നു).
സ്വപ്‌ന വാതില്‍ തുറക്കുന്നു
ബിരുദ പഠനം കഴിഞ്ഞ് ഒരുവര്‍ഷത്തെ ഇടവേള എടുത്ത സമയത്താണ് യുഎന്നിനൊപ്പം ഡല്‍ഹിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തത്. അതിനൊപ്പം തന്നെശ്യാമപ്രസാദ് സാറിന്റെ 'ഹേയ് ജൂഡ്' എന്ന സിനിമയിലും അഭിനയിച്ചു. അപ്പോഴും അഭിനയം, നൃത്തം, സംഗീതം, നിയമ പഠനം എല്ലാം ഒരുമിച്ച് കൊണ്ടുപോകണമെന്നായിരുന്നു തീരുമാനം. മനുഷ്യാവകാശം, അന്തര്‍ദേശീയ നിയമങ്ങള്‍ എന്നിവയാണ് എന്റെ ഇഷ്ടമേഖലകളെന്ന് പഠനകാലത്ത് തന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കേരളത്തില്‍ അതിനുതകുന്ന ഒരുസംഘടന ആ സമയത്ത് ഉണ്ടായിരുന്നില്ല. മാസ്‌റ്റേഴ്‌സിന് പഠിക്കാന്‍ അപേക്ഷിക്കുന്ന സമയത്ത് വിവിധ രാജ്യങ്ങളിലെ കോളജുകളെക്കുറിച്ച് അന്വേഷിച്ചു. ജനീവയിലാണ് പ്രധാനസംഘടനകളുടെയെല്ലാം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അപ്പോള്‍ മനസ്സിലായി. ജനീവയിലെ ഏറ്റവും മികച്ച കോളജായ ദി ഗ്രാറ്റുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാസ്റ്റര്‍ ഇന്‍ ഇന്റര്‍നാഷണല്‍ ലോ വിന് അപേക്ഷിക്കുകയും അവിടെ പ്രവേശനം ലഭിക്കുകയും ചെയ്തു. മുന്‍ യു.എന്‍.സെക്രട്ടറി കോഫി അന്നനൊക്കെ പഠിച്ച കോളജാണത്. പുതിയ കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കണം എന്നൊരാഗ്രഹണമാണ് എപ്പോഴും എന്നെ മുന്നോട്ട് നയിക്കുന്നത്.

യൂറോപ്പിലേക്ക് ഒറ്റയ്ക്ക്
കേരളത്തിലാകുമ്പോള്‍ ഇവിടത്തെ സിസ്റ്റത്തെ കുറിച്ചും രീതികളെ കുറിച്ചും നിയമങ്ങളെ കുറിച്ചുമെല്ലാം നമുക്ക് ധാരണയുണ്ട്. എന്നാല്‍ തീരെ അപരിചിതമായ യൂറോപ്പിലെ ഒരുസ്ഥലത്തെത്തിയപ്പോള്‍ അവിടത്തെ കാര്യങ്ങള്‍ പഠിക്കാന്‍ ആദ്യം കുറേ കഷ്ടപ്പെട്ടിരുന്നു. എല്ലാകാര്യങ്ങളും ആദ്യകാലത്ത് ഒറ്റയ്ക്ക് തന്നെയാണ് ചെയ്തത്. സഹായിക്കാനൊന്നും ആരുമുണ്ടായിരുന്നില്ല. ആദ്യമായിട്ടാണ് വീട്ടില്‍ നിന്ന് പുറത്ത് നിന്ന് പഠിക്കുന്നത്. ഇന്റേന്‍ഷിപ്പിന്റെ ഭാഗമായി ഡല്‍ഹിയില്‍ കുറച്ച് മാസം നിന്നതല്ലാതെ അതിന് മുമ്പ് അമ്മയെയും അച്ഛനെയും പിരിഞ്ഞ് നിന്നിട്ടില്ലായിരുന്നു. ആദ്യമാസങ്ങളില്‍ ഹോം സിക്ക്‌നെസൊക്കെയായി കുറച്ച് ബുദ്ധിമുട്ട് തന്നെയായിരുന്നു. ജനീവയിലെത്തിയപ്പോളാണ് സ്വന്തംകാലില്‍ നില്‍ക്കാന്‍ പഠിച്ചത്. യൂറോപ്പിലേക്ക് മാറിയത് കൊണ്ടുണ്ടായ പ്രധാന പ്രയോജനം ഞാന്‍ സാമ്പത്തിക സ്വാതന്ത്ര്വം നേടി എന്നതാണ്. ഒരു മള്‍ട്ടികള്‍ച്ചറല്‍ എന്‍വയോണ്‍മെന്റാണ് ജനീവയില്‍. അതുകൊണ്ട് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള ആള്‍ക്കാരെ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും സാധിച്ചു. കൊച്ചിയിലിരുന്ന് ഞാന്‍ പുസ്തകത്തില്‍ വായിച്ചും സിനിമകളില്‍ കണ്ടും നേടിയ ലോകകാഴ്ചകളും സംസ്‌കാരങ്ങളെയുമെല്ലാം നേരിട്ടനുഭവിക്കാന്‍ ജനീവ അവസരമൊരുക്കി. അത് ശരിക്കും ഒരുപാഠമാണ്. ഈ ലോകം എങ്ങനെയാണ് എന്ന് കണ്ടറിയാനുള്ള പാഠം. ഇവിടെയെത്തിയപ്പോള്‍ ഒരുപാട് യാത്ര നടത്താനുള്ള അവസരങ്ങളും കിട്ടി. ഇവയെല്ലാം നമ്മളെ കൂടുതല്‍ നല്ല മനുഷ്യനാക്കി മാറ്റും.
നൈറ്റ് ലൈഫില്ലാത്ത ജനീവ
മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് സ്വിറ്റ്‌സര്‍ലന്‍ഡില്‍ മലയാളി സമൂഹം വളരെ കുറവാണ്. ഉള്ളവര്‍ വളരെ നല്ലവരുമാണ്. മുരളി തുമ്മാരുക്കുടി ഇവിടെയാണ് താമസിക്കുന്നത്. പുതിയ കുട്ടികള്‍ ഇവിടേക്കെത്തുമ്പോള്‍ അദ്ദേഹം എല്ലാ ഡിസംബറിലും ഒരുകോഫിസെഷന്‍ സംഘടിപ്പിക്കും. കരിയര്‍, ജോബ്, വിദ്യഭ്യാസം തുടങ്ങി ഓരോ സംശയങ്ങള്‍ക്കും സാധ്യതകളെ കുറിച്ചുമെല്ലാം ആയൊരു സെഷനില്‍ ചര്‍ച്ചചെയ്യും. അത് ഇവിടെയെത്തുന്ന പുതിയ വിദ്യാര്‍ഥികള്‍ ഏറെ ഉപകാരപ്രദമാണ്. യുനേപില്‍ മുരളി തുമ്മാരക്കുടിയുടെ സംഘത്തിലാണ് ഞാനിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒരുമലയാളിയെ തന്നെ ഉപദേശങ്ങള്‍ ചോദിക്കാന്‍ കിട്ടുക എന്നത് കുറച്ചധികം സഹായകരമായ ഒരുകാര്യമാണ്. നൈറ്റ് ലൈഫ് തീരെ ഇല്ലാത്തൊരുസ്ഥലമാണ് ജനീവ. വൈകീട്ട് ആറ് മണിക്ക് കടകളും മറ്റും അടയ്ക്കും. ഞാന്‍ ആദ്യം വന്ന സമയത്ത് ഏറ്റവും വലിയ ഷോക്ക് ഇതായിരുന്നു. കാരണം നമ്മുടെ നാട്ടില്‍ 10 മണിവരെ പുറത്തിറങ്ങി കടകളിലൊക്കെ പോകുന്നതാണ്. അതെല്ലാം പോയല്ലേ എന്ന് തോന്നി. ആഴ്ചയുടെ അവസാന ദിനങ്ങളില്‍ രാത്രികള്‍ ഇവിടെ ഭക്ഷണശാലകള്‍ രാത്രി തുറക്കുകയും പരിപാടികളൊക്കെ ഉണ്ടാകും. അത് രസമാണ്.
ചോയ്ച്ച് ചോയ്ച്ച് പോകാം
ഇറ്റലി, സ്‌പെയില്‍, പോര്‍ച്ചുഗല്‍, ഗ്രീസ്, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെല്ലാം ഇവിടെയെത്തിയ ശേഷം സന്ദര്‍ശിച്ചു. ജനീവയില്‍ പഠിക്കാന്‍ വരുമ്പോള്‍ തന്നെ ഞാനെടുത്ത തീരുമാനം ഉള്ള കാലം കൊണ്ട് കൂടുതല്‍ സ്ഥലങ്ങള്‍ കാണുക എന്നതാണ്. ഫ്രാന്‍സിലെ ആനമാസിലാണ് ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെ നിന്ന് 20 മിനുട്ട് കൊണ്ട് എനിക്ക് ജനീവയിലെത്താം. അത്രമേല്‍ അരികെയാണ് ഇവിടെ രാജ്യങ്ങളെല്ലാം. നാട്ടിലാണെങ്കില്‍ കൊച്ചിയിലെ എന്റെ വീട്ടില്‍ നിന്ന് വൈറ്റിലയിലേക്ക് പോകാന്‍ 20 മിനുട്ട് എടുക്കും ആ സമയം കൊണ്ട് ഞാനിവിടെ ഫ്രാന്‍സില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെത്തും. വിദേശത്ത് പോയി പഠിക്കുന്ന എന്നത് വെറും പഠനമായി മാത്രമായല്ല കാണേണ്ടത്. മറിച്ച് വിവിധ സംസ്‌കാരങ്ങളെയും മനുഷ്യരെയും സ്ഥലങ്ങളെയുമെല്ലാം അടുത്തറിയാനുള്ള അവസരമാണ്. പിന്നെ ഇവിടെ ഒറ്റയ്ക്ക് യാത്രകള്‍ നടത്തുമ്പോള്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. അതിനെ മറികടക്കാന്‍ നമ്മള്‍ പഠിക്കും. ഉദാഹരണത്തിന് ഇവിടെ യാത്ര ചെയ്യുമ്പോള്‍ ഫ്രഞ്ച് അറിയില്ലെങ്കില്‍ വിഷമംനേരിടും. ആദ്യമെല്ലാം ഞാന്‍ നേരിട്ടിരുന്നു. ഇപ്പോഴാണ് അല്‍പ്പമെങ്കിലും ഫ്രഞ്ച് പഠിച്ചത്.

വീണ്ടും അഭിനയിക്കും
കഴിഞ്ഞ നവംബറില്‍ വന്നപ്പോള്‍ മൂന്ന് കഥകള്‍ കേട്ടിരുന്നു. കോവിഡ് പ്രതിസന്ധികള്‍ വന്നതിനാല്‍ അതൊന്നും നടക്കില്ല. ഇനിയും കഥകള്‍ കേള്‍ക്കും. എല്ലാം ഓക്കെയായി വന്നാല്‍ വീണ്ടും അഭിനയിക്കും. എല്ലാ ഇഷ്ടങ്ങളും ഒന്നിച്ച് കൊണ്ടുപോകാനാണ് ഇപ്പോഴും എന്റെ തീരുമാനം.
അതാണ് കരിയര്‍ പ്ലാന്‍
എന്റെ അച്ഛനും അമ്മയും ഇപ്പോള്‍ കൊച്ചിയില്‍ തന്നെയാണ്. ഈ വര്‍ഷം അവസാനമാകുമ്പോള്‍ അവരെ ഇങ്ങോട്ട് കൊണ്ടുവരാനാണ് പദ്ധതി. യുഎന്നിന്റെ ജോലിചെയ്യുമ്പോള്‍ നമ്മുടെ ലോകത്തിന്റെ പലഭാഗത്തേക്കും പലദൗത്യങ്ങളിലും നിയോഗിക്കും. കോവിഡ് ആയതിനാല്‍ കഴിഞ്ഞ ഒരുവര്‍ഷം എവിടേക്കും പോകേണ്ടി വന്നില്ല. പക്ഷേ, ഞാന്‍ യുഎന്നിനൊപ്പം വിവിധ രാജ്യങ്ങളില്‍ പോയി ജോലി ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയാണ്. അതുതന്നെയാണ് എന്റെ കരിയര്‍ പ്ലാന്‍.
നോ ലോക്ക് ഡൗണ്‍
സ്വിറ്റ്‌സര്‍ലണ്ടില്‍ ലോക്ക് ഡൗണ്‍ എന്നുപറയുന്ന ഒരുഘട്ടം ഉണ്ടായിരുന്നില്ല. കോവിഡ് കേസുകള്‍ കൂടിയ സമയത്ത് കടകളെല്ലാം അടച്ചിരുന്നെങ്കിലും ആള്‍ക്കാര്‍ക്ക് പുറത്തിറങ്ങാന്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. പാര്‍ക്കും തടാക ഉദ്യാനങ്ങളുമായി ഒരുപാട് തുറന്ന സ്ഥലങ്ങളുണ്ട്. അവയെന്നും അടച്ചിരുന്നില്ല. അതുകൊണ്ട് സുഹൃത്തുക്കളെ കാണാനും സംസാരിക്കാനുമൊക്കെ നിയന്ത്രണങ്ങള്‍ക്കിടയിലും സാധിച്ചിരുന്നു. ആയൊരു സമയം എനിക്ക് നല്ലൊരു അനുഭവമായിരുന്നു. കാരണം, ഇവിടെ ഒരു കുടുംബാന്തരീക്ഷം നേടിയെടുക്കാന്‍ എനിക്ക് സാധിച്ചു. എന്റെ രണ്ടുസുഹൃത്തുക്കളുടെ കൂടെയാണ് ഞാന്‍ താമസിച്ചിരുന്നത്. നമ്മള്‍ കുടുംബത്തില്‍ നിന്ന് മാറി ദൂരെയൊരു സ്ഥലത്ത് നില്‍ക്കുമ്പോള്‍ അവിടെ ഒരുകുടുംബ സൃഷ്ടിക്കണം എന്ന് പറയാറില്ലേ. അതെനിക്ക് സാധിച്ചു. എന്റെ മാസ്റ്റേഴ്‌സ് പ്രബന്ധത്തിന്റെ കാര്യങ്ങളെല്ലാം കോവിഡ് കാലത്താണ് ചെയ്തത്. ക്ലാസും മറ്റ് അക്കാദമിക് കാര്യങ്ങളുമെല്ലാം ഓണ്‍ലൈനിലേക്ക് മാറിയതിന്റെ ബുദ്ധിമുട്ടുകള്‍ ആദ്യം ഉണ്ടായിരുന്നെങ്കിലും അതിനോട് വേഗം പൊരുത്തപ്പെട്ടു. അത് ഒരു പുതിയ അനുഭവമായിരുന്നു. ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ എല്ലാം പഴയത് പോലെയായി കഴിഞ്ഞു. കോവിഡിന്റെ ഒരുനിയന്ത്രണങ്ങളൊന്നും തന്നെയില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ മാസക്ക് ധരിക്കണം എന്നുമാത്രമേ ഉള്ളൂ.
Content Highlights: Interview with actress Apoorva Bose