അശ്വതി ജിജി
പെൺകുട്ടികൾ ഇരുപതുകളിലേക്കെത്തുമ്പോഴേക്കും വിവാഹ ആലോചനകളെക്കുറിച്ച് സംസാരിക്കുന്ന വീട്ടുകാരും നാട്ടുകാരുമുണ്ട്. കുടുംബം നോക്കാൻ എന്തിനാണ് വിദ്യാഭ്യാസം എന്ന് പരസ്യമായി ചോദിക്കുന്നവർ. അത്തരക്കാർക്കൊക്കെ ജീവിതം കൊണ്ട് മറുപടി നൽകുകയാണ് അശ്വതി ജിജി എന്ന ഇടുക്കിക്കാരി . ഇരുപത്തിയാറാം വയസ്സിൽ സിവിൽ സർവീസസ് മോഹത്തിനു പിന്നാലെ കൂടി നാലുവർഷങ്ങൾക്കിപ്പുറം നാൽപ്പത്തിയൊന്നാം റാങ്കെന്ന മിന്നുന്ന വിജയം നേടുന്നതിനു മുന്നേ അശ്വതി കടന്നുപോയ ചില കടമ്പകളുണ്ട്. അതിലാദ്യം സമൂഹത്തിന്റെ കുത്തുവാക്കുകളായിരുന്നു. മുപ്പതുകളിലേക്ക് കടക്കുന്ന പെൺകുട്ടി വിവാഹം കഴിക്കാതെ പഠിക്കാൻ പോയതായിരുന്നു പലരുടേയും ആശങ്ക. ചോദ്യങ്ങളെ നേരിടാൻ മടിച്ച് വീട്ടിൽ പോലും പോകാതിരുന്ന കാലം ഉണ്ടെന്നു പറയുന്നു അശ്വതി. പെൺകുട്ടികൾ കരിയറിൽ തിളങ്ങാൻ വീട്ടുകാരുടെ മാത്രമല്ല സമൂഹത്തിന്റെ പിന്തുണയും അത്യാവശ്യമാണെന്നു പറയുകയാണ് അശ്വതി. സിവിൽ സർവീസസ് യാത്രയിൽ പെൺകുട്ടി ആയതുകൊണ്ടു മാത്രം താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് അശ്വതി.
സിവിൽ സർവീസ് മോഹവുമായി ചെന്നൈയിലേക്ക്...
മൂന്നാർ കേളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്നാണ് അശ്വതി ബിടെക് പൂർത്തിയാക്കിയത്. ശേഷം മൂന്നുവർഷത്തോളം മംഗലാപുരത്ത് ഇൻഫോസിസിൽ ജോലി ചെയ്തു. പിന്നീടി ഐഇഎൽടിഎസ് പൂർത്തിയാക്കി കാനഡയിലേക്കോ മറ്റേതെങ്കിലും വിദേശരാജ്യത്തേക്കോ പോകാമെന്നാണ് കരുതിയിരുന്നത്. എന്നാൽ അവിടെയുണ്ടായിരുന്ന റോയ് മാമൻ ജോസഫ് എന്ന(ഐഇഎൽടിഎസ്, സിവിൽ സർവീസ് ട്രെയിനർ) അധ്യാപകനാണ് സിവിൽ സർവീസസ് പരീക്ഷയ്ക്ക് ശ്രമിക്കണമെന്നും തനിക്ക് അതിനുള്ള കഴിവുണ്ടെന്നും പറയുന്നത്. 2016ലാണ് ജോലിയിൽ നിന്ന് രാജിവച്ച് സിവിൽ സർവീസസിന് ആദ്യമായി ശ്രമിക്കുന്നത്. ഒരുവർഷത്തോളം വീട്ടിലിരുന്നായിരുന്നു പഠനം. വീട്ടിലിരുന്ന വർഷം സിലിബസിനോട് കൂടുതൽ പരിചയമുണ്ടാക്കി. വീട്ടിലിരുന്നു പഠിച്ച വർഷം എഴുതി നോക്കിയിരുന്നു. അപ്പോഴാണ് കൃത്യമായ കോച്ചിങ് ചെയ്യാമെന്നു തീരുമാനിച്ച് ചെന്നൈയിലെത്തുന്നത്. 2017 മുതൽ ചെന്നൈയിലെത്തി കോച്ചിങ് ആരംഭിച്ചു. 2018ൽ ഒരുവർഷം മുഴുവൻ കോച്ചിങ് ചെയ്തിട്ടും ആ വർഷം കിട്ടിയില്ല. 2019ലാണ് ആദ്യമായി പ്രിലിംസ് കിട്ടുന്നത്. ആ വർഷം മെയിൻസും ലഭിച്ച് അഭിമുഖത്തിൽ പങ്കെടുത്തെങ്കിലും ടോട്ടൽ സ്കോർ മികച്ചതായില്ല. അതുകൊണ്ട് റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റാനായില്ല. തുടർന്ന് 2020ൽ എഴുതിയ പ്രിലിംസും മെയിൻസും അഭിമുഖവും കടന്ന് നാൽപ്പത്തിയൊന്നാം റാങ്ക് നേടുകയായിരുന്നു.
പെൺകുട്ടികൾ വിജയിക്കാൻ സമൂഹവും വിചാരിക്കണം
പഠനമോഹമുള്ള പെൺകുട്ടികൾ ഉയരത്തിലെത്താൻ സമൂഹം കൂടി നന്നായേ തീരൂ എന്ന് പറയുകയാണ് അശ്വതി. ഇക്കഴിഞ്ഞ വർഷങ്ങൾക്കിടെ തന്റെ കുടുംബം കേട്ട കുത്തുകവാക്കുകൾ ചില്ലറയല്ല. അവരിൽ പലരും വിദ്യാസമ്പന്നരായിരുന്നു. എന്നിട്ടും താൻ വിവാഹം കഴിക്കാത്തത് എന്താണെന്നായിരുന്നു അവരുടെ ആവലാതി.
മകൾ സ്വന്തം സമ്പാദിച്ച പണംകൊണ്ട് കെട്ടിച്ചുവിടാൻ നിൽക്കുകയാണോ എന്നാണ് അച്ഛനോട് പലരും ചോദിച്ചത്. അച്ഛന്റെയും അമ്മയുടെയും പ്രായത്തിലുള്ളവരുടെ മക്കളൊക്കെ വിവാഹിതരായെന്നും മകളെ കെട്ടിച്ചുവിടൂ എന്നും പറഞ്ഞായിരുന്നു കുത്തുവാക്കുകൾ. അതുകൊണ്ടുകൂടിയാണ് മൂന്നുവർഷത്തിനിടെ ആകെ വീട്ടിൽപോയത് വെറും മൂന്നുതവണ മാത്രം. സുഹൃത്തുക്കളൊക്കെ ചെന്നൈയിൽ കൊറോണ രൂക്ഷമായ സമയത്ത് സ്വന്തം വീടുകളിലേക്ക് പോയിരുന്നു. ഇവിടെ കിടന്നു മരിച്ചാലും വേണ്ടില്ല, നാട്ടിൽപ്പോയി അച്ഛനെയും അമ്മയെയും വിഷമിപ്പിക്കേണ്ട എന്നാണ് കരുതിയത്. തന്നെ കണ്ടാൽ അപ്പോൾ ആളുകൾ തുടങ്ങും. അതിലും ഭേദം പോകാതിരിക്കുന്നതാണല്ലോ. അച്ഛനും അമ്മയും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പെൺകുട്ടികൾ ഉയരത്തിലെത്തണമെങ്കിൽ അച്ഛനും അമ്മയും മാത്രം വിചാരിച്ചാൽ പോരാ, സമൂഹം കൂടി പിന്തുണ നൽകേണ്ടതുണ്ട്- അശ്വതി പറയുന്നു.
ഐപിഎസ് ആണ് തിരഞ്ഞെടുക്കുക, അതിനു കാരണമുണ്ട്
ഈ വർഷം കിട്ടിയില്ലായിരുന്നെങ്കിൽ ചെറിയൊരു ജോലിയൊക്കെ ചെയ്ത് വീണ്ടും പ്രിലിംസിന് ശ്രമിക്കാമെന്നാണ് കരുതിയിരുന്നത്. പെൺകുട്ടികളാണ് എന്നുകരുതി വിവാഹം, മക്കൾ എന്നതുമാത്രമല്ല ഉത്തരവാദിത്തം. അത്തരത്തിൽ പറയുന്നവർക്കൊക്കെ ഇതുപോലുള്ള പദവികളിലിരുന്നാണ് മറുപടി കൊടുക്കേണ്ടത്. നാളെയൊരു പെൺകുട്ടിയോട് ഒരിക്കലും അങ്ങനെ ചോദിക്കാൻ ധൈര്യപ്പെടരുത്. കുട്ടിക്കാലം തൊട്ടേ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മക്കൾക്ക് തുല്യമായ സ്ഥാനം നൽകണം. അത്തരം കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കേ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആവാനും കഴിയൂ. അനുജന്മാരേക്കാൾ ഒപ്പം അല്ലെങ്കിൽ അവരേക്കാൾ കൂടുതൽ സ്ഥാനമാണ് എനിക്ക് വീട്ടിൽ കിട്ടിയിട്ടുള്ളത്. - അശ്വതി പറഞ്ഞു.
41ാം റാങ്കാണെങ്കിലും ഐപിഎസ് തിരഞ്ഞെടുത്തതിനു പിന്നിലും കാരണമുണ്ടെന്ന് അശ്വതി. പെണ്ണുങ്ങൾ പോലീസിൽ ഇല്ല എന്ന് പരാതിപ്പെടുന്നവർ പലരുമുണ്ട്. പക്ഷേ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിക്കുകയും വേണ്ടേ എന്ന് ചോദിക്കുകയാണ് അശ്വതി. മികച്ച റാങ്ക് കിട്ടുന്നവരെല്ലാം അഡ്മിനിസ്ട്രേഷനോ അക്കൗണ്ട്സോ ഒക്കെയാണ് എടുക്കുക. ആർക്കും പോലീസിൽ ചേരണ്ട, വെല്ലുവിളികൾ അഭിമുഖീകരിക്കാനുള്ള മടികൊണ്ടാണത്. അവസരങ്ങൾ ഉപയോഗപ്പെടുത്തി ലിംഗനീതിക്കു വേണ്ടി സംസാരിക്കുകയാണ് വേണ്ടത്. സ്ത്രീകൾ ആ മേഖലയിൽ ഉണ്ടെങ്കിലേ മറ്റു സ്ത്രീകളെ മനസ്സിലാക്കാൻ കഴിയൂ. അതുകൊണ്ടാണ് എനിക്കൊരവസരം ലഭിച്ചപ്പോൾ ഞാൻ അത് തെളിയിച്ചു കാണിക്കാമെന്ന് കരുതിയത്. - അശ്വതി പറയുന്നു.
ചിട്ടയായ പഠനം
അച്ഛൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ആയിരുന്നതുകൊണ്ട് കുട്ടിക്കാലം തൊട്ടേ ചിട്ടയായ ജീവിതമായിരുന്നു. രാവിലെ നേരത്തെ എഴുന്നേറ്റ് രാത്രി നേരത്തേ കിടക്കുന്നതാണ് ശീലം. എട്ടു മുതൽ ഒമ്പതു മണിക്കൂറോളം ദിവസവും പഠിച്ചിരുന്നു. ഒപ്പം മനസ്സിനെ ശാന്തമാക്കാൻ വർക്കൗട്ട് ചെയ്യുമായിരുന്നു. ഓരോ ആഴ്ചയും എന്താണ് ചെയ്യേണ്ടതെന്ന് ആ ഞായറാഴ്ച തന്നെ ചാർട്ട് ചെയ്യുമായിരുന്നു. അതിൽ പറയുന്ന ടാസ്ക്കുകൾ പൂർത്തിയാകുമ്പോൾ ടിക് ചെയ്യും. എഴുന്നേൽക്കുന്നതും ഉറങ്ങുന്നതും ഒരു ദിവസം എത്ര സമയം പഠിച്ചു എന്നുമൊക്കെ കുറിച്ചു വച്ചു. ഒപ്പം കാനഡയിലുള്ള മൂന്നു സുഹൃത്തുക്കളുടെ പിന്തുണയും പ്രധാനമായി പറയാനുണ്ട്. നിമ്മി, യമുന, ജിതിൻ എന്നിവരാണവർ. അവർ മൂന്നുപേരും വേറെ പ്രൊഫഷൻ ആയിരുന്നെങ്കിലും എപ്പോഴും ആത്മവിശ്വാസം തന്നുകൊണ്ടേയിരുന്നു. ഒപ്പം മെന്റർമാരുടെയും കുടുംബത്തിന്റെയും പിന്തുണയും എടുത്തുപറയേണ്ടതാണ് - അശ്വതി കൂട്ടിച്ചേർത്തു.
Content Highlights: inspiring journey of civil service rank holder Aswathy Jiji