ആര്‍ത്തവം അശുദ്ധിയുടെ നാളുകളായി കണക്കാക്കിയിരുന്ന ഒരുകാലമുണ്ടായിരുന്നു. ഇന്ത്യയിലെ പല ഉള്‍ഗ്രാമങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ചിലയിടങ്ങളില്‍ സാനിറ്റി പാഡ് പോയിട്ട് അടിവസ്ത്രം വരെ ഉപയോഗിക്കാനാകാത്ത സ്ത്രീകളുണ്ട്. ഈ സാഹചര്യത്തിലാണ് 2020-ത്തില്‍ ഇന്ത്യ 'സൂപ്പര്‍ പവറാ'കുമെന്ന് നമ്മള്‍ കരുതുന്നത്. അടുക്കളവാതിലിന് പിന്നില്‍ പതുങ്ങി കഴിയുന്ന സ്ത്രീകളെ അവഗണിച്ചെങ്ങനെയാണ് ഒരു രാജ്യം സൂപ്പര്‍ പവര്‍ ആകുന്നത്? ആര്‍ത്തവമെന്ന് കേട്ടാലറയ്ക്കുന്ന പുരുഷകേസരികളുടെ മാത്രം പ്രയത്‌നം കൊണ്ടോ?
ഗ്രാമത്തിലെ സ്ത്രീകളുടെ ആര്‍ത്തവശുചിത്വം ഉറപ്പാക്കാന്‍ വില കുറഞ്ഞ സാനിറ്ററി പാഡ് നിര്‍മിക്കാന്‍ ഒരുപക്ഷേ ജീവിതത്തിന്റെ നല്ലൊരു ഭാഗം സമര്‍പ്പിച്ച അരുണാചലം മുരുകാനന്ദത്തോടൊപ്പം ചില നിമിഷങ്ങള്‍. തന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുമ്പോള്‍ മാതൃഭൂമിയോട് പിന്നിട്ടവഴികള്‍ പങ്കുവെച്ച് അരുണാചലം മുരുകാനന്ദം.
തുടക്കത്തില്‍, സാനിറ്ററി നാപ്കിനുകളെക്കുറിച്ചുള്ള നിങ്ങളുടെ അന്വേഷണം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നെഗറ്റീവ് പ്രതികരണമാണ് ലഭിച്ചത്. ഇതിനെ താങ്കള്‍ എങ്ങനെയാണ് അതിജീവിച്ചത്?
ഇന്നും പല സ്ഥലങ്ങളിലും ആര്‍ത്തവം എന്ന വിഷയം ഒരു ടാബൂവാണ്. 2017-ല്‍ ആളുകള്‍ ഇങ്ങനെ ചിന്തിക്കുന്നവെങ്കില് പിന്നെ 20 വര്‍ഷം മുന്‍പത്തെ ആളുകളുടെ കാര്യം പറയണോ. സ്ത്രീകള്‍ പോലും പരസ്പരം ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ താത്പര്യപ്പെടുന്നില്ല. ഞാന്‍ എന്‍ജിനീയറിങ് മേഖലയുമായി ബന്ധപ്പെട്ട തൊഴിലാണ് ചെയ്തിരുന്നത്. 9,999 തവണ പരാജയപ്പെട്ടാലും 10,000-ാമത് തവണ ഞാന്‍ വീണ്ടും ശ്രമിക്കും. എന്റെ കണ്ടുപിടിത്തം വിജയിക്കാതിരുന്നത് ഭാഗ്യക്കുറവായോ മറ്റോ ഞാന്‍ കാണുന്നില്ല. പകരം, 'ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും കൂടെയായിരിക്കുക, നിങ്ങള്‍ ഒരിക്കലും നിരാകരിക്കപ്പെടുകയില്ലെന്ന് ' മനസിലുറപ്പിക്കും. ഇന്ന് ഞാന്‍ പരാജയപ്പെടുകയാണെങ്കില്‍ പോലും, ബ്ലേഡിന്റെയോ മാറ്റിയാലോ മറ്റോ യന്ത്രം പൂര്‍ണമായും പ്രവര്‍ത്തിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഈ വിധമാണ് ഞാന്‍ മുന്നോട്ട് പോയികൊണ്ടിരുന്നത്. ആരൊക്കെയാണ് എന്റെ കൂടെ നിന്നത് എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല.
കൃത്രിമ ഗര്‍ഭപാത്രമുണ്ടാക്കിയ അനുഭവം പങ്കുവെക്കാമോ?
ഞാന്‍ നിര്‍മ്മിച്ച സാനിറ്ററി പാഡിനെപ്പറ്റി അഭിപ്രായം പറയാനായി ആരും തയ്യാറായില്ല. അഥവാ തയ്യാറായവര്‍ ശരിയായ പ്രതികരണം തന്നില്ല. അവരുടെ ഫീഡ്ബാക്ക് ലഭിക്കാന്‍ ഏറെ നാള്‍ കാത്തിരിക്കാനും കഴിയില്ല. അവസാനം സ്വയം പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പഴയ ഫുട്ബാള്‍ ഉപയോഗിച്ച് കൃത്രിമ ഗര്‍ഭപാത്രം സൃഷ്ടിച്ചു. ആടിന്റെ രക്തം അതില്‍ നിറച്ച് അരയില്‍ ഘടിപ്പിച്ചു. കുഴല്‍ വഴി രക്തം പാഡിലേക്ക് എത്തിക്കുന്ന രീതിയിലാക്കി. സൈക്കിള്‍ ചവിട്ടുമ്പോഴും നടക്കുമ്പോഴും ഫുട്‌ബോളില്‍ അമര്‍ത്തി രക്തം വരുത്തി. ഞാനുണ്ടാക്കിയ സാനിറ്ററി പാഡുകളുടെ ആഗിരണമറിയാനായിരുന്നു. എല്ലാവരും ഞാന്‍ ഭ്രാന്തനാണെന്ന് കരുതി. കൂടാതെ കറ പറ്റിയ വസ്ത്രം ഞാന്‍ പൊതു കിണറിന് സമീപം വെച്ച് കഴുകുകയായിരുന്നത് കണ്ട് മുഴുവന്‍ ഗ്രാമവും ഞാന്‍ ലൈംഗിക രോഗിയാണെന്നും മുദ്രകുത്തി. സിനിമയില്‍ ഈ രംഗം കാണിക്കുന്നുണ്ട്. ഹൃദയസ്പര്‍ശിയായ രംഗമാണിത്.
ബഹുരാഷ്ട്രാ കമ്പനികള്‍ നിര്‍മ്മിക്കുന്ന സാനിറ്ററി നാപ്കിനുകളില്‍ നിന്നും നിങ്ങളുടെ സാനിറ്ററി നാപ്കിനുകള്‍ എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
വിവിധ വലുപ്പത്തിലും കനത്തിലും ഉണ്ടാക്കാന്‍ കഴിയുന്ന ഒരു ഇഷ്ടാനുസൃത ജൈവശാസ്ത്രപരമായ പാഡാണ് ഞങ്ങളുണ്ടാക്കുന്നത്.
മിക്ക പെണ്‍കുട്ടികളും ആര്‍ത്തവസമയത്ത് വൃത്തിഹീനമായ വഴികളാണ് സ്വീകരിക്കുന്നത്. ചെലവു കുറഞ്ഞ സാനിറ്ററി പാഡുകള്‍ നിര്‍മിക്കാന്‍ നിങ്ങളെ പ്രചോദിപ്പിച്ചത് എന്താണ്?
എന്റെ ഭാര്യ ആര്‍ത്തവസമയത്ത് വൃത്തിഹീനമായ തുണികള്‍ ഉപയോഗിക്കുന്നത് കണ്ടതായിരുന്നു എല്ലാത്തിന്റെയും തുടക്കം. എന്നാല്‍ ഇതിന് 3 'എ' കളാണതിന് പിന്നില് അഫോര്‍ഡബിളിറ്റി, ആക്‌സസ്, അവയര്‍നസ് - ലഭ്യത, മാര്‍ഗം, അവബോധം
ഭാര്യയെ വളരെയധികം സ്വാധീനിക്കാന്‍ ശ്രമിച്ചത് താങ്കള്‍ക്ക് ഒരു വലിയ വിജയമാണ് നേടിതന്നത്. ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഭാര്യയുടെ പ്രധാന്യം?
ബുദ്ധിമുട്ടുള്ള സമയത്തും നല്ല സമയത്തും ഭാര്യ പിന്തുണയായി വേണം. എല്ലാക്കാലത്തും പുരുഷന്മാര്‍ അവര്‍ക്ക് താങ്ങായി നിലക്കൊള്ളണം. ഞാന്‍ പറഞ്ഞതുപോലെ, എല്ലാം എന്റെ ഭാര്യയില്‍ നിന്ന് തുടങ്ങി, ഇപ്പോള്‍ അത് ആഗോളതലത്തിലെത്തിയിരിക്കുന്നു.
മിക്ക ഭര്‍ത്താക്കന്മാരും, സഹോദരന്‍മാരും, സുഹൃത്തുക്കളും സാനിറ്ററി പാഡുകള്‍ വാങ്ങാന്‍ മടിയ്ക്കുന്നു. ഇത് ആര്‍ത്തവത്തെ സംബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന യാഥാസ്ഥിതിക സമീപനത്തിന്റെതാണോ? ആര്‍ത്തവത്തെക്കുറിച്ചും സാനിറ്ററി പാഡുകളെക്കുറിച്ചും പുരുഷന്മാരുടെ മനോഭാവം മാറ്റേണ്ട കാലമായില്ലേ?
ഇന്ത്യയില്‍ മാത്രമല്ല വികസിത രാജ്യങ്ങളില്‍പ്പോലും അതൊരു പ്രശ്‌നമാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ അപേക്ഷിച്ച് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. നാം അതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്! പുരുഷന്മാരും ഇത്തരം സംഭാഷണത്തിന്റെ ഭാഗമായിരിക്കണം! സ്‌കൂളുകളില്‍ ആര്‍ത്തവവിഷയത്തെപ്പറ്റി വിദ്യാര്‍ഥികളെ ഉദ്ബുദ്ധരാക്കണം. നൂറുശതമാനവും സാനിറ്ററി പാഡുപയോഗിക്കുന്ന സ്ത്രീകളുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റുകയെന്നത് മാത്രമല്ല, 1 ദശലക്ഷം സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യണമെന്നതാണ് എന്റെ ലക്ഷ്യം
ഇന്ത്യയില്‍ ദാരിദ്ര്യവും അഴിമതിയും ഇപ്പോഴും വ്യാപകമാണ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ശക്തമായ രാജ്യമെന്ന പദവിയിലേക്ക് രാജ്യം കുതിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകളെ വീട്ടുവളപ്പില്‍ കെട്ടിയിട്ടുകൊണ്ട് സൂപ്പര്‍ പവര്‍ പദവി ഇന്ത്യക്ക് എങ്ങനെ നേടാന്‍ കഴിയും?
ഒരാളും ദാരിദ്രം കൊണ്ട് മരിച്ചിട്ടില്ല, എല്ലാം അവഗണനകൊണ്ടാണ്. പണത്തിന് പിന്നാലെയോടുമ്പോള്‍ നാം പലതും മറക്കുന്നു. സ്ത്രീ ശാക്തീകരിക്കപ്പെടുന്നതുവരെ ഒരു രാജ്യത്തിനും വികസനം സാധ്യമല്ല. സ്ത്രീകളെ അധികാരപ്പെടുത്തുന്നതോടെ മാത്രമേ ഒരു രാജ്യം വികസിപ്പിക്കൂ. ആര്‍ത്തവം നിമിത്തം വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്താതിരിക്കുകയും രാജ്യത്തിന്റെ തൊഴില്‍സേനയില്‍ ചേരുകയും ചെയ്യുമ്പോഴാണ് ആ രാജ്യത്തിന്റെ ജിഡിപി വര്‍ദ്ധിപ്പിക്കുക. അതുകൊണ്ട് തന്നെ സാനിറ്ററി പാഡിന് ഇന്ത്യയുടെ ജി.ഡി.പി.യില്‍ പ്രാധാന്യമുണ്ട്.
എങ്ങനെയാണ് ട്വിങ്കില്‍ ഖന്ന നിങ്ങളെ കണ്ടെത്തിയത്?
ട്വിങ്കില്‍ ആര്‍ത്തവത്തെക്കുറിച്ച് ഒരു കോളം എഴുതുന്നുണ്ടായിരുന്നു. അതിനുള്ള ഒരുക്കത്തിനിടയിലാണ് അവര്‍ എന്നെ കണ്ടെത്തിയത്. അവര്‍ ഒരിക്കല്‍ പരസ്പരം കാണുന്നതിന് വേണ്ടി എന്നെ ഫഓണ്‍വഴി ബന്ധപ്പെട്ടു. എന്നാല്‍ കാണാന്‍ സാധിച്ചില്ല. അങ്ങനെയിരിക്കെ ഞാന്‍ ലണ്ടനിലായിരുന്ന സമയത്ത് ട്വിങ്കിള്‍ വീണ്ടും വിളിച്ചു. അവരും അവിടെ ആ സമയം ഉണ്ടായിരുന്നു. ആര്‍ത്തവം എന്ന വിഷയത്തോടുള്ള അവരുടെ അഭിനിവേശമാണ് അവരെ കാണുവാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്.
സമൂഹത്തിനൊരു സന്ദേശം
നിലനില്‍പ്പിനായി നിങ്ങളുടെ വിദ്യാഭ്യാസം ഉപയോഗിക്കരുത്. സമൂഹത്തില്‍ ഒരു വ്യത്യാസമുണ്ടാക്കാന്‍ നിങ്ങളുടെ വിദ്യാഭ്യാസം ഉപയോഗിക്കുക.
Content Highlights: Indian Padman Arunachalam Muruganandan