നിവേദ് ആന്റണി | photo : ezra zakeria photography
ആൺ ഉടലില്‍ ജന്മം കൊണ്ട ഒരാള്‍ ഗര്‍ഭം ധരിക്കാന്‍ തയ്യാറാകുന്നു. പ്രതീകാത്മകമായി ഫോട്ടോ ഷൂട്ട് നടത്തി ആ തീരുമാനം അറിയിക്കുന്നു. ഗേയും മോഡലുമായ നിവേദ് ആന്റണി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയപ്പോള്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടു. അവന്‍ ആണല്ലേ... അപ്പോള്‍ ഇതെങ്ങനെ ശരിയാകും, അതിന് അവന് ഗര്‍ഭപാത്രം ഇല്ലല്ലോ, അവനെങ്ങനെ പ്രസവിക്കും? അങ്ങനെ പല സംശയങ്ങള്‍. ആണു പെണ്ണും കെട്ടവന്‍ ഇതെന്തിനുള്ള പുറപ്പാടാണെന്ന് പലരും പരിഹസിച്ചു. മറുഭാഗത്ത് കുത്തുവാക്കുകള്‍ നിറഞ്ഞു. പക്ഷെ, ഇതൊന്നും തന്റെ തീരുമാനത്തില്‍നിന്നു നിവേദിനെ പിന്തിരിപ്പിക്കുന്നില്ല. നിവേദ് ആന്റണി അമ്മയാവാനുള്ള തീരുമാനത്തില്‍ ഉറച്ചുതന്നെയാണ്. അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു.
ആണായി പിറന്ന എന്റെ വയറ്റിലും ജീവന്റെ കണിക വിരിയും
ആണായി ജനിച്ചാലും കുഞ്ഞിനെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കഴിയുമെന്ന് നിവേദ് ആന്റണി പറയുന്നത് വൈദ്യശാസത്രം നല്‍കുന്ന ഉറപ്പിലാണ്. ഒരു കൂടപ്പിറപ്പ് എന്നത് കുഞ്ഞുനാളിലേ മനസ്സില്‍ പതിഞ്ഞ ആഗ്രഹമായിരുന്നു. പല കാരണങ്ങളാല്‍ അതു നടക്കാതെ പോയി. പക്ഷെ, കൂട്ടിന് സ്വന്തമെന്ന് പറയാവുന്ന ഒരാള്‍ വേണമെന്ന ആഗ്രഹം വളര്‍ന്നു. സ്വന്തം കുഞ്ഞ്. അതിന് അച്ഛനും അമ്മയും ആവുക, നെഞ്ചില്‍ ചേര്‍ത്തുറക്കുക. ഈ സ്വപ്‌നത്തിനൊപ്പമായിരുന്നു പിന്നീടുള്ള യാത്ര. പല വഴികള്‍ അന്വേഷിച്ചു. ഒടുവില്‍ ആധുനിക വൈദ്യശാസ്ത്രം പ്രതീക്ഷ പകര്‍ന്നു. ആണായി പിറന്ന എന്റെ ശരീരത്തിലും ജീവന്‍ മൊട്ടിടും, ഞാനും പ്രസവിക്കും. പക്ഷെ, സാധാരണ ഗര്‍ഭധാരണവും പ്രസവവും പോലെ പത്തു മാസത്തില്‍ തീരുന്നതല്ല അതിന്റെ പ്രക്രിയകള്‍. അത് വളരെ സങ്കീര്‍ണമാണ്. വളരെയധികം സമയം എടുക്കുന്നതാണ്. മുപ്പത് ശതമാനമാണ് അതിനുള്ള സാധ്യത. പക്ഷെ, ഞാന്‍ അമ്മയാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്. അതുകൊണ്ടാണ് അങ്ങനെയൊരു പ്രതീകാത്മക മെറ്റേണിറ്റി ഷൂട്ട് നടത്തിയത്.

നീ എങ്ങനെ പ്രസവിക്കാനാ...! നൂറായിരം ചോദ്യങ്ങള്‍, പരിഹാസം, കുത്തുവാക്ക്
എന്റെ ഫോട്ടോഷൂട്ട് ചര്‍ച്ചയായി. പലരും എന്നെ പരിഹസിച്ചു, പലരും ഞാന്‍ ഗര്‍ഭിണി ആണെന്നും ഉടന്‍ പ്രസവിക്കുമെന്നും പടച്ചുവിട്ടു. പക്ഷെ, എനിക്ക് ഏറ്റവും വിഷമം തോന്നിയത് എൽ.ജി.ബി.ടി. കമ്മ്യൂണിറ്റിയിലുള്ളവരുടെ പ്രതികരണം കേട്ടപ്പോളായിരുന്നു. ഇതൊന്നും നടക്കുന്ന കാര്യമല്ല. പിന്നെ എന്തിനാണ് ഈ വേഷംകെട്ട്. നടക്കാത്ത ഒരു കാര്യത്തിന്റെ പിറകെ എന്തിന് പോകണം. അങ്ങനെ പലതും പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തി. ഇത് എത്രത്തോളം റിസ്‌ക് ആണെന്ന് മനസ്സിലാക്കിയപ്പോള്‍ വീട്ടുകാര്‍ പോലും എതിര്‍ത്തു. പക്ഷെ, ഇതൊന്നും എന്നെ തളര്‍ത്തുന്നില്ല. എനിക്കു മാത്രമായി ഒരു കുഞ്ഞ്. എനിക്ക് താലോലിക്കാന്‍ സ്വന്തം ചോരയില്‍ മറ്റൊരു ജീവന്‍. അത് വല്ലാത്തൊരു ഫീലാണ്, ഗര്‍ഭധാരണം മുതല്‍ ഇങ്ങോട്ടുള്ള എല്ലാ ഫീലും എനിക്കും അനുഭവിക്കണം. ആ കുഞ്ഞിന് അമ്മയും അച്ഛനുമാവണം. അത്ര ആഴത്തിലുള്ളതാണ് എന്റെ സ്വപ്‌നം.
ഗര്‍ഭധാരണത്തിനുള്ള പരിശ്രമം ബാംഗ്ലൂരില്‍
ആണിന് ഗര്‍ഭം ധരിക്കാന്‍ വൈദ്യശാസ്ത്രം കണ്ടെത്തിയ ചില സാധ്യതകളുണ്ട്. ഇന്‍ഡോറിലെ ഒരു ഡോക്ടറുടെ സഹായത്തോടെ ബാംഗ്ലൂരിലാണ് ഞാന്‍ അതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ പോകുന്നത്. ഉടന്‍ ഞാന്‍ ബാംഗ്ലൂരിലേക്ക് പോകും. അടുത്ത മാസം ഡോക്ടര്‍ ബാംഗ്ലൂരിലെത്തും. അതോടെ ഗര്‍ഭധാരണത്തിലേക്ക് എത്താനുള്ള നടപടിക്രമങ്ങളുടെ ആദ്യകടമ്പ പൂര്‍ത്തിയാകും. ഏതൊക്കെ ഘട്ടങ്ങളാണ്. ഏതൊക്കെ സര്‍ജറികളാണ് അതിനുവേണ്ടി വരിക, എന്റെ ശരീരത്തിന് ഈ കടമ്പ കടക്കാനുള്ള ശേഷിയുണ്ടോ അങ്ങനെ എല്ലാം വിശദമായി പരിശോധിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത ശേഷം എനിക്കും ഡോക്ടര്‍ക്കും ഓകെയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളിലേക്ക് പോകും. കാരണം, എന്റെ ജീവന്‍ അപകടത്തിലാവാതെ വേണം ഈ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍.

വജൈനയും ഗര്‍ഭപാത്രവും കൃത്രിമമായി വെച്ചു പിടിപ്പിക്കും
ശരീരത്തില്‍ സ്ത്രീ ഹോര്‍മോണ്‍ എത്രത്തോളം ഉണ്ടെന്ന് അറിയാനുള്ള പരിശോധനയാണ് ആദ്യം നടത്തുക. പിന്നീട് സ്ത്രീയുടേത് പോലെ വജൈനവെച്ചു പിടിപ്പിക്കുന്ന സെക്‌സ് റീ അസൈന്‍മെന്റ് സര്‍ജറി എന്നൊരു ഘട്ടമുണ്ട്. അത് വിജയകരമായാല്‍ കൃത്രിമമായി ഗര്‍ഭപാത്രം വെച്ചു പിടിപ്പിക്കും. പക്ഷെ എന്റെ ശരീരം ആ ഗര്‍ഭപാത്രത്തെ ഉള്‍ക്കൊള്ളുമോ എന്നറിയില്ല. പക്ഷെ, ഞാന്‍ പ്രതീക്ഷയിലാണ്. സംഭവിക്കുന്നത് മറിച്ചായാലും ഞാന്‍ തളരില്ല, എന്തും ഉള്‍ക്കൊളളാന്‍ ഞാന്‍ തയ്യാറാടെക്കുകയാണ്.

ഞാന്‍ ഗര്‍ഭം ധരിച്ചില്ലെങ്കിലും എന്റെ സ്വന്തം കുഞ്ഞ് ജനിക്കും
എന്തെങ്കിലും കാരണം കൊണ്ട് എനിക്ക് ഗര്‍ഭം ധരിക്കാനായില്ലെങ്കിലും സ്വന്തം ചോരയില്‍ ഒരു കുഞ്ഞെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുക തന്നെ ചെയ്യും. എന്റെ സ്‌പേം സ്വീകരിച്ച് എനിക്കുവേണ്ടി കുഞ്ഞിനെ പ്രസവിക്കാമെന്ന് എന്റെ കൂട്ടുകാരി ഉറപ്പ് തന്നിട്ടുണ്ട്. ഞാന്‍ കാത്തിരിക്കുകയാണ്, എന്റെ കുഞ്ഞിനെ ഞാന്‍ നെഞ്ചോട് ചേര്‍ക്കുന്ന ആ നിമിഷത്തിനായി.
Content Highlights: I can also be a mother, Nived Antony preparing for motherhood