ചരിത്രത്തെ കൈപ്പിടിയിലൊരുക്കിയ ഇന്ത്യൻ വനിതയെന്നു ജാനകി നായരെ വിശേഷിപ്പിക്കാം. കോളനിവത്കരണ കാലത്തെ മൈസൂരിന്റെ ചരിത്രം, തൊഴിൽ ചരിത്രം, സ്ത്രീകളുടെ ചരിത്രം, ഫെമിനിസത്തിന്റെ ചരിത്രം തുടങ്ങി ജാനകി നായർ എന്ന ജെ.എൻ.യു. അധ്യാപിക അറിയാത്തതും പഠിക്കാത്തതുമായ ചരിത്രമേഖലകൾ അപൂർവമാണ്.
ബാംഗ്ലൂരിൽ ജനിച്ച ഈ ചരിത്രപണ്ഡിതയുടെ മാതാപിതാക്കൾ പാലക്കാട് വടശ്ശേരി സ്വദേശികളായ പി.എൻ. പ്രഭാകരൻ നായരും കുട്ടിപ്പാറുവമ്മയുമാണ്.
ജാനകി നായർ ഈയിടെ കേരളത്തിൽ വന്നപ്പോൾ മാതൃഭൂമിയുമായി പങ്കുെവച്ച ആശങ്കകളിലേക്ക്
? നമ്മുടെ പുതിയ വിദ്യാഭ്യാസരീതിയെപ്പറ്റി ...
പുതിയ വിദ്യാഭ്യാസരീതിയുടെ പ്രത്യേകതയായി എനിക്കുതോന്നുന്നത് ഒരേസമയം ഒന്നിലധികം കാര്യങ്ങൾചെയ്യാൻ കഴിയുന്നു എന്നുള്ളതാണ്. ഇത് സർവകലാശാലാ തലത്തിലുള്ള മൂല്യങ്ങൾ വിദ്യാർഥികളിലെത്തിക്കാൻ പര്യാപ്തമാണ്. എന്നാൽ ഇതിനെ പുത്തൻ വിദ്യാഭ്യാസരീതി എന്നുവിളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. നമ്മുടെ പഴയ നാളന്ദാ സർവകലാശാലയിൽ ഇത്തരത്തിലായിരുന്നു വിദ്യാഭ്യാസം.
പുതിയ വിദ്യാഭ്യാസരീതിയുടെ പ്രത്യേകത, അത് വിദ്യാർഥികളിൽ കഴിവുകൾ വളർത്തിയെടുക്കാനും അതോടൊപ്പം തൊഴിൽ നൈപുണ്യത്തിലേക്ക് അവരെ വളർത്താനും ലക്ഷ്യംവെക്കുന്നു എന്നുള്ളതാണ്. ജീവിതത്തെക്കുറിച്ചും അതോടൊപ്പം സമൂഹത്തെക്കുറിച്ചും വിദ്യാർഥികളിൽ വിമർശനപാടവം വളർത്തിയെടുക്കാനും കഴിയുന്നു.
? ജെ.എൻ.യു. വിഷയത്തിൽ എന്തെങ്കിലും ഹിഡൺ അജൻഡയുണ്ടോ... എന്തുകൊണ്ടാണ് ജെ.എൻ.യു. മാത്രം...
ജെ.എൻ.യൂവിലേത് ഒരു ഒറ്റപ്പെട്ടസംഭവമല്ല. കഴിഞ്ഞവർഷം അതിനു സമാനമായ ഒട്ടേറെസംഭവങ്ങൾ പല വിദ്യാർഥി ഗ്രൂപ്പുകൾക്കിടയിലും സംഭവിച്ചു. ഐ.ഐ.ടി. ചെന്നൈ, എഫ്.ടി.ഐ.ഐ. പുണെ, ജാദവ്പുർ...
? വിദ്യാഭ്യാസത്തെ കമ്പോളവത്കരിക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം...
വിദ്യാഭ്യാസരംഗത്ത് ഫണ്ടുകൾ സ്വരൂപിക്കുന്നതിന് ചില സമ്മർദങ്ങളുണ്ട്. ഫണ്ടുകൾ സ്വരൂപിച്ച് സെൻട്രൽ യൂണിവേഴ്‌സിറ്റികൾ നടത്തിക്കൊണ്ടുപോകുന്ന കാര്യത്തിൽ നമ്മൾ ചിലപ്പോൾ നിരുത്തരവാദപരമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് പറയേണ്ടിവരും.
1994-ൽ പ്രൊഫസർ ഉപേന്ദ്ര ബക്ഷി ഡൽഹി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ആയിരുന്നപ്പോൾ ഇന്ത്യൻ യൂണിവേഴ്‌സിറ്റികൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് എഴുതിയിരുന്നു.
ഇതിൽ യൂണിവേഴ്‌സിറ്റികളിൽ ഏറ്റവുംകുറച്ച് ഫണ്ടാണ് ഉപയോഗിക്കുന്നതെന്ന് പ്രത്യേകം പറയുന്നു. ലഭിക്കുന്നതിന്റെ 20 ശതമാനം മാത്രം! പബ്ലിക് യൂണിവേഴ്‌സിറ്റികളെ സർക്കാർ സ്കൂളുകളുടെ മാതൃകയിലേക്ക് എത്രയും വേഗം മാറ്റണം. കാരണം നിർധനരായ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള ഏകമാർഗമാണ് അത്.
? ഉദ്യോഗസ്ഥരും വിദ്യാഭ്യാസമന്ത്രിമാരുമൊക്കെ 'യൂട്ടിലിറ്റി വിഷയങ്ങൾ' പഠിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണല്ലോ പറയുന്നത്...
ചരിത്രവും ഒരു യൂട്ടിലിറ്റി വിഷയമാണ്. അക്കാദമികതലത്തിൽ പഠിപ്പിക്കുന്ന ചരിത്രമല്ലാതെ ധാരാളം ആളുകൾ ചരിത്രത്തെക്കുറിച്ച് എഴുതുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ചരിത്രവുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ചരിത്രം ഒരിക്കലും ധനസമ്പാദത്തിനുള്ള മാർഗമാകേണ്ട ഒന്നല്ല.
?അക്കാദമിക് ചരിത്രത്തെ ഗ്രാഫിക്സ് രൂപത്തിലേക്ക് മാറ്റി ജനങ്ങളിലേക്ക്എത്തിക്കുന്നതിനെപ്പറ്റി...
ഗ്രാഫിക്സും കാർട്ടൂണുമൊക്കെ കുട്ടികളുടെ മേഖലയാണ്. ചരിത്രത്തെ ഗ്രാഫിക്സോ കാർട്ടൂണോ ആക്കി മാറ്റുന്നത്. കുട്ടികൾക്ക് രസിച്ചേക്കാം. ടിപ്പു സുൽത്താന്റെ ചരിത്രംപോലുള്ള വളരെ ഗൗരവമേറിയ ചരിത്രവിഷയങ്ങൾ ഗ്രാഫിക് ആയി ചിത്രീകരിച്ചാൽ അതിനുദ്ദേശിച്ച ഫലം കിട്ടുമോ? കുട്ടികൾക്കും മുതിർന്നവർക്കും ഗ്രാഫിക്സ് ഒരുപോലെ ആസ്വാദ്യകരമാകണമെന്നില്ല. അതിനാൽ എല്ലാത്തരം ആളുകളിലേക്കും ചരിത്രത്തെ എത്തിക്കാൻ മറ്റൊരു ഫോർമുലയെക്കുറിച്ച് ചർച്ചവേണം.
? ചരിത്രത്തെ പലരും ഇപ്പോൾ വർഗീയവത്കരിക്കുന്നുണ്ട്. തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെയാകണം ചരിത്രമെന്ന് ഇക്കൂട്ടർ കരുതുന്നുവോ...
ചരിത്രത്തെ പലരും വളച്ചൊടിക്കുന്നുണ്ട്. വളരെ വേദനാജനകമായ അവസ്ഥയാണിത്. അവർ ചരിത്രത്തെ തങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ വ്യാഖ്യാനിക്കുന്നു. ചരിത്രത്തെ സ്ഥാപിത താത്‌പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന കാഴ്ചയാണല്ലോ രാമജന്മഭൂമി വിഷയത്തിൽ നമ്മൾ കണ്ടത്. ഇത്തരം സന്ദർഭങ്ങളിലാണ് പലരും ചരിത്രാന്വേഷികളുടെ കുപ്പായമണിയുന്നതുപോലും എന്നതാണ് അതിലേറെ ദുഃഖകരം.
alphonsapgeorge@mpp.co.in