'ഉയരെയില്‍ ടൊവിനോച്ചായന്‍ പറയുന്നത് പോലെ ബുദ്ധിക്കും ഹൃദയത്തിനും പ്രാധാന്യം നല്‍കേണ്ട കാലമായി'


രമ്യ ഹരികുമാര്‍

8 min read
Read later
Print
Share

'ബാല്യത്തിലെ ആ കറുത്ത ദിവസം, ആ കനല്‍ വിളക്ക് എന്നെ തള്ളിയിട്ടത് ഒരു കനല്‍ ചൂളയിലേക്ക് ആയിരുന്നു. എന്റെ ജീവിതം പിടിച്ചു വാങ്ങുക എന്ന ലക്ഷ്യത്തോടെ. വസ്ത്രത്തുമ്പിലൂടെ പടര്‍ന്നുകയറിയ ആഴി എരിഞ്ഞമര്‍ത്തിയത് എന്റെ ജീവിതം ആയിരുന്നു...'. ഉയരെയില്‍ പാര്‍വതി അവതരിപ്പിച്ച പല്ലവി എന്ന കഥാപാത്രം തിയേറ്ററുകളിലും സോഷ്യല്‍ മീഡിയയിലും പറന്നുയരുന്ന നാളുകളിലൊന്നാണ് ഫെയ്സ്ബുക്കില്‍ ഡോ.ഷാഹിന കുഞ്ഞുമുഹമ്മദിന്റെ ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. പല്ലവിയെ നെഞ്ചേറ്റിയവര്‍ ഒന്നു പതറി..പൊള്ളലിന്റെ നോവേറ്റൊരുവള്‍ നമുക്കിടയിലും! പക്ഷേ നെഞ്ചുലച്ച ആ കഥയിലെ നായിക ചാരത്തില്‍ നിന്ന് പണ്ടേ പറന്നുയര്‍ന്നിരുന്നു.

ആ കറുത്ത ഞായറാഴ്ച

'പുതിയ വീടുപണി കഴിഞ്ഞ് കറന്റ് കിട്ടിയിരുന്നില്ല. മണ്ണെണ്ണ വിളക്കിന്റെ ചുറ്റുമിരുന്ന് ഇത്താത്തമാര്‍ പഠിക്കുകയാണ്. നഴ്സറിക്കാരിയായിരുന്ന ഞാനും അവര്‍ക്കൊപ്പം കൂടി..പുസ്തകമെല്ലാം മറിച്ചുനോക്കി കുറച്ചുനേരം ഇരുന്നു. അവിടെ നിന്ന് എണീക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മണ്ണെണ്ണ വിളക്ക് മറിഞ്ഞ് മടിയിലേക്ക് വീഴുന്നത്. ഇട്ടിരുന്ന പോളിയിസ്റ്റര്‍ ഉടുപ്പിലൂടെ തലക്കുയരെ തീ ആളിപ്പടര്‍ന്നു. കരച്ചില്‍ കേട്ട് അടുക്കളയില്‍ നിന്ന് ഓടിവന്ന ഉമ്മ കണ്ടത് തീഗോളമായി മാറുന്ന എന്നെയാണ്. എന്തുചെയ്യണമെന്നറിയാതെ ഏതൊരമ്മയും പകച്ചുപോകുന്ന നിമിഷം. അടുക്കളയിലേക്ക് തിരിച്ചോടി ഒരു ചരുവം വെള്ളവുമായി വന്ന് എന്റെ തലയില്‍ക്കൂടി ഒഴിക്കുകയാണ് ഉമ്മ ആദ്യം ചെയ്തത്. ഞങ്ങളുടെ കരച്ചില്‍ കേട്ട് അപ്പോഴേക്കും ആളുകള്‍ ഓടിയെത്തി. അയല്‍ക്കാരനായ ഇക്ക എന്നെ വാരിയെടുത്ത് പുറത്തേക്കോടി..ആദ്യം കണ്ട ഒരു ടെമ്പോയ്ക്ക് കൈകാണിച്ചു.' (നാലരവയസ്സിലാണ് മണ്ണെണ്ണ വിളക്കില്‍ നിന്ന് ഷാഹിനക്ക് പൊള്ളലേല്‍ക്കുന്നത്.)

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 75 ശതമാനത്തോളം പൊള്ളലേറ്റിരുന്നു ഷാഹിനക്ക്. മുഖത്തും കഴുത്തിലും നെഞ്ചിലും കൈകളിലുമായിരുന്നു പൊള്ളല്‍. കഴുത്ത് വെന്തുരുകി താടി നെഞ്ചോട് ചേര്‍ന്ന് ഒട്ടിയിരുന്നു, ശിരസ്സ് കുനിച്ചുനില്‍ക്കുംപോലെ.'തൊണ്ണൂറുകളുടെ തുടക്കമാണ്. ഇന്നത്തെ പോലുള്ള അത്യാധുനിക ചികിത്സരീതികളൊന്നുമില്ല. 40 ശതമാനം പൊള്ളലേറ്റവരുടെ വരെ ജീവന്‍ തിരിച്ചുകിട്ടാത്ത കാലം. അമ്പത്തിയാറു ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കിടന്നു. പക്ഷേ അണുബാധയുണ്ടായി. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ്ക്കൊള്ളൂ എന്ന് ആശുപത്രി അധികൃതര്‍ തന്നെ പറഞ്ഞു. ഒട്ടേറെ ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സകള്‍ ആരംഭിച്ചത് തന്നെ. എന്നെ തിരിച്ചുകിട്ടുമെന്ന് ഒരുറപ്പും ഉണ്ടായിരുന്നില്ല.'

ദേഹമാസകലം മരുന്ന് പുരട്ടി, വേദനയില്‍ പുളഞ്ഞ് അനങ്ങാനാവാതെ ആശുപത്രിക്കിടക്കയില്‍ കഴിഞ്ഞ നീണ്ട മാസങ്ങള്‍ക്കൊടുവില്‍ നേരിയ പുരോഗതി കണ്ടുതുടങ്ങി. ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി ചികിത്സ. അണുബാധ നിശ്ശേഷം മാറിയപ്പോള്‍ ആദ്യം ചെയ്തത് ശിരസ്സ് നേരെയാക്കാനുള്ള ശസ്ത്രക്രിയയാണ്.കഴുത്തിന് മാത്രം നാലോളം ശസ്ത്രക്രിയകള്‍ വേണ്ടി വന്നു. ഒട്ടിപ്പോയ വിരലുകള്‍ വേര്‍പ്പെടുത്താനും ശസ്ത്രക്രിയകള്‍ നടത്തി. ഷാഹിന മുഖം നോക്കാതിരിക്കാന്‍ കണ്ണാടികളെല്ലാം ആദ്യകാലത്ത് തുണിയിട്ട് മൂടിയെങ്കിലും ആശുപത്രിയും വീടുമായി അവളുടെ ലോകം ചുരുങ്ങരുതെന്ന് ഷാഹിനയുടെ ബാപ്പ കുഞ്ഞുമുഹമ്മദിന് നിര്‍ബന്ധമായിരുന്നു. നാലുപെണ്‍മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കി അവരെല്ലാവരും സ്വന്തം കാലില്‍ നില്‍ക്കുന്നത് കാണണമെന്നാഗ്രഹിച്ച ആ പിതാവ് ഷാഹിനയെയും സ്‌കൂളില്‍ ചേര്‍ത്തു. മകളുടെ മുഖം മറ്റുകുട്ടികളേതുപോലെയല്ല, കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നേക്കാം..പക്ഷേ അതെല്ലാം അവളെ കരുത്തായാക്കുമെന്ന് കുഞ്ഞുമുഹമ്മദിന് ഉറപ്പായിരുന്നു. സ്നേഹത്തണലായി ഉമ്മ സുഹറയും കരുതലേകി സഹോദരിമാരായ ഷമീനയും സബീനയും ഷിജിനയും ഷാഹിനക്ക് തുണനിന്നു

അതിജീവനത്തിന്റെ നാളുകള്‍

'സ്‌കൂളില്‍ ചെന്നപ്പോള്‍ നമ്മളെ ആദ്യമായി കാണുമ്പോള്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. അതിപ്പോള്‍ ഞാന്‍ ആണെങ്കിലും അത് അങ്ങനെ തന്നെയായിരിക്കും. പേടിപ്പെടുത്തുന്ന ഒരു മുഖമല്ലേ..കളിയാക്കലുകളില്‍ ചിലപ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. വീട്ടില്‍ അത് പറയുമ്പോള്‍ അവര്‍ സ്‌കൂളില്‍ വരും അവള്‍ കുഞ്ഞല്ലേ ഒന്ന് ശ്രദ്ധിക്കണമെന്ന അധ്യാപകരോട് പറയും. ചെറിയ ക്ലാസുകല്‍ായിരുന്നു അത്തരം പ്രശ്നങ്ങള്‍.'

ഇതിനിടയിലും ചികിത്സ മുറയ്ക്ക് നടന്നിരുന്നു. 'ഞാനന്ന് തീരെ കുഞ്ഞായിരുന്നല്ലോ. തൊലിയെടുക്കണമെങ്കില്‍ തുടയില്‍ നിന്നല്ലേ. അതിന് കുറച്ച് സമയം വേണമെല്ലോ. തൊലിയെടുത്ത് പിന്നെ വന്നിട്ട് വേണം വീണ്ടും എടുക്കാന്‍. പ്ലസ്ടുവിന് പഠിക്കുമ്പോഴായിരു്ന്നു അവസാനത്തെ സര്‍ജറി. മുഖത്ത് വലുതകണ്ണിന് താഴെ ഗ്രാഫ്റ്റിങ് നടത്തിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. കഴുത്തിലും കൈയിലുമാണ് കൂടുതലും ചെയ്തത്. മുഖത്ത് ഹെയര്‍ലെസ്സ് പോര്‍ഷനിലെ സ്‌കിന്‍ വേണം. കഴുത്തിന്റെയോ വയറിന്റെയോ ഭാഗത്ത് നിന്ന് വേണം അതെടുക്കാന്‍ പക്ഷേ എനിക്ക് ആ ഭാഗത്തെല്ലാം പൊള്ളലിന്റെ പാടുകള്‍ ഉള്ളതുകൊണ്ട് അവിടെ നിന്നെടുക്കാന് ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ പിന്നെ ഒരു സ്‌കിന്‍ ഡോണറെ കണ്ടെത്തണം. ആ ചര്‍മം നമുക്ക് മാച്ചാകണം. ജീവിതകാലം മുഴുവന്‍ മരുന്ന കഴിക്കണം. അണുബാധയുണ്ടാകാതെ നോക്കണം. അങ്ങനെ ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. അത് റിസ്‌ക് ആണ്. ഒരു ചാലഞ്ച് പോലെ ചെയ്യാം എന്നേയുളളൂ. പക്ഷേ എന്റെ മുഖവുമായി ഞാന്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു. ഞാനിത് അംഗീകരിച്ച് കഴിഞ്ഞു. പണ്ടത്തേക്കാള്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട് സ്‌കിന്നിലെ പിഗ്മെന്റേഷന്‍ എല്ലാം കുറഞ്ഞു. വേണമെങ്കില്‍ നമുക്ക് സര്‍ജറിയും ചികിത്സകളും തുടരാം പക്ഷേ എന്റെ മുഖവുമായി ഞാന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു ഇനി ഇങ്ങനെ പോട്ടെ..'

പല്ലവിയുടെ അച്ഛന്‍ തന്നെയാണ് എന്റെ ബാപ്പിച്ചി

'എല്ലാവരും പറയും എന്റെ രക്ഷിതാക്കളെ സല്യൂട്ട് ചെയ്യണമെന്ന് എന്നെ ഇവിടെ വരെ എത്തിച്ചില്ലേ എന്ന്. ഉയരെയില്‍ സിനിമയില്‍ സിദ്ദിഖിന്റെ ക്യാരക്ടര്‍ കണ്ടപ്പോള്‍ ബാപ്പിച്ചിയായിരുന്നു മനസ്സില്‍. ബാപ്പിച്ചിക്ക് വേണമെങ്കില്‍ പുറത്തിറങ്ങിയാല്‍ അവള്‍ വിഷമിക്കുമെന്ന് കരുതി എന്നെ വീട്ടില്‍ ഇരുത്തുമായിരുന്നു. എന്നെ എന്നിട്ടും കൊണ്ടുപോയി സ്‌കൂളില്‍ ചേര്‍ത്തു പഠിക്കാന്‍ മിടുക്കിയാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് അങ്ങനെ ചെയ്തത്. എന്റെ എല്ലാ കാര്യത്തിലും ബാപ്പിച്ചി നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നു. പ്ലസ്ടുവിന് സയന്‍സ് എടുത്തപ്പോള്‍ ബാപ്പിച്ചി പറഞ്ഞു, ഇനി നിന്റെ പ്ലാന്‍ എന്താണ് എല്ലാം ഇപ്പഴേ തീരുമാനിക്കണം. നിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കണം. ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ സാധിക്കണം. അതുകൊണ്ട് ഒരു പ്രൊഫഷണല്‍ കോഴ്സ് ചെയ്യണം..എന്നെല്ലാം.' ഷാഹിനയുടെ ചികിത്സകള്‍ തുടര്‍ച്ചയായ സമയത്ത് സാമ്പത്തികമായി തളര്‍ന്നുപോയെങ്കിലും മക്കളെ പഠിപ്പിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചക്കും കുഞ്ഞുമുഹമ്മദ് ഒരുക്കമായിരുന്നില്ല. നാലുപേര്‍ക്കും നല്ല വിദ്യാഭ്യാസം കൊടുത്തു. സാമ്പത്തികമായി തളര്‍ന്നഘട്ടത്തില്‍ ഷാഹിനയുടെ ഉമ്മയുടെ സഹോദരന്‍ അലിയും മറ്റു ബന്ധുക്കളും ആണ് കുഞ്ഞുമുഹമ്മദിന് താങ്ങായത്.

ജീവിതമാണ് എന്നെ ബോള്‍ഡാക്കിയത്

എനിക്ക് എന്‍ജിനീയറിങ്ങായിരുന്നു താല്പര്യം. എന്‍ട്രന്‍സിനൊന്നും ഒരുങ്ങിയിരുന്നില്ല. പിന്നെ ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ചെറിയ ക്രാഷ് കോഴ്സ് അറ്റന്‍ഡ് ചെയ്ത് പരീക്ഷക്കിരുന്നു. കൗണ്‍സിലിങ്ങിന് വിളിക്കുന്ന അന്നുപോലും ഒരു ഡോക്ടറാകണം എന്നൊരു ചിന്ത മനസ്സില്‍ ഉണ്ടായിരുന്നില്ല. മെഡിസിനൊക്കെ ബ്രില്യന്റ് ആയിട്ടുള്ള കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്നായിരുന്നു മനസ്സില്‍. ഫസ്റ്റ് ഒപ്ഷനായി എംബിബിഎസ് തന്നെയാണ് ഞാന്‍ കൊടുത്തത്. പക്ഷേ അര്‍ഹത നേടിയില്ല. അന്നത്തെ ആ സംഭവത്തില്‍ കൈക്ക് വളവും മറ്റും സംഭവിച്ചുപോയിരുന്നു. അതേ കാരണങ്ങളാല്‍ ആയുര്‍വേദവും ലഭിച്ചില്ല. അങ്ങനെ മൂന്നാമത്തെ ഓപ്ഷനായ ബിഎച്ച്എംഎസ് കിട്ടി. സത്യത്തില്‍ ആ ഒരു നിമിഷത്തില്‍ എടുത്ത തീരുമാനമാണ്. അല്ലാതെ ഡോക്ടാറാകാന്‍ പോയതല്ല, അങ്ങനെ ഞാന്‍ തീരുമാനിച്ചിട്ടില്ല, പ്രതീക്ഷിച്ചിട്ടില്ല.

കോഴിക്കോടാണ് ആദ്യം സീറ്റ് കിട്ടിയത് പിന്നീട് ഗവ.പടിയാര്‍ മെമ്മോറിയല്‍ ഹോമിയോ മെഡിക്കല്‍ കോളേജിലേക്ക് മാറി. ക്ലാസില്‍ ഏഴു ആണ്‍കുട്ടികള്‍ അടക്കം ഞങ്ങള്‍ 50 പേര്‍. മെഡിക്കല്‍ സ്റ്റുഡന്റ് ആയപ്പോഴാണ് ബുദ്ധിമുട്ടുന്ന രോഗികളെ കണ്ടത്. എന്റെ പ്രയാസങ്ങള്‍ ഒന്നുമല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നത്. പടിയാറിലെ 12th Batchലെ എല്ലാ സുഹൃത്തുക്കളും ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് അന്നും എന്നും... സത്യത്തില്‍ ആ ഒരു കോളേജ് ജീവിതമാണ് എന്നെ ബോള്‍ഡാക്കിയെടുത്തത്. 2011-ല്‍ പാസ് ഔട്ടായി 2012-ല്‍ ഹൗസ് സര്‍ജന്‍സി കഴിഞ്ഞു. പിന്നീട് കളമശ്ശേരിയില്‍ ഡോ.റെന്‍സ് എബ്രഹാമിന് കീഴില്‍ കുറച്ചുനാള്‍ പ്രാക്ടീസ് ചെയ്തു. ജീവിതത്തിലെ വഴിത്തിരിവ് അതാണ്. ഡോക്ടറും അവിടെയുള്ള ഫാര്‍മസിസ്റ്റ് മേരിചേച്ചിയുമെല്ലാം എന്നെ മറ്റൊരാളാക്കി മാറ്റി. രോഗികളോട് ഇടപഴകി ഞാന്‍ നന്നായി സംസാരിക്കാന്‍ പഠിച്ചു. ഇതിനിടയില്‍ പിഎസ്സി എഴുതി. 2016 ല്‍ ഇന്റര്‍വ്യൂ കഴിഞ്ഞു 2017 ലാണ് പാലയ്ക്കടുത്തുള്ള കുടക്കച്ചിറ ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറായി നിയമിതയാകുന്നത്.

പൊതുസ്ഥലത്ത് പോകാനോ ആളുകളെ അഭിമുഖീകരിക്കാനോ എനിക്ക് മടിയൊന്നും ഇല്ല. പക്ഷേ മറ്റുള്ളവര്‍ നമ്മളെ തുറിച്ചു നോക്കുമ്പോള്‍..ചിലര്‍ വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചിട്ടുണ്ട്. ചിലര്‍ വളരെ സഹതാപത്തോടെ..പൊള്ളിക്കഴിഞ്ഞാല്‍ ഭാഗ്യം പോയി എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ എന്റെ ജീവിതത്തില്‍ എനിക്ക് ഭാഗ്യമേ ഉണ്ടായിട്ടുള്ളൂ. ഇത്രയും വരെ ഞാനെത്തിയത് ഭാഗ്യം ഉള്ളതുകൊണ്ടാണെന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാന്‍. അയ്യോ എന്ന ഭാവത്തില്‍ വിഷമിച്ച് സംസാരിക്കുമ്പോള്‍ ദേഷ്യം തോന്നും. ഞാന്‍ ഹാപ്പിയാണ് എനിക്ക് ഒരു പ്രശ്നവുമില്ല.സഹതാപം എന്നൊരു വാക്ക് എനിക്കിഷ്ടമല്ല ആരുടെയും സഹതാപം എനിക്കു ആവശ്യവുമില്ല അതാണ് എന്റെ പോളിസി.

വൈറലായതിന് പുറകെ ടൊവിനോയുടെ പിറന്നാളാശംസ

ഇതെല്ലാം ഞാന്‍ ആദരിക്കപ്പെടാന്‍ വേണ്ടി ചെയ്തതല്ല. ഉയരെ സിനിമ കണ്ടപ്പോള്‍ എന്റെ ജീവിതം തുറന്നുപറഞ്ഞത് ചെറിയ കാര്യങ്ങളില്‍ വിഷമിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഒരു പ്രചോദനമാകട്ടെ എന്ന് കരുതിയാണ്. എന്റെ അടുത്ത സുഹൃത്ത് ആയ ബെബെറ്റോ സക്കറിയാസ് ആണ് എന്റെ ജീവിതത്തെ വാക്കുകളാക്കിയത്. പലര്‍ക്കും ആ കുറിപ്പ് വളരെ ഹൃദയസ്പര്‍ശിയായി തോന്നി. ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ വേണ്ടി എന്നെ പ്രോത്സാഹിപ്പിച്ചതും ബെബറ്റോ തന്നെയാണ്. ഇത്രയേറെ പ്രശ്നങ്ങളെ അതിജീവിച്ചാണ് ഞാന്‍ ഇവിടെ വരെയെത്തിയത് എന്നറിഞ്ഞപ്പോള്‍ ഒരുപാട് പേര്‍ എന്നെ പ്രശംസിച്ചു. നിത്യവും ബസില്‍ യാത്ര ചെയ്ത് പോകുന്നയാളാണ് ഞാന്‍. സഹയാത്രികര്‍ക്കൊക്കെ കാണുമ്പോള്‍ എന്താപറ്റിയത് എന്ന് ചോദിക്കണമെന്ന് തോന്നിയിരിക്കും. എനിക്ക് വിഷമമായാലോ എന്ന് കരുതിയാകും ചോദിക്കാതിരുന്നിരുന്നത്. പക്ഷേ കുറിപ്പ് വന്നതോടെ 'ഡോക്ടറായിരുന്നല്ലേ. സ്റ്റോറി വായിച്ചൂട്ടോ' എന്നൊക്കെപറഞ്ഞ് നിരവധി പേര്‍ വന്ന് പരിചയപ്പെട്ടു. സ്റ്റോറി വായിച്ചിട്ട് ചിലര്‍ എന്റെ മുന്നില്‍ വെച്ച് കരഞ്ഞിട്ടുള്ള സന്ദര്‍ഭം ഉണ്ടായിട്ടുണ്ട് . 'ചെറിയ കാര്യത്തിന് വിഷമിച്ച് ഇരുന്നിരുന്നതാണ് ഡോക്ടറുടെ കഥ വായിച്ചപ്പോള്‍ എന്റെ പ്രശ്നങ്ങള്‍ ഒന്നുമല്ലെന്ന് തോന്നി.' എന്നൊക്കെ കുറേപേര്‍ മെസേജ് അയച്ചിരുന്നു. അതൊക്കെ എനിക്ക് ഭയങ്കര സന്തോഷം തോന്നിയ നിമിഷമാണ്. നമ്മള്‍ കാരണം ഒരാളെങ്കിലും സന്തോഷിക്കുന്നത്, ഒന്നുമാറിച്ചിന്തിക്കുന്നത് നല്ലതല്ലേ. അത്രമമാത്രമേ ഞാനും ഉദ്ദേശിച്ചിട്ടുള്ളൂ.

പിറന്നാളിന് സഹോദരന്‍ മുഹമ്മദ് അര്‍ഷാദ് സര്‍പ്രൈസായി തന്ന ടൊവിനോയുടെ ബര്‍ത്ത്ഡേ വിഷ് തുടങ്ങി നിരവധി സന്തോഷങ്ങള്‍ ആ ഫെയ്സ്ബുക്ക് കുറിപ്പിന് ശേഷം ജീവിതത്തില്‍ ഉണ്ടായി. കളമശ്ശേരിയിലെ നന്മ എന്ന കൂട്ടായ്മ നല്‍കിയ ആദരമായിരുന്നു ആദ്യത്തേത് പിന്നെ വ്യക്തിഗതനേട്ടങ്ങള്‍ക്ക് പി.ടിതോമസ് എംഎല്‍എ ഏര്‍പ്പെടുത്തിയ മഹാത്മജി പുരസ്‌കാരം, ഹൈബി ഈഡന്‍ എംഎല്‍എ പുരസ്‌കാരം പൃഥ്വിരാജില്‍ നിന്ന് ഏറ്റുവാങ്ങി..അപ്പോഴെല്ലാം വേദിയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് ബാപ്പിച്ചിയുടെ മനസ്സില്‍ ഇപ്പോള്‍ എന്തായിരിക്കുമെന്നാണ്. അവരെ സംബന്ധിച്ചിടത്തോളം ഇതെല്ലാമായിരിക്കുമല്ലോ അഭിമാന മുഹൂര്‍ത്തങ്ങള്‍. എനിക്കൊപ്പം അവരും ഒരുപാട് വിഷമിച്ചതല്ലേ. ഏതൊരുമാതാപിതാക്കളെയും പോലെ അവരും ഇതെല്ലാം ആഗ്രഹിച്ചിട്ടുണ്ടാകില്ലേ..

2019 അല്ലേ സാര്‍ ഒന്നുമാറി ചിന്തിച്ചൂടെ

തീര്‍ച്ചയായും ഇന്നത്തെ തലമുറ സൗന്ദര്യത്തെ കുറിച്ചുമാറി ചിന്തിച്ചു തുടങ്ങി എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന നിരവധി വിവാഹ ചിത്രങ്ങള്‍ കണ്ടിട്ടില്ലേ. പക്ഷേ നമ്മുടെ ജീവിതം എടുത്തുനോക്കിയാലും ചുറ്റുമുള്ളവ നോക്കിയാലും വലിയ മാറ്റം കാണാനില്ല. കുറച്ചുനാളുകളായി എനിക്ക് വിവാഹം നോക്കുന്നുണ്ട്. എനിക്കതില്‍ നിന്ന് മനസ്സിലായത് എല്ലാവര്‍ക്കും പ്രധാനം സൗന്ദര്യം തന്നെയാണെന്നാണ്. എല്ലാവരും വലിയ വലിയ ഡയലോഗ് എല്ലാം പറയും. നൂറില്‍ അഞ്ചുശതമാനം ആളുകള്‍ ഉണ്ടാകും സൗന്ദര്യത്തിന് പ്രധാന്യം കൊടുക്കാത്തവര്‍. ലക്ഷ്മി അഗര്‍വാള്‍ എന്ന ആസിഡ് വിക്ടിമിനെ വിവാഹം കഴിച്ച അലോക് ദീക്ഷിതിനെ പോലെ. ഡോക്ടറല്ലേ ഇത്രയും വിദ്യാഭ്യാസം ഇല്ലേ അതല്ലേ വേണ്ടത് എന്ന് ചോദിക്കുന്നവരുണ്ട്..സൗന്ദര്യത്തിന് പ്രാധാന്യം നല്‍കാതെ ഉയരെയില്‍ ടൊവിനോച്ചായന്‍ പറയുന്നത് പോലെ ബുദ്ധിക്കും ഹൃദയത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ പണ്ടേ എന്റൈ കല്യാണം കഴിഞ്ഞ് പോകേണ്ടതല്ലേ.

വാര്‍ത്തകള്‍ എല്ലാം വന്നതോടെ രണ്ടുമൂന്ന് വിവാഹാലോചനകള്‍ എല്ലാം വന്നിരുന്നു. പക്ഷേ എന്നെ മനസ്സിലാക്കി എന്റെ കുറവുകളെ അംഗീകരിക്കുന്ന, എന്റെ സൗന്ദര്യത്തെ അംഗീകരിക്കുന്ന എനിക്ക് എന്റേതായ ഒരു സൗന്ദര്യം എന്റെ മനസ്സിലുണ്ടല്ലോ അത് മനസ്സിലാക്കി വരുന്ന ഒരാളെ ഞാന്‍ സ്വീകരിക്കും. എന്റെ രക്ഷിതാക്കളും അതുതന്നെയാണ് ചിന്തിച്ചിക്കുന്നത്. നാളെ ഇതിന്റെ പേരില്‍ എന്നെ വിഷമിപ്പിക്കരുത്. രണ്ടാളുടെ മുന്നില്‍ കൂടി പോകുമ്പോള്‍ അവര്‍ കളിയാക്കിയാല്‍ അത് മനസ്സില്‍ വെക്കുന്ന, വിഷമിക്കുന്ന ഒരാളായിരിക്കരുത് എന്ന് എനിക്ക് നിര്‍ബന്ധമാണ്. സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കാതെ മനസ്സറിഞ്ഞ് സ്നേഹിക്കാന്‍ പറ്റുന്ന ഒരാള്‍. അത് ഡോക്ടറാകണം, എന്‍ജിനീയറാകണം എന്നൊന്നും ആഗ്രഹിക്കുന്നില്ല.

തളരരുത്, പിന്തിരിയരുത്..

തളരരുത്. ഡോണ്ട് ഗിവ് അപ്. എന്റെ ബാപ്പിച്ചി എന്നെ സപ്പോര്‍ട്ട് ചെയ്തതുകൊണ്ടായിരിക്കും ഞാന്‍ ഇവിടെ വരെ എത്തിയത്. എന്റെ അത്രയും സപ്പോര്‍ട്ട് കിട്ടാത്ത പലരും ഇവിടെ ഉണ്ടായിരിക്കും. ചെറിയ നിസാര കാര്യം മതി ഇപ്പോഴത്തെ ആളുള്‍ക്ക് അപ്പോഴേക്കും ആത്മഹത്യയു ചെയ്യാന്‍. പോസിറ്റീവായി ചിന്തിക്കുക. ഇതെല്ലാം നമുക്ക് അതിജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പിക്കുക.എന്റെ ജീവിതം തന്നെയാണ് സന്ദേശം. പ്രശ്നങ്ങളെ നിസ്സാരവല്‍ക്കരിച്ച് സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് അതില്‍ ശോഭിക്കാന്‍ പ്രയത്നിക്കണം. അങ്ങനെ കുറച്ചുപേരെങ്കിലും മുന്നോട്ട് വന്നാല്‍ ഞാന്‍ സന്തുഷ്ടയാണ്. എനിക്ക് പറ്റിയതുപോല പറ്റിയ നിരവധി ആളുകളുണ്ടാകും അവരൊക്കെ പുറത്തിറങ്ങാതെ മുറിക്കുള്ളില്‍ ഇരിക്കുന്നുണ്ടാകും. ആസിഡ് ആക്രമണത്തിന് ഇരയായ കുറച്ചുപേര്‍ ചേര്‍ന്ന് ഒരു കോഫീ ഷോപ്പ് തുടങ്ങിയിട്ടില്ലേ. ഒരിക്കല്‍ തളര്‍ന്നിരുന്നവരാണ് അവരും. മോട്ടിവേഷന്‍ കിട്ടിയപ്പോള്‍ അവരും പുറത്തിറങ്ങി സാമൂഹികമായി ഇടപഴകിത്തുടങ്ങി. എന്തുപ്രശ്നം വന്നാലും നമ്മളേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുവരെ കുറിച്ച് ഓര്‍ത്താല്‍ മതി. എനിക്ക് അന്ധരായ ആളുകളോട് വല്ലാത്ത വിഷമം തോന്നാറുണ്ട്. അവര്‍ക്കെപ്പോഴും ഇരുട്ടുതന്നെയല്ലേ. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്. പക്ഷേ ഇരുട്ട് മാത്രം കാണുന്ന ആളുകളുടെ അവസ്ഥ ആലോചിച്ചു നോക്കൂ, ഞാന്‍ വിഷമം വന്നാല്‍ അങ്ങനെ ചിന്തിക്കും. പോസിറ്റീവായി ചിന്തിക്കുക. ഉയരെ പറക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുക.

ഉയരെ ഉയരെ..

സത്യം പറഞ്ഞാല്‍ ഞാന്‍ ഉയരെയാണ്. ഇതിലും ഉയരെ പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇതെന്റെ രണ്ടാംജന്മമാണ്. ദൈവത്തോട് നന്ദി മാത്രമേയുള്ളൂ. നല്ലൊരു പ്രൊഫഷനുണ്ട്, രക്ഷിതാക്കളെ നന്നായി നോക്കാന്‍ സാധിക്കുന്നുണ്ട്. എനിക്കിതില്‍ കൂടുതല്‍ ഒന്നും വേണ്ട. അവരെ നോക്കാനും സ്നേഹിക്കാനും ആയുസ്സ് വേണമെന്ന പ്രാര്‍ഥന മാത്രമേയുള്ളൂ. പിന്നെ ചെറിയൊരു ആഗ്രഹമുണ്ടായിരുന്നു. പല്ലവിയെ അവതരിപ്പിച്ച പാര്‍വതിയെ, ടോവിനോ യെ നേരില്‍ കാണണമെന്ന്. പിറന്നാളാംശസിച്ച് ടൊവിനോ വീഡിയോ അയച്ചപ്പോള്‍ എല്ലാവരും ഇനി പാര്‍വതി കാണാന്‍ വരുമെന്ന് പറഞ്ഞു അപ്പോള്‍ ഒരു ആഗ്രഹം തോന്നി. അവസരം കിട്ടിയാല്‍ അവരെ ഒന്നുകാണണമെന്നുണ്ട്.

എന്റെ ഡ്യൂട്ടി സോഷ്യല്‍ സര്‍വീസാണ്. ഞാന്‍ ഒരു ഡോക്ടറാണ്. രണ്ടാമത്തെ ദൈവമായിട്ടാണ് രോഗികള്‍ എന്നെ കാണുന്നത്. ആത്മാര്‍ഥതയോടെ ആത്മസമര്‍പ്പണത്തോടെ അവരെ സേവിക്കണം. പാവപ്പെട്ടവരെ സഹായിക്കണം, സമൂഹത്തിന് വേണ്ടി എന്നാല്‍ കഴിയുന്ന സഹായങ്ങള്‍. നമ്മള്‍ എന്നും ഇതേ സന്തോഷത്തോടെ ജീവിക്കാന്‍ കഴിയണം. ദൈവാനുഗ്രഹം നല്ല പോലെ കിട്ടിയിട്ടുണ്ട് അതില്‍ ഒരുപാട് സന്തോഷം ഉണ്ട്. തുടര്‍ന്നും എന്നും സന്തോഷത്തോടെ ജീവിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. ദൈവം കൈവിടില്ല എന്ന വിശ്വാസത്തോടെ. പിന്നെ എന്റെ മാതാപിതാക്കളും സഹോദരങ്ങളും കൂട്ടുകാരും കൂടെ ഉള്ളപ്പോള്‍ ഞാന്‍ എന്തിനു തളരണം.

Content highlights: Dr. Shahina Kunjumuhammed's inspirational life story

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram