കലാമണ്ഡലം സുഗന്ധി
സപ്തതി കടന്ന കലാമണ്ഡലം സുഗന്ധി ടീച്ചർ നടന്നു തീർത്ത വഴികൾ! എതിരിട്ട മുള്ളുകൾ, മലരുകൾ! മോഹിനിയാട്ടത്തിനായി വരച്ചിട്ട വൃത്തത്തിനപ്പുറം എന്തെന്ന് തിരഞ്ഞു പോയ കൗതുകം! തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും കാണിച്ച ആർജവം ! പിറകെ വരുന്നവർക്ക് ഒരു ദിശാസൂചിക തന്നെ ഈ അനുഭവപാഠം! തുറവൂരിനടുത്ത് വളമംഗലം ഗ്രാമവാസികൾക്കിടയിൽ സുസമ്മതനായിരുന്നൂ കൃഷിയും കച്ചവടവും ആയി കഴിഞ്ഞിരുന്ന ഗോവിന്ദ കമ്മത്ത് . അദ്ദേഹത്തിൻ്റെ കൊച്ചുമകൾ കുഞ്ഞു സുഗന്ധി , തെങ്ങും കവുങ്ങും നിറഞ്ഞ ആ പുരയിടത്തിൽ പിച്ച വെച്ചതത്രയും നൃത്ത ചുവടുകളാലായിരുന്നു. വളർന്ന് യൗവനത്തിലേക്ക് കാലൂന്നിയതാകട്ടെ കലാമണ്ഡലം സുഗന്ധിയായി. ഇന്ന്, സപ്തതിയുടെ നിറവിൽ നിന്ന് കലാമണ്ഡലം ആദ്യമായി കൊണ്ടകെട്ടി പരീക്ഷിച്ച അതേ ശിരസ്സുയർത്തി ചിരിക്കുന്നു ഡോ.കലാമണ്ഡലം സുഗന്ധിയായി.
പടർന്ന് പന്തലിക്കാൻ തണലേകിയവരെ ഓർക്കുമ്പോൾ
ഗൗഡസാരസ്വതബ്രാഹ്മണ സമുദായത്തിലെ ചിട്ടകൾ കണിശമായി പാലിച്ചപ്പോഴും മകളുടെ നൃത്തവാസനയെ പ്രോത്സാഹിപ്പിക്കാൻ മടിച്ചില്ല ഈ കലാകാരിയുടെ രക്ഷിതാക്കൾ. സുഗന്ധിയൂടെ നൃത്തങ്ങളിലെ മിഴിവാർന്ന വിന്യാസങ്ങളിൽ,സാഹിത്യ അഭിരുചിയിൽ അവർ രചിച്ച വർണങ്ങളിൽ ,പുസ്തകങ്ങളിൽ ഒരമ്മയുടെ വാത്സല്ല്യമുണ്ട്. മകളെ പുരാണ കഥകൾ പറഞ്ഞു രസിപ്പിച്ചിരുന്നു , അവൾക്ക് കവിതയിൽ കത്തുകളെഴുതിയിരുന്നു കൊങ്കിണി സാഹിത്യകാരി ആനന്ദി കമ്മത് എന്ന അമ്മ. പഠിപ്പ് പൂർത്തിയാക്കിയ സുഗന്ധിയെ അന്ന് തന്നെ ഗുരുവായൂരിൽ കൊണ്ട് പോയി നൃത്തം ചെയ്യിക്കാനും, "നീ നോക്കണം എൻ്റെ കുഞ്ഞിനെ"എന്ന് ഏൽപിക്കാനും മറന്നില്ല വാത്സല്ല്യ നിധിയായ മുത്തശ്ശൻ. നിരാശയുടെ പടുകുഴിയിൽ വീണപ്പോഴെല്ലാം താങ്ങായി നിന്ന അച്ഛൻ ശ്രീനിവാസ കമ്മത് തന്നെയാണ് ശൈലീഭേദങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടയിൽ പെട്ടുപോയപ്പോൾ പഠിപ്പാണ് മുഖ്യം എന്ന് ധൈര്യം കൊടുത്തതും, ഗവേഷണകാലത്തു തുണയായതും. സുഗന്ധയുടെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും കൂട്ടായി, നല്ല പാതിയായി തന്നെ നിന്ന ഭർത്താവ് ദാമോദരപ്രഭു. ഗവേഷണപ്രബന്ധത്തെ പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി അവതരിപ്പിക്കേണ്ടി വന്നപ്പോൾ ഇടംവലം നിന്ന അനുജനും മകളും. കുടുംബാംഗങ്ങൾക്ക് പുറമേ ഇംഗ്ലീഷ് പഠിപ്പിച്ച ചന്ദ്രിക എബ്രഹാം, മദിരാശിയിൽ പോകുമ്പോൾ കുട്ടികളെ ശ്രദ്ധിച്ചിരുന്ന പ്രേമ ഇവരിൽ ചിലർ.
എന്നും ആദരപൂർവം സ്മരിക്കുന്ന ഗുരുക്കന്മാർ
വാത്സല്യത്തോടെ നൃത്തത്തിൻ്റെ ആദ്യ ചുവടുകൾ അഭ്യസിപ്പിച്ചതും അരങ്ങിലെത്തിച്ചതും സതി ദേവി ടീച്ചർ. എട്ടാം വയസ്സിൽ, തുറവൂർ വടക്കരപ്പൻ ക്ഷേത്രത്തിലെ അരങ്ങേറ്റവേദിയിൽ അവതരിപ്പിച്ച "ഭരതകുലഭാഗ്യകലികെ" എന്ന ശ്ലോകം ചൊല്ലി , സതിചേച്ചിയെ ഓർത്ത് ഇന്നും ക്ലാസ്സ് ആരംഭിക്കുന്ന ടീച്ചർ പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്നത് ഗുരുത്വപാഠം.
പിന്നീട് പള്ളുരുത്തി സുരേന്ദ്രനാഥിൻ്റെ കീഴിൽ പഠനം തുടർന്ന സുഗന്ധി അനേകം ഭരതനാട്യം ഇനങ്ങൾ സ്വായത്തമാക്കി. ഇക്കാലയളവിൽ ധർമാവതി വർണം അവതരിപ്പിച്ച് 62 ലെ സംസ്ഥാന യുവജനോത്സവത്തിലും, ഖരഹരപ്രിയ വർണം അവതരിപ്പിച്ച് കലാമണ്ഡലത്തിൻ്റെ ഭരതനാട്യം മൽസരത്തിലും ഒന്നാം സ്ഥാനം നേടിയത് സുഗന്ധിയുടെ ജീവിതത്തിലെ വഴിത്തിരിവായി. ഈ കൗമാരക്കരിയുടെ പ്രതിഭ തിരിച്ചറിഞ്ഞ കെ എൻ പിഷാരടിയും, കാവാലവും നിർദേശിച്ചതനുസരിച്ചാണ് അച്ഛൻ സുഗന്ധിയെ കലാമണ്ഡലത്തിൽ ചേർത്തത്.
മൂന്നു മാസത്തെ ചെറിയ ഒരു മിനുക്കിയെടുക്കൽ, പിന്നെ നേരേ രണ്ടാം വർഷത്തിലേക്ക്. ഭരതനാട്യം മുഖ്യവിഷയം. പഠിപ്പിച്ചതു കലാമണ്ഡലം ചന്ദ്രിക ടീച്ചറും ഭാസ്കർറാവുമാഷും. കൂടെ നിലവിലുള്ള ഏതാനും മോഹിനിയാട്ടം ഇനങ്ങളും. പെട്ടെന്ന് തന്നെ കലാമണ്ഡലം പരിപാടിയിൽ മുഖ്യ നർത്തകിയായ സുഗന്ധിക്ക് മോഹിനിയാട്ടത്തിനോട് വലിയ മമത ഒന്നും തോന്നിയില്ല. 68ൽ കോഴ്സിൻ്റെ അവസാന ഘട്ടത്തിൽ കലാമണ്ഡലത്തിൽ മോഹിനയാട്ടത്തിനായി അടവുകൾ ചിട്ട പ്പെടുത്തിയപ്പോൾ അത് കൂടി പഠിക്കാനിടയായി എന്ന് മാത്രം.
അൻപതുകളുടെ തുടക്കത്തിൽ മോഹിനയാട്ടത്തിലെ കലാമണ്ഡലം ശൈലിക്ക് അടിത്തറ പാകിയ ചിന്നമ്മു അമ്മ ടീച്ചർ "അമ്മ്യാരു കുട്ടീ" എന്ന് നീട്ടി വിളിക്കുന്ന ഓർമ്മയാണ്. ഈ ശൈലിക്ക് വ്യവസ്ഥ വരുത്തിയ സത്യഭാമടീച്ചർ അടവുകളുടെ കൂട്ടത്തിൽ പുതുതായി ചിട്ടപ്പെടുത്തിയ 'പനിമതിയും', " കാന്തനോടും", പഠിപ്പിച്ച സ്നേഹമയിയായ ഗുരുനാഥയും. ടീച്ചർ മരണശയ്യയിലായിരുന്നപ്പോൾ കാണാൻ പോയ സുഗന്ധി നാമം ചൊല്ലി, തലോടിയുറക്കിയാണ് മടങ്ങിയത്. സ്വസ്ഥമായൊരു മയക്കത്തിലേക്കാണ്ടുപോകവെ അരുമ ശിഷ്യയെ ആർദ്രമായി നോക്കിയ ഗുരുവിൻ്റെ കണ്ണിൽ പഴയ കൗമാരക്കാരിയോട് ഉണ്ടായിരുന്ന അതേ വാത്സല്ല്യം കണ്ടത് നനവാർന്ന ഒരോർമ്മ. ഇന്നും അനുഭവിക്കുന്നു ആ അനുഗ്രഹം. മോഹിനിയാട്ടത്തിൻ്റെ അമ്മയായി ആദരിക്കപ്പടുന്ന കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയിലേക്ക് എത്തുന്നത് മകൾ വഴി.

എം കെ കെ നായർ
അന്നത്തെ കലാമണ്ഡലം ചെയർമാനും തികഞ്ഞ സഹൃദയനുമായിരുന്ന എം കെ കെ നായർ ഒരു പരിധി വരെ രക്ഷാകർത്താവ് തന്നെ ആയിരുന്നു കലാമണ്ഡലം സുഗന്ധിക്ക്. കലാമണ്ഡലത്തിലെ പ്രകടനം കണ്ട അദ്ദേഹം ഫാക്ടിലെ കലാവിഭാഗത്തിൽ മോഹിനിയാട്ടം അധ്യാപികയായി ഈ പത്തൊമ്പതുകാരിയെ നിയമിച്ചു . ഈ നിയമനം സാവകാശം സുഗന്ധിയെ ആ ലാസ്യകലയിലേക്ക് ചേർത്ത് വെച്ചു. ശാസ്ത്രീയ നൃത്തരൂപങ്ങളോടു സുഗന്ധിക്ക് ഉണ്ടായിരുന്ന കമ്പം മനസ്സിലാക്കിയ അദ്ദേഹം കൂച്ച്പുടി പഠിക്കാൻ അവരെ വേദാന്തം പ്രഹ്ലാദശർമ്മയുടെ അടുക്കൽ അയച്ചു. ആദ്യ കാലങ്ങളിൽ കലാമണ്ഡലം സുഗന്ധി എന്ന നർത്തകിയെ വേണ്ടും വിധം സദസ്സിന് പരിചയപ്പെുത്തുക എന്ന ചുമതല സ്വയം ഏറ്റെടുത്ത അദ്ദേഹം പന്മനയിൽ നടന്ന വിശ്വഹിന്ദു പരിഷത്തിൻ്റെ 9ത് കോൺഗ്രസ്സിൽ ഉറക്കെ പ്രഖ്യാപിച്ചു- ഇവൾ സുഗന്ധ മോഹിനി! ജോലി ഉപേക്ഷിക്കാൻ ഇഷ്ടമില്ലാതിരുന്ന സുഗന്ധിക്ക് വരനായി വന്നത് ഫാക്ടിലെ തന്നെ ജീവനക്കാരനായിരുന്ന ദാമോദരപ്രഭു. കല്യാണത്തിനു വന്ന എം ഡി ആശംസയ്ക്കൊപ്പം നിഷ്കർഷിച്ചത് അവളുടെ കലാവാസനയെ നിരുത്സാഹപ്പെടുത്തരുത് എന്നായിരുന്നു.

പദ്മസുബ്രഹ്മണ്യം
ഫാക്ടിലെ നൃത്തപരിപാടിക്ക് തംബുരു മീട്ടാനേറ്റ് നൃത്തത്തിൽ മയങ്ങി അത് മറന്ന് പോയ സുഗന്ധിയെ,"നീ നല്ലൊരു രസികൈ, നീ മുന്നാടി പോയ് ഡാൻസ് പാര്"എന്ന് പറഞ് എഴുന്നേൽപ്പിച്ചുവിട്ടത് വിഖ്യാത നർത്തകി പദ്മ സുബ്രഹ്മണ്യം. അതായിരുന്നു ആദ്യ കൂടിക്കാഴ്ച. അടുത്ത തവണ കണ്ട കൃഷ്‌നായ തുഭ്യം നമഃ കൊറിയോഗ്രഫിയുടെ സൗന്ദര്യവും യജ്ഞതുല്യമായ നൃത്തം പരിശുദ്ധമായ ആനന്ദത്തിലേക്കും, പരമാത്മാവിലേക്കും ഉള്ള വഴിയാണെന്നും, മനസ്സിൽ കോറിയിട്ടു. അതോടെ പദ്മയുടെ നൃത്തവേദികളിൽ സുഗന്ധി സ്ഥിരം സാന്നിധ്യവും പദൂക്കയുടെ വാത്സല്യഭാജനവുമായി മാറി. 89 ൽ, അവർ സംഘടിപ്പിച്ച നാട്യശാസ്ത്രം ശില്പശാലയിൽ തിരഞ്ഞെടുക്കപ്പെട്ട നർത്തകികൾക്കൊപ്പം പങ്കെടുക്കാനായത് കണ്ണു തുറപ്പിക്കുന്ന ഒരനുഭവമായി. ഭാഷയറിയില്ല. ഇതര വിഷയങ്ങളിൽ പരിജ്ഞാനമില്ല. ഒപ്പമുള്ള ഇളമുറക്കാർക്കൊപ്പം കാര്യങ്ങൾ ഗ്രഹിക്കാനാവുന്നില്ല.ഉള്ളു വിങ്ങിക്കൊണ്ടെങ്കിലും നൃത്തത്തോടുള്ള അഭിനിവേശം "മനസ്സിലാകുന്നില്ല" എന്ന് തുറന്നു പറയിച്ചു സുഗന്ധിയെ. ഇതിനൊക്കെ പുറമേ കേരളത്തിൽ നൃത്തം മത്സരവേദികളിലേക്ക് മാത്രം എന്ന പണ്ഡിതപക്ഷം കൂടി ആയപ്പോൾ ഏക ആശ്വാസം സുഗന്ധിക്കായി ഇംഗ്ളീഷ് ക്ലാസ്സുകൾ തമിഴിലും വിവരിച്ചു കൊടുത്ത പദൂക്കയുടെ പരിഗണനയായിരുന്നു. അന്യ നാട്ടുകാരിക്ക് കിട്ടിയ ഈ പരിഗണനയും വാത്സല്യവും വിനയായ സന്ദർഭങ്ങളും ഇല്ലാതില്ല.
പദ്മ സുബ്രഹ്മണ്യത്തെ ഗുരുവായി ലഭിച്ചത് പരമ ഭാഗ്യമായി കരുതുന്നു ഇന്നും ടീച്ചർ, ശിഷ്യവാത്സല്യം പ്രകടമാക്കിയ ഒട്ടേറേ സന്ദർഭങ്ങളുണ്ടെങ്കിലും തൻ്റെ മാനസഗുരു നൽകിയ സ്നേഹനിർഭരമായ യാത്രയയപ്പ് മറക്കാനാവുന്നില്ലവർക്ക്. അഷ്ടമംഗല്ല്യതട്ടിൽ വെച്ച നടരാജവിഗ്രഹം നൽകി തലയിൽ കൈവച്ച് അനുഗ്രഹിച്ച് "ലോകത്തിൻ്റെ ഏത് കോണിലും നിനക്ക് ധൈര്യമായി പറയാം എൻ്റെ ശിഷ്യ ആണെന്ന്" എന്ന് പറഞ്ഞപ്പോൾ തേങ്ങി കരഞ്ഞുകൊണ്ടാണ് സാഷ്ടാംഗം പ്രണമിച്ചത്. ഗുരു സ്ഥാനീയരിൽ പലരും തള്ളിപ്പറഞ്ഞ സങ്കടം ഉള്ളിലുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാവാം എന്ന് ആശ്വസിച്ചിട്ടുണ്ട്. അവിടേക്കായിരുന്നൂ കുളിർമഴ പോലെ ഈ വാക്കുകൾ. ഒപ്പം നിൽക്കേണ്ടവരിൽ പലരും പരിഹസിച്ച് മാറി നിന്നപ്പോഴൊക്കെ ചേർത്ത് പിടിച്ച് വഴി നടത്തിയതും പദൂക്ക തന്നെ.
വേദികളെ കുറിച്ചോർക്കുമ്പോൾ
എഴുപതുകളുടെ തുടക്കത്തിൽ കാർത്തികതിരുനാൾ സ്മരണാർത്ഥം സ്വാതി കൃതികളെ ആസ്പദമാക്കി ഒരു മുഴുനീള മോഹിനിയാട്ട കച്ചേരി!സദസ്സിൽ മോഹിനിയാട്ടം നിരോധിച്ച റാണിലക്ഷ്മിഭായി അടക്കമുള്ള രാജകുടുംബാംഗങ്ങൾ. വേദിയിൽ ആദ്യപകുതിയിൽ മുടി കൊണ്ട കെട്ടിയും പിന്നെ നീട്ടി പിന്നിയും തൻ്റെ ആദ്യ കൊറിയോഗ്രഫി പരീക്ഷണവുമായി സുഗന്ധമോഹിനി. സർവ്വ പിന്തുണയുമായി കലാമണ്ഡലം കൂത്തമ്പലശില്പിയും മാർഗി സ്ഥാപകനുമായ അപ്പുകുട്ടൻനായർ.
പരിപാടിക്ക് ശേഷം അമ്മമഹാറാണി വിളിപ്പിച്ച് അനുഗ്രഹിച്ചത് മറക്കാനാകാത്ത അനുഭവം . മോഹിനിയാട്ടത്തിൻ്റെ ചരിത്രത്തെ കുറിച്ച് വലിയ പിടിപാടില്ലാത്ത കാലത്തായത് കൊണ്ട് തികഞ്ഞ ആത്മവിശ്വാസമായിരുന്നു എന്ന് ചിരിക്കുന്നു ടീച്ചർ. സുഗന്ധിയിലെ കൊറിയോഗ്രഫർക്ക് ഈ വേദി പകർന്ന ആത്മവിശ്വാസം ചില്ലറ ആയിരുന്നില്ല.
പക്വത ആയ ശേഷം ഈശ്വരനേയും ഗുരുക്കന്മാരേയും മനസ്സിൽ ധ്യാനിച്ച് അരങ്ങിൽ സ്വയം മറന്നാടുമ്പോൾ കാണികളെ രസിപ്പിക്കുക എന്നതിനേക്കാൾ പ്രധാനം അനുഭവിക്കുന്ന ആനന്ദം തന്നെ. സ്വയം രസിച്ചാടുന്ന നർത്തകിക്കെ പ്രേക്ഷകന് രസാനുഭവം നൽകാനാവൂ എന്ന് പഠിപ്പിച്ചതും പദുക്ക ! സൂര്യ, നിശാഗന്ധി തുടങ്ങി ഒട്ടനവധി നൃത്തോത്സവങ്ങളിൽ നൂപുരമണിഞ്ഞ ഇവരുടെ പ്രകടനം കണ്ട് ഭ്രമിച്ച് ശിഷ്യപ്പെട്ടവരും ഉണ്ട്. പുതു തലമുറയിലെ ഡോ. നീന പ്രസാദ് അതിലൊരാൾ!
പഠനം
ആത്മനിന്ദയോടെയാണ് തിരിച്ചു വന്നതെങ്കിലും തിരിച്ചെത്തിയ ഉടൻ ചെയ്തത് നാട്യശാസ്ത്രത്തിൽ നേടിയ അറിവുകൾ മോഹിനിയാട്ടവുമായി ഒത്തുനോക്കി, ബന്ധപ്പെടുത്തി ശില്പശാല സംഘടിപ്പിക്കുകയായിരുന്നു. മലയാളം ബി എ എന്ന കവാടത്തിലൂടെ അറിവിൻ്റെ ലോകത്തിലേക്ക് രംഗപ്രവേശം ചെയ്യാൻ മനസ്സുറപ്പിച്ചത് അമ്പതുകളിൽ!
ശേഷം കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിൽ എം. എ. പ്രാക്ടിക്കൽ പരീക്ഷയിൽ ചിട്ടപ്രകാരം ചെയ്ത സുമസായകവർണം എന്തു കൊണ്ടോ പരീക്ഷകരെ തൃപ്തിപ്പെടുത്തിയില്ല. അത് സമ്മാനിച്ച തോൽവിയുടെ കയ്‌പു നീരിന് സുഗന്ധിയെ പിൻതിരിപ്പിക്കാനുമായില്ല. പരിഭവം ഒട്ടുമില്ലാതെ വീണ്ടും പരീക്ഷ എഴുതി പാസ്സായത് അറുപതുകളിൽ! ഇതേ സുഗന്ധി താൻ ചിട്ടപ്പെടുത്തിയ ഇനങ്ങളിലൂടെ അംഗീകരിക്കപ്പെടുകയും കലാമണ്ഡലത്തിൽ അക്കാദമിക് ഡീൻ ആവുകയും ചെയ്തത് കാലത്തിൻ്റെ കാവ്യനീതി!!
പട്ടികയിൽ ഒടുവിലായി ചേർത്തത് ഡോ. പദ്മാ സുബ്രഹ്മണ്യത്തിൻ്റെ കീഴിൽ തഞ്ചാവൂർ ശാസത്ര യൂണിവേഴ്സിറ്റിയിൽ നിന്ന് " നാട്യശാസ്ത്ര വഴികളിലൂടെ മോഹിനിയാട്ടത്തിൻ്റെ പാഠ്യപദ്ധതിയുടെ പരിഷ്ക്കരണം"( Development of pedagogy for mohiniyattam Based on Natya Sastra )എന്ന വിഷയത്തിൽ എഴുപത്തിയൊന്നിൽ നേടിയ ഡോക്ടറേറ്റ് !!

ലാവണ്യസൃഷ്ടികൾ
ഇന്നുമോർക്കുന്നു പള്ളുരുത്തിയിലെ കലാലയത്തിൽ അർജുനൻ മാഷിന്റെ സംഗീതത്തിന് നൃത്ത ശിൽപം മെനയുന്ന സുരേന്ദ്രനാഥൻ മാഷ് ,അവിടെയുളവായ സൃഷ്ടിയുടെ ആന്ദത്തെ സാകൂതം വീക്ഷിച്ച കൗമാരക്കാരി. സുഗന്ധി ഒരു പക്ഷേ, ഇന്ന് ഏറ്റവും ആസ്വദിക്കുന്നത് ഈ ആനന്ദമായിരിക്കും. പ്രയോഗത്തിലൂടെ പ്രമാണങ്ങളിലേക്ക് കടന്ന നർത്തകിയത്രെ കലാമണ്ഡലം സുഗന്ധി. താൻ സ്വായത്തമാക്കിയ അരങ്ങു വഴക്കങ്ങളും സൈദ്ധാന്തികമായ അറിവുകളും സമം ചേർക്കുമ്പോൾ മോഹിനിയാട്ടം എന്ന സുകുമാര നൃത്തത്തിൻ്റെ ഭംഗിയേറുന്നതായി അനുഭവിക്കുകയും അതാസ്വദിക്കുകയും ചെയ്യുന്നുണ്ടിവർ. ഇതര ദക്ഷിണേന്ത്യൻ നൃത്ശൈലികളിൽ നേടിയ അവഗാഹം ഉപയോഗിച്ചത് മോഹിനിയാട്ടത്തെ പുഷ്ടിപ്പെടുത്താനായിരുന്നൂ.
കുടമാളൂർ കരുണാകരൻ, വൈക്കംകരുണാകരൻ, കലാമണ്ഡലം കേശവൻ (ചെണ്ട) എന്നീ പ്രഗൽഭമതികളുമായുള്ള സഹവാസം ഒട്ടൊന്നുമല്ല സുഗന്ധിയെ തുണച്ചത്. ഈ സ്നേഹസമ്പന്നരായ സഹപ്രവർത്തകർ ഒപ്പമിരുന്നു നിർദേശങ്ങളും ഹസ്തപ്രയോഗങ്ങളുടെ സൂക്ഷ്‌മഭേദങ്ങളും പറഞ്ഞു തന്നിരുന്നതോർത്ത് കൃതാർഥയാകുന്നുമുണ്ട് സുഗന്ധിയിലെ കൊറിയോഗ്രാഫർ.
സംഗീതത്തിലും സാദ്ധ്യത തേടാൻ മടിച്ചില്ല സുഗന്ധി. നടന്നു വന്ന വഴികളിൽ നിന്നൊന്ന് മാറി നടക്കുമ്പോഴുള്ള രസത്തിനപ്പുറം , കച്ചേരി സമ്പ്രദായത്തിൽ കണക്കനുസരിച്ച് ചിട്ടപ്പെടുത്തി നൃത്തം സംഗീതത്തോട് ചേർക്കുന്നുവെങ്കിൽ, സോപാന സംഗീതം
കണ്ണടച്ച് ആസ്വദിക്കുമ്പോൾ മോഹിനിയാട്ടചലനങ്ങൾ മനസ്സിൽ ഊറി വരുന്നതായിരുന്നു അനുഭവം. അതുകൊണ്ടു തന്നെ ഇവർക്കിത് "അഭിനയ സംഗീതം".. കലാമണ്ഡലം ശൈലിയിലെ കൃത്യതയും, കല്യാണികുട്ടിയമ്മയുടെ ലയവും ഉൾചേർന്ന് തൻ്റെ ഉള്ളിൽ ഉരുവപ്പെട്ട മോഹിനിയാട്ടത്തെ കാവാലം കളരിയിലെ കേരളീയ സംഗീത സമ്പ്രദായവുമായി പൊരുത്തം നോക്കിയപ്പോൾ ഉയിരെടുത്തത് മിഴിവാർന്ന മോഹിനിയാട്ടം. മാത്രവുമല്ല ഈ മഞ്ജുകലയെ സാമാന്യ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ രീതിയിലെ താളവൈവിധ്യവും മേളവും പ്രാപ്തമാണെന്നും കൂട്ടിച്ചേർക്കുന്നു കലാമണ്ഡലം സുഗന്ധി.
താൻ ചിട്ടപ്പെടുത്തിയ ഇനങ്ങളുടെ എണ്ണത്തെ കുറിച്ച് വലിയ തിട്ടമില്ലാത്ത ഈ ഗുരുവിന് ആട്ടപ്രകാരം തയ്യാറാക്കി പഠിപ്പിക്കാൻ താത്‌പര്യമേയില്ല . മറിച്ച് ശിഷ്യരുടെ കഴിവിനനുസരിച്ച് മാറ്റങ്ങൾ വരുത്തി പഠിപ്പിച്ച് രസിക്കുകയാണിവർ. വാത്സല്യമാണ് താൻ ചിട്ടപ്പെടുത്തിയ ഇനങ്ങളോട്. എങ്കിലും, വർഷങ്ങൾക്ക് മുൻപ് അഷ്ടപദിയെ ആസ്പദമാക്കി ചെയ്ത "രാധാ മാധവം ", ശ്രീ ശ്രീ രവിശങ്കറിൻ്റെ വരവിനോടനുബന്ധിച്ച് സ്വയം എഴുതി, ചിട്ടപ്പെടുത്തി ആയിരത്തിൽപരം നർത്തകരെ പഠിപ്പിച്ച്, കലൂർ സ്റ്റേഡിയത്തിൽ അവതരിപ്പിച്ച ചിത്രാംഗം എന്നിവയോട് ഒരല്പം മമത കൂടുതലുണ്ട് എന്ന് സമ്മതിക്കുന്നു.
നിരീക്ഷണങ്ങൾ
നൃത്തത്തിൻ്റെ ഏത് വശവും ആഴത്തിൽ പഠിക്കാൻ കിട്ടിയ ഒരവസരവും പാഴാക്കിയില്ല സുഗന്ധി. വൈവിധ്യമാർന്ന ഈ പഠനത്തിലാണ് തഞ്ചാവൂർ നാൽവരാൽ സ്വാതിയുടെ സഭയിൽ പുനരാവിഷ്‌കരിക്കപ്പെട്ട മോഹിനിയാട്ടം അടവുകളുടെ വേരുകൾ ചികഞ്ഞതും, അന്ന് ചിട്ടപ്പെടുത്തിയ ചക്രവാകം ചൊൽക്കെട്ടിലെ "ജയജയന്തഗിരിസമധീര"എന്ന് തുടങ്ങുന്ന സാഹിത്യം ആന്ധ്രയിൽ, നാരായണകവി കൃതമായ രാമസപ്തം എന്ന് കുതൂഹലപ്പെട്ടതും, തഞ്ചാവൂരിൽ നിന്നും മുല്ലമൂട് വഴി കൊരട്ടിക്കര കൃഷ്ണ പണിക്കരാശാനിൽ ചേർന്ന മണ്ഡലസ്ഥാനങ്ങളിലെ സാമ്യത വെളിപ്പെട്ടതും, ഒരേ ചലനസമ്പ്രദായങ്ങളിൽ നാട്ടുചന്തം കലരുമ്പോൾ വരുന്ന വൈവിധ്യം കണ്ടെത്താനായതും. മകൾ നന്ദിത അർജുന നൃത്തത്തിൽ ഗവേഷണം തുടങ്ങിയപ്പോൾ ഒട്ടും മടിക്കാതെ ഒപ്പം കൂടുകയായിരുന്നു സുഗന്ധിയിലെ വിജ്ഞാനകുതുകി. അപ്പോൾ ചുരുൾ നിവർന്നതാകട്ടെ ഭരതാർണ്ണവത്തിൽ സൂചിപ്പിക്കുന്ന നൂറ്റെട്ട് താളങ്ങളിൽ പലതും കേരളത്തിൽ ഭദ്രമായി സംരക്ഷിക്കപ്പെടുന്നു എന്ന അറിവും. വർണപ്പകിട്ടില്ല. ചടുല ചലനങ്ങളില്ല. എങ്കിലെന്ത്? ലളിതമായ ആഹാര്യവും പതിഞ്ഞ ചുവടുകളും മുഖമുദ്രയായ മോഹിനിയാട്ടത്തിന് മറ്റേതൊരു നൃത്തത്തിനുമൊപ്പം നിൽക്കാനുള്ള ത്രാണിയും ഗരിമയുമുണ്ടായിട്ടും ഇതേ കാലഘട്ടത്തിൽ പരിഷ്കരിക്കപ്പെട്ട ഒഡീസ്സിക്കൊപ്പമെത്താൻ മോഹിനിയട്ടത്തിന് ഇനിയും കാതങ്ങൾതാണ്ടേണ്ടിയിരിക്കൂന്നൂ.വ്യക്തിതാത്പര്യങ്ങൾക്കിടയിൽ പെട്ടുപോയ കലാരൂപത്തിൻ്റെ നിർഭാഗ്യത്തിൽ പരിതപിക്കുന്നുമുണ്ട് ഈ കലാകാരി.
നൃത്ത ഹസ്തങ്ങൾ, പാദഭേദങ്ങൾ,ഭാവ അനുഭാവവിഭാവങ്ങൾ ഇവ യഥോചിതം സമന്വയിപ്പിച്ച്, സൗന്ദര്യവൽക്കരിച്ച് ഒന്നാംതരം ലാവണ്യ ശിൽപമായി മോഹിനിയാട്ടം മനസ്സിലുണ്ട്. ലക്ഷ്യലക്ഷണസഹിതം മോഹിനയാട്ടത്തെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. നാട്യശാസ്ത്രം എന്ന ബൃഹദ് ഗ്രന്ഥം നല്കുന്ന സൂചനകളെ ഈ ദേശീസമ്പ്രദായത്തിൻ്റെ ലക്ഷണങ്ങൾ ഒന്നുമേ ചോർന്നു പോകാതെ ചേരുംപടി ചേർത്ത ഒരു പാഠ്യപദ്ധതി തന്നെ ഉണ്ടാകേണ്ടതുമുണ്ട് നാനാത്വത്തിൽ ഏകത്വം എന്ന ഭാരത സങ്കൽപ്പത്തോട് ഉപമിച്ച് ആസ്വദിക്കുന്നു ഇവർ.
ശൃംഗാരരസത്തിൻ്റെ പിടിയിൽ നിന്നും കുതറി മാറുന്ന മോഹിനിയാട്ടത്തെയാണ് ഇന്ന് നാം കാണുന്നത്. വിഷയങ്ങളിലെ മാറ്റംകാലഘട്ടത്തിൻ്റെ ആവശ്യം നല്ലവ നില നിൽക്കുമെന്ന് നിർമമയാവുന്നു ടീച്ചർ.
പുരസ്കാരങ്ങൾ, പുസ്തകങ്ങൾ
കേന്ദ്ര കേരള സാഹിത്യ അക്കാദമികളുടെ അവാർഡുകൾ, കേരള കൊങ്കിണി സാഹിത്യ അക്കാദമി അവാർഡ് ,ഫാക്ട്,ഗോൾഡൻ ഗ്രേറ്റ്,തപസ്യ , പൈ ഫൗണ്ടേഷൻ,കലാമണ്ഡലം,കലാരത്ന അവാർഡുകൾ,പ്രമുഖ സാംസ്കാരികസമിതികളിൽ വിശിഷ്ടംഗത്വം.തന്നെ തേടി വന്ന ഓരോ പുരസ്കാരവും ഇവർക്കു വിലപ്പെട്ടതത്രെ. ഭരതകലാലക്ഷണം(വിവർത്തനം), നാട്ട്യവേദം പഞ്ചമവേദം(കൊങ്കിണി) എന്നീ പുസ്തകങ്ങങ്ങളും രചിച്ചിട്ടുണ്ട്.
നൃത്താഞ്ജലി
പലരും ഒരുപോലെ നൃത്തം ചെയ്യുന്ന ഒരുപറ്റം നർത്തകികളെ വാർത്തെടുക്കുമ്പോൾ കലാമണ്ഡലം സുഗന്ധിയുടെ ഈ കളരിയിൽ ശിഷ്യരിൽ പലർക്കും അവരുടേതായ ശൈലി കാണാം. പലരിൽ നിന്നും അടിസ്ഥാനപാഠങ്ങൾ പഠിച്ച് വരുന്നവർ, ആയതിനോട് തൻ്റെ രീതി ചേർത്ത് വെക്കുമ്പോൾ വരുന്ന വൈജാത്യങ്ങൾ എന്ന് ഒഴുക്കൻ മട്ടിൽ ഗുരുവും തങ്ങളുടേതായ പരീക്ഷണങ്ങൾക്ക് ഇടം നൽകുന്നത് കൊണ്ടെന്ന് ശിഷ്യരും. ശാഠ്യങ്ങളെക്കാൾ നിർദ്ദേശങ്ങളത്രെ കളരിയിൽ പതിവ്. ഓരോ ചലനവും ഓരോ ശരീരഘടനക്ക് അനുസരിച്ച് മാറ്റം വരും എന്ന് തിരിച്ചറിഞ്ഞ് ശിഷ്യരെ അതനുസരിച്ച്പ രിശീലിപ്പിച്ചചെടുക്കുന്നതത്രേ ഇവിടുത്തെ രീതിശാസ്ത്രം. ഇന്ന്, സഹജമായ ലാവണ്യത്തോടെ ഓൺലൈൻ ക്ലാസ്സുകളും പ്രഭാഷണങ്ങളുമായി കാലഗതിക്കൊപ്പം ചുവടു വെക്കുന്നു കലാമണ്ഡലം സുഗന്ധി!
വരുംതലമുറയോട്
മോഹിനിയാട്ടത്തെ കുറിച്ചുള്ള തൻ്റെ സങ്കൽപപങ്ങളും കാഴ്ച്ചപ്പാടുകളും പുതു തലമുറയിലെ നർത്തകിമാരിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ വെമ്പുന്ന ഒരു മനസ്സുണ്ടീ അധ്യാപികയിൽ. ശാസ്ത്രം പഠിക്കുകയും ലോകം കാണുകയും ആത്മസമർപ്പണത്തോടെ ഒരു യജ്‌ന്യം കണക്കെ നൃത്തം ചെയ്യാൻ സ്വയം പരിശീലിക്കുകയും വേണം വേഷത്തിലെ ആർഭാടത്തെക്കാൾ ആവശ്യം ഇനവുമായുള്ള സംവേദനവും മനനവും തന്നെ. കാണികൾക്ക് എന്തറിയാം എന്ന ചിന്ത ഒട്ടുമേ നന്നല്ല മോഹിനയാട്ടത്തിൻ്റെ അഴക് വഴിയുന്ന ചലനഭംഗിയിലും നർത്തകിയുടെ സ്വത്വം അരങ്ങിൽ തെളിയുക തന്നെ ചെയ്യും. അതിനാൽ സ്വത്വഗുണമുള്ള കലാകാരിക്കേ നിലനിൽപ്പുള്ളൂ.നിസ്വാർത്ഥമായി കലയെ സ്നേഹിക്കുമ്പോൾ ഈ ഗുണങ്ങൾ വന്നു ചേരും,ഉറപ്പ്. കഴിവുള്ളവരെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക. കുറഞ്ഞ പക്ഷം അവരെ മാറ്റി നിർത്താതെയിരിക്കൂവാനെങ്കിലൂം കലാസ്വാദകർക്കും ശ്രദ്ധ വേണം
തിരിഞ്ഞുനോക്കുമ്പോൾ
കടന്നു പോയവരിൽ പലരും ചവിട്ടിത്തേച്ചതോർക്കുമ്പോഴും താനിന്നു വരെ നേടിയതൊന്നും ആരെയും വേദനിപ്പിച്ചിട്ടല്ലെന്നുള്ള ഉത്തമബോധ്യമുണ്ട്. ഇത് ന്യായമോ എന്ന് തോന്നലുണ്ടായപ്പോഴും അത് മാറ്റിവച്ച് ഗുരുക്കന്മാരെ സ്നേഹാദരവാവോടെ മാത്രം കണ്ടിട്ടുണ്ട്. തനിക്കൊപ്പം ചുവടു വെച്ച മകളുടെ വേറിട്ട ചിന്തകളെ ഉൾക്കൊള്ളാനും സന്തോഷിക്കാനും കഴിയുന്നുമുണ്ട് സുഗന്ധി എന്ന വ്യക്തിക്ക്. തനിക്ക് ചുറ്റുമുള്ളവരെ ചേർത്തുനിർത്തി എഴുപത്തിയൊന്നാം വയസ്സിൽ നേടിയ ഈ ഡോക്ടറേറ്റിന് മാരിവിൽശോഭ!!
മോഹിനിയാട്ടത്തിന് ഒരു സമഗ്രപാഠ്യപദ്ധതി, ഹസ്തപ്രയോഗങ്ങൾ വിസ്തരിക്കുന്ന "ഹസ്ത രത്നാകരം"എന്ന ഗ്രന്ഥത്തിൻ്റെ
അവസാന മിനക്കുപണികൾ,മോഹിനിയാട്ടത്തിനായി സുഗന്ധം പരത്തി പൂത്തുലയുന്നു ഈ സുഗന്ധവല്ലി.
Content Highlights: dr kalamandalam sugandhi, Kerala Kalamandalam, mohiniyattom, bharatanatyam