ഈ ചേക്കുട്ടിയെ ചേര്‍ത്തുപിടിക്കണം, ഇവൾ ചേറിനെ അതിജീവിച്ചവൾ


വീണ ചിറക്കല്‍

3 min read
Read later
Print
Share

ഈ ചേക്കുട്ടിയെ ചേര്‍ത്തുപിടിക്കണം. പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന്റെ പ്രതീകമാണിവള്‍.

കാഴ്ച്ചയില്‍ അത്ര സൗന്ദര്യമില്ല, പ്രതീക്ഷിക്കുന്ന പൂര്‍ണതയുണ്ടാകണമെന്നില്ല, എങ്കിലും ഈ ചേക്കുട്ടിയെ ചേര്‍ത്തുപിടിക്കണം. പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന്റെ പ്രതീകമാണിവള്‍. ചേറിനെ അതിജീവിച്ച ചേക്കുട്ടിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് മലയാളികള്‍. ചേന്ദമംഗലത്തെ കൈത്തറിത്തൊഴിലാളികള്‍ക്കൊരു കൈത്താങ്ങായാണ് ചേക്കുട്ടി രംഗത്തെത്തുന്നത്.

കേരളത്തെയൊട്ടാകെ കണ്ണീരിലാഴ്ത്തി പ്രളയം കടന്നുപോയപ്പോള്‍ പ്രതീക്ഷകളെല്ലാം വറ്റി നിരാശയോടെ ഇനിയെങ്ങനെ കരകയറും എന്ന ചോദ്യവുമായി നില്‍ക്കുന്ന ലക്ഷങ്ങള്‍ക്കൊപ്പം ചേന്ദമംഗലത്തെ കൈത്തറിത്തൊഴിലാളികളുമുണ്ട്. ഓണവിപണി ലക്ഷ്യം വച്ച് അധ്വാനിച്ചുണ്ടാക്കിയ തുണിത്തരങ്ങളെല്ലാം ചെളി കയറി ഉപയോഗ ശൂന്യമായി. കഴുകിയെടുത്താല്‍ പോലും പോകാത്തത്ര കട്ടപിടിച്ചിരിക്കുന്ന കറയാണ് തുണികളിലെല്ലാം. ചേന്ദമംഗലത്തെ ഈ കൈത്തറിത്തൊഴിലാളികള്‍ക്കൊരു കൈത്താങ്ങാവുകയാണ് ചേക്കുട്ടി എന്ന കൊച്ചുപാവക്കുട്ടി. സാമൂഹിക പ്രവര്‍ത്തകയും ഫാഷന്‍ ഡിസൈനറുമായ ലക്ഷ്മി മേനോനും സുഹൃത്ത് ഗോപിനാഥുമാണ് ചേക്കുട്ടിക്ക് ആവിഷ്‌കാരം നല്‍കിയവര്‍. ചേക്കുട്ടിയുടെ പിറവിയെക്കുറിച്ചു മനസ്സ് തുറക്കുകയാണ് ലക്ഷ്മി മേനോന്‍.

ഇങ്ങനെയാണ് ചേക്കുട്ടി പിറക്കുന്നത്

ടിവി വച്ചാല്‍ മാത്രം പ്രളയദുരിതത്തെ തിരിച്ചറിഞ്ഞിരുന്ന എറണാകുളത്തെ കാഞ്ഞിരമറ്റത്താണ് എന്റെ സ്വദേശം. അതുകൊണ്ടുതന്നെ ഉത്തരവാദിത്തങ്ങളും ഏറെയാണെന്ന ബോധ്യമുണ്ടായിരുന്നു. നാട്ടില്‍ ഇത്രയും പേര്‍ ദുരിതം അനുഭവിക്കുമ്പോള്‍ മനസ്സമാധാനത്തോടെ കിടന്നുറങ്ങുന്നതെങ്ങനെ. പലരീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പങ്കാളിയായിരുന്നു. ഉറങ്ങാന്‍ പോലും കഴിയാതെ ഉലച്ചിരുന്ന നാളുകളായിരുന്നു അത്. പ്രളയത്തില്‍ നിന്നും കരകയറുന്ന വാര്‍ത്തകള്‍ക്കിടെയാണ് ചേന്ദമംഗലത്തെ കൈത്തറിത്തൊഴിലാളികളെക്കുറിച്ച് കേള്‍ക്കുന്നത്. അവരെ എങ്ങനെ സഹായിക്കും എന്നാലോചിക്കുന്നതിനിടെയാണ് ടൂറിസം കമ്പനി നടത്തുന്ന ഗോപിനാഥ് പാറയില്‍ ഇത്തരം ഒരാശയം പങ്കുവെക്കുന്നത്.

ചേന്ദമംഗലത്തെത്തിയപ്പോഴാണ് നഷ്ടത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്. ഫാഷന്‍ ഡിസൈനര്‍ കൂടിയായതുകൊണ്ട് ഫാബ്രിക്കിനോടു പ്രത്യേക ഇഷ്ടമുണ്ട്. ആദ്യം രണ്ടു മൂന്നെണ്ണം എടുത്ത് ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കാന്‍ തീരുമാനിച്ചു. പക്ഷേ ആഴത്തില്‍ പതിഞ്ഞുപോയ കറയും കരിമ്പനുമൊന്നും എത്ര വൃത്തിയാക്കിയാലും പോകില്ലെന്നു മനസ്സിലായി. അങ്ങനെയാണ് അവയിലെ കറ തന്നെ ഹൈലൈറ്റ് ചെയ്ത് എന്തു ചെയ്യാം എന്നു തീരുമാനിക്കുന്നത്. അതിജീവനത്തിന്റെ പ്രതീകം എന്ന ആശയത്തില്‍ നിന്നാണ് ചേറുപിടിച്ച ആ സാരികളില്‍ നിന്ന് ചേക്കുട്ടി എന്ന പാവയിലേക്കെത്തിയത്.

ഗോപിനാഥ് വഴിയാണ് ചേന്ദമംഗലത്തെ പ്രശ്‌നത്തിന്റെ രൂക്ഷാവസ്ഥ മനസ്സിലാക്കുന്നത്. ഇങ്ങനെയൊരു ആശയം പങ്കുവച്ച് ഇന്നുവരെയും ചേക്കുട്ടിയുടെ ആത്മാവായി കൂടെയുണ്ട് ഗോപിനാഥ്. ചേക്കുട്ടി കൂടുതല്‍ പേരിലേക്കെത്താനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നയാളുമാണ് അദ്ദേഹം. ചേറിനെ അതിജീവിച്ചവള്‍ എന്നാണ് ചേക്കുട്ടി കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ മലയാളികളുടെ വീട്ടിലും ഒരോര്‍മപ്പെടുത്തലായി ചേക്കുട്ടി ഉണ്ടായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.

ചേക്കുട്ടിയുടെ സ്‌നേഹം കൈത്തറിത്തൊഴിലാളികള്‍ക്ക്

മലയാളികളുടെ സഹജീവികളോടുള്ള അനുകമ്പയും സ്‌നേഹവും ഐക്യവുമൊക്കെയാണ് ചേക്കുട്ടി പറയാന്‍ ഉദ്ദേശിക്കുന്നത്. കൈത്തറിത്തൊഴിലാളികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തോടെ വീണ്ടും തറിയിലെത്തിയിരിക്കുകയാണ്. വീട് തരിപ്പണമായി കിടക്കുകയാണ്, പക്ഷേ തറിയെ ശ്രദ്ധിച്ചില്ലെങ്കില്‍ നാളെതൊട്ട് ഞങ്ങള്‍ പട്ടിണിയാവില്ലേ? എന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. ചേക്കുട്ടിയെ വിറ്റു കിട്ടുന്ന വരുമാനമെല്ലാം കൈത്തറിത്തൊഴിലാളികളുടെ സൊസൈറ്റിയിലേക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള നഷ്ടമാണ് ഉണ്ടായിരിക്കുന്നത്, അതുകൊണ്ട് ആര്‍ക്കും വ്യക്തിപരമായി പണം കൈമാറുന്നില്ല. നഷ്ടം കണക്കിലെടുത്ത് സൊസൈറ്റിയാകും അവയെല്ലാം തീരുമാനിക്കുക.

ഇതാണ് ചേക്കുട്ടിയുടെ സൗന്ദര്യം

ഉപയോഗശൂന്യമായ ഒരു സാരിയില്‍ നിന്നു 360 ചേക്കുട്ടിയെ വരെ ഉണ്ടാക്കാം. ഓരോ ചേക്കുട്ടിക്കും 25 രൂപയാണ് വില ഈടാക്കുന്നത്. ഇത്തരത്തില്‍ ആയിരത്തി മുന്നൂറു രൂപ വിലവരുന്ന ഒരു സാരികൊണ്ട് 360 ചേക്കുട്ടിയെ ഉണ്ടാക്കുമ്പോള്‍ 9000 രൂപയാണ് വിറ്റുവരവായി കിട്ടുന്നത്. നിശ്ചിത വില മാത്രം നല്‍കാതെ ആശയത്തിന്റെ വ്യാപ്തി ഉള്‍ക്കൊണ്ട് കൂടുതല്‍ പണം നല്‍കുന്നവരും ഉണ്ട്. പാവയുടെ വില നോക്കുകയാണെങ്കില്‍ വെറും രണ്ടുരൂപ പോലും കിട്ടില്ല, കാഴ്ച്ചയിലും ആര്‍ക്കും വാങ്ങാന്‍ മാത്രമുള്ള സൗന്ദര്യമില്ല. പക്ഷേ ഉല്‍പന്നം എന്നതിനേക്കാള്‍ അതിന്റെ ലക്ഷ്യം അമൂല്യമാണ്. സൂചിയോ നൂലോ പശയോ ഒന്നുമില്ലാതെ കഠിനാധ്വാനമില്ലാതെ തയ്യാറാക്കാവുന്നതാണ്. തുടക്കത്തില്‍ കൈത്തറിത്തൊഴിലാളികളെക്കൊണ്ടു തന്നെ ചേക്കുട്ടിയെ നിര്‍മിക്കാം എന്നു കരുതിയിരുന്നുവെങ്കിലും അവര്‍ക്ക് നഷ്ടത്തെ മറികടക്കാന്‍ ഇനിയും ഏറെ താണ്ടാനുണ്ട് എന്ന തോന്നലില്‍ നിന്നാണ് വളന്റിയഴ്‌സിനെക്കൊണ്ടു ചെയ്യിക്കാം എന്നു തീരുമാനിക്കുന്നത്.

പ്രളയത്തെ അതിവീച്ച ഹീറോകള്‍ക്കൊപ്പമാണ് ചേക്കുട്ടി

ചേന്ദമംഗലത്തെത്തി സാരികള്‍ വാങ്ങി സ്വന്തമായി ചേക്കുട്ടികളെ ഉണ്ടാക്കി അതു വിറ്റ് പണം അയക്കാന്‍ തയ്യാറാണെന്നു പറഞ്ഞ് നിരവധി പേരാണ് വിളിച്ചത്. സമൂഹമാധ്യമത്തിലൂടെയും പലരും സഹായവാഗ്ദാനവുമായി എത്തുന്നുണ്ട്. ചേക്കുട്ടിക്കായി തയ്യാറാക്കിയ വെബ്‌സൈറ്റ് ഇന്നലെ ക്രാഷ് ആയിരുന്നു. ഒപ്പം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചേക്കുട്ടി എന്ന ഉദ്യമത്തെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങളൊക്കെ ചേക്കുട്ടിക്കു പിന്തുണയുമായി എത്തുന്നുണ്ട്. ഇതെല്ലാം നല്‍കുന്ന സന്തോഷം ചെറുതല്ല. പ്രളയക്കെടുതിയുടെ ഇരകളെയല്ല, പ്രളയത്തെ അതിജീവിച്ച ഹീറോകള്‍ക്കൊപ്പമാണ് കേരളം എന്ന സന്ദേശമാണ് ചേക്കുട്ടിയുടെ ജനകീയത തെളിയിക്കുന്നത്. സ്‌കൂളുകളിലെല്ലാം ചേക്കുട്ടിയെക്കുറിച്ച് അവബോധം നല്‍കണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരിക്കലും കുട്ടികള്‍ ഇഷ്ടപ്പെടുന്ന രൂപമോ ഭാവമോ ആയിരിക്കില്ല ചേക്കുട്ടിയുടെ, എങ്കിലും ചേക്കുട്ടിയുടെ പിറവിക്കു പിന്നിലെ കാരണം അവരെല്ലാം അറിഞ്ഞിരിക്കണം...

Content Highlights: Chekkutty dolls made of stained handloom

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram