ഫോട്ടോ- എൻ.എം.പ്രദീപ്
ഒരു കോഴിക്കോടന്‍ വൈകുന്നേരം. നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി മലയാളസിനിമയില്‍ അരങ്ങുതകര്‍ക്കുന്ന നീരജ് മാധവിന്നരികെ ഒരു സംഘം പെണ്‍കുട്ടികള്‍ ചോദ്യശരങ്ങളുമായെത്തി. '' , നീരജിന്റെ കിടു ലവ്‌സ്റ്റോറി പറയൂ,'' പെണ്‍കുട്ടികള്‍ നീരജിനെ വലച്ചു. '' ഓ, നിങ്ങള്‍ ഇപ്പോള്‍ പെണ്‍കുട്ടികള്‍ തമ്മിലും പ്രണയമൊക്കെയുണ്ടല്ലേ,'' വിട്ടുകൊടുത്തില്ല നീരജ്! സിനിമ വിശേഷങ്ങള്‍ പങ്കിട്ടും പരസ്പ്പരം തമാശയാക്കിയും സ്‌നേഹവും ആരാധനയും കൈമാറിയും ഒരു ചാറ്റ്.
അതുല്ല്യ: ചേട്ടന്റേത് ഒരു അടിപൊളി ലൗസ്റ്റോറി ആണെന്നാണല്ലോ കേട്ടത്...
നീരജ്: സിനിമയില്‍ കാണുംപോലെ മരംചുറ്റി പ്രേമമൊന്നുമായിരുന്നില്ല എന്റേയും ദീപ്തിയുടേയും പ്രണയം.( ഓാാാാ എന്ന് പെണ്‍കുട്ടികളുടെ വക കോറസ്സ്) ഞങ്ങള്‍ ഫസ്റ്റ് കാണുന്നത് ട്രെയിനില്‍ വെച്ചാണ്. കണ്ടു. പരിചയപ്പെട്ടു. അത്രേയുള്ളു. മറ്റത്, 'നെഞ്ചുക്കുള്‍ പെയ്തത് മാമഴൈ...അതല്ല...വളരെ കാഷ്വല്‍ ആയി ഒരു ഫ്രണ്ട് ഇന്‍ട്രൊഡ്യൂസ് ചെയ്തു. അന്നേരം പ്രേമമൊന്നുമില്ല. അനിക്കന്നേരം വേറെ പ്രേമങ്ങളായിരുന്നു...( കണ്ണിറുക്കി ചിരിയോടെ) സോ, കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഫ്രണ്ട്‌സായി, ഭയങ്കര ക്‌ളോസ് ഫ്രണ്ട്‌സായി. ആക്ച്വലി ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സായിരുന്നു. ഒരു പോയിന്റില്‍ വല്ലാതെ അടുത്തതായി ഞങ്ങള്‍ക്ക് തോന്നി. അങ്ങനെ വേണ്ടാ,അലമ്പാവും എന്നൊക്കെയാണ് ആദ്യം തീരുമാനിച്ചത്. സ്റ്റോപ്പ് ചെയ്യാന്‍ നോക്കി. രണ്ട് മൂന്ന് ദിവസം, അപ്പോഴാണ് കറക്ട് മനസ്സിലായത്, ശരിയാവൂലാാാാന്ന്! പാദസരം കൊടുത്തിട്ടാണ് ഞാനവളെ പ്രൊപ്പോസ് ചെയ്തത്. അങ്ങനെയങ്ങനെ...
( പ്രണയം പലതല്ലേ? കാലം മാറുമ്പോള്‍ പ്രണയവും ഒപ്പം മാറുമോ? വിദ്യാര്‍ത്ഥിനികളും നീരജും ഒരുപോലെ കൗതുകത്തിലായി, ആവേശത്തിലായി. '' എനിക്കറിയില്ല, എങ്ങനെ, നിങ്ങളുടെയൊക്കെ പ്രണയം എങ്ങനെയാണ്? ആര്‍ക്കും പ്രണയമില്ലേ? , നീരജ് ചോദിച്ചു. '' എനിക്കുണ്ട്. ഇവള്‍ക്കുമുണ്ട്.'' കുട്ടികള്‍ വിളിച്ചുപറഞ്ഞു. '' ഓ, ശരി ശരി ,വണ്‍സൈഡ് ലവ് ആണോ?', ഒരാള്‍ സ്വകാര്യം ചോദിക്കുന്നു. '' സക്‌സസ്ഫുള്‍ ആയ പ്രണയങ്ങളുണ്ടോ?'' വീണ്ടും നീരജ് തിരക്കി. '' ഇതാ ,ഇവര്‍ രണ്ടുപേരും തമ്മിലോ?'' രണ്ട് പെണ്‍കുട്ടികളെ ചൂണ്ടിയാണ് ചോദ്യം. വീണ്ടും ചിരിത്തിരകള്‍...'' അല്ല, ഇപ്പൊ അങ്ങനേയും ആവാലോ,''
എന്നായി നീരജ്. '' പിന്നേ...രണ്ട് പെണ്‍കുട്ടികള്‍ തമ്മില്‍. രണ്ട് ആണ്‍കുട്ടികള്‍ തമ്മില്‍. അതൊക്കെ ഇപ്പോള്‍ ആക്‌സപ്റ്റബിള്‍ ആയിത്തുടങ്ങി. അല്ലാ, എന്താണതിലൊരു തെറ്റ്? മാത്രമല്ല അത് ശരിയുമല്ലേ!'' ഒരു പെണ്‍കുട്ടി വാദിച്ചു. പ്രണയം തല്‍ക്കാലം മാറ്റിവെച്ച് സിനിമയായി അടുത്ത വിഷയം)

ദേവിക രജീഷ് : ആമസോണ്‍ പ്രൈം ഹിന്ദി സീരീസായ 'ദി ഫാമിലി മാന്‍' നിലൂടെ താങ്കള്‍ ഹിന്ദിയിലുമെത്തി. ആദ്യമായായിരുന്നല്ലോ ഒരു മലയാളി നടന്‍ ആമസോണ്‍ വെബ് സീരീസില്‍ പ്രധാനവേഷത്തിലെത്തുന്നത്. ബോളിവുഡിന്റെ എക്‌സ്പീരിയന്‍സ് എന്താണ്?
നീരജ്: ബോളിവുഡിലെ എക്‌സ്പീരിയന്‍സെല്ലാം അടിപൊളിയാണ്. ആമസോണ്‍, നെറ്റ്ഫഌക്‌സ് പോലുള്ള വലിയ സ്ട്രീമിങ്ങ് സര്‍വീസുകളുടെ തുടക്കകാലത്താണ് എനിക്ക് ഓഫര്‍ കിട്ടുന്നത്.;രണ്ട് വര്‍ഷം മുന്‍പ്. അന്ന് ഞാനിതേക്കുറിച്ച് അടുത്തവരോട് പറഞ്ഞപ്പോള്‍, ' എന്താ നീ സീരിയല്‍ ചെയ്യാന്‍ പോവുകയാണോ' എന്നായിരുന്നു പ്രതികരണം! ഇപ്പോഴിതെല്ലാം സര്‍വസാധാരണമായി...ഇന്ന് അറിയാത്ത എത്രയോ പേര്‍ മെസ്സേജുകളയയ്ക്കുന്നു. മാത്രമല്ല, ഒരു ഫങ്ഷനില്‍ വെച്ച് അമിതാഭ് ബച്ചന്‍ സാര്‍ എന്നെ ഹിന്ദി വെബ് സീരീസിലെ നടനെന്ന നിലയ്ക്ക് തിരിച്ചറിഞ്ഞു!
ഐശ്വര്യ: വെബ് സീരീസോ ഫിലിമോ, ഏതാണ് കംഫര്‍ട്ടബിള്‍?
നീരജ്: സീരീസ് പത്ത് എപ്പിസോഡുകളായിരുന്നു. മൂസ റഹ്മാന്‍ എന്ന ഐഎസ് തീവ്രവാദിയുടെ കഥാപാത്രമായിരുന്നു എന്റേത്. സിനിമയെ അപേക്ഷിച്ച് സീരീസില്‍ ഒരു കഥാപാത്രത്തിനെ വര്‍ക്ക് ചെയ്യാന്‍ കൂടുതല്‍ സമയം കിട്ടുന്നു. നടനെന്ന നിലയില്‍ സീരീസാണ് എനിക്ക് കംഫര്‍ടബിള്‍. പിന്നെ സീരീസിന്റെ ആക്ടിങ്ങ് പ്രോസസ് കുറച്ച് ദീര്‍ഘമാണ്. തീയേറ്ററില്‍ പോയി പടം കാണുന്നതിന്റെ ഒരു ഇംപാക്റ്റ് പേഴ്‌സണല്‍ പിസിയില്‍ കാണുമ്പോള്‍ ഉണ്ടാവുന്നില്ലെന്ന പരിമിതി സീരീസുകള്‍ക്കുണ്ട്. ഹിന്ദിയില്‍ ഷൂട്ടിങ്ങും മറ്റും കുറച്ചധികം പ്രൊഫഷണലാണ്. നമ്മള്‍ ഈ 'കോള്‍ഷീറ്റ്, കോള്‍ഷീറ്റ്' എന്ന് പറഞ്ഞുകേട്ടിട്ടല്ലാതെ നേരിട്ട് കാണുന്നത് ഹിന്ദിയില്‍ പോയിട്ടാണ്. അതുപോലെ സ്‌ക്രിപ്റ്റ് റീഡിങ്ങ് സെഷന്‍സ്...
ഐശ്വര്യ: എവിടെയാ ഡാന്‍സ് പഠിച്ചത്? ( ചോദ്യത്തിനൊപ്പം നീരജിന്നായി ഐശ്വര്യയുടെ വക ചെറിയൊരു സര്‍പ്രൈസ്! ' ഞാനൊരു ഫോട്ടോ കാണിച്ചുതരട്ടേ' എന്ന് പറഞ്ഞ് ഐശ്വര്യ മൊബൈല്‍ നീട്ടി. സ്‌ക്രീനില്‍ നൃത്തവിദ്യാര്‍ത്ഥിയായ നീരജിന്റെ പഴയ പടം! നീരജ് തലയില്‍ കൈവെച്ചുകൊണ്ട്,'' ഇതെവിടുന്നൊപ്പിച്ചു! ( വാങ്ങി നോക്കുന്നു) ദൈവമേ, ഇത് ഞാന്‍ തന്നെയാണോ! എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴുള്ളതാവും.)
നീരജ്: ഞാന്‍ മൂന്നുനാല് വര്‍ഷം ക്ളാസിക്കല്‍ നൃത്തം പഠിച്ചിട്ടുണ്ട്. യൂത്ത് ഫെസ്റ്റിവലിലൊക്കെ പങ്കെടുത്ത് സമ്മാനം വാങ്ങിയിട്ടുണ്ട്. ആദ്യത്തെ റിയാലിറ്റി ഷോ, 2008 ല്‍, സൂപ്പര്‍ സ്റ്റാര്‍ ഷോയില്‍ ഞാനുണ്ടായിരുന്നു. കലാമണ്ഡലം സരസ്വതി ടീച്ചറുടെ മകള്‍ അശ്വതിശ്രീകാന്തായിരുന്നു ഗുരു.
ഗായത്രി : ടോവിനോ തോമസ് എന്ന് പറയുമ്പോള്‍ ഒരു എവര്‍ ഗ്രീന്‍ ഹീറോ, അല്ലെങ്കില്‍ അജു വര്‍ഗ്ഗീസ് എന്ന് പറയുമ്പോള്‍ റഫ് കഥാപാത്രം ചെയ്യുമെങ്കിലും കൊമേഡിയന്‍. താങ്കള്‍ക്ക് എങ്ങനെയാണത്? ഏത് തരം കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം?
നീരജ്: നമ്മുടെ ഇമേജ് നമ്മളുടെ വര്‍ക്കിലൂടെ ഉണ്ടാവുന്നതല്ലേ! ഞാന്‍ രണ്ട് സീനില്‍ നിന്നാണ് തുടങ്ങിയത്; മെമ്മറീസ് എന്ന പടത്തില്‍ നിന്ന്. അത് കഴിഞ്ഞ് ദൃശ്യം. 1983 യില്‍ കുറച്ചുകൂടി വലുതായി. സ്പ്തമശ്രീയില്‍ പിന്നേയും വലുതായി. എല്ലാവര്‍ക്കും ഹീറോ ആവാനൊക്കെ ആഗ്രഹമുണ്ടാവും! പക്ഷെ ആരും പെട്ടെന്നൊരു ദിവസം ഹീറോ ആവുന്നില്ലല്ലോ! എന്നെ സംബന്ധിച്ച് ഹീറോ ആവുക എന്നതല്ല; നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനാവുക എന്നതാണ് പ്രധാനം. ആള്‍ക്കാര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍. സപ്തമശ്രീയിലെ നാരാണന്‍കുട്ടിയെപ്പോലെ, മെക്‌സിക്കന്‍ അപാരതയിലെ സഖാവ് സുരേഷിനെപ്പോലെ...ഇമേജ് ഉണ്ടായി വരേണ്ടതാണ്. നമുക്കത് ഉണ്ടാക്കാന്‍ പറ്റില്ല!
ശ്രാവണ: ചേട്ടനൊരു വേഴ്‌സറ്റൈല്‍ ഡാന്‍സറാണ്. ഏത് നൃത്തശാഖയാണ് കൂടുതലിഷ്ടം?
നീരജ്: ക്ളാസിക്കല്‍ പഠിക്കുന്നതിന് മുന്‍പേ ഞാന്‍ സ്വന്തമായി ഡാന്‍സ് പ്രാക്ടീസ് ചെയ്തുനോക്കുമായിരുന്നു. പ്രഭുദേവയുടെ പാട്ട് കേട്ടിട്ട്. എ.ആര്‍.റഹ്മാനും പ്രഭുദേവയുമായിരുന്നു കുട്ടിക്കാലം തൊട്ടേ എന്റെ ഹീറോസ്. ഉര്‍വശീ ഉര്‍വശീ യും മുക്കാബുലായും കാസറ്റിട്ട് ഡാന്‍സ് ചെയ്യും. ആദ്യമായി സ്‌റ്റേജില്‍ പെര്‍ഫോം ചെയ്തത് എ.ആര്‍.റഹ്മാന്റെ കൊളം...ബസ് എന്ന പാട്ടാണ്. അന്ന് അത് സിനിമാറ്റിക്ക് ഡാന്‍സാണ്. പിന്നെ ധനുഷിന്റെ ' മന്‍മഥ രാസാ...' ഇറങ്ങി! പിന്നെയാണ് ക്ളാസിക്കല്‍ ഡാന്‍സ് പഠിക്കുന്നതും മറ്റും. ആ ഒരു ബേസുണ്ടെങ്കില്‍ നമുക്കെന്തും ചെയ്യാം. പിന്നെ എന്റെ താല്‍പ്പര്യം കുറച്ചുകൂടി കാഷ്വലായ ഫില്‍മി നൃത്തമായി മാറി. ഹിപ്‌ഹോപ് ഭയങ്കര ഇഷ്ടാ. ( ഓ, നിങ്ങളെല്ലാം നൃത്തം പഠിക്കുന്നവരാണല്ലേ. അതാണ് നൃത്തത്തെക്കുറിച്ച് ഇത്ര ചോദ്യങ്ങള്‍!)
കൃഷ്ണപ്രിയ: സിനിമയല്ലെങ്കില്‍ ഭാവിയില്‍ :മറ്റെന്താവുമായിരുന്നു ചേട്ടന്‍?
നീരജ്: പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല; എട്ടാം കഌസ് വരെ ആസ്‌ട്രോണമര്‍ ആവുമെന്ന് പറഞ്ഞിരുന്ന ആളാണ് ഞാന്‍. സത്യായിട്ടും എനിക്ക് നക്ഷത്രനിരീക്ഷണം വലിയ ഇഷ്ടായിരുന്നു. പഌാനറ്റോറിയം കഌബ്ബില്‍ മെമ്പര്‍ഷിപ്പെടുത്തിരുന്നു. പിന്നേ...കുറച്ചുകൂടി വിവരം വെച്ചപ്പോള്‍ മനസ്സിലായി, അതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്! പക്ഷെ ഒന്നുപറയാം, നടനായില്ലേലും ഞാന്‍ സിനിമയിലെത്തിയിരുന്നിരിക്കും! സംവിധായകനായിട്ട്.
റീഷ്മ: കോഴിക്കോട്ടുകാരനല്ലേ. എന്താ പറയാനുള്ളത് കോഴിക്കോടിനെക്കുറിച്ച്...
നീരജ്: മ്മളെ കോയിക്കോടിനെപ്പറ്റീട്ട്,അല്ലേ...ഞാനിപ്പൊ കൊച്ചിയിലാണ് താമസം. കാരണം വൈഫ് ദീപ്തിക്ക് ഇന്‍ഫോപാര്‍ക്കിലാണ് ജോലി. പിന്നെ എന്റെ സിനിമാസംബന്ധിയായ പ്രവര്‍ത്തനങ്ങളെല്ലാം കൊച്ചിയിലാണ്. ശരിക്കും പറഞ്ഞാല്‍ കണ്ണൂര്‍ക്കാരനാണ് ഞാന്‍. പക്ഷെ മൂന്ന് വയസ്സുമുതല്‍ കോഴിക്കോട്ട് തന്നെ വളര്‍ന്നു. സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. കോഴിക്കോടിന്റെ ഒരു ഫീല് വേറെ എവിടേം കിട്ടില്ല. പെട്ടെന്ന് പറയാവുന്ന ഡിഫറന്‍സ് ഫുഡിന്റെയാണ്. ഇവിടെ ഏത് ലോക്കല്‍ ഹോട്ടലില്‍ നിന്ന് കഴിച്ചാലും മിനിമം ഗാരണ്ടിയാണ്. പിന്നെ ഇത്ര ജനകീയരായ ആളുകള്‍. എന്തിനും ഏതിനും ആള് കൂടും! കോഴിക്കോട് പൊളിയാ...
സാന്‍ഡ്ര: ഫുഡ് ക്രേസിയാണല്ലേ. അപ്പൊ എങ്ങനെ ഫിറ്റ്‌നെസ്സ് നോക്കും!
നീരജ്: പണ്ടേ മെലിഞ്ഞിട്ടാ. ഡിഗ്രി കഴിഞ്ഞപ്പോഴാണ് കുറച്ചെങ്കിലും തടിവെച്ചുതുടങ്ങിയത്. ഞാനെക്കാലവും ഫുഡ്ഡിയാണ്. പക്ഷെ തടി വെക്കില്ല. ഒരു 25 വയസ്സ് കഴിഞ്ഞപ്പോഴാ തടിക്ക് പിടിച്ചുതുടങ്ങിയത്. പ്രൊഫഷനില്‍ നല്ല ഷേപ്പ് വേണം. വര്‍ക്കൗട്ടുണ്ട്. ( 'ചേട്ടന്‍ ഫുഡൊക്കെ ഉണ്ടാക്ക്വോ' ? '' ആ, കട്ടന്‍ ചായ. പിന്നെ മാഗി നൂഡില്‍സ് എന്ന് നീരജ്. ഭാര്യ ദീപ്തിയുടെ പാചകത്തെക്കുറിച്ചറിയണം എല്ലാവര്‍ക്കും! '' അവര്‍ പാചകം ഇഷ്ടമുള്ളയാളാണ്. ചെമ്മീനും ബിരിയാണിയുമൊക്കെ ഉണ്ടാക്കും. ഒത്തിരി പരീക്ഷണങ്ങളൊക്കെ നടത്തും. ബേക്കിങ്ങ് തുടങ്ങിയിട്ടുണ്ട്. ഇന്നാളൊരു ദിവസം ബ്‌ളൂബെറി ചീസ് കേക്കുണ്ടാക്കി. സൂപ്പറായിരുന്നു.)
( പിന്നെ തകര്‍പ്പന്‍ ഫോട്ടോഷൂട്ട്. നൃത്തച്ചുവടുകളിലെന്നപോലെ നീരജ് മാധവ് പോസുകളിലൂടെ മാറിമറിഞ്ഞു! പെണ്‍കുട്ടികള്‍ വിസ്മയത്തോടെ നോക്കിനിന്നു. കെയ്യടിച്ചു. ഒരു നിമിഷം അവരെല്ലാം ഉറ്റ സുഹൃത്തുക്കളുടെ ഒരു ഗാങ്ങായി മാറി! കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനികളാണ് നീരജ് മാധവുമായുള്ള ചാറ്റില്‍ പങ്കെടുത്തത്. ലൊക്കേഷന്‍ : ആദാമിന്റെ ചായക്കട )
Content Highlights: Chat With Actor Neeraj Madhav