To advertise here, Contact Us



'വീട്ടീന്ന് ഇറങ്ങിപ്പോകാന്‍ അഞ്ചുമിനിറ്റ് തരും'- വൈറല്‍ വരികളുടെ ഉടമ ദാ ഇവിടെയുണ്ട്


വീണ ചിറക്കല്‍

3 min read
Read later
Print
Share

ധനം പച്ചയ്ക്കു ചോദിക്കുന്നവര്‍ക്ക് മുന്നില്‍ ആതിഥ്യമര്യാദയെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും ഇറങ്ങിപ്പാകൂ എന്നു പറയാനുള്ള ചങ്കൂറ്റം പെണ്‍കുട്ടികള്‍ കാണിക്കണമെന്നും പറയുകയാണ് ബിന്‍സി.

ബിൻസി ബഷീർ, ബിൻസി കുറിച്ച വരികൾ | Photo:instagram.com|nizhalmarangal|

''കുട്ടിയെ ഞങ്ങള്‍ക്കിഷ്ടമായി, നിങ്ങളെന്ത് തരും
വീട്ടീന്ന് ഇറങ്ങിപ്പോകാന്‍ അഞ്ചുമിനിറ്റ് തരും''
കഴിഞ്ഞ കുറച്ചു ദിവസമായി സമൂഹമാധ്യമത്തില്‍ നിറഞ്ഞുനിന്ന വരികളാണിത്. സ്ത്രീധനം മോഹിച്ചെത്തുന്നവര്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കാന്‍ പറഞ്ഞുള്ള ഈ വരികളെഴുതിയത് തൃശൂര്‍ ചെന്ത്രാപ്പിള്ളി സ്വദേശി ബിന്‍സി ബഷീറാണ്. വരികള്‍ താന്‍ പ്രതീക്ഷിച്ചതിലുമപ്പുറം വൈറലായതിന്റെ സന്തോഷത്തിലാണ് ബിന്‍സി. സ്ത്രീധനം പച്ചയ്ക്കു ചോദിക്കുന്നവര്‍ക്ക് മുന്നില്‍ ആതിഥ്യമര്യാദയെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും ഇറങ്ങിപ്പാകൂ എന്നു പറയാനുള്ള ചങ്കൂറ്റം പെണ്‍കുട്ടികള്‍ കാണിക്കണമെന്നും പറയുകയാണ് ബിന്‍സി.

To advertise here, Contact Us

വരികള്‍ വൈറലായ വഴി

എംഇഎസ് അസ്മാബി കോളേജില്‍ നിന്ന് എംകോം കഴിഞ്ഞു നില്‍ക്കുകയാണ്. ഇതിനിടയില്‍ നിഴല്‍മരങ്ങള്‍ എന്ന പേരില്‍ ഞാനും സുഹൃത്തും ചേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജ് തുടങ്ങിയിരുന്നു. അതിലാണ് ആദ്യം ആ വരികള്‍ പങ്കുവച്ചത്. ശേഷം പലരും അവിടെ നിന്ന് ഷെയര്‍ ചെയ്തു. ഇത്തരത്തിലുള്ള കുറച്ചു പോസ്റ്റുകള്‍ നേരത്തേ ചെയ്തിരുന്നു. വൈറലാകുമെന്ന് ഒരിക്കും പ്രതീക്ഷിച്ചിരുന്നില്ല. പേജില്‍ നിന്ന് അല്‍പം ഷെയര്‍ ചെയ്തുപോകുമായിരിക്കും എന്നു കരുതിയിരുന്നു. എന്നാലും നമ്മുടെ സുഹൃദ്‌വലയവും കടന്ന് വ്യാപിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നടി അഹാന കൃഷ്ണയും പങ്കുവച്ചതു കണ്ടു. ഞാന്‍ എഴുതി എന്നതിനേക്കാള്‍ ആശയം എല്ലാവരും ഉള്‍ക്കൊണ്ടു എന്നാലോചിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. ഇപ്പോഴും ഞാനാണ് ഇതെഴുതിയതെന്ന് പലര്‍ക്കും അറിയില്ല. കൂടെ പഠിച്ച ചിലര്‍ക്കും അടുത്തറിയാവുന്നവര്‍ക്കും മാത്രമേ ഇവ എന്റെ വരികളാണെന്നറിയൂ. ഞാനാണ് എഴുതിയത് എന്നറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, ഈ ആശയം സ്വീകരിക്കപ്പെടുന്നുണ്ടല്ലോ, അതാണ് ഏറ്റവും വലിയ സന്തോഷം.

പെണ്‍കുട്ടികളെ വില്‍ക്കാന്‍ വച്ചിരിക്കുകയല്ല

ഈ പോസ്റ്റിനു കീഴെയും ചില നെഗറ്റീവ് കമന്റുകളൊക്കെ കണ്ടിരുന്നു. പെണ്‍കുട്ടികള്‍ സര്‍ക്കാര്‍ ജോലിക്കാര്‍ വേണമെന്നു പറയുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലേ എന്നൊക്കെ ചോദിച്ച്. പക്ഷേ അതു തളര്‍ത്തുന്നില്ല, കാരണം ഭൂരിപക്ഷം ഈ ആശയത്തെ പോസിറ്റീവായാണ് എടുത്തിരിക്കുന്നത്. പലരും പറയാന്‍ മടിച്ചിരുന്ന കാര്യമായിരുന്നു ആ വരികളില്‍ നിറഞ്ഞുനിന്നത്. പോസ്റ്റിടുമ്പോള്‍ തന്നെ ഞങ്ങള്‍ ക്യാപ്ഷനിലും കൃത്യമായ ആശയം പങ്കുവച്ചിരുന്നു. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളും അവരുടെ വീട്ടുകാരുമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. നമ്മളെ വില്‍ക്കാന്‍ വച്ചിരിക്കുകയല്ലെന്ന തോന്നല്‍ ഓരോ പെണ്‍കുട്ടിയുടെയും ഉള്ളിലുണ്ടാവണം. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ പലരും ഇതൊരു സമ്മാനമായിരിക്കട്ടെ എന്നൊക്കെ പറഞ്ഞ് സ്ത്രീധനം നല്‍കുന്നുണ്ട്. അപ്പോള്‍ ഈ കാലത്തിലും അത്തരം ചിന്തകള്‍ക്കൊന്നും മാറ്റം വന്നിട്ടില്ലെന്നു വേണം കരുതാന്‍. അത്തരക്കാരെ ഉദ്ദേശിച്ചുള്ള വരികളാണിത്. സ്ത്രീധനം ചോദിച്ചു വരുന്നവരോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ പഠിച്ചിരിക്കണം. അതില്‍ ആതിഥ്യമര്യാദയെക്കുറിച്ചൊന്നും ചിന്തിക്കേണ്ടതില്ല. നമ്മുടെ വീട്ടില്‍ വന്ന് സ്ത്രീധനം വേണമെന്നു പറയുന്നവരോട് ഇറങ്ങിപ്പോകാന്‍ തന്നെ പറയണം.

സ്വന്തം അനുഭവം

സ്ത്രീധനം പച്ചയ്ക്ക് ചോദിക്കുന്നവര്‍ ഇന്നുമുണ്ട്. വാപ്പയോട് എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്തുകൊടുക്കും എന്ന് ചോദിച്ച് വിളിച്ചവരുണ്ട്. ഞാനൊരു മുന്നൂറു പവനും നാലു കാറും കൊടുത്തയക്കാം എന്നു പറഞ്ഞാണ് വാപ്പ കോള്‍ അവസാനിപ്പിച്ചത്. പിന്നീട് നിങ്ങളെന്താണ് അവരോട് മോശമായി സംസാരിച്ചത് എന്ന് ഇതിനിടയില്‍ നിന്നയാള്‍ വിളിച്ചു ചോദിച്ചു. അപ്പോഴും അവര്‍ മോശമായി സംസാരിച്ചത് ചിത്രത്തിലേയില്ലാതായി. ആദ്യം എഴുതിയപ്പോഴും വാപ്പയെയും ഉമ്മയെയും കാണിച്ചിരുന്നു. നല്ല വരികളാണ് പോസ്റ്റ് ചെയ്യൂ എന്നാണ് അപ്പോഴേ പറഞ്ഞത്. ഇത്രത്തോളം വൈറലാകുമെന്ന് അവരും കരുതിയിട്ടില്ല.

എഴുത്തിനോടുള്ള പ്രണയം

ചെറുപ്പത്തില്‍ തൊട്ടുതന്നെ എഴുത്തിനോട് ഇഷ്ടമുണ്ടായിരുന്നു. ഹൈസ്‌കൂള്‍ കാലം തൊട്ട് ചെറിയ കഥകളൊക്കെ എഴുതുമായിരുന്നു. കോളേജില്‍ വന്നപ്പോള്‍ മാഗസിന്‍ സബ് എഡിറ്ററൊക്കെയായി. അപ്പോള്‍ കുറച്ചുപേരൊക്കെ ശ്രദ്ധിച്ചുതുടങ്ങി. പിന്നെ ലോക്ക്ഡൗണായപ്പോഴാണ് എഴുത്തിനെ വീണ്ടും പൊടിതട്ടിയെടുത്തത്. എന്തായാലും വെറുതെയിരിക്കുകയല്ലേ പേജില്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാം എന്നു കരുതി. നേരത്തെയും പേജില്‍ പല വരികളും പങ്കുവച്ചിരുന്നു. ഇപ്പോഴാണ് ശ്രദ്ധിക്കപ്പെട്ടതെന്നു മാത്രം.

വിവാഹം വന്നപ്പോഴും പറഞ്ഞ കാര്യം...

വരുന്ന ഒക്ടോബറിലാണ് വിവാഹം. വിവാഹം ഏതാണ്ട് ഉറപ്പായ സമയത്ത് അവരോടും പറഞ്ഞിരുന്ന കാര്യമാണിത്. വിവാഹം തീരുമാനിക്കുമ്പോള്‍ തന്നെ നിങ്ങളാണ് പസ്പരം സംസാരിക്കേണ്ടതെന്ന് വാപ്പ പറഞ്ഞിരുന്നു. അന്ന് എന്റെ നിലപാടുകളെക്കുറിച്ചെല്ലാം സംസാരിച്ചിരുന്നതാണ്. അതുകൊണ്ട് വരികള്‍ കാണിച്ചപ്പോള്‍ തന്നെ കൊള്ളാമല്ലോ പോസ്റ്റായി പങ്കുവെക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

Content Highlights: bincy basheer sharing thoughts on dowry system and viral post

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us