അട്ടപ്പാടിയില്‍ നിന്ന് സൗന്ദര്യമത്സരത്തിൽ തിളങ്ങാന്‍ പ്ലസ്ടുക്കാരി അനുപ്രശോഭിനി


By അമൃത എ.യു

2 min read
Read later
Print
Share

വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് അനുപ്രശോഭിനി.

അനുപ്രശോഭിനി

ട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തില്‍ നിന്നും ആദ്യമായി സൗന്ദര്യ മത്സരവേദിയില്‍ ചുവടുവെക്കുകയാണ് അനുപ്രശോഭിനി എന്ന പ്ലസ്ടുക്കാരി. അറോറ മിസ് കേരള ഫിറ്റ്‌നസ് ഫാഷന്‍ ഒരുക്കുന്ന മിസ് കേരള ഫിറ്റ്‌നസ് ഫാഷനിലെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ മിടുക്കി. കൂടാതെ പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന ഗോത്രഭാഷയിലുള്ള 'ധബാരി ക്യൂരിവി'യെന്ന സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നുമുണ്ട്. തന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് അനുപ്രശോഭിനി.

''അറോറ മിസ് കേരള ഫിറ്റ്‌നസ് ഫാഷന്റെ ഒരു ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ഉണ്ടായിരുന്നു. അത് കണ്ടാണ് ഷോയിലേക്ക് അപ്ലൈ ചെയ്തത്. എനിക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. 'അട്ടപ്പാടിക്കാരി' എന്നാണ് പേര്. എന്റെ യൂട്യൂബ് ചാനലും ഇതിലേക്കുള്ള സെലക്ഷന് കാരണമായി. എന്റെ സംസാരവും ആറ്റിറ്റ്യൂഡുമെല്ലാം അവര്‍ക്ക് ഇഷ്ടപ്പെടുകയായിരുന്നു. അങ്ങനെയാണ് എന്നെ വിളിച്ചത്. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. ഇപ്പോള്‍ ഫൈനല്‍ റൗണ്ട് അടുത്തിരിക്കുകയാണ്. ഡിസംബറില്‍ തൃശൂരില്‍ വെച്ചാണ് ഫൈനല്‍ നടക്കുന്നത്. ''

പഠിക്കണം ഒപ്പം മോഡലിങും

പാലക്കാട് മോയിന്‍സ് സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് . പഠനവും ജോലിയും വേണം. ജോലിയൊക്കെ നേടിയ ശേഷം മോഡലിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ആഗ്രഹം. ഒരു ലക്ചറര്‍ ആകണം. ഒപ്പം ഫാഷനും മോഡലിങുമെല്ലാം ഒരുമിച്ച് കൊണ്ട് പോകണമെന്നുണ്ട്. അട്ടപ്പാടിയില്‍ നിന്നാണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും അത്ഭുതമാണ്. ഞങ്ങളുടെ ഇവിടെയുള്ളവര്‍ പിന്നോക്കം പോകുന്നതുകൊണ്ടാണ് ഇപ്പോഴും എല്ലാവര്‍ക്കും ഞങ്ങളെ ഒരു അത്ഭുതമായി തോന്നുന്നത്. ഞങ്ങള്‍ക്കിടയിലും ഒരുപാട് കഴിവുള്ളവര്‍ ഉണ്ട്. അവരെയൊക്കെ മുന്നോട്ട് കൊണ്ടുവരാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാകുമ്പോഴാണ് കഴിവുകള്‍ പുറം ലോകം അറിയുന്നത്.

സിനിമയിലും ഒരു കൈനോക്കി

പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന ആദിവാസികളുടെ കഥ പറയുന്ന ധബാരി ക്യൂരിവിയെന്ന സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട് അനുപ്രശോഭിനി. ഗോത്രഭാഷയില്‍ തന്നെ ഇറങ്ങുന്ന ചിത്രമാണ്. സ്വന്തം ഭാഷയില്‍ തന്നെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ജനുവരിയിലായിരിക്കും സിനിമയുടെ റിലീസ്. സിനിമയെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. വ്യത്യസ്തമായ അനുഭവമായി മാറി സിനിമയിലെ അഭിനയമെന്ന് അനുപ്രശോഭിനി പറയുന്നു.

സ്വന്തം 'അട്ടപ്പാടിക്കാരി'

ഗോത്രവിഭാഗത്തിലുള്ള നിരവധി പേരുണ്ട്. അവരുടെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയെല്ലാം 'അട്ടപ്പാടിക്കാരി' എന്ന യൂട്യൂബ് ചാനലിലൂടെ പബ്ലിഷ് ചെയ്യാറുണ്ട്. നമ്മുടെ പ്രധാനപ്പെട്ട ആചാര അനുഷ്ഠാനങ്ങളെല്ലാം മണ്‍മറഞ്ഞുകൊണ്ടിരിക്കുകയാണ്. അതെല്ലാം തിരികെ കൊണ്ടുവരണം. കൂടാതെ മികച്ച കഴിവുകളുള്ള നിരവധി പേരുണ്ട്. അവരേയും ഈ ചാനലിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.

അനു പ്രചോദനമാകട്ടെ

ഓരോരുത്തരും കഴിവനുസരിച്ച് എല്ലാ മേഖലയിലും വരണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് അനുപ്രശോഭിനിയുടെ അച്ഛന്‍ പഴനിസ്വാമിക്ക് പറയാനുള്ളത്. അട്ടപ്പാടി പോലൊരു സ്ഥലത്തുള്ളവര്‍ക്ക് ഏതെങ്കിലും ഒരു മേഖലയെ പറ്റൂ എന്നൊന്നും ഇല്ല. കഴിവ് അനുസരിച്ച് ഉയര്‍ന്ന് വരാന്‍ സാധിക്കണം. ഞങ്ങളുടെ സമുദായത്തിലെ മിക്ക പെണ്‍കുട്ടികളും പ്ലസ് ടു ആകുന്നതോടെ പഠനം മതിയാക്കി വിവാഹം ചെയ്ത് പോകുന്നതായാണ് കാണാറുള്ളത്. ആ ഒരു സ്‌റ്റേജ് മറി കടക്കാന്‍ മിക്ക പെണ്‍കുട്ടികള്‍ക്കും സാധിക്കുന്നില്ല. അനുപ്രശോഭിനി മറ്റ് കുട്ടികള്‍ക്ക് ഒരു മാതൃകയാകട്ടെ എന്നാണ് ആഗ്രഹം.

പിന്തുണയുമായി കുടുംബം

അച്ഛനും അമ്മയുമാണ് എല്ലാ പിന്തുണയും നല്‍കി കൂടെ ഉള്ളത്. അച്ഛന്‍ പഴനിസ്വാമി ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്യുന്നു. അയ്യപ്പനും കോശിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മ ശോഭ. എസ് ടി പ്രമോട്ടറായി ജോലി ചെയ്യുകയാണ്. അവരാണ് പിന്തുണ. ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോള്‍ രണ്ട് പേരും എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുകയായിരുന്നു. നാട്ടുകാരും പിന്തുണയുമായി കൂടെയുണ്ട്. കിട്ടിയ അവസരം നന്നായി പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാര്‍ക്കും പറയാനുള്ളത്.

Content Highlights: miss kerala, miss kerala fitness fashion anu prashobhini, beauty contest, miss kerala contest, miss kerala 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram