'എജ്ജാതി നിന്റെ നോട്ടം..'; അനശ്വര രാജന്‍ ആവേശത്തിലാണ്


രേഖാ നമ്പ്യാര്‍

3 min read
Read later
Print
Share

ദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ഇപ്പോഴിതാ ആദ്യരാത്രിയും അനശ്വര രാജന്‍ ആവശത്തിലാണ്..

മധുരമുള്ള തണ്ണീര്‍മത്തന്‍

എന്റെ മൂന്നാമത്തെ സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഉദാഹരണം സുജാതയ്ക്ക് ശേഷം എവിടെ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ബോബി- സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ അതിന്റെ ഷൂട്ടിങ്ങിനിടയിലാണ് തണ്ണീര്‍മത്തനിലേക്കുള്ള അവസരം കിട്ടുന്നത്. സിനിമയിലെ എന്റെ കഥാപാത്രമായ കീര്‍ത്തിക്കും എനിക്കും ഒരേ പ്രായമാണ്. അതുകൊണ്ടുതന്നെ അഭിനയിക്കാന്‍ വളരെ എളുപ്പമായിരുന്നു. മാത്യുവുമായും മറ്റുള്ളവരുമായും പെട്ടെന്ന് കൂട്ടാവുകയും ചെയ്തു. സെറ്റില്‍ ഫുള്‍ടൈം തമാശയും കളിയുമായി നടക്കും മാത്യു. പക്ഷേ ടേക്കായാല്‍ ഉടനെ കഥാപാത്രമായി മാറും. അവന്റെ അഭിനയം കണ്ടിട്ട് ഞാന്‍ ഞെട്ടിപ്പോയിട്ടുണ്ട്. തണ്ണീര്‍മത്തന്റെ ഷൂട്ടിങ് കഴിഞ്ഞിട്ടാണ് ഞാന്‍ കുമ്പളങ്ങി നൈറ്റ്‌സ് കണ്ടത്. അതിലെ ഫ്രാങ്കിയെ എത്ര മനോഹരമായാണ് മാത്യു അവതരിപ്പിച്ചത്.

കണ്ണൂര്‍ എന്റെ ആവേശം

മഞ്ജു ചേച്ചി, സംവൃത ചേച്ചി, സനുഷ ചേച്ചി...ഞാനും അക്കൂട്ടത്തിലൊരു കണ്ണൂര്‍ക്കാരിയായി. അങ്ങനെ വിളിക്കുമ്പോള്‍ അഭിമാനമുണ്ട്. കണ്ണൂര്‍ ഞങ്ങള്‍ക്ക് ആവേശമാണ്. മഞ്ജുചേച്ചിയൊക്കെ കലാതിലകമായിരുന്നല്ലോ. സിനിമയിലേക്കുളള ഒരു വഴിയായിരുന്നു അത്. എനിക്കാണെങ്കില്‍ അങ്ങനെയുള്ള അനുഭവങ്ങളുമില്ല. അതുകൊണ്ട് സിനിമയില്‍ വരണമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല. കണ്ണൂരില്‍ പയ്യന്നൂരാണ് വീട്. ഞങ്ങളുടെ നാട്ടിലുള്ളവര്‍ക്ക് സിനിമ ഗ്ലാമറിന്റെ ഒരു ലോകമാണ്. സിനിമയുമായി ബന്ധമുള്ളവരാരും എന്റെ വീട്ടിലില്ല. അച്ഛന്‍ രാജന്‍ കെ.എസ്.ഇ.ബി വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരനാണ്. അമ്മ ഉഷ അംഗന്‍വാടി അധ്യാപികയും. ചേച്ചി ഐശ്വര്യ ബാങ്ക് കോച്ചിങ് ചെയ്യുന്നു. ചേച്ചിയാണ് എന്റെ സപ്പോര്‍ട്ട് ഒരു മെന്ററെ പോലെ എല്ലാ കാര്യങ്ങളും പറഞ്ഞുതരും. പിന്നെ ധൈര്യത്തിന് മുത്തപ്പന്‍ ഉണ്ട് കൂടെ. പറശ്ശിനിക്കടവ് മുത്തപ്പന്‍. അന്ധമായ ദൈവവിശ്വാസമില്ല. പക്ഷേ മുത്തപ്പനെ കാണാന്‍ ഇടയ്ക്കിടെ പോകും. ഒരു പോസിറ്റീവ് എനര്‍ജി കിട്ടും. ഞാന്‍ പ്രാര്‍ഥിച്ച മിക്ക കാര്യങ്ങളും മുത്തപ്പന്‍ നടത്തി തന്നിട്ടുണ്ട്. എന്റെ മുത്തപ്പാ, എന്നൊന്നുവിളിച്ചാല്‍ മതി.

വീണുകിട്ടിയ ഭാഗ്യം സുജാത

അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ മോണോആക്ട് ഒക്കെ ചെയ്തിട്ടുണ്ട്. സ്‌കൂളിലും നാട്ടിലെ പരിപാടികളിലുമൊക്കെ സ്‌കിറ്റിനും നാടകത്തിനും പങ്കെടുക്കും. അതായിരുന്നു കലയുമായുള്ള ആകെ ബന്ധം. ഇടയ്ക്ക് ഒരു ഫോര്‍ട്ട്ഫിലിമിലും അഭിനയിച്ചു. ദുല്‍ക്കര്‍ സല്‍മാന്റെ മേക്കപ്പ്മാന്‍ രതീഷേട്ടനായിരുന്നു അതിന്റെ സംവിധായകന്‍. എങ്ങനെ ക്യാമറയെ അഭിമുഖീകരിക്കണമെന്നൊക്കെ രതീഷേട്ടന്‍ പറഞ്ഞുതന്നു. 'കവി ഉദ്ദേശിച്ചത്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജുതോമസ് എന്റെ ഫാമിലി ഫ്രണ്ടാണ്. ലിജുചേട്ടനാണ് ഓഡിഷന് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കാണിച്ചത്. ഉദാഹരണം സുജാതയുടെ. അമ്മ ഫോട്ടോയും അയച്ചു. ആറായിരത്തോളം പേരില്‍ നിന്ന് അറുപത് പേരെ അവസാന ഓഡിഷനിലേക്ക് വിളിച്ചു. അതില്‍ നിന്നാണ് ഞാന്‍ സെലക്ടായത്. ശരിക്കും വീണുകിട്ടിയ ഭാഗ്യമാണ് ഉദാഹരണം സുജാത.

ഒരു കോളിനപ്പുറം മാര്‍ട്ടിന്‍ സാര്‍

ആദ്യസിനിമ മുതല്‍ എനിക്ക് പ്രിയപ്പെട്ട ആളാണ് മാര്‍ട്ടിന്‍പ്രക്കാട്ട് സാര്‍. എന്തെങ്കിലും കണ്‍ഫ്യൂഷന്‍ വരുമ്പോഴും ടെന്‍ഷന്‍ വരുമ്പോഴുമൊക്കെ മാര്‍ട്ടിന്‍സാറിനെ വിളിക്കും. അദ്ദേഹം എന്നെ കൂളാക്കി വിടും. എന്റെ മെന്റര്‍ എന്നോ ഉപദേഷ്ടാവെന്നോ ഒക്കെ അദ്ദേഹത്തെ വിളിക്കാം. അദ്ദേഹത്തിന്റെ ചാര്‍ളിയാണ് എന്റെ പ്രിയപ്പെട്ട സിനിമ.

ആദ്യ തമിഴ് സിനിമ തൃഷയ്‌ക്കൊപ്പം

തൃഷാമാമിന്റെ കൂടെയാണ് തമിഴില്‍ എന്റെ അരങ്ങേറ്റം. റാങ്കി എന്ന ചിത്രം. ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. രണ്ടാമത്തെ ഷെഡ്യൂള്‍ വിദേശത്താണ് ഷൂട്ട്. തമിഴ് സിനിമകളൊക്കെ കണ്ട് തമിഴ് കുറച്ച് സംസാരിക്കാന്‍ അറിയാമായിരുന്നു. ഡയലോഗ് പറയുമ്പോള്‍ തെറ്റുകള്‍ വന്നാലും തൃഷാ മാം പറഞ്ഞുതരും. വളരെ കൂളായ ഒരു വ്യക്തിയാണ് അവര്‍. ഞാന്‍ തൃഷാ മാം എന്ന വിളിക്കുമ്പോള്‍ അങ്ങനെ വിളിക്കല്ലേ വയസ്സായതുപോലെ തോന്നും, തൃഷ് എന്ന് വിളിച്ചാല്‍ മതി'എന്ന് പറയും.

ഇനി സിനിമയില്‍ തന്നെ

പഠനവും അഭിനയത്തോടൊപ്പം കൊണ്ടുപോകണം. വെള്ളൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്‌സിനാണ് പഠിക്കുന്നത്. ക്ലാസ് ടീച്ചറും പ്രിന്‍സിപ്പലുമൊക്കെ നല്ല സപ്പോര്‍ട്ടാണ്. എന്തായാലും പഠിത്തത്തെ ബാധിക്കാത്ത രീതിയില്‍ ഇതുകൊണ്ടുപോകണം. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ തന്നെയാണ് താത്പര്യം. പക്ഷേ ഈ ഫീല്‍ഡില്‍ എത്രകാലം പിടിച്ച് നില്‍ക്കാനാവും എന്നതില്‍ ഒരു ഉറപ്പുമില്ലല്ലോ


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.

Content highlights: Anaswara Rajan interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram