രോഗത്തിന്റെ പേരില്‍ അക്ഷരങ്ങള്‍ക്ക് വിലക്ക് കല്പിക്കപ്പെട്ട അക്ഷരയെയും അനന്തുവിനെയും അവരുടെ അമ്മ രമയെയും സാക്ഷരകേരളം മറന്നുതുടങ്ങിയിരിക്കണം. എന്നാല്‍, അവര്‍ നമ്മുടെ സൗകര്യപൂര്‍വമുള്ള മറവികളുടെയെല്ലാമപ്പുറം നിശ്ശബ്ദം ഇവിടെയുണ്ടായിരുന്നു; ഇപ്പോഴുമുണ്ട്. അതിജീവനത്തിന്റെ കയ്‌പേറിയ കഥകളാണ് രമയ്ക്ക് പറയാനുള്ളത്. വാക്കുകള്‍ക്ക്‌പോലും പകര്‍ത്താന്‍ കഴിയാത്ത വേദനകളുണ്ട് ഇവരുടെ ജീവിതത്തില്‍. കൊട്ടിയൂരിലെ വീട്ടിലിരുന്ന് അക്ഷരയും രമയും വാരാന്തപ്പതിപ്പിനോട് ഉള്ളുതുറന്നത് വായിക്കുമ്പോള്‍ നവോത്ഥാനവും കടന്ന് നാം എവിടെയെത്തിനില്‍ക്കുന്നു എന്ന തിരിച്ചറിവിലേക്ക് നമ്മള്‍ തിരിച്ചുനടക്കുന്നു.
അക്ഷരയുടെ രക്തപരിശോധനാഫലവുമായാണ് ചേച്ചിയുടെ മകന്‍ വന്നത്. കടലാസ് എനിക്കുനേരെ നീട്ടി അവന്‍ മിണ്ടാതെനിന്നു. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ഞാന്‍ സംശയിച്ചത് തന്നെ. അക്ഷരയ്ക്കും അനന്തുവിനും എച്ച്.ഐ.വി. പോസിറ്റീവ്. ഇരുവരും മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു. എന്താണ് ഞാന്‍ അവളോട് പറയുക. നീയും അച്ഛനെയും അമ്മയെയുംപോലെ സമൂഹം വെറുക്കുന്ന ഒരു ജീവിയാകാന്‍ പോവുകയാണെന്നോ. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍പോലും അറിയാത്ത ഒരു പിഞ്ചുകുഞ്ഞിനോട് എച്ച്.ഐ.വി. പോസിറ്റീവ് ആണെന്ന് എങ്ങനെ പറഞ്ഞുമനസ്സിലാക്കും. അന്ന് വൈകീട്ട് മൂത്തമകള്‍ ആതിരയും കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയത്. അവളെയും സ്‌കൂളില്‍ കയറ്റില്ലെന്ന് പറഞ്ഞുവത്രെ. മൂന്നുമക്കള്‍ക്കും വിലക്കുവന്നാല്‍ എങ്ങനെ നേരിടും? അന്നുരാത്രി ഞാനൊരു തീരുമാനമെടുത്തു. ജീവിക്കുകയാണെങ്കില്‍ എക്കാലത്തും ദ്രോഹിക്കപ്പെടാം. മരിച്ചുകഴിഞ്ഞാല്‍ ആര്‍ക്കും നമ്മളെ തോല്‍പ്പിക്കാനാവില്ലല്ലോ. ഓര്‍ത്തുനോക്കൂ ഞാനും ഒരമ്മയാണ്. അരുമയോടെ വളര്‍ത്തിയ മക്കളോടാണ് മരിക്കാമെന്ന് പറയുന്നത്. ജീവിക്കാന്‍ കൊതിച്ചുകൊണ്ട് മരിക്കേണ്ടിവരുന്നു. അക്ഷര വാവിട്ട് നിലവിളിക്കുകയായിരുന്നു. ഞങ്ങളെ കൊല്ലരുതമ്മേ... അവള്‍ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് കേണു. ഞങ്ങള്‍ക്ക് പഠിക്കണം. പറയൂ... ഇനി എനിക്ക് എങ്ങനെ മരിക്കാന്‍ സാധിക്കും. കുറ്റബോധത്താല്‍ ഞാന്‍ പുലരുവോളം കണ്ണീര്‍വാര്‍ത്തു... (വിപോസിറ്റീവ് -ടി.കെ. രമയുടെ ആത്മകഥ)
അക്ഷരയെയും അനന്തുവിനെയും സ്‌കൂളില്‍ കയറ്റുന്നതിനുനേരെ പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ക്കുമുന്നില്‍ രമ നിസ്സഹായയായി നില്‍ക്കുന്ന ചിത്രം പത്രങ്ങളില്‍ക്കണ്ട ഓര്‍മയുണ്ട്. ഒന്നരപ്പതിറ്റാണ്ടിനിപ്പുറം സമൂഹത്തിന് മാറ്റം വന്നിട്ടുണ്ടോ
രമ: മാറ്റം വന്നിട്ടില്ല എന്നൊന്നും പറയുന്നില്ല. പക്ഷേ, അവരുടെ ജീവിതങ്ങളുടെ അരികിലൂടെ ഞങ്ങള്‍ കടന്നുപോയാല്‍ പ്രശ്‌നമാണ്. ഞങ്ങളും പൊതുസമൂഹത്തിന്റെ ഭാഗമല്ലേ? പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് അക്ഷരയ്ക്ക് അഡ്മിഷന്‍ ലഭിച്ചത് സുല്‍ത്താന്‍ബത്തേരിയിലെ കോളേജിലായിരുന്നു. പ്രിന്‍സിപ്പലച്ചനോട് ഞങ്ങള്‍ എച്ച്.ഐ.വി. പോസിറ്റീവാണെന്നു പറഞ്ഞാണ് അഡ്മിഷനുചെന്നത്. അതൊന്നും കുഴപ്പമില്ലെന്നായിരുന്നു മറുപടി. ഹോസ്റ്റലിന്റെ കാര്യത്തിലായിരുന്നു പ്രതിസന്ധി. ഹോസ്റ്റലില്‍ ഒഴിവില്ല, പകരം വേറൊരു ഹോസ്റ്റല്‍ ശരിയാക്കിത്തരാമെന്നും അച്ചന്‍ പറഞ്ഞു. ഹോസ്റ്റലിലെത്തി സിസ്റ്ററോട് കാര്യം ധരിപ്പിച്ചപ്പോള്‍ എച്ച്.ഐ.വി. പേഷ്യന്റായ കുട്ടിയെ കണ്ടാല്‍ മറ്റുള്ള സ്റ്റുഡന്റ്‌സ് ഭയക്കൂലേ എന്നായിരുന്നു മറുപടി. പേടിക്കേണ്ട മുഖമല്ല എന്റെ കുട്ടിയുടെ മുഖം. ബോധവത്കരണത്തിലൂടെയാണ് കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടതെന്ന് പറഞ്ഞെങ്കിലും സിസ്റ്റര്‍ കൂട്ടാക്കിയില്ല. എന്റെ കുട്ടിയെ പൊതുസമൂഹം വീണ്ടും വീണ്ടും ഭ്രഷ്ടുകല്പിക്കുകയായിരുന്നു. അച്ചന്‍ എന്നോടുപറഞ്ഞു, നമുക്ക് വഴിയുണ്ടാക്കാമെന്ന്. ഒരു ഗള്‍ഫുകാരനായ മകന്റെ വീട്ടില്‍ അയാളുടെ അമ്മ മാത്രമായിരുന്നു താമസം. അവിടെ അക്ഷരയ്ക്ക് താമസിക്കാന്‍ സ്ഥലം ഒരുക്കി. പക്ഷേ, അമ്മയുടെകൂടെ അക്ഷരയെ താമസിപ്പിക്കാന്‍ അവരുടെ മകന്‍ ഒരുക്കമല്ലായിരുന്നു. അപ്പോള്‍ നമുക്ക് പറയാന്‍പറ്റുമോ ജനങ്ങള്‍ ബോധവാന്മാരായെന്ന്. നമ്മള്‍ നോര്‍മലായി കാണുമ്പോള്‍ സമൂഹം ബോധവാന്മാരായതായിത്തോന്നും. പക്ഷേ, അവരുടെ ഇടങ്ങളിലേക്ക് എച്ച്.ഐ.വി. ബാധിതരായ കുഞ്ഞുങ്ങള്‍ കടന്നുചെന്നാല്‍ അവരുടെ മനസ്സ് ഇടുങ്ങിയതാണെന്ന് മനസ്സിലാകും. എനിക്ക് വിഷമമായി. ഞാനാണ് പറഞ്ഞത്, നമുക്ക് കണ്ണൂരില്‍ എവിടെയെങ്കിലും നോക്കാമെന്ന്. കണ്ണൂരുകാര്‍ക്ക് നമ്മുടെ പ്രശ്‌നങ്ങള്‍ കുറച്ചുകൂടി അറിയാമല്ലോ. അക്ഷരയ്ക്ക് സൈക്കോളജി പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. വളയംകോടുള്ള ഒരു കോളേജിലായിരുന്നു പിന്നീട് ഞങ്ങള്‍ അഡ്മിഷനുചെന്നത്.
അഡ്മിഷന് ചെല്ലുന്ന സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അക്ഷരയെ അറിയുമായിരുന്നോ
രമ: ഞങ്ങള്‍ ഒന്നും മറച്ചുവെച്ചിരുന്നില്ല. കുട്ടികള്‍ക്കെല്ലാം അറിയാമായിരുന്നു. പക്ഷേ, ഒരു വൈകുന്നേരമാണ് കോളേജിലെ രണ്ട് അധ്യാപികമാര്‍ ഇവിടെയെത്തിയത്. എന്റെ ഉള്ള് പിടയ്ക്കുന്നുണ്ടായിരുന്നു. അവര്‍ പറയാന്‍പോകുന്ന കാര്യം ഞാന്‍ മനസ്സില്‍ ഊഹിച്ചു. അക്ഷരയെ ഹോസ്റ്റലില്‍നിന്നു മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. വര്‍ഷങ്ങള്‍ക്കിപ്പുറവും ബഹിഷ്‌കരണം ഞങ്ങളെ വേട്ടയാടുകയായിരുന്നു. ബോധവത്കരണമല്ലേ വേണ്ടതെന്ന് ഞാന്‍ ചോദിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. എന്റെ കുട്ടിയെ അടുത്തുള്ള ഹോപ്പിലേക്ക് മാറ്റുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഒരു സുരക്ഷയുമില്ലാത്ത അരമതില്‍പോലുമില്ലാത്ത ഒരു മുറിയില്‍ അക്ഷര തനിയെ താമസിക്കുന്നത് എനിക്ക് ചിന്തിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല. ഒരുദിവസം മാത്രമായിരുന്നു അക്ഷര അവിടെ കഴിഞ്ഞത്.
അക്ഷര: എനിക്ക് ഭയമില്ലായിരുന്നു. പ്ലസ്ടു കഴിഞ്ഞതുമുതല്‍ സമൂഹത്തെ ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. എന്റെ അവകാശങ്ങളെക്കുറിച്ച് ഞാന്‍ ബോധവതിയാണ്. സൗകര്യപ്രദമായ താമസസ്ഥലവും ഭക്ഷണവും ലഭിച്ചാലേ ഞാന്‍ ഹോപ്പില്‍ നില്‍ക്കുകയുള്ളൂവെന്ന് കോളേജ് പ്രിന്‍സിപ്പലിനോട് വ്യക്തമാക്കി പഠനം നിര്‍ത്തി ഞാന്‍ വീട്ടിലേക്ക് മടങ്ങി. സമൂഹം നേരെയാകില്ലെന്ന് എനിക്കുതോന്നി. ഞാന്‍ എത്ര ശ്രമിച്ചാലും നേരെയാക്കാന്‍ കഴിയില്ലെന്നും എനിക്കറിയാമായിരുന്നു. ആ സമയത്ത് ഞാനൊരു എഫ്.ബി. പോസ്റ്റിട്ടിരുന്നു. മാധ്യമങ്ങളിലൊക്കെ വാര്‍ത്തവരികയും ചെയ്തിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും കളക്ടറുടെ ഓഫീസില്‍നിന്ന് ഫോണ്‍കോള്‍ വന്നിരുന്നു. കോളേജ് ഹോസ്റ്റലില്‍ എന്നെ താമസിപ്പിക്കില്ലെന്ന് മാനേജ്മെന്റ് ശാഠ്യംപിടിക്കുകയായിരുന്നു. കോളേജിന്റെ കീഴിലുള്ളതല്ല ഹോസ്റ്റല്‍ എന്നായിരുന്നു മാനേജ്മെന്റിന്റെ വിചിത്രവാദം. ഞാന്‍ തിരിച്ചുചോദിച്ചു, ഹോസ്റ്റല്‍ ഫീ അടയ്ക്കുന്നത് കോളേജിന്റെ പേരിലാണല്ലോ... അതിലവര്‍ക്ക് ഉത്തരംമുട്ടി. ഈ കോളേജിന്റെ പേരിലാണ് ഫീസ് അടച്ചതെങ്കില്‍ ഈ ഹോസ്റ്റലില്‍ത്തന്നെനിന്ന് എനിക്ക് പഠിക്കണം. ഒറ്റയ്ക്ക് നില്‍ക്കേണ്ടിവരുമെന്നായിരുന്നു മാനേജ്മെന്റിന്റെ ഭീഷണി. കളക്ടറുടെ ഓഫീസിലായിരുന്നു മീറ്റിങ്. ബാലകിരണായിരുന്നു അന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍. അക്ഷരയ്ക്ക് ഹോസ്റ്റല്‍ നിഷേധിച്ചാല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. അങ്ങനെ അവര്‍ എനിക്ക് സിംഗിള്‍ റൂം വിത്ത് ബാത്ത് അറ്റാച്ച്ഡ് തന്നു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുമുന്പ് ഞാന്‍ അമ്മയുടെ കൈപിടിച്ച് വിദ്യാലയത്തിന്റെ പടിചവിട്ടുമ്പോള്‍ എങ്ങനെയായിരുന്നുവോ അങ്ങനെത്തന്നെ. അന്ന് എനിക്കും അനന്തുവിനും പഠിക്കാന്‍ എല്‍.പി. സ്‌കൂളില്‍ പ്രത്യേകമുറിയും ശൗചാലയവും ഒരുക്കിയിരുന്നു. 2015-ലും വലിയ മാറ്റങ്ങളൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ആകെയുള്ള മാറ്റം എനിക്ക് കുറച്ചെങ്കിലും പഠിക്കാന്‍ കഴിഞ്ഞുവെന്നാണ്, മനുഷ്യരെയും സമൂഹത്തെയും...
എനിക്ക് സ്വന്തമായി കെമിസ്ട്രി ലാബുണ്ടായിരുന്നു.
നിങ്ങള്‍ക്കറിയുമോ, ആസിഡും ആല്‍ക്കലിയും വേര്‍തിരിക്കുന്ന പരീക്ഷണങ്ങള്‍ക്കായി സ്‌കൂളില്‍ എനിക്ക് സ്വന്തമായി ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. കാരണം അക്ഷരയുടേത് ആരും ഉപയോഗിക്കേണ്ട എന്നാണ് പറഞ്ഞിരുന്നത്. അതിന്റെയുള്ളില്‍ എന്താ വൈറസാണോ! (ചിരിക്കുന്നു). പത്താംക്ലാസ് കഴിഞ്ഞതോടെ എനിക്ക് സമൂഹത്തിനെ മനസ്സിലായിത്തുടങ്ങി. പ്ലസ്ടുവിന് സയന്‍സ് എടുക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു കല്പന. ബോട്ടണി ലാബില്‍ ബ്ലേഡ് ഉപയോഗിക്കേണ്ടിവരില്ലേ, സ്റ്റം കട്ടുചെയ്യുമ്പോള്‍ കൈ മുറിയില്ലേ, അപ്പോള്‍ പ്രശ്‌നമാകില്ലേ. ഞാന്‍ പറഞ്ഞു, എന്റെ കൈയല്ലേ മുറിയുന്നത്... ഞാന്‍ ഡോക്ടറാകാന്‍ പോകുകയാണെന്നായിരുന്നു നാട്ടിലെ സംസാരം. ഡോക്ടറായാലും എന്‍ജിനിയറായാലും അതെന്റെ പ്രൊഫഷനാണ്. എച്ച്.ഐ.വി. പോസിറ്റീവായ ഡോക്ടര്‍മാരും വര്‍ക്കുചെയ്യുന്നുണ്ട്, നമ്മള്‍ അറിയുന്നില്ലെന്നുമാത്രം.
പുരോഗമനസമൂഹമെന്ന് അറിയപ്പെടുന്ന മലയാളികളുടെ ജീവിതത്തില്‍ രോഗങ്ങളോടുള്ള കാഴ്ചപ്പാട് എന്താണ്. അക്ഷരയുടെ ജീവിതത്തില്‍ത്തന്നെ ഒരുപാട് ഉദാഹരണങ്ങളുണ്ടാകുമല്ലോ
അക്ഷര: നിങ്ങള്‍ എച്ച്.ഐ.വി. പോസിറ്റീവ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുനോക്കൂ. അതില്‍ എച്ച്.ഐ.വി. പോസിറ്റീവായ പേഴ്സന്റെ ഇമേജ് ശ്രദ്ധിക്കുക. വേര്‍സ്റ്റ് കണ്ടീഷന്‍സിലുള്ള ഇമേജുകളായിരിക്കും അതില്‍ നിറയെ. ഓരോ അസുഖങ്ങള്‍ക്കും ഓരോതരം പിക്ചറുകളുണ്ടാകും. എച്ച്.ഐ.വി. പോസിറ്റീവും എയ്ഡ്സിനും തമ്മില്‍ എത്രയോ അന്തരമുണ്ട്. എച്ച്.ഐ.വി. പോസിറ്റീവായ ഒരാളെ എയ്ഡ്സ് രോഗിയെന്നാണ് എല്ലാവരും വിളിക്കുക. എയ്ഡ്സ് എന്നുപറഞ്ഞാല്‍ അവസാന സ്റ്റേജാണ്. ഈ ബോധവത്കരണംപോലും പൊതുസമൂഹത്തില്‍ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. എച്ച്.ഐ.വി. എന്ന് പറയുന്നത് സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസാണ്. എന്നാല്‍, എല്ലാവര്‍ക്കും സെക്ഷ്വലി വരുന്നതുമല്ല. പതിനെട്ട് വയസ്സുള്ളപ്പോഴൊക്കെ മെഡിക്കല്‍ കോളേജുകളില്‍ ചെക്കപ്പിനുപോകുമ്പോള്‍ ഞാന്‍ എത്രയോ തവണ കേട്ടിരിക്കുന്നു.
എന്റെ വാതിലുകള്‍ അടയുകയാണ്
ഹൈസ്‌കൂള്‍ പഠനകാലത്താണ് നാട്ടുകാരന്‍കൂടിയായ ഈ ലേഖകന്‍ ആദ്യമായി ടി.കെ. രമയെ കാണുന്നത്. എയ്ഡ്സ് എന്ന നാലക്ഷരത്തിന്റെ ഭീതിയാല്‍ സമൂഹം ഭ്രഷ്ടുകല്പിക്കുമ്പോള്‍ അവരുടെ ചെറുത്തുനില്‍പ്പ് ഇന്നലെയെന്നോണം ഓര്‍മവരും. ശാസ്ത്രസാഹിത്യ പരിഷത്തും ആരോഗ്യപ്രവര്‍ത്തകരും പുരോഗമന ചിന്താഗതിക്കാരായ കുറച്ച് യുവാക്കളും മാത്രമായിരുന്നു ഈ സ്ത്രീക്ക് പിന്തുണയുമായെത്തിയത്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് മുംബൈയില്‍നിന്ന് രക്തം കുത്തിവെച്ചപ്പോഴായിരുന്നു രമയുടെ ഭര്‍ത്താവ് ഷാജിക്ക് എച്ച്.ഐ.വി. ബാധിക്കുന്നത്. അതിനുമുമ്പേ അവര്‍ക്ക് മൂത്തമകള്‍ ആതിര ജനിച്ചിരുന്നു. പിന്നീട് ജനിച്ച അക്ഷരയ്ക്കും അനന്തുവിനും എച്ച്.ഐ.വി. ബാധിക്കുകയായിരുന്നു. അക്ഷരയ്ക്കും അനന്തുവിനും പ്രൈമറി വിദ്യാഭ്യാസം നിഷേധിച്ചപ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍വരെ രമ ഒറ്റയ്ക്ക് സമരം ചെയ്യുകയുണ്ടായി. ഒരുവശത്ത് എയ്ഡ്സ് രോഗിയെന്ന വിളിയുമായി സമൂഹത്തിന്റെ ക്രൂരമായ ആനന്ദം, മറുവശത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള യാചന.
എവിടെനിന്നായിരുന്നു ഇത്രയും ധൈര്യം
രമ: എച്ച്.ഐ.വി. പോസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ ഒരു നിസ്സംഗത മാത്രമായിരുന്നു. പലരും എന്നെ കളിയാക്കിയിട്ടുണ്ടാകും. അവഗണിച്ചിട്ടുണ്ടാകും. പക്ഷേ, ഞാന്‍ വളര്‍ന്നു മുന്നോട്ടുപോയി. ദൈവം നമുക്കുവേണ്ടി എന്തെങ്കിലുമൊക്കെ കരുതിവെച്ചിട്ടുണ്ടാകും. ഞാന്‍ വ്യവസായിയോ സമ്പന്നകുടുംബത്തില്‍ പിറന്നവളോ അല്ല. സമൂഹത്തിലിറങ്ങി രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നവളുമല്ല. വട്ടപ്പൂജ്യത്തില്‍നിന്നാണ് എന്റെ മൂത്തമകളെ ഞാന്‍ വിവാഹംചെയ്തയച്ചത്. ഞാന്‍ എല്ലാവരുടെയും മുന്നില്‍ മാന്യതയോടെ കൈനീട്ടി. ഇനിയങ്ങോട്ട് എന്റെ ജീവിതത്തില്‍ ഇരുള്‍പരക്കുകയാണ്. എനിക്കുമുന്നിലെ വാതിലുകള്‍ ഓരോന്നായി അടയുകയാണ്. അക്ഷരയും അനന്തുവും വലിയ കുട്ടികളായിരിക്കുന്നു. നിങ്ങള്‍ പറയൂ ഇനി ഇവരുടെ പേരുപറഞ്ഞ് ഞാന്‍ ആരുടെമുമ്പിലാണ് കൈനീട്ടേണ്ടത്. രണ്ടുപതിറ്റാണ്ടോളം വിദ്യാഭ്യാസം നിഷേധിച്ചതിനെതിരേ ഞാന്‍ പോരാടി. ഇനി അവര്‍ക്കുവേണ്ടത് ഒരു ജോലിയാണ്. ഞാന്‍ ജോലിചെയ്തിരുന്ന കമ്പനി പൂട്ടിപ്പോയി. അയ്യായിരം രൂപ പ്രതിമാസം കിട്ടിയിരുന്നു. ഒന്നരവര്‍ഷമായി അതും നിലച്ചു. ഇപ്പോള്‍ പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. രമ മുതലാളിമാരെപ്പോലെയാണ് ജീവിക്കുന്നതെന്ന്. രമയ്ക്ക് എന്താണ് കുറവ് എന്നൊക്കെ. എനിക്കറിയില്ല സമൂഹം എന്താണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന്. ഇപ്പോള്‍ ഈ കുന്നുകയറിയല്ലേ നിങ്ങള്‍ വീട്ടിലെത്തിയത്. ഞങ്ങള്‍ക്ക് പെട്ടെന്നൊരു രോഗം വന്നുവെന്നിരിക്കട്ടെ, ഒരു വാഹനംപോലും ഈ വീട്ടിലെത്തില്ല, റോഡില്ല.
ഈ വീടിരിക്കുന്ന സ്ഥലം ആരുടെ പേരിലാണ്
രമ: ഇത് ഷാജിയുടെ പേരിലുള്ള സ്ഥലമാണ്. ഞാനാരോടും പറയാറില്ല. അതൊക്കെ കഴിഞ്ഞുപോയ കാലമാണ്. അക്കാലത്ത് ഇതിനൊക്കെ പിറകെപ്പോകാന്‍ എവിടുന്നു സമയം. ഇവരുടെ പഠനകാര്യത്തിനുവേണ്ടിയുള്ള ഒട്ടപ്പാച്ചിലിനിടയില്‍ പത്ത് സെന്റിന്റെ കാര്യമൊക്കെ എങ്ങനെ ഓര്‍ക്കാനാണ്. അക്കാലത്ത് മുപ്പത്തയ്യായിരം രൂപയാണ് വീടിന് അനുവദിച്ചത്. എത്രവര്‍ഷം മഴനനഞ്ഞു കിടന്നുവെന്നോ! കുറെ സുമനസ്സുകളുടെ സഹായത്താലാണ് വീട് പുതുക്കിപ്പണിതത്.
ഇലക്ഷന്‍ കാലത്ത് രാഷ്ട്രീയക്കാര്‍ ആരെങ്കിലും വരാറുണ്ടോ
അക്ഷര: ഞങ്ങള്‍ക്ക് നാലുപേര്‍ക്കും വോട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സമയത്തൊക്കെ വരാറുണ്ട്.
രമ: അവര്‍ക്കൊന്നും ഇടപെടാന്‍ താത്പര്യമില്ല. എല്ലാവരും പറയുന്നത് ഞങ്ങള്‍ക്കിവിടെ പരമസുഖമാണെന്നാണ്. സത്യമാണ് ഞങ്ങള്‍ ആരുടെയും അടുക്കളവാതില്‍ക്കലില്‍ ചെല്ലുന്നില്ലല്ലോ എന്ന ഇച്ഛാഭംഗം. ഞങ്ങള്‍ ഈ പരിസരത്ത് ഉണ്ടോയെന്നുപോലും അന്വേഷിക്കാറില്ല. സെന്‍സസ് എടുക്കാന്‍ വരാറുണ്ട്. എയ്ഡ്സ് ദിനം ആകുമ്പോള്‍ ഹെല്‍ത്ത് സെന്ററില്‍നിന്ന് ചിലപ്പോള്‍ വിളിക്കാറുണ്ട്. എയ്ഡ്സ് ദിനത്തില്‍ രമയെ വിളിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനായിരിക്കാം.
Content Highlights: Akshara, HIV patient who fought for her right to education, Ananthu and their mother Rema