ദയാബായ്|ചിത്രങ്ങൾ: പി.ജയേഷ്
പതിനാറാം വയസ്സില്‍ കന്യാസ്ത്രീ ആകാന്‍ പുറപ്പെടുകയും പിന്നീട് കന്യാസ്ത്രീ കുപ്പായമുപേക്ഷിച്ച് ഗോത്രവര്‍ഗ്ഗക്കാരായ മനുഷ്യരുടെ പോരാട്ടങ്ങള്‍ക്കൊപ്പം ചേരുകയും ചെയ്ത മലയാളിയാണ് ദയാബായ്. സാധാരണക്കാരായ മനുഷ്യരുടെ സങ്കടങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും കൂട്ടിരിക്കാന്‍ എന്നും അവരുണ്ടായിരുന്നു. ബീഹാറിലെയും മധ്യപ്രദേശിലെയും ഗോത്രമേഖലയില്‍ ശ്രദ്ധേയ ഇടപെടലുകള്‍ നടത്തിയ ദയാബായ് കേരളത്തില്‍ സമരമുഖത്ത് സജീവമായത് എന്‍ഡോസള്‍ഫാന്‍ സമരത്തോടെയാണ്. ഭരണകൂടം വിഷമഴ പെയ്യിപ്പിച്ച് തളര്‍ത്തികളഞ്ഞ മനുഷ്യരുടെ അവകാശങ്ങള്‍ക്കായി അവര്‍ കൂട്ടിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരെ മറന്നപ്പോള്‍ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ദയാബായ് വീണ്ടും മുന്നിട്ടിറങ്ങി. അര്‍ഹമായതും ഉറപ്പുനല്‍കിയതുമായ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പഴംകഥപോലെ മറക്കുമ്പോള്‍ വീണ്ടും സമരമുഖത്തേക്ക് ഇറങ്ങിയിരിക്കുകയാണ് സമര സമിതിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും. ഈ വിഷയത്തില്‍ മാറിമാറി വന്ന സര്‍ക്കാര്‍ എടുത്ത നിലപാടുകളെല്ലാം വേട്ടക്കാരായ കമ്പനിയെ സഹായിക്കാനായിരുന്നു എന്ന് തുറന്നുപറയുകയാണ് ദയാബായ്. കാസര്‍ഗോഡ് അമ്പലത്തറയിലെ സ്‌നേഹവീട്ടിലിരുന്ന് അനുവദിച്ച ഈ അഭിമുഖത്തില്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മനുഷത്വ രഹിത സമീപനങ്ങളും തന്റെ രാഷ്ട്രീയ നിലപാടുകളും തുറന്നുപറയുകയാണ് അവര്‍.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണോ, അതോ വേട്ടക്കാര്‍ക്കൊപ്പമാണോ...?
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷയം പരിശോധിച്ചാല്‍ അതിന്റെ തുടക്കം മുതല്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടന്നതായി കാണാം. ഇത്രയും വര്‍ഷമായിട്ടും ഇതിന് അര്‍ഹമായ പരിഹാരം കാണാനും ദുരിതബാധിതരെ പുനരധിവസിപ്പിക്കാനേ കൃത്യമായ ചികിത്സ നല്‍കാനേ ഒന്നും സര്‍ക്കാര്‍ തയ്യാറാകാത്തത് ഒത്തുകളിയുടെ ഭാഗമായിട്ടാണ്. സര്‍ക്കാരും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കമ്പനിയും കൈകോര്‍ത്താണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഈ ദുരിതബാധിതര്‍ മരിച്ചു ഇല്ലാതാകട്ടെ എന്നൊരു ചിന്തയാണ് ഇപ്പോള്‍ ഇവരെ മുന്നോട്ട് നയിക്കുന്നത്. ഉന്മൂലന സിദ്ധാന്തമാണ് ഏറ്റവും വലിയ വഴിയെന്ന് മനസ്സിലാക്കിയ സര്‍ക്കാരും കമ്പനിയും അതിനുവേണ്ടി ഒരുപാട് ന്യായീകരണങ്ങളും കള്ളക്കഥകളുമൊക്കെ പ്രചരിപ്പിക്കുകയാണ്. ഒരല്‍പ്പമെങ്കിലും മനസ്സാക്ഷിയുള്ള ഒരുമനുഷ്യര്‍ക്കും ഇത്തരം നിലപാട് എടുക്കാന്‍ പറ്റില്ല. ഒരു കലക്ടര്‍ പറഞ്ഞ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും ' എന്‍ഡോസള്‍ഫാന്‍ കീടനാശിനി കലക്കിവച്ചാല്‍ പത്ത് ദിവസം കഴിയുമ്പോള്‍ പച്ചവെള്ളം പോലെ കുടിക്കാനാകും' എന്ന്. കാസര്‍ഗോഡ് മുന്‍ കലക്ടര്‍ സജിത്ത് ബാബുവാണ് ഒരുഅഭിമുഖത്തിനിടെ ഇത്തരമൊരു വാദം അവതരിപ്പിച്ചത്. ഇത് വായിച്ച ഞാന്‍ അദ്ദേഹത്തോട് എന്താണ് അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ' ഞാന്‍ ശാസ്ത്രം പഠിച്ചയാളാണ്. അതുകൊണ്ട് എന്നെ പറ്റിക്കാന്‍ നോക്കേണ്ട. നിങ്ങള്‍ക്ക് ഇതിനെ കുറിച്ച് എന്തറിയാം, നിങ്ങള്‍ എന്തെങ്കിലും പഠിച്ചിട്ടുണ്ടോ..? ' എന്നൊക്കെയാണ്. തികച്ചും മോശമായ രീതിയിലാണ് അദ്ദേഹം ഈ വിഷയത്തെ കൈകാര്യം ചെയ്തത്.
ഈ വിഷയത്തെ കുറിച്ച് നടന്ന പഠനങ്ങളും റിപ്പോര്‍ട്ടുകളും വായിച്ച ഒരു ഉദ്യോഗസ്ഥനും ഇത്രമോശമായി രീതിയില്‍ സംസാരിക്കാന്‍ കഴിയില്ല. സാക്കോണ്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, മണിപ്പാല്‍ മെഡിക്കല്‍ കോളജ് തുടങ്ങി എത്രയോ പ്രമുഖ സ്ഥാപനങ്ങള്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. കീടനാശിനി തെളിച്ച മേഖലകളിലെ മണ്ണ്, ജലം, മനുഷ്യ രക്തം, അമ്മമാരുടെ മുലപ്പാല്‍, ഇലകള്‍, ധാന്യങ്ങള്‍ അങ്ങനെ ഓരോന്നും പരിശോധിച്ച ശേഷമാണ് അവരെല്ലാം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. അവയിലെല്ലാം പറയുന്നത് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാണ് ഇവിടത്തെ മനുഷ്യരെ വൈകല്യമുള്ളവരാക്കി മാറ്റിയതെന്നും അഞ്ച് തലമുറവരെ ഇതിന്റെ പരിണിതഫലങ്ങള്‍ തുടരുമെന്നുമാണ്. 40 ലധികം ലോകരാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി നിരോധിച്ചിട്ടുണ്ട്. ഇത്രയും സത്യങ്ങള്‍ മുന്നില്‍ കിടന്നിട്ടും കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് കൃഷിശാസ്ത്രം പഠിച്ച സജിത്ബാബു എന്ന കലക്ടര്‍ എന്‍ഡോസള്‍ഫാന്‍ പച്ചവെള്ളം പോലെ കലക്കി കുടിക്കാമെന്ന് പറഞ്ഞത്.

അങ്ങനെയാണെങ്കില്‍ ആ കലക്ടറോട് എനിക്ക് പറയാനുള്ളത് അവശേഷിച്ച എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ 48 ലക്ഷത്തിലധികം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ആ 48 ലക്ഷം രൂപ ഇവിടത്തെ എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളുടെ അമ്മമാര്‍ക്ക് കുടില്‍വ്യവസായം തുടങ്ങാന്‍ നല്‍കുക. കലക്ടര്‍ പറഞ്ഞപോലെ അമ്മമാരെല്ലാം ചേര്‍ന്ന് ബാക്കിയുള്ള എന്‍ഡോസള്‍ഫാനെടുത്ത് ബാരലുകളില്‍ കലക്കിവച്ച് അതില്‍ കളറുകളും ഫ്‌ളേവറുകളുമൊക്കെ ചേര്‍ത്ത് നല്ല ശീതളപാനീയമുണ്ടാകട്ടെ. ഇത്തരമൊരു ആശയം കണ്ടെത്തിയ കലക്ടര്‍ കുടുംബസമേതം വന്ന് ആ എന്‍ഡോസള്‍ഫാന്‍ ശീതളപാനീയം കുടിച്ച് സംരംഭം ഉദ്ഘാടനം ചെയ്യട്ടെ. കലക്ടര്‍ക്ക് എന്‍ഡോസള്‍ഫാനെ അത്രയും വിശ്വാസമാണെങ്കില്‍ അതാണ് ചെയ്യേണ്ടത്.
ഒരു ജനാധിപത്യ രാജ്യത്ത് ശാസ്ത്രവും മനുഷ്യാവകാശവും ഒരുപോലെ പരിഗണിച്ചാണ് കാര്യങ്ങള്‍ നടപ്പിലാക്കുന്നത് എന്ന് തിരിച്ചറിയാന്‍ ഇവിടത്തെ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. ശാസ്ത്രത്തെ മാത്രം പരിഗണിച്ച് മനുഷ്യാവകാശങ്ങളെ അവഗണിച്ചപ്പോഴാണ് ഹിരോഷിമയും നാഗസാക്കിയിലും നരഹത്യ ഉണ്ടായത്. ഹിറ്റ്‌ലര്‍ക്ക് അനേകം മനുഷ്യരെ ഗ്യാസ് ചേമ്പറിലേക്ക് കയറ്റി വിഷവാതകം തുറന്നുവിട്ട് കൊല്ലാന്‍ വഴിയൊരുക്കിയതും ഇതേ ശാസ്ത്രമാണ്. അതുപോലൊരു നരഹത്യയാണ് കാസര്‍ഗോട്ടും നടന്നത്. ജനാധിപത്യ രാജ്യത്ത് മനുഷ്യവകാശത്തിനാണ് പ്രഥമ പരിണന നല്‍കേണ്ടത് എന്ന് മനസ്സിലാക്കാന്‍ പറ്റാത്തവര്‍ എങ്ങനെയാണ് ഈ നാടിനെ മുന്നോട്ട് നയിക്കുന്നത്..?
എന്തുകൊണ്ടായിരിക്കും ഇപ്പോഴും സര്‍ക്കാരും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം വളരെ ലാഘവത്തോടെ ഈ വിഷയത്തെ സമീപിക്കുന്നത്...?
കാസര്‍കോട്ടെ ഈ പാവം മനുഷ്യരും അവരുടെ ജീവിതവും സര്‍ക്കാറിന്റെ വിഷയമല്ല എന്നതാണ് സത്യം. ഇവിടത്തെ മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ഇങ്ങനെ ജനിതകവൈകല്യമുള്ള കുട്ടികളുണ്ടായിരുന്നെങ്കില്‍ ഇത്രയും മനുഷത്വരഹിതമായ നിലപാട് എടുക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. നാം അനുഭവിക്കാത്ത ജീവിതം അതുകൊണ്ട് അവര്‍ക്ക് കെട്ടുകഥയായി തോന്നും. കഴിഞ്ഞ വര്‍ഷം ഞാന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ വിഷയമുന്നയിച്ച് നിരാഹാരം കിടന്നിരുന്നു. ആ സമരത്തോട് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചത് വളരെ മോശമായാണ് ' ഈ സ്ത്രീ എന്തിനാണ് ഇവിടെ വന്ന് നിരാഹാരം കിടക്കുന്നതെന്ന് എനിക്കറിയില്ല. എല്ലാം സര്‍ക്കാര്‍ ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. വൈകല്യമുള്ള കുട്ടികളെ കൊണ്ടുവന്ന് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത് ബാലപീഡനമാണ്.' എന്നെല്ലാം അന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞ ഉറപ്പുകള്‍ പാലിക്കാത്തതിനാലാണ് ഞങ്ങള്‍ക്ക് നിരാഹാരം കിടക്കേണ്ടി വന്നത്. കൊവിഡ് വന്നപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള മെഡിക്കല്‍ സഹായമടക്കം സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. ഇതേ കെ.കെ.ശൈലജ പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ച കുട്ടികളെ വാരിയെടുത്ത് സെക്രട്ടറിയേറ്റിന് മുന്നിലും കലക്ട്രേറ്റിന് മുന്നിലും സമരം ചെയ്യാന്‍ കൂടെ വന്നിട്ടുണ്ട്. അധികാരമില്ലാത്തപ്പോള്‍ ഇരയുടെ പക്ഷത്തും അധികാരം കിട്ടുമ്പോള്‍ വേട്ടക്കാരന്റെ പക്ഷത്തും എന്നതാണ് ഇത്തരം രാഷ്ട്രീയക്കാരുടെ മനോഭാവം.

ഒരമ്മയുടെ സ്ഥാനത്ത് നിന്ന് അന്ന് കെ.കെ. ശൈലജ ചിന്തിച്ചിരുന്നെങ്കില്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മികച്ച ഇടപെടലുകള്‍ നടത്താനാകുമായിരുന്നു. അതുണ്ടായില്ല. പത്തുമാസം ഗര്‍ഭം ധരിച്ച് അതിന്റെ എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും സഹിച്ച് ഒരുകുട്ടിക്ക് ജന്മംകൊടുക്കുകയും ആ കുട്ടി വൈകല്യമുള്ളയാളാണ് എന്ന് തിരിച്ചറിയുകയും ചെയ്യുമ്പോള്‍ ഒരു മാതാവ് അനുഭവിക്കുന്ന വേദന തിരിച്ചറിയാനെങ്കിലും നമുക്ക് സാധിക്കേണ്ടേ..? ഞാന്‍ ഇതുവരെ ഗര്‍ഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് ആ വേദന എന്താണെന്ന് എനിക്കറിയില്ല. പക്ഷേ പലപ്പോഴും ഗര്‍ഭം ധരിച്ച് പ്രസവിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. മനുഷ്യരുടെ വേദന തിരിച്ചറിയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ആ തിരിച്ചറിവ് തന്നെയാണ് എന്നെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്.
തുടര്‍ച്ചയായി രണ്ടാം വട്ടവും ഇടതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇടതുപക്ഷത്ത് നിന്ന് എന്‍ഡോസള്‍ഫാനടക്കമുള്ള വിഷയങ്ങളില്‍ സാധാരണമനുഷ്യര്‍ക്ക് ഉപകാരപ്പെടുന്ന ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ടോ..?
താഴെ കിടയിലുള്ള മനുഷ്യരുടെ കൈപിടിച്ച് അവരുടെ അവകാശങ്ങള്‍ നേടികൊടുക്കാനും അവരെ ഉയര്‍ത്തികൊണ്ടുവരാനും കമ്യൂണിസത്തിലൂടെ സാധിക്കും. അത്തരം കാര്യങ്ങള്‍ കേരളത്തിലടക്കം പലസ്ഥലങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇന്ന് കേരളത്തിലടക്കം സ്വാര്‍ഥമായ കച്ചവട താത്പര്യങ്ങളോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് സ്വര്‍ണക്കടത്തും മരംമുറി അഴിമതിയുമടക്കം കമ്യൂണിസ്റ്റ് ഭരണത്തില്‍ ഉണ്ടാകുന്നത്. അഴിമതിരഹിത ഭരണം പ്രതീക്ഷിച്ച വോട്ട് ചെയ്ത ജനത്തിന് നേര്‍വിപരീത ചിത്രമാണ് കിട്ടുന്നത്. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കും എന്ന് പറഞ്ഞുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം മുമ്പ് അധികാരത്തിലേറിയത്. ഒരുപാട് വീട്ടമ്മമാര്‍ ആയൊരു വാഗ്ദാനം പ്രതീക്ഷയോടെ കണ്ട് വോട്ട് ചെയ്തു. എന്നാല്‍ അതേ കമ്യൂണിസ്റ്റ് സര്‍ക്കാറാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റുകളിലടക്കം മദ്യഷാപ്പുകള്‍ തുറക്കണമെന്ന ആശയം മുന്നോട്ട് വെക്കുന്നത്. ഏത് വഴിയും പണമുണ്ടാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. പാവപ്പെട്ട മനുഷ്യരെ ഉയര്‍ത്തികൊണ്ടുവരാനാനുള്ള എന്തെങ്കിലും കാര്യം ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടോ..?. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണരീതി കമ്യൂണിസമല്ല, ക്യാപിറ്റലിസമാണ്. സാധാരണക്കാരായ മനുഷ്യര്‍ക്കല്ല, കച്ചവടത്തിനാണ് അവരുടെ പ്രഥമ പരിഗണന.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആത്മാര്‍ഥമായ ഇടപെടല്‍ നടത്തിയത് മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ. ( എം) നേതാവുമായ വി.എസ്. അച്യുതാനന്ദനാണ്. മാനുഷിക പരിഗണനയോടെ ഈ വിഷയത്തെ പരിഗണിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ ഭരണക്കാലത്ത് എന്‍ഡോസല്‍ഫാന്‍ ഇരകള്‍ ഉന്നയിച്ച വിഷയത്തിന് പരിഗണന നല്‍കുകയും കുറേ ആവശ്യങ്ങള്‍ നടപ്പിലാക്കി തരികയും ചെയ്തു. പിന്നീട് വന്നവരെല്ലാം ചെയ്തത് തെണ്ടികളെപ്പോലെ ചെന്ന് യാചിച്ചാല്‍ പിച്ചപോലെ എന്തെങ്കിലും പ്രഖ്യാപനം നടത്തും എന്ന രീതിയാണ്. മാനുഷികപരിഗണനയോടെ ഈ വിഷയെത്തെ സമീപിക്കാന്‍ പിന്നീട് വന്ന ഒരുമന്ത്രിസഭയും തയ്യാറായിട്ടില്ല.

സ്പീഡ് റെയില്‍ പോലുള്ള വന്‍ വികസന പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാകാന്‍ പോവുകയാണ്. കുടിയൊഴിഞ്ഞ പോകേണ്ടിവരുന്നവര്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. വികസനം നടപ്പാക്കാന്‍ ഭൂമി കേരളത്തില്‍ വലിയൊരു പ്രശ്‌നമാണോ..?
കേരളം ജനസാന്ദ്രതയേറിയ ചെറിയൊരു സംസ്ഥാനമാണ്. അതിനാല്‍ വലിയ വികസന പദ്ധതികളുണ്ടാകുമ്പോള്‍ അതിനുവേണ്ടി ഭൂമി നഷ്ടപ്പെടുത്തേണ്ടിവരുന്നത് കുറേ പാവങ്ങള്‍ക്കാണ്. അവരുടെ തുടര്‍ജീവിതത്തെ കുറിച്ച് ആരും ചിന്തിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഒരു ആയുസ്സ് അധ്വാനിച്ച് ഉണ്ടാക്കിയ വീടും പറമ്പും പെട്ടെന്നൊരു ദിവസം ഒഴിഞ്ഞുപോകേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രതിസന്ധി വളരെ വലുതാണ്. പലപ്പോഴും അര്‍ഹമായ രീതിയുള്ള പുനരധിവാസം നടക്കുന്നില്ല. പരിസ്ഥിതിയുടെ മുകളില്‍ കൂടുതല്‍ കടന്നുകയറുന്ന പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം. പരിസ്ഥിതിക്ക് കോട്ടംതട്ടാതെ രീതിയുള്ള വികസനപ്രവൃത്തികളെ കുറിച്ച് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രധാന്യംനല്‍കേണ്ടത് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തികൊണ്ടുവരാനും തൊഴിലില്ലായ്മ പരിഹരിക്കാനുമാണ്. ഇവിടെ എന്‍ഡോസള്‍ഫാന് ഇരകളായവര്‍ക്ക് എന്തെങ്കിലും തരത്തിലും ഉപജീവനമാര്‍ഗങ്ങളും ചെറുകിടവ്യവസായ പദ്ധതികളും നല്‍കി സ്വയംപര്യാപ്തരാക്കാന്‍ സര്‍ക്കാരിന് സാധിക്കണം. അമ്പലത്തറയിലെ 'സ്‌നേഹവീട് ' സര്‍ക്കാറിന്റെ ഒരുസഹായവുമില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ്. ഇതൊരു മാതൃകയാക്കി സര്‍ക്കാറിന് എന്‍ഡോസൾഫാന്‍ ബാധിച്ച എല്ലാ പഞ്ചായത്തുകളിലും ഇത്തരം സ്‌നേഹവീടുകള്‍ തുടങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ അത് എത്ര നല്ല കാര്യമാണ്. പകലുകളില്‍ അമ്മമാര്‍ക്ക് മക്കളെ സ്‌നേഹവീട്ടില്‍ ഏല്‍പ്പിച്ച് ജോലിക്ക് പോകാന്‍ സാധിക്കും. കുട്ടികള്‍ക്ക് കുറച്ചുകൂടി സൗഹൃദപരമായ അന്തരീക്ഷത്തില്‍ പകലുകള്‍ ചെലവിടാനും തെറാപ്പി ചികിത്സകള്‍ ലഭ്യമാക്കുകയും ചെയ്യും. എന്നാല്‍ അത്തരമൊരു നീക്കം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായിട്ടില്ല എന്നതാണ് ഏറ്റവും സങ്കടപ്പെടുത്തുന്ന കാര്യം.
പതിനാറാം വയസ്സില്‍ കേരളം വിട്ട ദയാബായിയെ വീണ്ടും കേരളത്തിലേക്ക് വരാന്‍ പ്രേരിപ്പിച്ചത് എന്താണ്..?
ഞാന്‍ കേരളത്തില്‍ വരാന്‍ ഒരിക്കലും പദ്ധതിയിട്ടതല്ല. പക്ഷേ ഈ അവകാശപ്പോരാട്ടം കണ്ടപ്പോള്‍ ഇതിനൊപ്പം നില്‍ക്കണം എന്നും പരിഹാരം ഉണ്ടാക്കണം എന്നും തോന്നി. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. നീതി, സ്വാതന്ത്ര്വം, തുല്യത എന്നീ ഭരണഘടന നല്‍കുന്ന ഒരുപരിരക്ഷയും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ സ്‌പോണ്‍സേഴ്ഡ് നരഹത്യയായിരുന്നു. അവര്‍ക്ക് നീതി നല്‍കേണ്ടതും ജീവിക്കാനുള്ള സാഹചര്യം നല്‍കേണ്ടതുമെല്ലാം നമ്മുടെകൂടി ഉത്തരവാദിത്തമാണ്. ഈ പാവങ്ങള്‍ക്ക് വേണ്ടി കേരളം ഒന്നാകെ വീണ്ടും കൈകോര്‍ക്കണം. തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താലും ബന്ദും നടത്തുന്ന ഈ നാട്ടില്‍ ഈ പാവങ്ങള്‍ക്ക് വേണ്ടി ഒരുദിവസം നമുക്കെല്ലാം ഒന്നിച്ച് ഒരുമനുഷ്യചങ്ങല തീര്‍ക്കാം. അങ്ങനെയെങ്കിലും സര്‍ക്കാറിനെ കണ്ണുതുറപ്പിക്കാം.

എന്താണ് ദയാബായ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം...?
' നമ്മള്‍ ഭാരതത്തിലെ ജനങ്ങള്‍, ഇന്ത്യയെ ഒരുപരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ- റിപ്പബ്‌ളിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്വം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയും ചെയ്യുന്നു. '' ഇന്ത്യന്‍ ഭരണഘടനയുടെ ഈ ആമുഖം തന്നെയാണ് ഞാന്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം.
ആംആദ്മി പാര്‍ട്ടിയില്‍ ദയാബായ് ഒരുകാലത്ത് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇന്നും ആ പ്രതീക്ഷ നിലനില്‍ക്കുന്നുണ്ടോ...?
ആംആദ്മി പാര്‍ട്ടിയില്‍ ആദ്യ കാലം എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കെതിരെ ആംആദ്മി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു. പ്രചരണത്തിനുള്ള സാമ്പത്തികമെല്ലാം അവരുണ്ടാക്കുമെന്നും സമ്മതമറിയിച്ചാല്‍ മതിയെന്നും പറഞ്ഞു. പക്ഷേ നോ എന്നായിരുന്നു എന്റെ ഉത്തരം. മധ്യപ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാനും ക്ഷണിച്ചിരുന്നു. അതിനോടും നോ പറഞ്ഞു. എനിക്ക് ഈ കക്ഷി രാഷ്ട്രീയത്തോടും ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളോടും താത്പര്യമില്ല. അതുകൊണ്ട് തന്നെ ഞാന്‍ വോട്ട് ചെയ്യാറില്ല. നമ്മള്‍ ഏതെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചാല്‍ അവര്‍ ചെയ്യുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും നമ്മളും കൂടി ഭാഗവാക്കേണ്ടി വരും. അതുകൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാത്തതും തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതും. പിന്നെ, രാഷ്ട്രീയനേതാവായി ശോഭിക്കാന്‍ പറ്റുമെന്ന് തോന്നിയിട്ടില്ല. അതും കൂടികൊണ്ടാണ് രാഷ്ട്രീയത്തിലേക്കിറങ്ങാത്തത്. ജീവിതം കൊണ്ട് നമുക്കാവുന്നത് പോലെ മറ്റുള്ളവര്‍ക്ക് നല്ലത് ചെയ്യാന്‍ ശ്രമിക്കുക. അതിനായാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആം ആദ്മി പാര്‍ട്ടി തുടങ്ങുമ്പോള്‍ അതൊരു അഴിമതിയില്ലാത്ത ക്ലീന്‍ ഇമേജുള്ള പാര്‍ട്ടിയായിരുന്നു. അതുകൊണ്ട് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആയൊരു മുഖം നിലനിര്‍ത്താന്‍ അവര്‍ക്കുമായില്ല. ആളുകള്‍ കൂടിയപ്പോള്‍ സ്വാര്‍ഥതാത്പര്യങ്ങള്‍ ആംആദ്മി പാര്‍ട്ടിയിലും ഉടലെടുക്കുകയായിരുന്നു.

മധ്യപ്രദേശിലെ ആദിവാസിമേഖലയില്‍ ഇടപെടല്‍ നടത്തുന്ന ദയാബായ് കേരളത്തിലെ ആദിവാസികളെ ശ്രദ്ധിക്കാറുണ്ടോ...?
ഞാന്‍ താമസിക്കുന്ന മധ്യപ്രദേശ് ചിന്ത്വാര മേഖലയിലെ ആദിവാസികള്‍ ഇന്നേറെ മാറിക്കഴിഞ്ഞു. സാക്ഷരത കൈവന്നതോടെ പഴയജീവിതത്തില്‍ നിന്ന് മാറി അവര്‍ ഏറെ മുന്നോട്ട് വന്ന് കഴിഞ്ഞു. എന്നാല്‍ സാക്ഷരതയില്‍ അഭിമാനം കൊള്ളുന്ന കേരളത്തിലെ ആദിവാസി മേഖലയിലെ മനുഷ്യരില്‍ വലിയൊരു വിഭാഗവും ഇന്നും നിരക്ഷരരാണ്. പലര്‍ക്കും ജീവിക്കാന്‍ പോലും മാര്‍ഗമില്ല. സംസ്ഥാന അവാര്‍ഡ് നേടിയ 'കാന്തന്‍' എന്ന ചിത്രത്തിനായി ഞാന്‍ കുറച്ചുകാലം കേരളത്തിലെ ആദിവാസി മേഖലയില്‍ താമസിച്ചിട്ടുണ്ട്. അപ്പോഴാണ് ഇവിടത്തെ ആദിവാസികളും മറ്റുള്ളവരും തമ്മില്‍ രാവും പകലും പോലെ വ്യത്യാസമുണ്ടെന്ന് തിരിച്ചറിഞ്ഞത്. കേരളത്തില്‍ ആദിവാസികളുടെ സ്ഥലം വന്‍തോതില്‍ വാങ്ങിക്കൂട്ടിയാണ് മറ്റുള്ളവര്‍ കുടിയേറിപാര്‍ത്തത്. എന്നിട്ട് പകരം സര്‍ക്കാര്‍ ആദിവാസികള്‍ക്ക് വീടുകള്‍ എന്ന പേരില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളടങ്ങിയ കോളനികള്‍ കെട്ടിനല്‍കുകയാണ് ചെയ്തത്. അത്തരം വീടുകളല്ല അവര്‍ക്ക് വേണ്ടത്, അതല്ല അവരുടെ ജീവിതം. പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളില്‍ കൊച്ചുകൊച്ചുവീടുകളില്‍ സമൂഹമായാണ് അവര്‍ ജീവിക്കേണ്ടത്. ആ സമൂഹ ജീവിതത്തെ ആണ് സര്‍ക്കാരും മറ്റുള്ളവരും ചേര്‍ത്ത് തകര്‍ത്ത് കളഞ്ഞത്. ഓരോ ആദിവാസി സമൂഹവും ഓരോ ജനാധിപത്യ രാജ്യമാണ് എന്ന് നമ്മള്‍ തിരിച്ചറിയണം. അല്ലാതെ അവരെ കാട്ടില്‍ നിന്നിറക്കി നാട്ടില്‍കൊണ്ടുവന്ന് നമ്മുടെ രീതിയില്‍ ജീവിക്കാന്‍ ശീലിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്.
മധ്യപ്രദേശില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരുപാട് ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്, അന്നൊക്കെ ആരായിരുന്നു പിന്തുണ നല്‍കിയത്...?
മധ്യപ്രദേശിലെ ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഒരുപാട് ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് കോണ്‍ഗ്രസായിരുന്നു അവിടം ഭരിച്ചിരുന്നത്. നിരവധി വിഷയങ്ങളില്‍ സര്‍ക്കാരുമായി ഇടയേണ്ടി വന്നിട്ടുണ്ട്. അന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ കമല്‍നാഥാണ് എനിക്ക് ഏറെ പിന്തുണ നല്‍കിയത്. അവരുടെ സര്‍ക്കാര്‍ എന്നെ എതിര്‍ക്കുമ്പോഴും കമല്‍നാഥ് എനിക്കൊപ്പം നിന്നു. ഞാന്‍ ഉന്നയിക്കുന്ന വിഷയത്തില്‍ കഴമ്പുണ്ടെന്ന് കമല്‍നാഥ് തിരിച്ചറിഞ്ഞു. അദ്ദേഹത്തെപ്പോലെ സാധാരണമനുഷ്യരുടെ യാതന തിരിച്ചറിയുന്ന കുറച്ച് നേതാക്കള്‍ ബാക്കിയുണ്ട്, അവരിലാണ് ഇനി ഈ രാജ്യത്തിന്റെ പ്രതീക്ഷയെന്ന് ഞാന്‍ കരുതുന്നു.
Content Highlights: activist Daya Bai about endosulfan victims Politics and tribal issues